ഡല്‍ഹി : 33 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ യുവതിക്ക് അനുമതി നല്കി ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യത്തില്‍ അമ്മയുടെ തീരുമാനമാണ് അന്തിമമെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളില്‍ മെഡിക്കല്‍ ബോര്‍ഡുകള്‍ ശരിയായ റിപ്പോര്‍ട്ടുകള്‍ നല്‍കണമെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.
ജസ്റ്റിസ് പ്രതിഭ എം സിങ് അധ്യക്ഷയായ സിംഗിൾ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്. ഭ്രൂണത്തിന് മസ്തിഷ്ക വൈകല്യങ്ങളുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 26കാരിയാണ് കോടതിയെ സമീപിച്ചത്.
ഗർഭം ധരിച്ച കുഞ്ഞിന് ജന്മം നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ ആത്യന്തികമായ തീരുമാനമെടുക്കാനുള്ള അവകാശം അമ്മയ്ക്കാണ്. അത്തരം അവസരങ്ങളിൽ ഭ്രൂണത്തിന്റെ മെഡിക്കൽ അവസ്ഥയും കണക്കിലെടുക്കണം.
അമ്മയുടെ തീരുമാനവും കുഞ്ഞിന് അന്തസ്സോടെ ജീവിക്കാനുള്ള സാധ്യതയുമാണ് ഇവിടെ കണക്കിലെടുത്തതെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരിക്ക് ഗർഭച്ഛിദ്രത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും അതുണ്ടാക്കുന്ന മാനസിക ആഘാതത്തെക്കുറിച്ചും വ്യക്തമായി അറിയാമെന്നും കോടതി നിരീക്ഷിച്ചു.
ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രി സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിലും കോടതി അതൃപ്തി അറിയിച്ചു. വൈകല്യങ്ങളുണ്ടെങ്കിലും കുഞ്ഞ് ജീവിക്കുമെന്നാണ് ആശുപത്രി മെഡിക്കൽ ബോർഡ് കോടതിയെ അറിയിച്ചത്.
എന്നാൽ എത്രത്തോളം കുഴപ്പമുണ്ടെന്നോ ജനിച്ചു കഴിഞ്ഞാൽ കുഞ്ഞിന്റെ അവസ്ഥ എന്താകുമെന്നോ റിപ്പോർട്ടിൽ പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആശുപത്രി സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണ്. മെഡിക്കൽ ബോർഡ് സ്ത്രീയോട് സൗഹാർദ്ദപരമായി ഇടപഴകണമെന്നും അവളുടെ ശാരീരികവും മാനസികവുമായ അവസ്ഥ വിലയിരുത്തണമെന്നും കോടതി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്