ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ച് വ്യാജ രേഖകള്‍ സമര്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദും മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്.ബി. ശ്രീകുമാറും റിമാന്‍ഡില്‍.
മെട്രോപൊളിറ്റന്‍ മജിസിട്രേറ്റ് കോടതിയാണ് ഇവരെ റിമാന്‍ഡില്‍ വിട്ടത്. ആറു ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ശനിയാഴ്ച ഇവരെ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിമാന്‍ഡില്‍ വിടാന്‍ ഉത്തരവിട്ടത്. 14 ദിവസത്തേക്കായിരിക്കും റിമാന്‍ഡ്.
കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ പെരുമാറ്റം മാന്യമായിരുന്നുവെന്ന് ഇരുവരും കോടതിയെ അറിയിച്ചു. ഏഴു മണിക്കൂര്‍ മാത്രമാണ് തന്നെ ആകെ ചോദ്യം ചെയ്തതെന്നും ടീസ്ത കോടതിയില്‍ ബോധിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ജയിലില്‍ സംരക്ഷണം നല്‍കണമെന്ന് ടീസ്ത കോടതിയെ അറിയിച്ചിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നിരവധി പ്രതികള്‍ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ ഉണ്ടെന്നും ഇത് തന്റെ ജീവന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ടീസ്ത കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
ഇവരോടൊപ്പമുള്ള സെല്ലില്‍ ഇടരുതെന്നും ടീസ്ത അപേക്ഷയില്‍ വ്യക്തമാക്കി. ടീസ്തയ്ക്കു വേണ്ടി അഭിഭാഷകനായ സോമനാഥ് വാട്സ് ആണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകന് ടീസ്തയുടെ ആവശ്യം നിരസിച്ചു. ജയിലില്‍ ഇപ്പോഴേ ആവശ്യത്തിന് സുരക്ഷയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
കഴിഞ്ഞ മാസമാണ് ഇരുവരെയും പൊലീസ് അറസ്റ്റുചെയ്യുന്നത്. 2002ല്‍ നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നും വ്യാജ രേഖകള്‍ നിര്‍മിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2002ല്‍ നടന്ന കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് സുപ്രീം കോടതിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെയായിരുന്നു ഇരുവരുടേയും അറസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്