ഉത്തരേന്ത്യയിൽ വിവാഹത്തിന് വരൻ കുതിരപ്പുറത്ത് എത്തുന്നത് വളരെ സാധാരണമാണ്. എന്നാൽ കുതിരപ്പുറത്ത് എത്തുന്ന വരന് വൻ തോതിൽ പോലീസ് സുരക്ഷ ഒരുക്കുന്നത് അത്ര സാധാരണമല്ല. വിവാഹ ഘോഷയാത്രയ്ക്ക് ഇത്രയും സുരക്ഷ ഒരുക്കുന്നത് എന്തിനാണ് എന്നല്ലേ? കാരണം അറിയാം.
രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം. വിവാഹ ചടങ്ങിന്റെ ഭാഗമായി ദളിതര്‍ കുതിരപ്പുറത്ത് കയറുന്നത് തടയുന്നത് പതിവായതോടെയാണ് ജില്ലാ ഭരണകൂടവും പൊലീസും സുരക്ഷ നൽകാനായി നേരിട്ടിറങ്ങിയത്.
വരന് കുതിരപ്പുറത്ത് കയറുന്നത് പോലുള്ള ആചാരങ്ങള്‍ ദളിത് വിവാഹ ഘോഷയാത്രകള്‍ക്കിടെ ഉണ്ടായാല്‍ രാജസ്ഥാനില്‍ ആക്രമണങ്ങള്‍ ഉണ്ടാകാറുണ്ട്. ദളിത് വരന്മാരെ കുതിരപ്പുറത്ത് കയറ്റിയതിന് കഴിഞ്ഞ 10 വര്‍ഷത്തിനിടെ 76 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് രാജസ്ഥാന് പൊലീസ് അടുത്തിടെ വെളിപ്പെടുത്തി.
അതേസമയം പട്ടികജാതി വരന്മാരെ കുതിരപ്പുറത്ത് കയറാന്‍ അനുവദിക്കാത്തതുള്പെടെയുള്ള വിലക്കുകള്‍ തകര്‍ക്കാന്‍ ഓപറേഷന് സമന്ത എന്ന പദ്ധതി ബുണ്ടി പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ആരംഭിച്ചു. പദ്ധതി ആരംഭിച്ചു കഴിഞ്ഞ ശേഷം ഉള്ള ആദ്യ വിവാഹം തിങ്കളാഴ്ച നടന്നു. ശ്രീറാം മേഘ്വാള് എന്നുപേരുള്ള വരന് വിവാഹ ചടങ്ങിലേക്ക് ഒരു കുതിരപ്പുറത്താണ് എത്തിയത്.
വെള്ള ഷെര്‍വാണി ധരിച്ച്, വലതുവശത്ത് തൂങ്ങിക്കിടക്കുന്ന വാളില്‍ പിടിച്ച്, 27 കാരനായ ശ്രീറാം മേഘ്വാള്, രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ ചാഡി ഗ്രാമത്തിലെ തന്റെ വിവാഹ വേദിയിലേക്ക് എത്തിയപ്പോൾ അത് പുതിയൊരു തുടക്കമായി. പോലീസ് സംരക്ഷണത്തിലാണ് വരൻ എത്തിയത്.
ഇത് സമത്വത്തിലേക്കുള്ള ഒരു ചുവടുവയ്പാണ് എന്നാണ് പഞ്ചായത്തിലെ കരാര്‍ ജീവനക്കാരനായ വരൻ ശ്രീറാം മേഘ്വാള് പ്രതികരിച്ചത്. ദളിത് കുടുംബങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാന് ഈ നീക്കം സഹായിക്കും എന്നും ചാഡിയില് എല്ലാ സമുദായത്തില്പെട്ടവരില് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും എസ് പി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്