മത്സ്യമേഖലയിലും സ്റ്റാർട്ടപ്പ്; ഫിഷറീസ് ബിരുദധാരികൾക്ക് പിന്തുണയുമായി സിബ

SEPTEMBER 13, 2020, 3:15 PM

കാളാഞ്ചിയുടെ വിത്തുൽപാദനത്തിൽ രാജ്യത്തെ ആദ്യ സ്വകാര്യ സ്റ്റാർട്ടപ്പ് സംരംഭം

കൊച്ചി:  മത്സ്യകൃഷിയിൽ പുത്തനുണർവിന് വഴിയൊരുക്കുന്ന സ്റ്റാർട്ടപ്പ് സംരംഭവുമായി ഫിഷറീസ് ബിരുദധാരികൾ.  വ്യാപകമായി കൃഷി ചെയ്യുന്നതും മികച്ച വിപണന മൂല്യമുള്ളതുമായ കാളാഞ്ചിയുടെ വിത്തുൽപാദനത്തിന് കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനത്തിന്റെ (സിബ) സഹായത്തോടെയാണ് സംരംഭം. സ്റ്റാർട്ടപ്പ് രൂപത്തിൽ സ്വകാര്യമേഖലയിൽ രാജ്യത്ത് ആദ്യമായാണ് കാളാഞ്ചിയുടെ ഹാച്ചറി വരുന്നത്. സിബ വികസിപ്പിച്ച കാളാഞ്ചിയുടെ വിത്തുൽപാദന സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. കർണാടക സ്വദേശികളായ മൂന്ന് ഫിഷറീസ് ബിരുദധാരികളാണ് കേരളത്തിലുൾപ്പെടെയുള്ള കാളാഞ്ചികൃഷിയുടെ ഗതിനിർണയിക്കുന്ന സ്റ്റാർട്ടപ്പിന് പിന്നിലുള്ളത്. കാളാഞ്ചിയുടെ കുഞ്ഞുങ്ങൾക്ക് കർഷകർക്കിടയിൽ ആവശ്യക്കാരേറെയാണെങ്കിലും മതിയായ തോതിൽ ആവശ്യമായ സമയത്ത് ഇവയുടെ ലഭ്യതയിൽ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. ഇവയുടെ ഹാച്ചറി നടത്തിപ്പിന് മികച്ച സാങ്കേതിക വൈദഗ്ധ്യം ആവശ്യമാണെന്നതിനാൽ സ്വകാര്യമേഖലയിലുള്ളവർ കാളാഞ്ചിയുടെ വിത്തുൽപാദനരംഗത്തേക്ക് കടന്നുവരാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് സിബയുടെ സഹകരണത്തോടെ ഫിഷറീസ് പ്രൊഫഷണലുകൾ സ്റ്റാർട്ടപ്പ് സംരംഭവുമായി മുന്നോട്ടുവരുന്നത്.

vachakam
vachakam
vachakam

സിബയുടെ കാളാഞ്ചി ഹാച്ചറിയിലേക്ക് പഠനകാലയളവിൽ നടത്തിയ സന്ദർശനമാണ് വി.എസ്. കാർത്തിക ഗൗഡ, കൗഷിക് എലൈക്, സച്ചിൻ വി. സാവൻ എന്നിവർക്ക് സ്റ്റാർട്ടപ്പ് തുടങ്ങാൻ പ്രചോദനമായത്. തൊഴിലന്വേഷകരാകുന്നതിന് പകരം പഠിച്ച മേഖലയിൽ തന്നെ തൊഴിൽ ദാതാക്കളാകാൻ തീരുമാനിച്ച ഇവർ സ്വയം സംരംഭം തുടങ്ങാൻ സിബയുടെ സഹകരണം തേടുകയായിരുന്നു. കോളേജ് പഠനത്തിനു പുറമെ, കാളാഞ്ചി വിത്തുൽപാദനവുമായി ബന്ധപ്പെട്ട് സിബയിലെ വിദഗ്ധരിൽ നിന്ന് നേരിട്ട് പരിശീലനം നേടുകയും ചെയ്തു. സ്റ്റാർട്ടപ്പ് തുടങ്ങുന്നതിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനും സിബ ഇവരെ സഹായിച്ചു.

രാജ്യത്തെ മത്സ്യകൃഷി മേഖലയിൽ സുപ്രധാന നാഴികക്കല്ലാണ് ഈ സംരംഭമെന്ന് സിബ ഡയറക്ടർ ഡോ. കെ.കെ. വിജയൻ പറഞ്ഞു. ധാരാളം ഫിഷറീസ് പ്രൊഫഷണലുകളുള്ള കേരളത്തിൽ ഇതുപോലുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് മികച്ച സാധ്യതയുണ്ട്. യുവാക്കൾ ഈ മേഖലയിലേക്ക് കടന്നുവരുന്നത് മത്സ്യോൽപാദനം കൂട്ടാനും ശാസ്ത്രീയ കൃഷിരീതികൾക്ക് പ്രചാരം നേടാനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലും മഹാരാഷട്രയിലും കളാഞ്ചി ഹാച്ചറികൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി സിബയുടെ സാങ്കേതിക വിദ്യ കൈമാറുന്നതിന്റെ നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ്. 

vachakam
vachakam
vachakam

 ഒരു കിലോ കാളാഞ്ചിക്ക് വിപണിയിൽ 450 രൂപ മുതൽ 700 രൂപ വരെ വില ലഭിക്കും. 

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam