ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ രോഹിണിയിലെ പ്രശാന്ത് വിഹാറില്‍ തീവ്രത കുറഞ്ഞ സ്ഫോടനം നടന്നതിന് തൊട്ടുപിന്നാലെ, സമീപത്തെ ഒരു സ്വകാര്യ സ്‌കൂളിന് വെള്ളിയാഴ്ച ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചു. വെങ്കിടേശ്വര്‍ ഗ്ലോബല്‍ സ്‌കൂളിനാണ് (വിജിഎസ്) രാവിലെ 10:57 ഓടെ ബോംബ് ഭീഷണി ലഭിച്ചത്. വ്യാഴാഴ്ച സ്ഫോടനം നടന്ന സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.
സ്‌കൂള്‍ പരിസരം വിശദമായി പരിശോധിച്ചപ്പോള്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞതായി ഡെല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡെല്‍ഹി ഫയര്‍ സര്‍വീസസിന്റെ ഒരു സംഘം ഉടന്‍ സ്‌കൂളില്‍ എത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിഎഫ്എസ് ഉദ്യോഗസ്ഥരും പോലീസും ബോംബ് നിര്‍വീര്യ സേനയും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് സ്‌കൂള്‍ പരിസരം മുഴുവന്‍ പരിശോധിച്ചു.
വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ സ്ഥിതിഗതികള്‍ അറിയിക്കുകയും രാവിലെ 11 മണിക്ക് കുട്ടികളെ മടക്കിക്കൊണ്ടു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സ്‌കൂളില്‍ നിന്ന് രക്ഷിതാക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.
സ്‌കൂളിന്റെ ഔദ്യോഗിക ഐഡിയിലാണ് ഭീഷണി ഇമെയില്‍ ലഭിച്ചതെന്ന് വിജിഎസ് പ്രിന്‍സിപ്പല്‍ ഡോ. നമിത സിംഗാള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്