കൊച്ചി: എഎപിയുടെ പേരില്‍ തൃക്കാക്കരയില്‍ നടക്കുന്ന വ്യാജ ടെലിഫോണ്‍ കോളുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആം ആദ്മി പാര്‍ട്ടി കേരള ഘടകം ആവശ്യപ്പെട്ടു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ പേരില്‍ ഇടതുപക്ഷസ്ഥാനാര്‍ഥി ജോ ജോസഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് വ്യാപകമായി പ്രീ-റെക്കോര്‍ഡഡ് ഫോണ്‍ കോളുകള്‍ വോട്ടര്‍മാര്‍ക്ക് ലഭിക്കുന്നുവെന്നാണ് ആക്ഷേപം.
ഇത് വളരെ തെറ്റിദ്ധാരണ പരത്തുന്നതും അത്യന്തം അപലപനീയവുമാണെന്ന് പാര്‍ട്ടി കേരള ഘടകം വ്യക്തമാക്കി. പ്രചാരണത്തിനെതിരെ പൊലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും ആം ആദ്മി പാര്‍ട്ടി പരാതി നല്‍കിയിട്ടുണ്ട്.
7127191540 എന്ന നമ്പറിലൂടെ ട്രൂ കോളര്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ആം ആദ്മി പാര്‍ട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രീ-റെക്കോര്‍ഡഡ് ഫോണ്‍ വിളികള്‍ നടത്തുന്നത്. ഇന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളും ട്രൂ കോളര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരാണ്. ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള കോള്‍ ലഭിച്ചതിനു ശേഷം ഫോണ്‍ ചെക്ക് ചെയ്യുമ്പോള്‍ ആം ആദ്മി പാര്‍ട്ടി എന്നാണ് തെളിഞ്ഞു വരുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ എഎപി വ്യക്തമാക്കി.
1800ലധികം ആളുകള്‍ ഈ നമ്പറിനെ സ്പാം ആയി ട്രൂ കോളറില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് ജനങ്ങള്‍ ഇത്തരം കുടില തന്ത്രങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല എന്നതാണ്. ഇത് തിരഞ്ഞെടുപ്പു കാലത്ത് എല്ലാ രാഷ്ട്രീയ മര്യാദകളും ധര്‍മ്മികതയും ലംഘിക്കുന്ന ഒരു പ്രവൃത്തിയാണെന്നും എഎപി പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഒരു പാര്ട്ടിയെയേയും പിന്തുണക്കില്ലെന്ന് ജനക്ഷേമ സഖ്യത്തിനു വേണ്ടി ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പി. സി സിറിയക്കും ട്വന്റി20 പാര്‍ട്ടിയുടെ പ്രസിഡന്റ് സാബു ജേക്കബ്ബും മെയ് 22ന് സംയുക്ത പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കിയിരുന്നു. ആ നിലപാടില്‍ തന്നെ തങ്ങള്‍ ശക്തമായി ഉറച്ചു നില്‍ക്കുന്നുവെന്നും കേരളം ഘടകം അറിയിച്ചു.
തൃക്കാക്കരയില്‍ ജനക്ഷേമ സഖ്യത്തോട് അനുഭാവമുള്ള ഇരുപത്തയ്യായിരത്തിലധികം വോട്ടര്‍മാര്‍ നല്ല രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നന്നായി പഠിച്ചതിന് ശേഷമായിരിക്കും വിവേകപൂര്‍വ്വം അവര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. തിരഞ്ഞെടുപ്പു കാലത്ത് ജയിക്കുന്നതിനു വേണ്ടി എന്ത് അധാര്‍മികതയും കാണിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അത്തരം പരിപാടികള്‍ അവസാനിപ്പിക്കണമെന്നും വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്