കാസർകോട്: നവകേരള സദസ്സിൽ ലഭിച്ച പരാതികൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നവകേരള സദസ്സിൽ പങ്കെടുക്കാൻ വൻ ജനസഞ്ചയം ആണെത്തിയത്. നാനാതുറകളിൽ നിന്നുള്ള ജനങ്ങൾ ഒരേമനസോടെ ഒത്തു ചേർന്നു. വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാനുള്ള ഉറച്ച പിന്തുണയായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ പൂർണ്ണരൂപം
നമ്മുടെ നാടിൻറെ മഹത്തായ ജനാധിപത്യ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിനാണ് ഇന്നലെ പൈവളിഗെയിൽ തുടക്കം കുറിച്ചത്. നവകേരള സദസ്സിൽ പങ്കെടുക്കാൻ സംസ്ഥാനത്തിൻറെ വടക്കേയറ്റത്ത് ആവേശപൂർവ്വം എത്തിച്ചേർന്ന ജനസഞ്ചയം വരും നാളുകളിൽ കേരളം എങ്ങനെയാണ് പ്രതികരിക്കുക എന്നതിൻറെ വ്യക്തമായ സൂചനയാണ്. ജീവിതത്തിൻറെ നാനാ തുറകളിലുമുള്ള ജനങ്ങൾ ഒരേ മനസ്സോടെ ഒന്നുചേരുകയാണുണ്ടായത്. നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി സർക്കാരിനൊപ്പം ഞങ്ങൾ ഉണ്ട് എന്ന പ്രഖ്യാപനത്തിൻറെ ആവർത്തനം കൂടിയാണ് ഇന്നലെ നടന്ന ഉദ്ഘാടന പരിപാടി.
കേരളം കൈവരിച്ച സമഗ്രവികസനത്തിൻറേയും സർവ്വതലസ്പർശിയായ സാമൂഹ്യപുരോഗതിയുടേയും മുന്നേറ്റം കൂടുതൽ ഊർജ്ജിതമായി കൊണ്ടുപോകാനുള്ള ഉറച്ച പിന്തുണയാണ് ഇത്.
നമ്മുടെ നാട് വലിയ വെല്ലുവിളികളാണ് നേരിടുന്നത്. തനതു നികുതിവരുമാനത്തിലും അഭ്യന്തര ഉത്പാദനത്തിലും അഭൂതപൂർവ്വമായ നേട്ടങ്ങൾ കൈവരിച്ചിട്ടും ഫെഡറൽ ഘടനയെ തന്നെ തകർക്കുന്ന കേന്ദ്ര സർക്കാരിൻറെ നയങ്ങളുടെ ഭാഗമായി ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി നമുക്ക് മുന്നിലുണ്ട്. നാടിൻറെ നന്മയ്ക്കായി ആ നയങ്ങൾക്കെതിരെ സർക്കാരിനൊപ്പം സ്വാഭാവികമായും ചേരേണ്ട പ്രതിപക്ഷം സർക്കാരിൻറെ ജനകീയതയെ തകർക്കാനുള്ള അവസരമായി ദുഷ്ടലാക്കോടെയാണ് അതു കാണുന്നത്. ഒരു വലിയ വിഭാഗം മാധ്യമങ്ങളും ദൗർഭാഗ്യവശാൽ അവർക്കൊപ്പം ചേർന്നു ജനങ്ങളിൽ നിന്നും നിജസ്ഥിതി മറച്ചു വയ്ക്കുകയാണ്. അങ്ങനെ മറച്ചുവെക്കപ്പെട്ട യാഥാർഥ്യങ്ങൾ ജനങ്ങളെ ധരിപ്പിക്കാനും ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിൻറെ സമഗ്രത ഉറപ്പാക്കാനുമാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്.
നാടിൻറെ യഥാർത്ഥ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ചാ വിഷയമല്ലാതാക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നവരെ തിരുത്താൻ കഴിയില്ല. അങ്ങനെ വരുമ്പോൾ ജനാധിപത്യപരമായ ബദൽ മാർഗങ്ങളും സ്വീകരിക്കലെ വഴിയുള്ളു. ജനാധിപത്യത്തെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുക എന്നത് ജനാധിപത്യ സർക്കാരിൻറെ കടമയാണ്. ആ കടമ നിറവേറ്റുകയണ് നവകേരള സദസ്സിൻറെ ധർമ്മം. വരും ദിവസങ്ങളിൽ യാത്രയുടെ ഭാഗമായി അത് കൂടുതൽ വ്യക്തമാകും.
ഇന്നലെ 1908 പരാതികളാണ് ഉദ്ഘാടന വേദിക്കരികെ സജ്ജീകരിച്ച ഡെസ്കിൽ ലഭിച്ചത്. ഇവ വേർതിരിച്ച് പരിശോധിച്ചു തുടർനടപടികൾ സ്വീകരിക്കും. പരാതികൾ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും.
ഉദ്ഘാടന സദസ്സിൽ പങ്കെടുത്ത ജനങ്ങളുടെ വൈവിധ്യം സൂചിപ്പിച്ചുവല്ലോ. അതിൽ സ്ത്രീകളുടെ സാന്നിധ്യം അതിവിപുലമാണ്. സ്ത്രീ സംരക്ഷണത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കുള്ള സ്വീകാര്യതയുടെ പ്രതിഫലനം കൂടിയാണത്.
ആലുവയിൽ അതിഥി തൊഴിലാളിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റവാളിക്ക് നീതിപീഠം പരമാവധി ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്. മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ കുറ്റകൃത്യം ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രോസിക്യൂഷനും പോലീസും അക്ഷീണമായ പ്രവർത്തനമാണ് നടത്തിയത്. കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ രക്ഷിതാക്കളുടെ സ്ഥാനത്ത് നിന്നാണ് സർക്കാർ സംവിധാനങ്ങൾ ഇടപെട്ടത്. പ്രതിക്ക് വധശിക്ഷക്ക് ഒപ്പം അഞ്ച് ജീവപര്യന്തവും വിവിധ വകുപ്പുകൾ പ്രകാരം 49 വർഷം കഠിന തടവും 7.2 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. രാജ്യത്ത് തന്നെ സമീപകാല ചരിത്രത്തിൽ ഇത്ര ശക്തവും, പഴുതടച്ചതുമായ ശിക്ഷാ വിധി ഉണ്ടായിട്ടില്ല എന്നാണ് നിയമജ്ഞർ ചൂണ്ടിക്കാണിക്കുന്നത്.
ജൂലൈ 28 ണ് രാവിലെ ഏഴരയ്ക്കാണ് ആലുവ തായിക്കാട്ടുക്കര ഭാഗത്ത് നിന്ന് അതിഥി തൊഴിലാളികളുടെ മകളായ അഞ്ചുവയസുകാരിയെ കാണാനില്ലെന്ന് പോലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. ആ ഘട്ടത്തിൽ ത്തന്നെ എറണാകുളം റൂറൽ ജില്ലയിലെ മുഴുവൻ പോലീസ് സംവിധാനവും ഉടനടി ഉണർന്ന് പ്രവർത്തിച്ചു. എഫ് ഐ ആർ രജിസ്ട്രർ ചെയ്ത് ഇരുപത്തി അഞ്ച് മിനിറ്റിനകം തന്നെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. കുട്ടിയുമായി പ്രതി ഒരു കെ എസ് ആർ ടി സി ബസിലാണ് പോയതെന്ന് വിവരം ലഭിച്ചപ്പോൾ ഉച്ചക്ക് ശേഷം സർവ്വീസ് നടത്തിയ എല്ലാ കെ എസ് ആർ ടി സി ബസും പരിശോധിക്കാൻ ആരംഭിച്ചു. അന്നു രാത്രി 9.50 ആയപ്പോൾ പ്രതിയെ ആലുവാ തോട്ടക്കാട്ടുക്കര ഭാഗത്ത് നിന്ന് കസ്റ്റഡിയിൽ എടുത്തു. പിറ്റേന്ന് രാവിലയോടെ ആലുവയിലെ മാർക്കറ്റ് വേസ്റ്റ് ഡംബിങ്ങ് യാർഡിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.
നിയമത്തിൻറെ ഒരു പഴുതും ഉപയോഗിച്ച് പ്രതി രക്ഷപ്പെടാൻ പാടില്ലെന്ന നിർബന്ധത്തോടെ സർക്കാർ നടപടിയെടുത്തിരുന്നു. കേസിൻറെ കുറ്റപത്രം സമർപ്പിക്കുന്നതിന് ആലുവാ റൂറൽ എസ് പി ഓഫീസിൽ ഒരു ഡാഷ് ബോർഡ് പ്രത്യേകം ഉണ്ടാക്കി. ഒരോ ദിവസവും ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ അതിൽ രേഖപ്പെടുത്തുന്നതായിരുന്നു അതിൻറെ പ്രത്യേകത. 30 ദിവസം കൊണ്ട് അന്വേഷണം പൂർത്തികരിച്ചു. മുപ്പത്തിയഞ്ചാമത്തെ ദിവസം കുറ്റപത്രം സമർപ്പിച്ചു. സാധാരണഗതിയിൽ വിചാരണനടപടികൾ കോടതിയിൽ ആരംഭിക്കുന്നത് രാവിലെ 11 മണിക്കാണ്. എന്നാൽ ഇവിടെ 10 മണിക്ക് കോടതി നടപടി ആരംഭിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യമുന്നയിച്ചു. വിചാരണ കോടതി ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ പ്രോസിക്യുഷൻറെ ആവശ്യവുമായി സഹകരിച്ചു. 43 സാക്ഷികളേയും 95 രേഖകളും 10 തൊണ്ടിമുതലുകളും ഹാജരാക്കി.
100 ദിവസംകൊണ്ട് റെക്കോർഡ് വേഗത്തിൽ വിചാരണയും പൂർത്തികരിച്ച് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി ശിക്ഷ നൽകിയ അന്വേഷകസംഘവും പ്രോസിക്യൂഷനും അഭിനനന്ദനം അർഹിക്കുന്നു. ക്രൂരതയ്ക്കിരയായ കുഞ്ഞിൻറെ കുടുംബത്തിൻറെ നഷ്ടത്തിന് പകരമാകുന്നതല്ല ഒരു തരത്തിലുമുളള സാമ്പത്തിക സഹായവുമെങ്കിലും അവർക്ക് എല്ലാ സംരക്ഷണവും സർക്കാർ ഉറപ്പു വരുത്തിയിരുന്നു. കുഞ്ഞുങ്ങൾക്ക് നേരെയുള്ള ഒരു അതിക്രമത്തെയും നമ്മുടെ സമൂഹത്തിന് അംഗീകരിക്കാനാകുന്നതല്ല. ഒരു ദാക്ഷിണ്യവുമില്ലാതെ ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കും. ഇത്തരം മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളിൽ ഇടപെടുന്നവർക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ കോടതി വിധി.
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നടപടികളാണ് സർക്കാർ അധികാരമേറ്റെടുത്തതുമുതൽ സർക്കാർ സ്വീകരിക്കുന്നത്. അതിൻറെ അനേകം ഉദാഹരണങ്ങൾ നിരത്താനാകും. സർക്കാരിൻറെ ഈ സമീപനത്തിലുള്ള വിശ്വാസമാണ് പൈവെളിഗെയിലെ അസാധാരണമായ വനിതാ പ്രാതിനിധ്യത്തിലൂടെ വ്യക്തമായത്.
ഇന്നലെ കാസർഗോട്ട് നിന്ന് പൈവെളിഗെയിലേക്ക് പോകും വഴി ഇടയ്ക്ക് ഞങ്ങൾ വാഹനം നിർത്തി ഇറങ്ങിയിരുന്നു. സാങ്കേതികത്തകരാർ, മന്ത്രിമാരുടെ വാഹനം പാതിവഴിയിൽ നിലച്ചുപോയി എന്നാണ് നിങ്ങളിൽ ചിലർ റിപ്പോർട്ട് ചെയ്തത് എന്നാണ് പിന്നീട് അറിഞ്ഞത്.
ദേശീയ പാതാ വികസനത്തിലെ പുരോഗതി നേരിട്ട് കാണാനാണ് എല്ലാ മന്ത്രിമാരും അവിടെ ഇറങ്ങിയത്. നടക്കാത്ത പദ്ധതി എന്ന് കണക്കാക്കി എഴുതിത്തള്ളിയ ദേശീയപാതയാണ് യാഥാർഥ്യമാകുന്നത്. അത് ഈ നാട്ടിലെ ജനങ്ങളാകെ കാണുകയാണ്.
അത് റിപ്പോർട്ട് ചെയ്യുന്നതിന് പകരം പുറപ്പെട്ടയുടെനെ ബസ്സിന് തകരാർ എന്ന് പ്രചരിപ്പിക്കാനാണ് തയാറായത്.
ദേശീയപാത 66-ൻറെ നിർമ്മാണ പ്രവൃത്തികൾ 21 പദ്ധതികളിൽ ആയാണ് പുരോഗമിക്കുന്നത്. കഴക്കൂട്ടം എലവെറ്റഡ് ഹൈവേ, നീലേശ്വരം റെയിൽവേ ഓവർ ബ്രിഡ്ജ് , കോവളം മുതൽ തമിഴ്നാട് അതിർത്തി വരെ ഉള്ള പാത എന്നിവ ഈ കാലയളവിൽ പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുത്തു. തലശ്ശേരി മാഹി ബൈപാസ് അന്തിമ ഘട്ടത്തിൽ എത്തിക്കഴിഞ്ഞു. മറ്റെല്ലാ റീച്ചുകളിലും പ്രവൃത്തി പുരോഗമിക്കുകയാണ്. മറ്റ് തടസങ്ങൾ ഇല്ലെങ്കിൽ 2025 ഓടെ ദേശീയ പാത 66 ആറു വരി പാത യാഥാർത്ഥ്യമാക്കും.
ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ, ഇന്നലെ ഒരു പുതിയ ചാനലിൽ കണ്ട തിരുത്താണ്:
'തിരുത്ത്
നവംബർ 15ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ നവകേരള സ്പെഷ്യൽ ബസിൽ ഉണ്ടെന്ന് പറഞ്ഞിരുന്ന ചില സൗകര്യങ്ങൾ ഒരു വാർത്താ സ്രോതസ് നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് ചെയ്തത്. മുഖ്യമന്ത്രിക്കായി പ്രത്യേക കാബിൻ, കോൺഫറൻസ് നടത്താൻ റൗണ്ട് ടേബിൾ തുടങ്ങിയ സൗകര്യങ്ങൾ ബസിൽ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തത് വസ്തുതാപരമായ തെറ്റാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. വേണ്ടത്ര അവധാനതയില്ലാതെ അത്തരം ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കാനിടയായതിൽ നിർവ്യാജം ഖേദിക്കുന്നു. ആ റിപ്പോർട്ട് ഞങ്ങൾ പിൻവലിക്കുന്നു.
പത്രാധിപർ
സർക്കാരിനെ കുറിച്ച് സംഘടിക്കപ്പെടുന്ന പ്രചാരണങ്ങളും അവയുടെ നിജസ്ഥിതിയും എന്താണെന്ന് ഒരു പത്രാധിപരുടെ വാക്കുകളിലൂടെ വ്യക്തമാവുകയാണ്. ഇവിടെ ഇതു പറയാൻ കാരണം, തങ്ങൾ കൊണ്ടുവന്ന വ്യാജ കഥകളെ ന്യായീകരിക്കാൻ ഇന്നും ചില ശ്രമങ്ങൾ ഉണ്ടായത് കൊണ്ട് കൂടിയാണ്. ഇത് ഒരു പൊതുവായ അവസ്ഥയുടെ നേർ സാക്ഷ്യമാണ്. ജനങ്ങൾ ഇതെല്ലാം മനസ്സിലാക്കുന്നുണ്ട് എന്ന് നാമെല്ലാം തിരിച്ചറിയണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്