കുസാറ്റിൽ ഗവേഷണ സഹകരണത്തിന് തുടക്കമായി

SEPTEMBER 13, 2020, 2:52 PM

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഭൗതിക ശാസ്ത്ര വകുപ്പും ബംഗളുരുവിലെ ഐസ്ആർഒയുടെ സുപ്രധാന പരീക്ഷണശാലയായ ലബോറട്ടറി ഫോർ ഇലക്ട്രോ ഒപ്റ്റിക്‌സ് സിസ്റ്റംസുമായി (ലിയോസ്) ചേർന്നുള്ള ഗവേഷണ സഹകരണത്തിന് തുടക്കമായി. കുസാറ്റ് രജിസ്ട്രാർ ഡോ.മീര, ലിയോസ് ഡയറക്ടർ ഡോ.കെ.വി. ശ്രീറാം, ഭൗതിക ശാസ്ത്ര വകുപ്പു മേധാവി പ്രൊഫ. ടൈറ്റസ് കെ. മാത്യു, ഐസ്ആർഒ യിലെ ഐ.എൽ.എസ്.ഡി. വിഭാഗം മേധാവി ഉമേഷ് എസ്.ബി., കുസാറ്റ് അസിസ്റ്റന്റ് പ്രൊഫ സർ ഡോ.അനൂപ് കെ.കെ., എൽ.ഐ.ബി.എസ്.  ടീം നേതൃസ്ഥാനം വഹിക്കുന്ന ശ്രീധർ ആർ.വി.എൽ.എൻ. എന്നിവർ ചേർന്ന് ഇതു സംബന്ധിച്ചുള്ള കരാറിൽ ഒപ്പു വെച്ചു.

ഗ്രഹോപരിതലത്തിൽ നിന്നുള്ള സാമ്പിളുകളിൽ അടങ്ങിയിട്ടുള്ള ഓരോ മൂലകത്തിന്റെ സ്വഭാവവും അളവും കൃത്യമായി അറിയാൻ സഹായിക്കുന്ന ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്‌പെക്ട്രോ സ്‌കോപ്പ് (എൽഐബിഎസ്) എന്ന ശാസ്ത്രീയ ഉപകരണം ലിയോസ് സമീപകാലത്ത് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ2 ൽ ഉപയോഗിച്ച ഈ ഉപകരണം വരാനിരിക്കുന്ന ചാന്ദ്രയാൻ 3 ലും ഉപയോഗപ്പെടുത്തും. കുസാറ്റ് ഭൗതിക ശാസ്ത്ര വകുപ്പിലെ അപ്ലൈഡ് ഓപ്റ്റിക്‌സ് വിഭാഗവും സമാനമായ ഗവേഷണ പ്രവർത്തനങ്ങളിൽ സജീവമാണ്. സഹകരണത്തിന്റെ ഭാഗമായി പുതിയതായി ആവിഷ്‌കരിച്ച സങ്കേതങ്ങൾ ഉപയോഗിച്ച് മൂലകങ്ങളുടെ അളവ് കണക്കാക്കുന്നതിനു വേണ്ടി വിശകലനം ചെയ്ത പരിധിയും ഡാറ്റ സെറ്റുകളും ലിയോസ് കുസാറ്റ് ടീമിന് കൈമാറും. ഭൗതിക ശാസ്ത്ര വിഭാഗം അസി. പ്രൊഫ.ഡോ. കെ.കെ. അനൂപിന്റെ നേതൃത്വത്തിൽ പി.എച്ച്.ഡി വിദ്യാർത്ഥി ലേഖ മേരി ജോൺ, എം.ഫിൽ വിദ്യാർത്ഥി സുപ്രിയ കെ., എം.എസ്.സി വിദ്യാർത്ഥികളായ മേഘ മോഹൻ, ബാലകൃഷ്ണ പ്രഭു എന്നിവരാണ് എൽ.ഐ.ബി എസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. കുസാറ്റും ഐ.എസ്.ആർ.ഒ. ലിയോസും തമ്മിലുള്ള സഹകരണം സർവകലാശാലയിലെ ഗവേഷകർക്ക് ദേശീയ പ്രാധാന്യമുള്ള പ്രവർത്തനങ്ങളിലേർപ്പെടാൻ അവസരമൊരുക്കുമെന്ന് പുതിയ ഗവേഷണ സംരംഭങ്ങൾ  ഏകോപിപ്പിയ്ക്കുന്ന വൈസ് ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ പറഞ്ഞു.

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam