കേരള സഭയിൽ അനിതയെന്ന അവതാരം

JUNE 19, 2022, 5:19 PM

'ഒരു സ്ത്രീയുടെ ശരീരം അനലൈസ് ചെയ്താൽ 92% വെറും വെള്ളമാണ്. എട്ടുശതമാനം മാത്രമേയുള്ളു മാറ്റർ.' ഒരു ശാസ്ത്ര വിദ്യാർത്ഥി തന്നോടൊത്തു നടന്നിരുന്ന ചങ്ങാതിയോട് പറഞ്ഞു.

എന്റെ കാവിൽ ഭഗവതി ആ എട്ടുശതമാനം കൊണ്ടാണോ ഈ പെണ്ണുങ്ങൾ ഈ വഹനമെല്ലാം വഹിക്കുന്നത്. ആ 92% കൂടി മാറ്റർ ആയിരുന്നെങ്കിൽ ഇവർ ഭൂലോകം പുല്ലുകഞ്ഞിയാക്കുമായിരുന്നല്ലോ..! ആ ചങ്ങാതിയുടെ തോന്നലാണ് ലോക കേരള സഭയിലെത്തിയ അനിതാ പുല്ലയിലിനെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ തോന്നിയത്. 

മൂന്ന് ലോക കേരള സഭകളാണ് ഇതു വരെ നടന്നതെന്നും മൂന്നിലും പങ്കെടുത്ത ഇറ്റലിയിൽ നിന്നുള്ള ഏക വ്യക്തിയാണ് അനിത പുല്ലയിൽ. 

vachakam
vachakam
vachakam

റോമിലെ പ്രവാസി മലയാളി ഫെഡറേഷൻ സെക്രട്ടറിയായും ഈ സംഘടനയുടെ ഗ്ലോബൽ വനിത പ്രതിനിധി ആയും കത്തിനിന്ന വ്യക്തിയാണ്  മഹനീയ മഹിളാമണി അനിത പുല്ലയിൽ. ഒന്നും രണ്ടും സഭകളിൽ അനിത കയറിപ്പറ്റിയതിനെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തവും ശക്തവുമായ ഭാഷയിൽ പണ്ടു പറഞ്ഞിരുന്നതിങ്ങനെയാണ്: വ്യക്തി എന്ന നിലയിൽ ഇറ്റലിയിൽ നിന്നും അനിത പുല്ലയിൽ നാമനിർദേശം സമർപ്പിച്ചിരുന്നുവെന്നും ചുമതലപ്പെട്ട കമ്മിറ്റി അത് പരിശോധിച്ചതിനു ശേഷമാണ് അനിത പുല്ലയിലെ അംഗമായി തെരഞ്ഞെടുത്തത്.

വിഐപികളും വിവിഐപികളും അനിതാപുല്ലയിലിലെ പണ്ടേ അറിയുമെങ്കിലും നമ്മേപ്പോലുള്ള സാദാമനുഷ്യർ മോൻസൻ മാവുങ്കൽ കേസുമായി ബന്ധപ്പെട്ടാണ് അറിയാൻ തുടങ്ങിയത്.

അപ്പോഴല്ലേ ഉള്ളുകള്ളി വള്ളിപുള്ളി വ്യത്യാസമില്ലാതെ പുറത്തായത്. നാട്ടിലെ മുന്തിയ ഇനം പോലീസ് ഏമ്മാൻമാർക്കും ഏമാത്തികൾക്കും സുപരിചിത. ഉന്നതന്മാരുമായി ഉറ്റ ബന്ധം..!

vachakam
vachakam
vachakam

മുൻ ജയിൽ ഡിജിപിയും എഴുത്തുകാരിയുമായ ശ്രീലേഖയുടെ കട്ട ഫാനാണ് അനിതയെന്ന് പലവട്ടം ശ്രീലേഖയെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട് കക്ഷി.  ശ്രീലേഖയെ കാണുന്നമാത്രയിൽ അനിത ആലിംഗനത്താൽ വീർപ്പുമുട്ടിക്കും. തനിക്കെന്നും വിശ്വാസത്തിന്റെ പ്രതിരൂപമായി തന്റെ രൂപക്കൂട്ടിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വ്യക്തിയാണ് ബഹ്‌റ എന്ന പോലീസേമാനെന്നും പലവട്ടം പറഞ്ഞുവച്ചിട്ടുണ്ട്. എന്തിനേറെ മഹാനായ മോൻസന്റെ സങ്കേതത്തിലേക്ക് ബഹ്‌റയെ ആട്ടിത്തെളിയിച്ചതും അനിത തന്നെ..!

പോലീസ് വിഭാഗത്തിന്റെ അത്യുന്നതവും തികച്ചും ഔദ്യോഗികവുമായ കൊക്കൂൺ സുരക്ഷാമീറ്റിലെ  അത്ഭുതാവതാരങ്ങളായിരുന്നു അനിതയും മോൻസനും..! കേരളമുഖ്യൻ പിണറായിയെ സ്ഥാനത്തും അസ്ഥാനത്തും പുട്ടിന് തേങ്ങപ്പീര ഇടുന്നതുപോലെയാണ് പുല്ലയിൽ  പുകഴ്ത്തിമറിക്കുന്നത്. അതുകൊണ്ടുതന്നെ  തള്ളാനും കൊള്ളാനും കഴിയാത്ത പരുവത്തിലായിപ്പോയി പിണറായി.

തൃശൂർക്കാരിയായ അനിത പുല്ലയിൽ റോമിൽ മാർപാപ്പയേക്കാൾ പേരെടുത്ത വ്യക്തിയാണ്. റോമിലെ സാധാരണക്കാരിൽ സാധാരണക്കാരായ ആളുകളെ സഹായിക്കാൻ ഒരു സംഘടന തട്ടിക്കൂട്ടാൻ സന്മമനസുകാണിച്ചവൾ. അതുവഴി എത്രയോ ഹതഭാഗ്യരെ ഒരു കര പറ്റിച്ചിരിക്കുന്നു.  സത്യം എന്ന വാക്കിന്റെ അർത്ഥം ശരിക്കുമറിയാവുന്നവളാണ് അനിത, സത്യം അങ്ങനെ ഒന്നുണ്ടെങ്കിൽ നമുക്ക് കാത്തിരുന്നു കാണാം. മോൻസൻ മാവുങ്കൽ മറ്റുള്ളവരെ പറ്റിച്ചു ജീവിച്ചോരാളാണെന്നാണ് അനിതയുടെ കണ്ടെത്തൽ. ഒരു രാജാവിനെ പോലെ വാഴുന്ന സമയത്താണ് നെറികേടിന്റെ മറനീക്കി ഈശ്വരൻ ഇവനെ പുറത്തു കൊണ്ട് വന്നതെങ്കിൽ ദൈവത്തിനും മടുത്തിട്ടുണ്ടാവില്ലേ? പിന്നെ അവന്റെ അനർഹതയിൽ സമ്പാദിച്ച പണം കൊണ്ട് ജീവിച്ചിരുന്ന ആളുകളുടെ അവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ..?  ഇങ്ങനെയൊരു ചോദ്യം വിശിയെറിഞ്ഞ് തടിതപ്പിയതാണ്. 

അതുകൊണ്ട് അനിതകൂടി മുൻകൈ എടുത്തുണ്ടാക്കിയ ലോക കേരള സഭയുടെ സമ്മേളനത്തിൽ അനിത ഉണ്ടാവുക സ്വാഭാവികം. അവരുടെ മാന്യത കൊണ്ട് സഭാ ടിവിക്കനുവദിച്ച ഓഫീസിൽ ഒതുങ്ങിക്കൂടി. എന്നിട്ടും ഈ പത്രക്കാർ അവരെ ആട്ടുപ്പുറത്താക്കാൻ ചൂട്ടുപിടിച്ചു. അതിന് ദൈവം ചോദിച്ചുകൊള്ളുമെന്ന  സമാധാനത്തിലാണ് അനിത.

എന്തായാലും ഈ കടുത്ത ദുഷ്ടതകൾ ഒന്നും കാണാതെ തന്റെ മാതാപിതാക്കൾ മരിച്ചു പോയതിൽ ഏറ്റവുമധികം സന്തോഷിക്കുന്നൊരു മകളാണ് ഇന്ന് താൻ എന്നുപറയാൻ മാത്രം എളിമ ഉള്ളവളാണ് അനിത. അല്ലെങ്കിൽ ഈ ഒരു പേരും പറഞ്ഞുകൊണ്ട് തന്നെ അറിയാത്ത എത്രയോ പേരുടെ അധിക്ഷേപങ്ങൾ അവർക്കു കേൾക്കേണ്ടി വന്നേനെയെന്നാണ് ചിന്താവിഷ്ടയായിരുന്നുകൊണ്ട് അനിതയിപ്പോൾ ചിന്തിക്കുന്നത്. 

മൂന്നുവർഷത്തിനിടയിൽ തന്നെ ജീവന് തുല്യം സ്‌നേഹിച്ചിരുന്ന അപ്പനും, അമ്മയും നഷ്ടപ്പെട്ട ഒരു മകളാണ് താൻ. അവരുടെ പ്രാർത്ഥന മതി തനിക്കിതു പോലെ നിവർന്നു നിൽക്കാൻ. കോടതിയിലും പൊലീസിലും അതിന്റെ നേരായ അന്വേഷണത്തിലും വിശ്വാസമുണ്ട്. എല്ലാം നേരായ വഴിയിൽ നടക്കട്ടെ.

തന്നെ കറിവേപ്പില പോലെ ഇറക്കിവിട്ട വാച്ച് & വാർഡിന്റെ തലയിൽ ഇടിത്തീ വിഴുകയേയുള്ളൂ എന്നു അനിത പുല്ലയിൽ ശാപം വേണ്ടുവോളം ചരിഞ്ഞിട്ടാണ് പോയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി എന്തും സംഭവിക്കാം.

ജോഷി ജോർജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam