ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം എന്നു വിശേഷിപ്പിക്കുന്ന മുംബൈ ഉൾപ്പടെയുള്ള തന്ത്രപ്രധാന സംസ്ഥാനമാണ് മഹാരാഷ്ട്ര. അവിടെ രാഷ്ട്രീയനാടകങ്ങളുടെ രംഗവേദിയായിരുന്നുവല്ലൊ കുറെദിവസങ്ങൾ..! ശിവസേന വിമത നേതാവ് ഏകനാഥ് ഷിൻഡെയായിരുന്നു അവയിലെ വില്ലനും നായകനും. ഒടുവിൽ വിജയക്കൊടി പാറിപ്പിച്ചുകൊണ്ടദ്ദേഹം മുഖ്യമന്ത്രിയുടെ കസേര കൈക്കലാക്കുകയും ചെയ്തിരിക്കുന്നു. എന്തായാലും രാജ് താക്കറേയുടെ ആഗ്രഹമായിരുന്നു വരുന്നത് ശിവസേന മുഖ്യമന്ത്രി ആയിരിക്കണം എന്നത്. അതുവിമതസേനയിലൂടെയാണെങ്കിലും നിറവേറിയെന്ന് ആശ്വസിക്കാം.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ ഏകനാഥ് ഷിൻഡെ തന്റെ ട്വിറ്റർ ഡിസ്പ്ലേ ചിത്രം മാറ്റി. ഗുരുഭക്തികൊണ്ട് പുളകമണിഞ്ഞ അദ്ദേഹം ശിവസേന സ്ഥാപകൻ ബാലാസഹേബ് താക്കറെയ്ക്കൊപ്പമുള്ള ചിത്രമാണ് പുതിയതായി നൽകി ആത്മനിർവൃതി നേടിയിരിക്കുന്നു.
അത്യുഗ്രൻ ട്വിസ്റ്റായിട്ടാണ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയാവുമെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവ് ലോകസമക്ഷം അവതരിപ്പിച്ചത്. എന്നാൽ താൻ ഒരിക്കലും സർക്കാരിൻന്റെ ഭാഗമാകില്ല എന്ന് അത്ര ഉറപ്പില്ലാത്ത മട്ടിൽ തട്ടിവിട്ടു. അതിനു ശേഷം ഇത് ഏകനാഥ് ഷിൻഡേയുടെ മാത്രം സർക്കാരാണെന്നായിരുന്നു ഫഡ്നാവിസ് പറഞ്ഞൊപ്പിച്ചു. അപ്പാൽ ആ ത്യാഗിയുടെ മഹാമനസ്കതയ്ക്കു മുന്നിൽ മഹാരാഷ്ട്രയിലെ പ്രബുദ്ധ ജനത തലകുനിക്കുക തന്നെ ചെയ്തു.
അങ്ങിനെ വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അതാ തൊട്ടു പിന്നാലെ ദേവേന്ദ്ര ഫട്നാവിസ് ഉപമുഖ്യമന്ത്രികുപ്പായമിട്ട് മുഖ്യമന്ത്രിയുടെ ചാരത്തുതന്നെ കസേരയിട്ടിരുന്നുകളഞ്ഞു.
1964ൽ ജനിച്ച ഏകനാഥ് ഷിൻഡേ താനയിലെ മംഗള ഹൈസ്കൂളിലും ജൂനിയർ കേളേജിലുമാണ് പഠിച്ചത്. വലിയവിപ്ലവാവേശമൊന്നുമില്ലാത്ത പയ്യൻസ് പഠനം അവസാനിപ്പിച്ച് കുടുംബം പോറ്റാനിറങ്ങി. ഉപജീവനത്തിന് ഒട്ടോറിക്ഷയെയാണ് ശരണം പ്രാപിച്ചത്. പിന്നെ സംഭവിച്ചതെല്ലാം അത്യത്ഭുതം തന്നെ. ഒട്ടോ ഓടിച്ചിരുന്ന താനെവാല ഇനിയിപ്പോ 'മഹാ മുഖ്യമന്ത്രി'.
താനെയിലെ ശിവസേനയുടെ പ്രമുഖനേതാക്കളിലൊരാളായി ഏക്നാഥ് ഷിൻഡെ വളർന്നുപന്തലിക്കുകയായിരുന്നു. താനെ മേഖലയിൽ ശിവസേനയെ നട്ടുനനയ്ക്കുന്നതിലും പന്തലിട്ടുവളർത്തുന്നതിലും പ്രധാനപങ്ക് വഹിച്ചയാൾ കൂടിയാണ്. 1980ൽ ശിവസേനയിൽ പ്രവർത്തനം തുടങ്ങിയ ഏകനാഥ് ഷിൻഡേ 2004 മുതൽ തുടർച്ചയായി നാല് തവണ എംഎൽഎയായി. സേനയുടെ ജനപ്രിയനേതാക്കളിലൊരാളായ ഷിൻഡെ, 2014ൽ മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷനേതാവായിരുന്നു.
ബി.ജെ.പിയുമായി വഴിപിരിഞ്ഞ ശേഷം പ്രതിപക്ഷനേതൃപദവി വിശ്വാസത്തോടെ പാർട്ടി ഏൽപിച്ചതും ഷിൻഡെയെത്തന്നെ. പിന്നീട് എൻ.സി.പി കോൺഗ്രസ് സഖ്യം മഹാവികാസ് അഘാഡി സർക്കാർ രൂപീകരിച്ചപ്പോൾ നഗരവികസന, പൊതുമരാമത്ത് വകുപ്പാണ് ഷിൻഡേയ്ക്ക് നൽകിയത്. ഷിൻഡെയുടെ മകൻ ഡോ. ശ്രീകാന്ത് ഷിൻഡെ കല്യാണിൽ നിന്നുള്ള എംപിയാണ്.
2019 തെരഞ്ഞെടുപ്പിൽ വ്യക്തമായ ജനവിധി നരേന്ദ്രമോദിക്കും ദേവേന്ദ്ര ഫഡ്നാവിസിനും കിട്ടി. എന്നാൽ, മുഖ്യമന്ത്രിപദവി സ്വപ്നം കണ്ട ഉദ്ധവ് താക്കറെ ബി.ജെ.പി-ശിവസേന സഖ്യത്തെ മാനിക്കാതെ കോൺഗ്രസും എൻ.സി.പിയുമായി സഖ്യം ചേർന്ന് സർക്കാർ ഉണ്ടാക്കി. അന്നുമുതൽ ബി.ജെ.പി മടിയിൽ കനവുമായി നടപ്പുതുടങ്ങിയതാണ്. കുതിരക്കച്ചവടത്തിന് പറ്റിയ സന്ദർഭം വന്നപ്പോൾ കുതികാൽ വെട്ടുന്ന തരം കുതിരകളെതന്നെ കൈക്കലാക്കി. ഇനിയെന്തായാലും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെയും മഹാരാഷ്ട്രയിലെ ജനങ്ങളെയും നന്നായിത്തന്നെയങ്ങ് സേവിക്കുമെന്ന് നമുക്കങ്ങട് ഉറപ്പിക്കാം.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്