ചെന്നൈ: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദം വെള്ളിയാഴ്ച ഉച്ചയോടെ ഫെന്‍ഗല്‍ ചുഴലിക്കാറ്റായി മാറി. ശനിയാഴ്ച ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനുമിടയില്‍ കരതൊടും. 90 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റടിക്കാന്‍ സാധ്യതയുണ്ട്.
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചെന്നൈ തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് ജില്ലകളില്‍ കളക്ടര്‍മാര്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ശനിയാഴ്ച സ്പെഷ്യല്‍ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സാഹചര്യത്തിനനുസരിച്ച് മഴ മുന്നറിയിപ്പുള്ള മറ്റ് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി സംബന്ധിച്ച തീരുമാനം എടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം മുന്നറിയിപ്പിനെത്തുടര്‍ന്ന് തമിഴ്നാട്ടിലേക്കുള്ള രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനം മാറ്റിവെച്ചു. തമിഴ്നാട് കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് രാഷ്ട്രപതി പങ്കെടുക്കേണ്ടിയിരുന്നത്.
ഗൂഡല്ലൂര്‍, വിഴുപുരം, കള്ളാക്കുറിച്ചി, മയിലാടുതുറൈ ജില്ലകളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഈസ്റ്റ് കോസ്റ്റ് റോഡ്, ഓള്‍ഡ് മഹാബലിപുരം റോഡ് എന്നിവിടങ്ങളില്‍ ഉച്ചയ്ക്കുശേഷം ഗതാഗതനിയന്ത്രണമുണ്ട്. അത്യാവശ്യഘട്ടങ്ങളില്ലാതെ പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ബീച്ച്, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവിടങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഐ.ടി. കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷനും മദ്രാസ് യൂണിവേഴ്സിറ്റിയും ശനിയാഴ്ച നടത്താനിരുന്ന യു.ജി. പരീക്ഷകള്‍ മാറ്റിവെച്ചു.
സെന്റ് തോമസ് മൗണ്ട്, അറുംബാക്കം മെട്രോ സ്റ്റേഷനുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് നിര്‍ദേശിച്ചു. ചെന്നൈയിലെ ബീച്ചുകളിലും പാര്‍ക്കുകളിലും ശനിയാഴ്ച പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ലെന്ന് ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്