വൈദ്യുതി ബോർഡിൽ അടിമുടി ധൂർത്തെന്ന് മുഖ്യമന്ത്രിക്ക് പരാതി

OCTOBER 23, 2021, 1:29 PM

വൈദ്യുതി മന്ത്രിക്ക് യൂണിയന്റെ 'ഷോക്ക് '

കണ്ണൂർ: ധൂർത്തും അമിത ചെലവുകളും കൊണ്ട് കടക്കെണിയിലായ വൈദ്യുതി ബോർഡിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണാനുകൂല സംഘടനയായ കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ തന്നെ രംഗത്തെത്തിയതോടെ വൈദ്യുതി മന്ത്രിക്ക് 'അപ്രതീക്ഷിത ഷോക്ക്'. മന്ത്രിയെ പ്രതിക്കൂട്ടിലാക്കിയ അസോസിയേഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു.

സ്ഥാപനത്തിന് ദുർവ്യയമുണ്ടാക്കുന്ന നിരവധി നടപടികളാണ് ബോർഡ് തലത്തിൽ ഉണ്ടാകുന്നത്. തികച്ചും സുതാര്യമായ നടപടിക്രമങ്ങളിലൂടെ തീരുമാനങ്ങളെടുക്കുന്ന രീതിയാണ് ബോർഡിൽ അടുത്ത കാലം വരെ ഉണ്ടായിരുന്നത്. എന്നാൽ മുകൾത്തട്ടിൽ നിന്ന് തീരുമാനങ്ങളുണ്ടാകുകയും അതനുസരിച്ച് നോട്ടുകൾ തയ്യാറാക്കാൻ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന ഒരു രീതി ഇപ്പോൾ ആരംഭിച്ചിട്ടുണ്ടെന്നും ഇത് തികച്ചും തെറ്റായ പ്രവണതയാണെന്നും പരാതിയിൽ പറയുന്നു. 

vachakam
vachakam
vachakam

വൈദ്യുതി വാഹനങ്ങൾ വാങ്ങുന്നതിലും ജീവനക്കാർക്ക് സമ്മാനമായി ടീ ഷർട്ട്, സാരി, ചുരിദാർ എന്നിങ്ങനെ വിവിധ വസ്ത്രങ്ങൾ വാങ്ങി നൽകുന്നതിലും വൈദ്യുതി ഭവനുകൾ നവീകരിക്കാൻ പുറംകരാർ നൽകുന്നതിലും ഇതുവരെയില്ലാത്ത ധൂർത്താണ് നടക്കുന്നതെന്നും പരാതിയിൽ കുറ്റപ്പെടുത്തി.

ബോർഡിന്റെ ആവർത്തനച്ചെലവ് വൻതോതിൽ വർദ്ധിപ്പിക്കുന്ന തീരുമാനമാണ് സ്ഥാപനത്തിൽ ഇരുന്നൂറോളം വൈദ്യുതി വാഹനങ്ങൾ വാങ്ങുന്നതിനുള്ളത്. നിലവിൽ വളരെ കുറച്ച് വാഹനങ്ങൾ മാത്രമേ വൈദ്യുതി ബോർഡ് സ്വന്തമായി വാങ്ങുന്നുള്ളൂ. ലൈൻമെയ്ന്റനൻസ് പോലുള്ള തന്ത്രപരമായി പ്രാധാന്യമുള്ള ഫീൽഡ് ഓഫീസുകളിൽ ഒഴിച്ച് മറ്റുള്ള ആവശ്യങ്ങൾക്കൊന്നും സ്വന്തം വാഹനം ഉപയോഗിക്കുന്നില്ല. 

സ്വന്തമായി വാഹനം വാങ്ങുന്നതും അറ്റകുറ്റപ്പണികളും ഡ്രൈവർ അടക്കമുള്ള ചെലവുകളുമൊക്കെ വഹിച്ച് നടത്തിക്കൊണ്ടുപോകുന്നതും സ്ഥാപനത്തിന് വലിയ നഷ്ടം ഉണ്ടാക്കുന്നുവെന്ന അനുഭവത്തിൽ നിന്നാണ് ഇത്തരമൊരു തിരുമാനത്തിലേക്ക് എത്തിയത്. എന്നാൽ ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് ബോർഡിന്റെ മുഴുവൻ ഓഫീസുകളിലും സ്വന്തമായി വൈദ്യുതി വാഹനങ്ങൾ വാങ്ങുന്നതിന് തീരുമാനിച്ചിട്ടുള്ളതെന്നും പരാതിയിൽ പറയുന്നു.

vachakam
vachakam
vachakam

വൈദ്യുതി വാഹന മേഖല വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒറ്റയടിക്ക് ഇത്രയേറെ വാഹനങ്ങൾ വാങ്ങുന്നത് മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിൽ നിന്നും സ്ഥാപനത്തെ തടഞ്ഞു നിർത്തുന്നതാണെന്നും മനസിലാക്കേണ്ടതുണ്ട്. വൈദ്യുതി ബോർഡിന്റെ പബ്ലിക്ക് റിലേഷൻസ് വകുപ്പ് പുറംകരാർ നൽകുന്നതിനുള്ള ടെൻഡർ നടപടികൾ നടക്കുന്നതായും മനസിലാക്കുന്നു. നിലവിൽ വൈദ്യുതി ബോർഡിന്റെ പൊതുസമ്പർക്ക പ്രവർത്തനങ്ങൾ ഫലപ്രദമായി മുന്നോട്ടുപോകുന്നുണ്ട്.

വൈദ്യുതി ഭവന്റെ നവീകരണ പ്രവർത്തനങ്ങൾക്കും മോടി കൂട്ടുന്നതിനും കൺസൾട്ടൻസിക്ക് പുറംകരാർ നൽകുന്നതിന് ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം വിവിധ സ്ഥാപനങ്ങളുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് കൺസൾട്ടൻസി നൽകിവരുന്ന ഒരു സ്ഥാപനമാണ് വൈദ്യുതി ബോർഡ്. ബോർഡിന്റെ സ്പീൻ എന്ന വിഭാഗം ഇക്കാര്യങ്ങൾ സ്തുത്യർഹമായി പ്രവർത്തിക്കുന്നുണ്ട്. 

വൈദ്യുതിഭവൻ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കെ.എസ്.ഇ.ബിയിലെ സിവിൽ വിഭാഗം തന്നെ തീർത്തും പര്യാപ്തമായിരിക്കേ സ്ഥാപനത്തിലെ ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ പുറംകരാറിന് പോകുന്നത് അംഗീകരിക്കാവുന്നതല്ലെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. ഹരികുമാർ നൽകിയ പരാതിയിൽ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam