കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിന് നാളെ നിർണായക ദിവസം. ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ 33 മണിക്കൂർ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിന് നാളെ കോടതിയിൽ നിർണായക തെളിവുകൾ ഹാജരാക്കേണ്ടി വരും.
മൂന്ന് ദിവസത്തോളം ദിലീപിനെ ചോദ്യം ചെയ്യുകയും കേസിൽ ഉൾപ്പെട്ട നിരവധി പേരെ മൊഴിയെടുക്കാൻ വിളിച്ചിരുന്നുവെങ്കിലും താൻ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടിലാണ് ദിലീപ്.
ആദ്യ രണ്ട് ദിവസവും ദിലീപ് നൽകിയ മൊഴികളിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച ചോദ്യങ്ങളായിരുന്നു മൂന്നാം ദിവസം ഉണ്ടായിരുന്നത്. കൂടാതെ വീഡിയോ തെളിവുകള്‍ ഉപയോഗിച്ചും ചോദ്യം ചെയ്തു. എന്നാൽ ഹൈക്കോടതിയിൽ പ്രതിഭാഗം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വാദങ്ങളോടു ചേര്‍ന്നു നിൽക്കുന്നതായിരുന്നു ദിലീപിൻ്റെ മറുപടികള്‍.
കേസിലെ പ്രതികളുടെയും സാക്ഷികളുടെയും മൊഴികൾ തമ്മിൽ പൊരുത്തക്കേടുണ്ടെന്നാണ് റിപ്പോർട്ട്. കേസിന്റെ ശബ്ദരേഖയിലെ ശബ്ദം ദിലീപിന്റേതാണെന്ന് സ്ഥിരീകരിക്കാൻ അന്വേഷണ സംഘം ചിലരെ വിളിച്ചുവരുത്തി. ശബ്ദം ദിലീപിന്റേതാണെന്ന് പലരും തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. ശാസ്ത്രീയ പരിശോധനയ്ക്ക് ഓഡിയോ ടേപ്പ് അയയ്ക്കുന്നതിനും റിപ്പോർട്ട് ലഭിക്കുന്നതിനുമുള്ള കാലതാമസം ഒഴിവാക്കാനാണ് ക്രൈംബ്രാഞ്ച് സാക്ഷിമൊഴികളെ ആശ്രയിക്കുന്നത്.
ദിലീപിനു മുന്നിൽ അന്വേഷണസംഘം നിരത്തിയ തെളിവുകള്‍ സംവിധായകൻ ബാലചന്ദ്ര കുമാര്‍ കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ നിലപാട്. അവസാന ദിവസം ക്രൈം ബ്രാഞ്ച് എസ്പി എസ് ശ്രീജിത്ത് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിനായി എത്തിയിരുന്നു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിൽ നിന്നു ലഭിച്ച വിവരങ്ങളും ഉദ്യോഗസ്ഥര്‍ അപഗ്രഥിച്ചു.
ദിലീപിൻ്റെ സഹോദരൻ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അപ്പു എന്നിവരെയും ചോദ്യം ചെയ്തിട്ടുണ്ട്. മൊഴിയെടുപ്പിനായി സംവിധായകരായ അരുൺ ഗോപി, റാഫി, വ്യാസൻ എടവനക്കാട്, ദിലീപിൻ്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ എന്നിവരെയും പോലീസ വിളിച്ചു വരുത്തി. ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്കു കൂടി വിധേയമാക്കാനാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്