കള്ളക്കേസിന് കൂട്ടു നിന്ന പത്രങ്ങള്‍

MAY 8, 2021, 10:48 AM

ചാരക്കേസിന്റെ അടിവേരു തേടി -3
കള്ളക്കേസിന് കൂട്ടു നിന്ന പത്രങ്ങള്‍


ജോഷി ജോര്‍ജ്


മറിയം റഷീദ ഇതിനിടെ ചില മണ്ടത്തരങ്ങള്‍ ഒപ്പിച്ചിരുന്നു. വിജയന്റെ ചോദ്യം ചെയ്യലിനിടെ മറിയം പറഞ്ഞു: മാലിയില്‍ ഞാന്‍ പട്ടാളത്തിലാണ് ജോലി ചെയ്യുന്നത് എന്ന്, കേരളത്തില്‍ ഫൗസിയായുടെ മകളുടെ സ്‌ക്കൂള്‍ അഡ്മിഷന് പണവുമായി വന്നതാണെന്നും പറഞ്ഞു.

vachakam
vachakam
vachakam


അപ്പോള്‍ വിജയന്‍ ഐഡന്റിറ്റി കാര്‍ഡ് ചോദിച്ചു. മറിയത്തിന്റെ കൈയില്‍ പട്ടാളജോലിയുടെതായ ഒരു രേഖയും കാണിക്കാൻ ഉണ്ടായിരുന്നില്ല. സത്യത്തില്‍ മാലിയിലെ ദേശീയ സുരക്ഷാ സേനയിലെ പേഴ്‌സണല്‍ വിഭാഗത്തില്‍ കേവലമൊരു ക്ലാര്‍ക്കു മാത്രമായിരുന്നു മറിയം. അതും 1988 മുതല്‍ 94 ആദ്യം വരെ. 1974 ജൂണില്‍ ആദ്യമായി ഇന്ത്യയില്‍ എത്തുമ്പോള്‍ മുതല്‍ മറിയത്തിന് പ്രത്യേകിച്ചൊരു ജോലിയുണ്ടായിരുന്നില്ല.

എപ്പോഴും വീമ്പിളക്കുന്ന കാര്യത്തില്‍ അവള്‍ മുമ്പിലായിരുന്നു. ധാരാളം കള്ളങ്ങള്‍ ആവശ്യത്തിനും ആവശ്യമില്ലാതെയും പറയുന്നവള്‍. ആ പൊങ്ങച്ചത്തിന്റെ ഭാഗമായി മാലി ദ്വീപ് പ്രസിഡന്റ് ഖയൂമിനെതിരെ നടക്കുന്ന അട്ടിമറി ശ്രമങ്ങളെക്കുറിച്ചന്വേഷിക്കാന്‍ മാലി സര്‍ക്കാര്‍ അയച്ച രഹസ്യ പോലീസാണ് താനെന്നും മറിയം വിജയനോട് തട്ടിവിട്ടു.

ആ പല തുണ്ടുകള്‍ ഇന്‍സ്‌പെക്ടര്‍ വിജയന്‍ തുന്നിച്ചേര്‍ത്തു. പ്രതിരോധത്തേക്കാൾ  നല്ലത് ആക്രണമാണെന്ന് വിജയന്‍ തീരമാനിച്ചു. ഉടന്‍ അദ്ദേഹം പോലീസ് കമ്മീഷണറെ കണ്ട് വിവങ്ങൾ അറിയിച്ചു. ഐഎസ്ആര്‍ഒ പ്രതിരോധ കേന്ദ്രമാണെന്ന നിലയിലാണ് ഇന്‍സ്‌പെക്ടര്‍ വിജയന്‍ അവതരിപ്പിച്ചത്. കമ്മീഷണറാകട്ടെ അത് അങ്ങിനെതന്നെ വിശ്വസിക്കുകയും ചെയ്തു. മാത്രമല്ല, വിജയന്റെ ഡിക്റ്ററ്റീവ് ബുദ്ധി ഇഷ്ടപ്പെട്ടു കക്ഷിക്ക്.

vachakam
vachakam
vachakam


കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കിവരവെ മറിയം റഷീദ എന്ന മാലിക്കാരിയെ കണ്ടു. ഇന്ത്യയില്‍ തങ്ങാനുള്ള കാലാവധി ഒക്ടോബര്‍ 14ന് തീര്‍ന്നിട്ടും വ്യക്തമായ കാരണങ്ങളൊന്നും ഇല്ലാതെ അവള്‍ ഇവിടെതന്നെ താമസിക്കുന്നു. അതുകൊണ്ട് അവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. ഐഎസ്ആര്‍ഒയിലെ ഒരു ശാസ്ത്രജ്ഞനുമായി മറിയം റഷീദ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നു എന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.'

പ്രമാദമായൊരു ചാരവലയം പൊട്ടിക്കാനുള്ള സാധ്യതകള്‍ ഐബിയിലും റോയിലും അറിയിച്ചു. വിവരമറിഞ്ഞപ്പോല്‍ ഐബിയിലെ ബൂദ്ധിമാന്‍മാര്‍ക്ക് ജാള്യത..! ജാള്യത മറച്ച് ഐബിയും റോയും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഈ കേന്ദ്ര ഏജന്‍സികളും കേരള പോലീസും മറിയം റഷീദയേയും ഫൗസിയായേയും ചോദ്യം ചെയ്തു. രണ്ടാം റൗണ്ട് ചോദ്യം ചെയ്യലിനുശേഷം വിജയന്‍ കൊച്ചി രൂപതയുടെ ഇംഗ്ലീഷ് പത്രമായ ഇന്ത്യന്‍ കമ്മ്യൂണിക്കേറ്ററിന്റെ റിപ്പോര്‍ട്ടറെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. (ഇപ്പോഴാ പത്രം ഇല്ല) അത് നടക്കാതെ വന്നപ്പോള്‍ തനിനിറം പത്രത്തിന് ഇന്ത്യയെ തകര്‍ക്കാനെത്തിയ ചാര വനിതയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചോര്‍ത്തിക്കൊടുത്തു. പേര് വെളിപ്പെടുത്താതെ ദേശാഭിമാനിക്കും വാര്‍ത്ത കൊടുത്തു.


പിന്നീട് വിജയന്‍ പത്രക്കാര്‍ എങ്ങിനെയോ വാര്‍ത്ത മണത്തറിഞ്ഞുവെന്ന് കമ്മീഷണറെ വിളിച്ചറിയിച്ചു. വേണമെങ്കില്‍ മറിയത്തെ ഓവര്‍ സ്‌റ്റേ കേസിന്റെ പേരുപറഞ്ഞ് അറസ്റ്റുചെയ്യാമെന്ന ആശയം മുന്നോട്ടുവെച്ചു. കമ്മീഷണര്‍ക്ക് അത് ഇഷ്ടമായി. അടുത്ത ദിവസം തന്നെ മറിയത്തെ അറസ്റ്റു ചെയ്യുകയും ചെയ്തു.


ഇതിനിടയ്ക്കുതന്നെ തനിനിറം മറിയത്തെ അറസ്റ്റു ചെയ്ത വിവരം റിപ്പോര്‍ട്ടു ചെയ്തിരുന്നു.മറിയം ഇതൊന്നും അറിഞ്ഞില്ലെന്നുമാത്രം. മറിയത്തിന് മാലിക്കുപോകാനുള്ള അനുമതി ശരിയാക്കികൊടുക്കാമെന്നു പറഞ്ഞാണ് അവരെ സ്റ്റേഷനിലേക്ക് വിജയന്‍ വരുത്തിയത്. മറിയം എത്തിയ വിവരം വിജയന്‍ തന്നെ ദേശാഭിമാനിയെ അറിയിച്ചു. അവര്‍ വന്ന് മറിയത്തിന്റെ ഫോട്ടോ എടുത്തുപോയി. അതിനുശേഷം വിജയന്‍ മറിയത്തെ വിളിച്ച് ആഭരണങ്ങള്‍ അഴിച്ചുവയ്ക്കാന്‍ പറഞ്ഞു. എന്നിട്ട് മറിയം അറസ്റ്റിലാണെന്ന വിവരം വിജയന്‍ അറിയിച്ചു. അവിടെ നിന്ന് വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മറിയത്തെ കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തി. പിന്നെ വനിതാസെല്ലില്‍ പാര്‍പ്പിച്ചു.


അടുത്ത ദിവസം വിജയന്‍ കൊടുത്ത എഫ്. ഐ. ആറിന്റെ വിവരവും വിജയന്റെ പരാതിയുടെ വിവരവും ദേശാഭിമാനി പ്രസിദ്ധീകരിച്ചു. അതിങ്ങനെയായിരുന്നു.


'എസ്എല്‍വി റോക്കറ്റ് സാങ്കേതിക വിദ്യ ചോര്‍ത്തിക്കൊണ്ടു പോകാന്‍ വന്ന മാലി പട്ടാള ഉദ്യോഗസ്ഥയെ പോലീസ് അറസ്റ്റു ചെയ്തു. പ്രത്യേക ദൗത്യവുമായി വന്ന മറിയം റഷീദ മാലി ദ്വീപിലെ നാഷ്ണല്‍ സെക്യൂരിറ്റി സര്‍വീസിലെ ഉന്നത ശ്രേണിയിലുള്ള ഒരു രഹസ്യ ഏജന്റാണ്. ഐഎസ്ആര്‍ഒയിലെ ഒരു ഉയര്‍ന്ന ശാസ്ത്രജ്ഞനുമായി അവള്‍ നല്ല ബന്ധം സ്ഥാപിച്ചിരുന്നു. അയാളുമായി അവള്‍ 13 തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. വിദേശ ചാരന്മാര്‍ തിരുവനന്തപുരം കേന്ദ്രികരിച്ചു  പ്രവർത്തനങ്ങൾ  നടത്തുന്നുവെന്ന് ദേശാഭിമാനി അഞ്ചു ദിവസം മുമ്പേ റിപ്പോര്‍ട്ടുചെയ്തതിനെ തുടര്‍ന്ന് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു സിറ്റിയിലെ വിദേശികള്‍'


ഇനി ഒരു പ്രമുഖ മലയാളപത്രം മറിയം റഷീദയോട് ചെയ്തതെന്താണെന്നുകൂടി അറിയുക. പത്രത്തിന്റെ അന്നത്തെ എഡിറ്റോറിയല്‍ ഡയറക്ടര്‍ ഈയിടെ ഒരു വെബ് മാഗസിനോട് ഒരു കുമ്പസാരം നടത്തുകയുണ്ടായി. അതിങ്ങനെയായിരുന്നു.
'1994ലെ ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഈ പത്രത്തിന്റെ സൃഷ്ടിയാണ്. മറ്റൊരു പത്രവും അതേപ്പറ്റി എഴുതിയത് അവരുടെ മനസ്സില്‍ പതിഞ്ഞിട്ടില്ല.
പ്രചാരത്തില്‍ വളരെ മുന്നിട്ടുനില്‍ക്കുന്ന ഏതു പത്രത്തിന്റെയും ഗതികേടാണിത്. മറ്റുള്ളവരുടെ വിഴിപ്പുകെട്ടുകൂടി നമ്മുടെ തലയില്‍ കേറ്റിവെയ്ക്കും നാട്ടുകാര്‍, അല്ലെങ്കില്‍ ദേഹത്തു ചാരിവെക്കും.
ഐഎസ്ആര്‍ഒ. ചാരക്കേസ് തങ്ങളുടെ സൃഷ്ടി ആയിരുന്നില്ല. ഈ ചാരക്കേസുമായി ആദ്യം രംഗത്തെത്തിയത് 'ദേശാഭിമാനി'യാണ്. കേന്ദ്ര ഇന്റലിജന്‍സ് ഈ ആരോപണത്തില്‍ വലിയ കഴമ്പുകാണുന്നില്ല എന്നൊരു റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളിലൊന്നില്‍ ഞങ്ങള്‍ കൊടുത്തു. ഇതൊഴിച്ചാല്‍ ആദ്യത്തെ രണ്ടാഴ്ച പത്രം ഈ വിഷയം തൊട്ടിരുന്നതേയില്ല. മറ്റു പത്രങ്ങള്‍ കഥകളുമായി മുന്നേറി.  രാജ്യാന്തരതലത്തിലുള്ള ഒരു ഇന്റലിജന്‍സ് പ്രവര്‍ത്തനവും വിവരശേഖരണവുമാണെങ്കില്‍ അതു കണ്ടുപിടിക്കാനും തെളിയിക്കാനുമൊക്കെയുള്ള പ്രയാസങ്ങളാണ് ഞങ്ങളെ ചാരക്കേസില്‍ നിന്ന് അകറ്റിനിര്‍ത്തിയത് .


പക്ഷേ അപ്പോഴേക്കും മറ്റുപത്രങ്ങള്‍ ഇതു വലിയൊരു സംഭവമാക്കിക്കഴിഞ്ഞിരുന്നു. തങ്ങള്‍ക്കെന്തോ സ്ഥാപിത താല്‍പര്യം ഉള്ളതുകൊണ്ട് മാറി നില്‍ക്കുകയാണെന്ന് കുശുകുശുപ്പുണ്ടായി. നിങ്ങളുടെ പത്രത്തില്‍ എന്താ ചാരക്കേസ് ഇല്ലാത്തത് എന്നു ചില വായനക്കാര്‍ ചോദിക്കുന്നുവെന്ന് പത്ര ഏജന്റുമാര്‍ പറയാന്‍ തുടങ്ങി. ആ രണ്ടാഴ്ച മറ്റെല്ലാ പത്രങ്ങളിലും വന്ന എല്ലാ കഥകളെപ്പറ്റിയും അന്വേഷിച്ച് സമഗ്രമായ ഒരു റിപ്പോര്‍ട്ടോടെ രംഗത്തിറങ്ങാന്‍ തീരുമാനിച്ചു. പുതിയ വിവരങ്ങള്‍ തേടാന്‍ തിരുവനന്തപുരത്ത് ഒരു ടീമിനെ സംഘടിപ്പിച്ചു. ചാരക്കേസില്‍ കുറ്റാരോപിതരായ മാലി ദ്വീപിലെ വനിതകളെപ്പറ്റിയും അവരുടെ ബന്ധങ്ങളെപ്പറ്റിയും അന്വേഷിക്കാന്‍ മാലിയിലേക്ക് ഒരാളെ അയയ്ക്കാന്‍ തീരുമാനിച്ചു.

പ്രമുഖ  പത്രങ്ങളുടെ രണ്ടാഴ്ചത്തെ ലക്കങ്ങള്‍ അരിച്ചുപെറുക്കി വായിച്ചു. അവയില്‍ പലതിലും വന്നിരുന്നത് രണ്ടു പ്രധാന സംഭവങ്ങളായിരുന്നു.
ഒന്ന്: തിരുനല്‍വേലിക്കടുത്ത് നമ്പി നാരായണന് വലിയൊരു ഫാമും ഫാംഹൗസും ഉണ്ട്. വലിയൊരു കുളമുള്ളതാണ് ഫാമിന്റെ ആകര്‍ഷണീയത. ഐ.എസ്.ആര്‍.ഒ.യിലെ ശാസ്ത്ര രഹസ്യങ്ങള്‍ നിറച്ച അനേകം കണ്ടെയ്നറുകള്‍ ഈ കുളത്തിനടിയില്‍ കുഴിച്ചിട്ടിരിക്കുന്നു.


രണ്ട്: നമ്പി നാരായണന് വിതുരയില്‍ വിജനമായ പ്രദേശത്ത് ഒരു എസ്റ്റേറ്റുണ്ട്. അവിടേക്ക് പോകുന്ന പരിചയക്കാര്‍ക്കുപോലും വഴിതെറ്റും. ആ എസ്റ്റേറ്റില്‍ അദ്ദേഹം ഡിഷുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ഡിഷുകള്‍ വഴിയാണ് രഹസ്യവിവരങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക് അയച്ചുകൊടുക്കുന്നത്.


ഈ സ്ഥലങ്ങളിലേക്കെല്ലാം ഞങ്ങള്‍ അന്വേഷണസംഘത്തെ അയച്ചു. തിരുനല്‍വേലിയില്‍ ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ കഴിയുന്നത് പാലക്കാട്ടു നിന്നുള്ള ടീമിനാണോ തിരുവനന്തപുരത്തുനിന്നുള്ള ടീമിനാണോ എന്ന് തീര്‍ച്ചയില്ലാത്തതിനാല്‍ രണ്ടിടത്തുനിന്നും ഓരോ സംഘത്തെ അയച്ചു.


കൈവിട്ടുപോയ ഒരു വാര്‍ത്ത തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ചെലവ് ഒരു തടസ്സമാകരുതല്ലോ.
തിരുവനന്തപുരത്തുനിന്ന് ഒരു സംഘത്തെ വിതുരയിലേക്കും വിട്ടു. മൂന്നു നാലു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരുനല്‍വേലിയിലെ ഒരു സംഘം വിളിച്ചു. അവിടെയെങ്ങും നമ്പി നാരായണന് ഫാം ഹൗസോ കുളമോ ഒന്നുമില്ലെന്ന് അവര്‍ അറിയിച്ചു. സ്വന്തം പേരില്‍ ആ സ്ഥലം വാങ്ങാന്‍ നമ്പി നാരായണന്‍ മണ്ടനാണോ, ബിനാമി പേരിലായിരിക്കില്ലേ എന്നു ഞാന്‍ ചോദിച്ചതു സൗമ്യമായിട്ടാണെങ്കിലും അവര്‍ക്കു പൊള്ളി. അവര്‍ വീണ്ടും വലവിരിക്കാന്‍ പോയി. തിരുനല്‍വേലിയിലെ രണ്ടാമത്തെ ടീമിനും രണ്ടാമത് വല വാങ്ങേണ്ടിവന്നു. വിതുരയില്‍ നിന്നുള്ള റിപ്പോര്‍ട്ടിലും ആശയ്ക്കു വഴിയുണ്ടായിരുന്നില്ല. നമ്പി നാരായണന് എസ്റ്റേറ്റുമില്ല, ആ പ്രദേശത്തെങ്ങും ഡിഷും ഇല്ല.


കൂടുതല്‍ അന്വേഷണത്തിന് അവരെ എസ്റ്റേറ്റ് പാതകളിലേക്കു വീണ്ടും ഇറക്കിവിടുക മാത്രമല്ല ചെയ്തത്. എനിക്കു ബന്ധം സ്ഥാപിക്കാവുന്ന ഒരു എസ്റ്റേറ്റുണ്ട് വിതുരയില്‍. രണ്ടാം തലമുറ പ്ലാന്റര്‍മാര്‍. അവരുടെ നമ്പരൊന്നു സംഘടിപ്പിച്ചു തന്നാല്‍ മതി, നമ്പിയുടെ എസ്റ്റേറ്റ് കണ്ടുപിടിച്ചുതരാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഗമ അല്‍പം കൂടിപ്പോയെന്നു പിന്നീടു തോന്നി. കഥ കിട്ടുമ്പോള്‍ ആ തോന്നല്‍ മാറിക്കൊള്ളുമെന്നു സമാധാനിച്ചു.നമ്പര്‍ കിട്ടിയപ്പോഴാണ് കഥയെല്ലാം തകിടം മറിഞ്ഞത്. ഡിഷിന്റെ കഥകള്‍ ചില പത്രങ്ങളില്‍ വായിച്ച് അവര്‍ തലയറഞ്ഞു ചിരിച്ചതാണെന്നും അവിടെയൊക്കെ കാറിന്റെ ഡിഷ് മാത്രമേയുള്ളുവെന്നും അവര്‍ പറഞ്ഞു. ഇനി രംഗത്തിറങ്ങാന്‍ പുതിയൊരു കഥ എവിടെനിന്നു കിട്ടുമെന്നു വിഷാദിച്ചിരിക്കുമ്പോഴാണ് മാലദ്വീപിലേക്കയച്ച തിരുവനന്തപുരം ബ്യൂറോ ചീഫിന്റെ ഫോണ്‍. ഐഎസ്ആര്‍ഒ ചാരക്കേസില്‍ തിരുവനന്തപുരം പൊലീസ് പിടികൂടി ജയിലിലടച്ച മറിയം റഷീദയുടെയും ഫൗസിയ ഹസെന്റയും വിവരങ്ങളുമായാണ് അദ്ദേഹത്തിന്റെ വിളി.

മാലദ്വീപിലെത്തിയ ഞങ്ങളുടെ ലേഖകന്‍ വളരെ ബുദ്ധിമുട്ടിയാണ് മറിയത്തിന്റെ വീട് കണ്ടെത്തിയത്. അമ്മയാണ് ആ വീട്ടില്‍ താമസിക്കുന്നത്,  അവരുടെ സഹായത്തിന് അവിടെയുള്ളത് മറിയത്തിന്റെ ഒരു മുന്‍ ഭര്‍ത്താവ്. അയാള്‍ക്ക് ആ വീട്ടുകാരോട് അലോഹ്യമൊന്നുമില്ല. നാലോ അഞ്ചോ വിവാഹം കഴിച്ചിട്ടുണ്ട് മറിയം. അവരെല്ലാം ഇപ്പോള്‍ മുന്‍ ഭര്‍ത്താക്കന്മാരാണ്. മാലിദ്വീപ് പൊലീസിലെ ഒരു താല്‍ക്കാലിക നിയമനക്കാരിയോ പുറം വാതില്‍ നിയമനക്കാരിയോ മറ്റോ ആണ് മറിയം.
മറിയം റഷീദയുടെ ഏതാനും ചിത്രങ്ങള്‍ ആ വീട്ടില്‍ അമ്മ ഒരു കവറിലിട്ടു സൂക്ഷിച്ചിരുന്നു. അവയിലെ നല്ല ചിത്രങ്ങള്‍ ലേഖകന്‍ എടുത്തു. അതിലൊന്ന് യൗവനത്വം തുടിക്കുന്ന മറിയത്തിന്റെ ഒരു പൂര്‍ണകായ ചിത്രമായിരുന്നു. ചാരനായിക എന്ന് മറ്റു പത്രങ്ങള്‍ വിശേഷിപ്പിച്ചിരുന്ന ആ യുവതിയുടെ വലിയ സൈസിലുള്ള ഒരു പടവുമായി ഇറങ്ങിയ ഞങ്ങളുടെ പത്രത്തിന് പിടിച്ചുപറിയായിരുന്നു. ഫൗസിയ ഹസെന്റ പടവും ആ പത്രത്തിലുണ്ടായിരുന്നുവെന്നതൊന്നും ആരും ശ്രദ്ധിച്ചില്ല.


മറിയം റഷീദയെപ്പറ്റിയുള്ള വിവരങ്ങളുമായി ഒരു പരമ്പര മാലിയില്‍നിന്നുതന്നെ ലേഖകന്‍ തുടങ്ങി. ചിത്രങ്ങള്‍ അയാള്‍ വന്നപ്പോള്‍ മാത്രമേ കൊണ്ടുവരാന്‍ പറ്റിയുള്ളൂ എന്നതിനാല്‍ മറിയത്തിന്റെ പടം പരമ്പരയുടെ അവസാന ലക്കത്തോടൊപ്പമാണ് ചേര്‍ത്തത്. ശരിയായ കേസന്വേഷണ വിവരങ്ങളുമായി തിരുവനന്തപുരം, ഡല്‍ഹി ബ്യൂറോകളും സജീവമായി. മറിയത്തിന്റെ ചിത്രം വന്നതോടെ മറ്റു പത്രങ്ങളുടെ വരിക്കാര്‍ കൂടി ഞങ്ങളുടെ പത്രം തേടിപ്പിടിച്ചു വായിക്കുന്ന സ്ഥിതിയായി. ഇങ്ങനെയൊരു ലീഡ് കൈവന്നതോടെ മറ്റു പത്രങ്ങളും ഉഷാറായി.വീണ്ടും പറയട്ടെ, ചാരക്കേസ് കൊണ്ടുവന്നത് ഞങ്ങളല്ല. രണ്ടാഴ്ച കാത്തിരുന്നശേഷം അന്വേഷണം മാലദ്വീപിലേക്കു വ്യാപിപ്പിക്കുകമാത്രമാണ് ഞങ്ങൾ ചെയ്തത്. പ്രചാരവും സംസ്ഥാനത്തുടനീളമുള്ള വിതരണശൃംഖലയും കൊണ്ടാണ് ചാരക്കേസ് സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളുടെയും പിതൃത്വം ഞങ്ങളുടെ മേല്‍ കെട്ടിവയ്ക്കപ്പെടുന്നതെന്നു മനസ്സിലാക്കുമ്പോഴും ഒരെണ്ണം വേദനിപ്പിക്കുന്നതായിരുന്നു. ഞങ്ങളുടെ പത്രത്തില്‍ വന്ന പടം കണ്ട് ചില പത്രക്കാര്‍ രതിവര്‍ണനയിലേക്കു പോയി. മറ്റൊരു പത്രത്തിന്റെ പ്രയോഗം 'കിടക്കയില്‍ ട്യൂണ മത്സ്യത്തെപ്പോലെ പിടയുന്ന' എന്നായിരുന്നു. ആ വാചകം എഴുതിയത് 'ഞങ്ങളാണെന്ന് പിന്നീട് ഒരാള്‍ എഴുതിക്കളഞ്ഞു!.'


എന്നാല്‍ എഡിറ്റോറിയല്‍ ഡയറക്റ്റര്‍ പറഞ്ഞപോലെ അത്ര നിഷ്‌ക്കളങ്കതയോടെയൊന്നുമല്ല അവരുടെ ലേഖകന്‍ എഴുതിയത്. ഒമ്പതു ലക്കങ്ങളിലായി അവര്‍ കൊഴുപ്പിച്ചെടുത്ത ചാരക്കേസ് ഫിച്ചറിൽ  അവസാന അദ്ധ്യായത്തിലെ ചില പരാമര്‍ശങ്ങള്‍ ഇങ്ങനെയായിരുന്നു.
'അമ്മയുടെ ദു:ഖം, മകളുടേയും' എന്നതായിരുന്നു തലക്കെട്ട്.


ചാരപ്രവര്‍ത്തനത്തിന്റെ വേരുകള്‍ തേടി മാലിയില്‍ വിമാനമറങ്ങുമ്പോള്‍ അപരിചിതമായ ഭൂമിയും അതിലേറെ അപരിചിതത്വം കാട്ടുന്ന മുഖങ്ങളുമായിരുന്നു മുന്നില്‍. കേന്ദ്രീയ ഭരണത്തിന്റെ നിഴലില്‍ അപരിചിതനായ വിദേശിയോട് സംസാരിക്കുമ്പോള്‍ എല്ലാവരും വാക്കുകളില്‍ മിതത്വം പാലിച്ചു. മറിയം റഷീദയേയും ഫൗസിയായേയും തങ്ങള്‍ക്കറിയില്ലെന്നു പറഞ്ഞ് ഒഴിവാകാനുള്ള ശ്രമമായിരുന്നു അയല്‍വാസികള്‍ക്കുപോലും.


മാലിപ്രസിഡന്റിന്റെ പുതുതായി നിര്‍മ്മിച്ച ഔദ്യോഗിക വസതിയോട് ചേര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ റിസപ്ഷനിസ്റ്റ് പത്തനംതിട്ടക്കാരി റോസി മുതല്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ വരെ ചാരപ്രവര്‍ത്തനം അന്വേഷിച്ചു വന്ന പത്രലേഖകനെ സഹായിക്കാനുള്ള മാനസീകാവസ്തയിലായിരുന്നില്ല. മാലിയില്‍ കാലുകുത്തിയ ദിവസംതന്നെ ഐഎസ്ആര്‍ഒയുടേയും നാഷ്ണല്‍ സെക്യൂരിറ്റി സര്‍വ്വീസിന്റേയും കണ്ണുകള്‍ പിന്നാലെയുണ്ടെന്നും വേഗം സ്ഥലം വിടുന്നതാണ് ബുദ്ധിയെന്നുമുള്ള ഉപദേശമാണ് കിട്ടിയത്. അപകടം വന്നാല്‍ ഓടി രക്ഷപെടാനും പറ്റില്ലെന്ന് അവരിലൊരാള്‍ തമാശയായി ഓര്‍മ്മിപ്പിച്ചു. ചുറ്റും കടലാണല്ലോ?


അപരിചിതരെ സമീപിക്കുമ്പോല്‍ ആദ്യമണിഞ്ഞ ടൂറിസ്റ്റിന്റെ വേഷം അഴിച്ചുവയ്ക്കുകയാണ് ബുദ്ധിയെന്ന് വൈകാതെ മനസിലായി. ഇന്ത്യാക്കാരനായ ടൂറിസ്റ്റിനു മറിയം റഷീദയുടെയും മറ്റും കാര്യത്തില്‍ അതിരുകടന്ന താല്പര്യം എന്ത് എന്ന ചോദ്യം എല്ലാ മുഖങ്ങളിലും തെളിയുന്നുണ്ടായിരുന്നു.
പത്രലേഖകനാണെന്നു പരിചയപ്പെടുത്തിയപ്പോള്‍ സംഘര്‍ഷത്തിനൊട്ടൊരയവുവന്നു. ചിലര്‍ കൈയോഴിഞ്ഞു. ചിലരൊക്കെ സഹായിച്ചു. മലയാളികളില്‍ നിന്നല്ല, മാലിക്കാരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചത്.


ഒടുവില്‍ തന്ത്രം മാറ്റി. രഹസ്യന്വേഷണങ്ങള്‍ക്ക് വിരാമമിട്ടു. നേരെ പുലിമടയിലേക്ക് കടക്കാമെന്നു കരുതി. മാലി പോലീസിന്റെ മേധാവി ബ്രിഗേഡിയര്‍ തഅബ്ദുള്‍ സത്താറിനെ നേരിട്ടുകാണാനാണ്.
ഇന്ത്യയില്‍ നിന്നെത്തിയ പത്രലേഖകനാണെന്നറിയച്ചപ്പോള്‍, പലകുറി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോവും ബ്രിഗേഡിയര്‍ ലൈനില്‍ വന്നില്ല. അതോടെ മാലി പോലീസ് ഇന്ത്യന്‍ പത്രങ്ങളേയും ഭയപ്പെടുന്നുണ്ടെന്നു മനസിലായി. ഒടുവില്‍ ടെലഫോണ്‍ ലൈനില്‍ വന്ന അദ്ദേഹത്തിന്റെ ഡപ്യൂട്ടി, മറിയം റഷീദയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് കൈകഴുകി.


ഫൗസിയയുടെ മകള്‍ നാസിയായെ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ലൈനില്‍ വന്നില്ല. പകരം പിതാവിന്റെ ഭീഷണി മാത്രം. ഒടുവില്‍ രണ്ടും കല്പിച്ച ദക്ഷിണ മാലിയിലെ ആ വീട്ടിലെത്തുമ്പോള്‍ അത്ഭുതപ്പെട്ടുപോയത്രെ മനോരമ ലേഖകന്‍. കാരണം, മാലിയിലെ പ്രമുഖ വ്യാപാരിയും കോടീശ്വരനുമായ ഉമര്‍ മാണിക്കിന്റെ വീടോ ഇത്? പക്ഷെ, നിറം മങ്ങിയ ദാരിദ്രം പിടിച്ച വഴിയോരത്തെ മതിലിനപ്പുറം രഹസ്യതാവളം പോലെ ഉമര്‍ മാണിക്കിന്റെ ഇരുനില മാളിക ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.തൊട്ടടുത്തുകണ്ട വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരോട് ചോദിച്ചിട്ടും നാസിയായെ അറിയാമെന്നു പോലും ആരും നടിച്ചില്ല. ഒരു ലേഡീസ് സ്‌റ്റോറുടമയോട് ചോദിച്ചതുകേട്ട് എന്തോ പറയാന്‍ വായ് തുറന്ന മാലി സ്ത്രീയെ കടയുടമ തന്നെ വിലക്കി.


ഇനി ഫീച്ചര്‍ അവസ്‌നിപ്പിക്കുന്നതുതന്നെ ഒരു അപസര്‍പ്പക നോവലിന്റെ സ്‌റ്റെയിലില്‍ തന്നെയായിരുന്നു. അതുകൂടി വായിക്കുക. മടക്കയാത്രയില്‍ വിമാനത്താവളത്തില്‍നിന്നു ഹൈക്കമ്മീഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചു സഹകരണത്തിനു നന്ദി പറഞ്ഞു 'എമിഗ്രേഷന്‍ ചെക്ക് കഴിഞ്ഞുവല്ലോ അല്ലേ?'
'ഉവ്വ്'
അങ്ങേത്തലയ്ക്കല്‍ ആശ്വസത്തിന്റെ ദീര്‍ഘനിശ്വസം. അദ്ദേഹം എന്തോ ഭയപ്പെട്ടിരുന്നു വെന്ന് ആ സ്വരത്തില്‍ നിന്നു വ്യക്തം.

കൂടുതല്‍ പ്രചാരവും സംസ്ഥാനത്തുടനീളമുള്ള വിതരണശൃംഖലയും കൊണ്ടാണ് ചാരക്കേസ് സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളുടെയും പിതൃത്വം ഞങ്ങളുടെ പത്രത്തിന്റെ മേല്‍ കെട്ടിവയ്ക്കപ്പെടുന്നതെന്നു മനസ്സിലാക്കുമ്പോഴും ഒരെണ്ണം വേദനിപ്പിക്കുന്നതായിരുന്നുവെന്ന് എഡിറ്റോറിയല്‍ ചെയര്‍മാന്‍ പറയുന്നു. 'ഞങ്ങളുടെ പത്രത്തില്‍ വന്ന പടം കണ്ട് ചില പത്രക്കാര്‍ രതിവര്‍ണനയിലേക്കു പോയി. മറ്റൊരു പത്രത്തിന്റെ പ്രയോഗം 'കിടക്കയില്‍ ട്യൂണ മത്സ്യത്തെപ്പോലെ പിടയുന്ന' എന്നായിരുന്നു. ആ വാചകം എഴുതിയത് 'ഞങ്ങളാണെന്ന് പിന്നീട് ഒരാള്‍ എഴുതിക്കളഞ്ഞു!.' അതില്‍ മാത്രമാണ് ചെയര്‍മാന് വിഷമം ഉണ്ടായതത്രെ..!


ചുരുക്കിപ്പറഞ്ഞാല്‍ 'മറ്റുപത്രങ്ങള്‍ വ്യാജ ചാരക്കേസ് കഥയില്‍ സര്‍ക്കുലേഷന്‍ കൂട്ടുന്നത് കണ്ടപ്പോള്‍ പിടിച്ചുനില്‍ക്കാനാകാതെ ഞങ്ങളും അതിനോടൊപ്പം കൂടി..! അതായത്, ഞങ്ങള്‍ മാത്രമല്ല, മറ്റുപത്രങ്ങളും അങ്ങിനെ ചെയ്തില്ലേ...? എന്ന ഒഴുക്കന്‍ മട്ട്. മറിയം റഷീദ മാലി പോലീസിലെ താത്കാലിക നിയമനക്കാരിയാണന്നു റിപ്പോര്‍ട്ടര്‍ നേരിട്ടറിഞ്ഞിട്ടും പരമ്പര തയ്യാറാക്കിയപ്പോല്‍ അവര്‍ മാലി ഇന്റലിജന്‍സ് ഉദ്യോഗസ്ഥയാണന്ന് പടച്ചുവിട്ടുകളഞ്ഞു. മാലിയിലുള്ളവര്‍ സത്യസന്ധമായാണ് ആ ലേഖകന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറഞ്ഞതെന്ന് ഇത് വായിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്.
വാസ്തവത്തില്‍ ചാരക്കേസ് ഊതിവീര്‍പ്പിച്ച് മലയാളപത്രങ്ങള്‍ ദിവസങ്ങളോളം ആഘോഷിക്കുകയായിരുന്നു. എന്തെന്തു നിറം പിടിപ്പിച്ച കഥകള്‍...!


തുടക്കം മുതലെ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞത് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ. എം റോയി ആയിരുന്നു. അതിന് അതിക്രൂരവും നിന്ദ്യവുമായ രീതിയില്‍ അദ്ദേഹം പഴി കേള്‍ക്കുകയും ചെയ്തു. രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവന്‍, പത്രപ്രവര്‍ത്തന സ്വതന്ത്ര്യത്തെ വ്യഭിചരിക്കുന്നവന്‍. അങ്ങിനെ പോയി ആക്ഷേപങ്ങള്‍. ഇദ്ദേഹത്തോടൊപ്പം വിശ്വസധീരതയോടെ എഴുതിയ രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നു. ബി. ആര്‍. പി ഭാസ്‌ക്കറും സക്കറിയായും. അവരും ഏറെ പഴി കേട്ടു. ഏഷ്യനെറ്റ് ടെലിവിഷന്‍ ഈ ചാരക്കേസിലെ പീഡിതരായ പ്രതികള്‍ക്കുവേണ്ടി നടത്തിയ പോരാട്ടം മാധ്യമചരിത്രത്തിലെ സുവര്‍ണ്ണ രേഖയായിരിക്കും.


കേരളത്തില്‍ മാധ്യമ സിന്റിക്കേറ്റ് എന്നൊന്ന് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് രൂപീകരിക്കപ്പെട്ടതും പ്രവര്‍ത്തിച്ചതും ഈ ചാരക്കേസിന്റെ കാലത്താണെന്നാണ് കെ. എം റോയിയുടെ അഭിപ്രായം. മലയാലള മനോരമയും മാതൃഭൂമിയും കേരള കൗമുദിയും ദേശാഭിമാനിയുമടക്കം എല്ലാ പത്രങ്ങളും ചേര്‍ന്നുനിന്ന് ഒരേ നിറമുള്ള കെട്ടുകഥകള്‍ ദിനം തോറും ഒരുപോലെ സ്ൃഷ്ടിച്ചുവിട്ട കാലം.
മറ്റൊന്നുകൂടി റോയി പറഞ്ഞിരുന്നു. അതിങ്ങനെയാണ്.
'ഞാനിന്നും ബലമായി വിശ്വസിക്കുന്നത് കൗണ്ടര്‍ എസ്പ്‌നേജ് (counter espionage) എന്ന അന്തര്‍ദേശീയ തലത്തില്‍ നടന്ന ഗൂഢാലോചനയാണ് ഈ ചാരക്കേസിന് പിന്നിലുണ്ടായിരുന്നതെന്നാണ്.'
(അവസാനിച്ചു)മറിയം റഷീദയുടെ വീട്ടിൽ നിന്ന് സംഘടിപ്പിച്ച അവരുടെ ചെറുപ്പ കാലത്തെ ഫോട്ടോ.(അവസാനിച്ചു)

NB: ലേഖനത്തിൽ വരുന്ന അഭിപ്രായങ്ങൾ ലേഖകന്റെ സ്വന്തമാണ് ആണ്. വാചകം.കോം ന് അതിൽ  ഉത്തരവാദിത്വമില്ല.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam