അയോഗ്യതയുടെ അപ്പുറം തേടി രാഹുൽ

MARCH 29, 2023, 11:08 PM

ലോക്‌സഭാംഗത്വത്തിൽ നിന്ന് രാഹുൽഗാന്ധി അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ടതോടെ ഇന്ത്യൻ രാഷ്ട്രീയ വാനിൽ ഉരുണ്ടുകൂടിയ കാർമേഘങ്ങൾ പേമാരിയായി പെയ്തു തുടങ്ങിയതിനു പിന്നാലെ വന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം, കൂടുതൽ ചടുലമായ തുടർ നാടകത്തിനാണ് അരങ്ങൊരുക്കിയിരിക്കുന്നത്. അഴിമതിയും വർഗീയതയുടെ അതിപ്രസരവുമുൾപ്പെടെ വിവിധ വിഷയങ്ങളാൽ നിറം മങ്ങിയ കർണാടകയിലെ ബൊമ്മെ സർക്കാരിനെ തുടർഭരണത്തിലേക്കു നയിക്കാനുള്ള ഭാരിച്ച ദൗത്യവും ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തിനുണ്ട്.

രാഹുലിനെ സൂത്രത്തിൽ ഒതുക്കാനുള്ള ദൗത്യത്തിന് ജനങ്ങൾ തിരിച്ചടി നൽകുമോയെന്നു കേന്ദ്ര ഭരണ പാർട്ടിക്ക് തിരിച്ചറിയാനുള്ള പരീക്ഷണ വേദിയാവുകയാണ് കർണാടക. തനിക്കെതിരായി വന്ന പ്രതികാരായുധം തന്ത്രപരമായി തിരികെ പ്രയോഗിക്കുന്നതിനു തുനിയാതെ സവർക്കറെ അധിക്ഷേപിക്കാൻ രംഗത്തിറങ്ങിയ രാഹുൽഗാന്ധി പ്രതിപക്ഷ നിരയിൽ പുതിയ വിള്ളലുണ്ടാക്കിയത് കോൺഗ്രസിന് അപ്രതീക്ഷിത ആഘാതമായി. വീര ശിവജിയെപ്പോലെ സവർക്കറെയും ആദരിക്കുന്ന മറാത്തയുടെ രോഷാഗ്‌നി കർണാടകയിലേക്കും പടരുന്ന പക്ഷം പ്രതിനായക സ്ഥാനത്തേക്കു താഴാനുള്ള ദുര്യോഗമാകും ഇനി രാഹുലിന്.

തന്നെ അയോഗ്യനാക്കിയതിനെതിരെ ഉന്നത കോടതിയിൽ നിന്ന് അനൂകൂല ഉത്തരവ് ലഭിച്ചേക്കുമെന്ന ശുഭപ്രതീക്ഷയ്ക്കിടയിലും ഔദ്യോഗിക വസതി ഒഴിയാനുള്ള നടപടികൾ വേഗത്തിലാക്കുകയാണ് രാഹുൽ. അയോഗ്യനാക്കപ്പെട്ടതോടെ ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും റദ്ദ് ചെയ്യുമെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട് ഒഴിയണമെന്ന നോട്ടീസ് നൽകിയത്. നോട്ടീസിൽ ആവശ്യപ്പെട്ട കാര്യങ്ങൾ ഉറപ്പായും പാലിക്കുമെന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി മോഹിത് രാജന് നൽകിയ മറുപടിയിൽ രാഹുൽ വ്യക്തമാക്കി.

vachakam
vachakam
vachakam

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ദേശീയ തലത്തിൽ സത്യഗ്രഹം സംഘടിപ്പിച്ചു വരികയാണ്. സംസ്ഥാന, ജില്ലാ, ബ്ലോക്ക്, മണ്ഡലം തലങ്ങളിലാണ് പ്രതിഷേധപരിപാടികൾ നടക്കുന്നത്. മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന യോഗങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരണങ്ങളും പരിപാടിയുടെ ഭാഗമായി നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

എങ്ങനെ നിയമപോരാട്ടം നടത്തണമെന്നറിയാതിരുന്നതിന്റെ വിനയാണ് രാഹുൽഗാന്ധിയുടെ അയോഗ്യതാ തീരുമാനത്തിനിടയാക്കിയതെന്ന വിമർശനം ഇതിനിടെ കോൺഗ്രസിനെ നാണക്കേടിലാക്കിയിട്ടുണ്ട്. ചെറിയ പഴുതുകളിലൂടെ മൂർച്ചയേറിയ ആയുധങ്ങൾ കയറ്റാനുള്ള ബി.ജെ.പിയുടെ പാടവം ഒട്ടേറെ അനുഭവങ്ങൾക്കു ശേഷവും കോൺഗ്രസ് തിരിച്ചറിഞ്ഞില്ല.

2014ൽ നരേന്ദ്രമോദി അധികാരത്തിലേറിയപ്പോൾ ബി.ജെ.പി അധ്യക്ഷനായിരുന്നു അമിത്ഷാ. അക്കാലത്ത് അദ്ദേഹം പ്രധാന രാഷ്ട്രീയക്കാരുടെ കേസ് ഹിസ്റ്ററി സ്വകാര്യ ഡിറ്റക്ടീവുകളെവച്ച് ശേഖരിച്ചത്രേ. പ്രതിപക്ഷത്തെ ദേശീയമുഖങ്ങൾ മുതൽ ബി.ജെ.പിയുടെ രണ്ടാംനിര നേതാക്കളുടെവരെ സാമ്പത്തിക ഇടപാടുകൾ, പ്രതിചേർക്കപ്പെട്ട കേസുകൾ തുടങ്ങിയവയുടെ കാര്യം ശേഖരിച്ചതിൽ ഉൾപ്പെടും. ഇതുവച്ചാണ് പിന്നീട് മോദി അമിത്ഷാ കൂട്ടുകെട്ടിന് ഭീഷണിയാകുമെന്ന് തോന്നിയ ബി.ജെ.പിക്കുള്ളിലുള്ളവരെയും പുറത്തുള്ളവരെയും ഒതുക്കിയതെന്നും പറയപ്പെടുന്നുണ്ട്.

vachakam
vachakam
vachakam

എതിരാളികളുടെ കേസുകൾ കണ്ടെത്തി പിന്തുടരുക മാത്രമല്ല, അവരെ പരമാവധി കുരുക്കിലാക്കാനും ബി.ജെ.പി ശ്രമിച്ചുപോന്നു. ഉദാഹരണത്തിന് ലാലുപ്രസാദ് യാദവിന്റെയും മനീഷ് സിസോദിയയുടെയും കേസുകൾ. ഒരൊറ്റ അഴിമതിക്കേസാണെങ്കിലും ആറേഴ് കേസുകളായി വിഭജിച്ച് ഒരോന്നും പ്രത്യേകം വിചാരണചെയ്യുകയാണ് ലാലുവിന്റെ കാര്യത്തിൽ സി.ബി.ഐ ചെയ്തത്. ഫലമോ ഒരു കേസിൽ ജാമ്യം കിട്ടുമ്പോഴേക്കും അടുത്ത കേസിൽ അറസ്റ്റ്. അതിൽ ജാമ്യം കിട്ടുമ്പോൾ അടുത്ത കേസ്. അപ്പോഴേക്കും ആദ്യ കേസിൽ സി.ബി.ഐ മേൽകോടതിയിൽ പോയി അനുകൂല വിധി നേടിയിരിക്കും.

ഈ തന്ത്രമാണ് സിസോദിയയുടെ കാര്യത്തിൽ നടക്കാൻ പോകുന്നത്. സി.ബി.ഐ ആദ്യം രജിസ്റ്റർചെയ്ത കേസിൽ ജാമ്യഹർജി പരിഗണിക്കുന്ന തലേദിവസമാണ് സിസോദിയയെ അദ്ദേഹം കഴിയുന്ന തിഹാർ ജയിലിൽ പോയി കണ്ട് മറ്റൊരു കേസ് രജിസ്റ്റർ ചെയ്ത് ഇ.ഡി കുരുക്ക് മുറുക്കിയത്. മുതിർന്ന രാഷ്ട്രീയക്കാരെ മാത്രമല്ല ഇങ്ങനെ ലക്ഷ്യമിടുന്നത്. സമൂഹികമാധ്യമങ്ങളെ നിരീക്ഷിക്കാൻ സംഘ്പരിവാരിന് സംവിധാനമുണ്ട്.
താൽപ്പര്യമില്ലാത്ത ബി.ജെ.പിക്കുള്ളിലെ ചേരിയെ ഒതുക്കാനായി കേസുകൾ ഉപയോഗിക്കുന്നതിന്റെ ഉദാഹരണമായി എൽ.കെ അദ്വാനിയെ ഉദ്ധരിക്കാറുണ്ട്.

രാഷ്ട്രപതി സ്ഥാനത്ത് 2017ൽ പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കുമ്പോൾ പകരക്കാരൻ ആരാവുമെന്ന ചർച്ചയിൽ ഏറ്റവുമധികം ഉയർന്നുകേട്ട പേരുകളിലൊന്ന് അദ്വാനിയുടേതായിരുന്നു. മോദി സർക്കാരിൽ സ്ഥാനമാനങ്ങളൊന്നും ലഭിക്കാത്ത അദ്ദേഹത്തെ രാഷ്ട്രപതിയാക്കുമെന്ന് ബി.ജെ.പി നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രതീക്ഷിച്ചിരുന്നു. കാര്യങ്ങൾ അദ്വാനിക്ക് അനുകൂലമായി കറങ്ങിത്തിരിഞ്ഞു വരുന്നതിനിടെയാണ്, ബാബരി മസ്ജിദ് തകർത്ത കേസിൽ അദ്ദേഹം അടക്കമുള്ള പ്രതികൾക്കെതിരേ ഗൂഢലോചനക്കുറ്റം ചുമത്താൻ സുപ്രീംകോടതി ഉത്തരവിട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സി.ബി.ഐയുടെ ആവശ്യപ്രകാരമാണ് കോടതി ഗൂഢലോചനക്കുറ്റം പുനഃസ്ഥാപിച്ചത്.

vachakam

ബി.ജെ.പി ഭരിക്കുമ്പോൾ, ആ പാർട്ടിയെ അധികാരത്തിലേറാൻ സഹായിച്ച ഒരു സംഭവത്തിൽ, ആ പാർട്ടിക്ക് വേണ്ടി തുടക്കകാലത്ത് വിയർപ്പൊഴുക്കിയ മുതിർന്ന നേതാക്കൾക്കെതിരേ സർക്കാരിന് കീഴിലുള്ള ഏജൻസി സുപ്രീംകോടതിയിൽ നിലപാടെടുത്തു! വൈരുധ്യത്തിന്റെ അങ്ങേയറ്റമെന്ന് തോന്നുമെങ്കിലും പിന്നിലെ രാഷ്ട്രീയലക്ഷ്യം കൃത്യമായിരുന്നു. 2017 ഏപ്രിലിലാണ് കോടതിയുടെ വിധി വന്നത്. ഫലം, ക്രിമിനൽ ഗൂഢലോചനാ കേസിൽ പ്രതിചേർക്കപ്പെട്ട വ്യക്തി രാഷ്ട്രപതിയാകുന്നതിലെ നൈതികത ചർച്ചയാകുകയും രണ്ടാമത്തെ മാസത്തിനുശേഷം അതുവരെ ചിത്രത്തിലെവിടെയും ഇല്ലാതിരുന്ന രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർഥിയായി ബി.ജെ.പി പ്രഖ്യാപിക്കുകയും ചെയ്യുന്നു.

അതേ സമയം, ഒരുങ്ങി ഇറങ്ങിയാൽ നീതി ലഭിക്കുമെന്ന് ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ ബൽകീസ് ബാനു കാണിച്ചുതന്നിട്ടുള്ള പാഠം കോൺഗ്രസിന് വിഷമമുണ്ടാക്കുന്നതു തന്നെയാണ്. ബി.ജെ.പിക്ക് ഏറ്റവും ശക്തിയുള്ള സംസ്ഥാനത്തിരുന്ന് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന കക്ഷിക്കെതിരേ കൊച്ചുമകളെ മടിയിലിരുത്തി ഭർത്താവ് യാക്കൂബിനൊപ്പം ബൽകീസ് ബാനു തനിച്ചാണ് പോരാടിയത്. കുറ്റവാളികളെ കഴിഞ്ഞ ഓഗസ്റ്റ് 15ന് ജയിലിൽനിന്ന് മോചിപ്പിച്ചെങ്കിലും അവർക്ക് ശിക്ഷ വാങ്ങിച്ചുകൊടുക്കാനും അര കോടി രൂപയുടെ നഷ്ടപരിഹാരം ലഭ്യമാക്കാനും ബൽകീസ് ബാനുവിന് കഴിഞ്ഞു. ഇതിനൊന്നും കോൺഗ്രസ് സഹായിച്ചതേയില്ല.

2014 ൽ അധികാരത്തിലേറിയ ശേഷം ബി.ജെ.പി ഇത്തരത്തിൽ ആദ്യം ലക്ഷ്യംവച്ചത് ലാലുപ്രസാദ് യാദവിനെയും പി. ചിദംബരത്തെയുമായിരുന്നു. അതിന് കാരണങ്ങളുണ്ട്. ബാബരി മസ്ജിദ് ഭൂമിയിൽ രാമക്ഷേത്രം നിർമിക്കുക എന്ന ലക്ഷ്യത്തോടെ അദ്വാനിയുടെ നേതൃത്വത്തിൽ ബി.ജെ.പി നടത്തിയ രഥയാത്ര തടഞ്ഞതും നേതാക്കളെ ജയിലിലടച്ചതും ലാലുപ്രസാദ് ആയിരുന്നു. ആ ലാലുവിനോട് ബി.ജെ.പിക്ക് തീർത്താൽ തീരാത്ത പകയുണ്ട്. സുഹ്‌റാബുദ്ദീൻ ഷേഖിനെയും പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ കേസിൽ 2010 ജൂലൈയിൽ അമിത്ഷായെ സി.ബി.ഐ അറസ്റ്റ്‌ചെയ്യുമ്പോൾ ചിദംബരമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.

ഈ സംഭവം നടന്ന് ഏകദേശം പത്തുവർഷത്തിനുശേഷം ഐ.എൻ.എക്‌സ് മീഡിയ അഴിമതിക്കേസിൽ ചിദംബരത്തെ തേടി സി.ബി.ഐ എത്തുമ്പോൾ, സി.ബി.ഐയെ നിയന്ത്രിച്ച ആഭ്യന്തരമന്ത്രിയായിരുന്നു അമിത്ഷാ. ഇസ്രത്ത് ജഹാനെയും മലയാളിയായ പ്രണേഷ് പിള്ള എന്ന ജവേദ് ഗുലാം ഷേഖിനെയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിലും അമിത്ഷാ ആരോപണവിധേയനായെങ്കിലും കോൺഗ്രസ് സർക്കാർ ഈ കേസ് കൃത്യമായി പിന്തുടരുന്നതിൽ വീഴ്ചവരുത്തിയതോടെ അമിത്ഷാ ഊരിപ്പോരുകയായിരുന്നു.

രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കണമെന്ന് ബി.ജെ.പി ആഗ്രഹിച്ചപോലെ, കോൺഗ്രസ് ആഗ്രഹിച്ചില്ലെന്ന് വേണം കരുതാൻ. കാരണം കോൺഗ്രസിന് അങ്ങനെയൊരു അജൻഡ ഉണ്ടായിരുന്നുവെങ്കിൽ പ്രതിയോഗികളെ പൂട്ടാൻ വിഷയങ്ങൾ ഒരുപാടുണ്ടായിരുന്നു. ഗുജറാത്തിൽ നരേന്ദ്ര മോദിക്ക് മുന്നിലുണ്ടായിരുന്ന ഏക രാഷ്ട്രീയ ഭീഷണിയായിരുന്ന ഹിരൺ പണ്ഡ്യേ എന്ന ശക്തനായ ബി.ജെ.പി നേതാവിന്റെ കൊലപാതകം ഒരു ഉദാഹരണം. കൊലപാതകത്തിന് പിന്നിൽ പാക് ചാരസംഘടനയെയാണ് പൊലിസ് ചൂണ്ടിക്കാണിച്ചതെങ്കിലും രാഷ്ട്രീയ ഗൂഢലോചനയുണ്ടെന്ന് ആരോപിച്ച ഹിരണിന്റെ പിതാവ് വിത്തൽ ഭായ് പണ്ഡ്യേ, ബി.ജെ.പി നേതാക്കൾക്കെതിരേയാണ് വിരൽചൂണ്ടിയത്.

പണ്ഡ്യേയുടെ കൊലപാതകത്തിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത സുഹ്‌റാബുദ്ദീൻ ഷേഖ്, അയാൾ കൊല്ലപ്പെട്ടതറിഞ്ഞ ഭാര്യ കൗസർബി, സുഹ്‌റബുദ്ദീന്റെ കൊലക്ക് സാക്ഷിയായ കൂട്ടാളി പ്രജാപതി, ഈ രണ്ടുകൊലക്കേസിലും അമിത്ഷാക്ക് സമൻസയച്ച സി.ബി.ഐ ജില്ലാ ജഡ്ജി ജസ്റ്റിസ് ബി.എച്ച് ലോയ, ലോയയുടെ അടുത്ത സുഹൃത്തുക്കളായ ജില്ലാ ജഡ്ജി പ്രകാശ് തോംബ്ര, അഡ്വ. ശ്രീകാന്ത് കണ്ഡാൽക്കർ, സുഹ്‌റാബുദ്ദീനുമായി ബന്ധമുള്ള ഇൻഫോർമറും മുൻ നക്‌സലൈറ്റുമായ തെലങ്കാനയിലെ നയീമുദ്ദീൻ, പ്രജാപതിയുടെ സഹോദരൻ പവൻകുമാർ... ഇങ്ങനെ പുറത്തുവന്ന കൊലപാതക പരമ്പര നീണ്ടതാണ്.

പക്ഷേ ഈ പരമ്പരകളെക്കുറിച്ച് ഏതെങ്കിലും പ്രതിപക്ഷ നേതാക്കൾ ഗൗരവത്തിലെടുത്ത് പൊതുസമൂഹത്തിൽ ചർച്ചയാക്കുകയും നിയമനടപടികളുമായി മുന്നോട്ടുപോവുകയും ഉണ്ടായില്ല. ഇനി കോടതിയിൽനിന്ന് നീതി ലഭിച്ചില്ലെങ്കിൽ തന്നെ ഇതുൾപ്പെടെയുള്ള വിഷയങ്ങളിൽ പൊതുസമൂഹത്തിന് മുമ്പാകെ ചർച്ചയ്ക്കിടുക എന്ന ഉത്തരവാദിത്വമെങ്കിലും പ്രതിപക്ഷം നിർവഹിക്കേണ്ടിയിരുന്നില്ലേ?
ബി.ജെ.പി രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുമ്പോൾ, സ്വന്തം നേതാക്കളുടെ കേസ് കൈകാര്യംചെയ്യുന്നതിൽ പോലും കോൺഗ്രസ് പരാജയപ്പെടുകയാണ്.

രാഹുൽഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് തന്നെ ഉദാഹരണം. അഭിഷേക് മനു സിങ്‌വി, സൽമാൻ ഖുർഷിദ്, പി. ചിദംബരം, വിവേക് തങ്ക തുടങ്ങിയ ഗ്ലാമർ അഭിഭാഷകനിര ഉൾപ്പെടുന്ന രാജ്യത്തെ ഏക പാർട്ടിയാണ് കോൺഗ്രസ്. എങ്കിലും രാഹുലിന്റെ കേസ് പാർട്ടിയുടെ നിയമ സെൽ ഗൗരവത്തിലെടുത്തില്ല. ചില മുതിർന്ന നേതാക്കൾ തന്നെ ഇക്കാര്യത്തിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ചിട്ടുമുണ്ട്.

രാഹുലിന്റെ കേസ് മാത്രമല്ല, ഗുജറാത്ത് കലാപത്തിനിടെ നിഷ്ഠുരമായി കൊലചെയ്യപ്പെട്ട കോൺഗ്രസിന്റെ മുൻ എം.പി ഇഹ്‌സാൻ ജാഫ്രിയുടെ കേസും ഇതുപോലെ തന്നെ. നരേന്ദ്ര മോദിക്ക് കൊലപാതക ഗൂഢലോചനയിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാഫ്രിയുടെ വിധവ സാകിയ തന്റെ വാർധക്യകാലത്ത് ഗുജറാത്തിലെ കോടതി മുതൽ സുപ്രീംകോടതി വരെ കയറിയിറങ്ങിയപ്പോൾ കോൺഗ്രസ് അവർക്ക് പിന്തുണ കൊടുക്കേണ്ടതായിരുന്നുവെന്ന നിരീക്ഷണം ശക്തം.

ബാബു കദളിക്കാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam