‘വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ട, ക്ഷമയ്ക്ക് അതിരുണ്ട് ’; ഫെയ്സ്ബുക്ക് പോസ്റ്റ് പിൻ‌വലിച്ച് സജി ചെറിയാൻ 

NOVEMBER 23, 2024, 7:49 AM

തിരുവനന്തപുരം: വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്നും ഇതുവരെ പറയാത്ത കാര്യങ്ങള്‍ തന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി സജി ചെറിയാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാൽ അരമണിക്കൂറിനുള്ളിൽ മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. 

 തന്‍റെ ജീവന് വരെ പലരും വില പറഞ്ഞിട്ടും താൻ കൂസിയിട്ടില്ല. പാര്‍ട്ടി ദുര്‍ബലമായ നാട്ടിൽ 32000 വരെ ഭൂരിപക്ഷം നേടി. ഒരു ചെറിയ വിഭാഗം വലതുപക്ഷ നേതാക്കള്‍ക്ക് തന്നോട് അസൂയയാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചിരുന്നു. 

 സജി ചെറിയാന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

vachakam
vachakam
vachakam

എന്‍റെ പൊതു പ്രവർത്തനം എട്ടാം ക്ലാസിൽ തുടങ്ങിയതാണ്, 13ാം വയസ്സിൽ. ഇന്ന് 59. പൊതുപ്രവര്‍ത്തനം തുടങ്ങി ഇപ്പോള്‍ 45 വർഷം കഴിഞ്ഞു. വലതുപക്ഷ വേട്ടയാടലുകൾ നേരിട്ടാണ് ഇവിടെ വരെ എത്തിയത്. പാർട്ടി ദുർബലമായ നാട്ടിൽ 32000 വരെ ഭുരിപക്ഷം  നേടി. എന്‍റെ ജീവനു ഒരുപാട് പേർ വില പറഞ്ഞിട്ടുണ്ട്. ഒന്നും കൂസിയിട്ടില്ല. ഒന്നിന്‍റെ മുന്നിലും എന്‍റെ ആശയം പണയം വച്ചിട്ടില്ല. ഞാൻ സാധാരണ മനുഷ്യനു വേണ്ടി എന്‍റെ ജീവിതം സമർപ്പിച്ച ആളാണ്. ഞാൻ പാവപ്പെട്ടവനെയും എന്‍റെ മുന്നിൽ എത്തുന്നവരെയും ജാതിമത രാഷ്ട്രീയ പരിഗണനകൾ ഇല്ലാതെ സ്നേഹിച്ചു. ചെയ്യാവുന്നത് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്..

 ഒരാൾക്കും ഈ കാലയളവിൽ ഒരു പരാതിയും ഉയർത്താനും കഴിഞ്ഞിട്ടില്ല. എല്ലാ കാര്യങ്ങളും സത്യസന്ധമായി ആക്ഷേപങ്ങൾ ഇല്ലാതെ ചെയ്തു. അതിനെല്ലാം എന്‍റെ പാർട്ടി എനിക്ക് അംഗീകാരം നൽകിയിട്ടുമുണ്ട്. എന്നെ ജയിപ്പിച്ച ജനങ്ങൾ ( ചെങ്ങന്നൂർ) എന്താണ് ആഗ്രഹിച്ചത് അതിന്‍റെ പത്തു മടങ്ങ് ആറു വർഷം കൊണ്ടു എല്ലാവരുടെയും പിന്തുണകൊണ്ട് ഇതിനോടകം നിറവേറ്റി. ബാക്കി ചെയ്യാൻ വരും നാളുകൾ (16 മാസം ) കൊണ്ടു കഴിയും. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഒരു കാര്യം ജനങ്ങളോട് ഞാൻ പറഞ്ഞു. 

 ഞാൻ വഴി ഈ നാടിനും ചെങ്ങന്നൂരിലെ ജനങ്ങൾക്കും ഒരു അപമാനവും ഉണ്ടാക്കില്ല. അതു ഞാൻ പാലിച്ചിട്ടുണ്ട്. നിലപാടുകൾ എന്നും ഞാൻ പറഞ്ഞിട്ടുണ്ട്. വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ തള്ളാം. അത് നാളെയും തുടരും. മറിച്ചു വേട്ടയാടൽ, ഭീഷണി, ആക്ഷേപങ്ങൾ വേണ്ട. പതിറ്റാണ്ടുകളായി സഹിക്കുന്നു. ഞാനും ഒരു മനുഷ്യനാണ്. എനിക്കും ഒരു കുടുംബം ഉണ്ട്. ഈ നാടിന് അറിയാം ഞാൻ ആരാണെന്ന്. ആർക്കും പരസ്യമായി ഓഡിറ്റ് ചെയ്യാം. നേരിട്ട് ചോദിക്കാം ഒരു തടസവുമില്ല.. 

vachakam
vachakam
vachakam

 നിങ്ങൾക്ക് കഴിയാത്ത കാര്യങ്ങൾ ചെങ്ങന്നൂരിൽ നടപ്പാക്കുമ്പോൾ തകർക്കാമെന്ന് കരുതരുത്. അത് ഒരു ചെറിയ വിഭാഗം വലതുപക്ഷ നേതാക്കാളുടെ സ്വപ്നവും അസൂയയും മാത്രം. ഇവിടെ കാര്യങ്ങൾ അവസാനിക്കുന്നില്ല. ഇതുവരെ പറയാത്ത പല കാര്യങ്ങളും എന്നെ കൊണ്ട് പറയിപ്പിക്കാതിരിക്കുന്നത് നല്ലതാണ്. പലരുടെയും യഥാർഥ മുഖങ്ങൾ നാടറിയും, ക്ഷമയ്ക്കും ഒരതിരുണ്ട്. എല്ലാ തെളിവും വെറുതെ ആകില്ല. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam