ആ വെളിച്ചം അണഞ്ഞു

AUGUST 2, 2022, 9:05 AM

പ്രസന്നമായ ആ മുഖവും പുഞ്ചിരിയും ഇനിയൊരിക്കലും കാണാൻ കഴിയുകയില്ലെന്ന് വിശ്വാസിക്കാനാകുന്നില്ല. അതേ, ആർ. ഗോപീകൃഷ്ണൻ എന്ന സമുന്നതനായ പത്രപ്രവർത്തകൻ, ആരോടും പരിഭവമില്ലാതെ ഇക്കണ്ടകാലമത്രയും തനിക്കു ചെയ്യാൻ കഴിയുന്നതും മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കാൻ കഴിയുന്നതുമൊക്കെ നന്നായിത്തന്നെ ചെയ്തു എന്ന സംതൃപ്തിയോടെ വിടവാങ്ങിയിരിക്കുന്നു.

മലയാള പത്രപ്രവർത്തനത്തിന്റെ ഹാരോൾഡ് ഇവാൻസ് എന്നു വിശേഷിപ്പിക്കാവുന്ന ജോയി തിരുമൂലപുരം. അടിമുടി അനുഗ്രഹീതകലാകാരനായ, അഹങ്കാരം പോലും അലങ്കാരമാക്കിയ ആ പത്രപ്രവർത്തകന്റെ ശിക്ഷണത്തിൽ പത്രസംവിധാനത്തിലും രൂപകല്പനയിലും നന്നായി പഠിച്ചെടുത്ത് അത് പ്രയോഗത്തിൽ വരുത്തുന്നതിൽ ഏറ സംതൃപ്തി കണ്ടെത്തിയ മനുഷ്യൻ. ദീപിക മുതൽ മെട്രോ വാർത്ത വരെയുള്ള പത്രങ്ങളിൽ തന്റെ കൈമുദ്ര പതിപ്പിച്ച് ശാന്തനായ കടന്നുപോയിരിക്കുന്നു.

മംഗളം പത്രത്തെ മലയാളത്തിലെ വേറിട്ടൊരു പത്രമാക്കിമാറ്റിയതിലും മെട്രോ വാർത്തയെ ടാബ്‌ളോയിഡ് സംസ്‌ക്കാരത്തിൽ നിന്നും അടർത്തിമാറ്റി കുലീനമായൊരു പ്രഭാതപത്രമാക്കിയതിലും ഗോപീകൃഷ്ണൻ വഹിച്ച പങ്ക് ഏറെ വലുതാണ്. അതുപോലെ ചങ്ങാതിമാരായ പലരും പുതിയ പ്രസിദ്ധീകരണങ്ങൾ തുടങ്ങുമ്പോഴെല്ലാം അതിൻ ഉള്ളടക്കചർച്ചകളിലും രൂപകല്പനാ ചർച്ചകളിലും സജീവ പങ്കാളിയായി നിലകൊണ്ടിരുന്നു. മലയാള മനോരമ അവരുടെ നൂറാം വർഷത്തിലെത്തിയ കാലത്ത് പത്രത്തിന്റെ ന്യൂസ് എഡിറ്ററാക്കാൻ ക്ഷണിച്ചിട്ടു പോലും അത് സ്വീകരിക്കാതെ ജോയി തിരുമൂലപുരത്തിന്റെ ക്ഷണപ്രകാരം മംഗളം പത്രത്തിലെത്തി.

vachakam
vachakam
vachakam

എത്ര ഗഹനമായതോ, സങ്കീർണ്ണമായതോ ആയ പ്രശ്‌നങ്ങളെ സമചിത്തതയോടെ നേരിടുന്ന ഗോപീകൃഷ്ണൻ ഒരിക്കൽ മാത്രമാണ് പൊട്ടിത്തെറിച്ചു കണ്ടത്.   ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കേരള സന്ദർശനവേളയിൽ വരാപ്പുഴ അതിരൂപതയുടെ സെന്റിനറി സെലിബ്രേഷന്റെ മുഖ്യ അഥിതി അദ്ദേഹമായിരുന്നു. അതിനാൽ ഏറെ ദിവസങ്ങൾ എറണാകുളത്താണ് കഴിച്ചുകൂട്ടിയത്. അന്ന് ആ പരിപാടി റിപ്പോർട്ടു ചെയ്യുന്നതിന് ചുക്കാൻ പിടിക്കാൻ ദീപിക പത്രം ചുമതലപ്പെടുത്തിയത് ഗോപികൃഷ്ണനെ ആയിരുന്നു.

ടിയാന്റെ നേതൃത്വത്തിൽ ഒരു സംഘം ദീപിക ലേഖകർ കൊച്ചിയിൽ മാർപ്പാപ്പ വന്നിറങ്ങിയത് കവർ ചെയ്തിട്ട് കോട്ടയത്തേക്ക് വച്ചുപിടിക്കുകയായിരുന്നു. പിറ്റേന്ന് കോട്ടയത്ത് മാർപ്പാപ്പ വരുന്നതു പ്രമാണിച്ച് ഉള്ള ഒരുക്കങ്ങളുടെ ഭാഗമായി ഏറ്റുമാന്നൂർ മുതൽ പോലീസ് ഗതാഗത നിയന്ത്രണം  ഏറ്റെടുത്തു കഴിഞ്ഞിരുന്നു. അപ്പോഴാണ് ഒരു വണ്ടി ചീറിപ്പാഞ്ഞുവരുന്നത്. പോലീസ് സംഘത്തിന്റെ തലവൻ ഡിവൈഎസ്പിയ്ക്ക് വണ്ടിയുടെ വരവ് അത്ര പിടിച്ചില്ല. ഉടൻ ജാഗ്രതയോടെ വണ്ടി പിടിച്ചിടുന്നു. വാർത്തകളും ഫോട്ടോകളും എത്തിക്കേണ്ട സമയം വൈകിയതിനാൽ ടീം ലീഡർ ഗോപീകൃഷ്ണൻ ചാടിയിറങ്ങി പോലീസിനെ ചോദ്യം ചെയ്തു.

അതിൽ ക്ഷുഭിതനായ ഡിവൈഎസ്പി ഉടൻ ഗോപീകൃഷ്ണനെ അടിക്കുന്നു. ഏമാൻ തല്ലിയപ്പോൾ എസ്.ഐമാരും ഇരയെ കിട്ടിയ ഉത്സാഹത്തോടെ കൈവച്ചു. അതുകണ്ട് മറ്റൊരു പത്രപ്രവർത്തകൻ ചാടി ഇറങ്ങി ഒച്ചവച്ചു. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന വയലാർ രവിയുടെ അടുപ്പക്കാരനെന്ന ഹുങ്കുമായി വന്ന ആ മണ്ടൻ ഡിവൈഎസ്പിയുടെ ചെവിയിൽ പത്രക്കാരാണ് വിട്ടില്ലെങ്കിൽ പ്രശ്‌നമായേക്കുമെന്നു പറഞ്ഞതോടെ അയാൽ ഒന്നൊതുങ്ങി.

vachakam
vachakam
vachakam

പിന്നെ വൈകാതെ ഗോപികൃഷ്ണന്റെ വണ്ടി കോട്ടയത്തേക്ക് പാഞ്ഞു. വിവരമറിഞ്ഞ ഫാ. വിക്ടർ നരിവേലി  രോഷാകുലനായി. അച്ചനോടൊപ്പം കോട്ടയത്തെ പത്രപ്രവർത്തകരും ഈ സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ചു. അവർ ഒറ്റക്കെട്ടായി യോഗം ചേർന്ന് ശക്തമായി പോലീസ് വേട്ടയെ അപലപിച്ചു.

വയലാർ രവി ഉടൻ വിക്ടറച്ചനെ വിളിക്കുന്നു. സസ്‌പെൻഷൻ ഒഴിച്ച് എന്തു ശിക്ഷയും നൽകാമെന്ന് വയലാർ രവി. സസ്‌പെൻഷനിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്ന് വിക്ടർ അച്ചൻ.
ഒടുവിൽ മന്ത്രി വഴങ്ങി. രായ്ക്കു രാമാനം ഡിവൈഎസ്പി ഏമാൻ സസ്‌പെൻഷനിൽ... പിറ്റേന്ന് ഗോപീകൃഷ്ണന്റെ മർദന വാർത്തയ്ക്ക് ഒപ്പം ഡിവൈഎസ്പിയുടെ സസ്‌പെൻഷൻ വാർത്തയും എല്ലാ പത്രങ്ങളിലും ഉണ്ടായിരുന്നു.

സൗമ്യനായ ഗോപീകൃഷ്ണൻ പിന്നീട് ആ പോലീസുകാരനേയും സുഹൃത്താക്കി മാറ്റിയിരിക്കണം.

ജോഷി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam