ഹൈദരാബാദ്: താഴെത്തട്ടിലെ ജനങ്ങളുമായി ബന്ധപ്പെടുന്നതിനും ബൂത്തുതലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും പരിപാടികളുമായി ബി.ജെ.പി. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായാണ് പാര്‍ട്ടിയുടെ പുതിയ നീക്കം. 74,000 ബൂത്തുകള്‍ കേന്ദീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം.
'സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായി വീടുകളില്‍ ദേശീയപതാക എത്തിക്കുന്നതിനുള്ള 'ഹര് ഘര്‍ തിരംഗ' പ്രചാരണം സംഘടിപ്പിക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ 30 കോടി ഗുണഭോക്താക്കളുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ സംവദിക്കും. ശനിയാഴ്ച ഹൈദരാബാദില്‍ ആരംഭിച്ച ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്രമോഡി, കേന്ദ്രമന്ത്രിമാര്‍, 19 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ദേശീയ നേതാക്കള്‍ എന്നിവര്‍ രണ്ടുദിവസത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഹൈദരാബാദ് മാധാപുരിലെ അന്താരാഷ്ട്ര കണ്വെന്ഷന് സെന്ററിലാണ് യോഗം. രാവിലെ ചേര്‍ന്ന ദേശീയ ഭാരവാഹി യോഗത്തോടെയാണ് ഉന്നതതല യോഗം തുടങ്ങിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി നേടിയ വിജയം, പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര പദ്ധതികളുടെ നിര്‍വഹണം തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു.
മോഡി സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളാണ് തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.ക്ക് വിജയം നല്‍കിയതെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു. ബൂത്തുതലങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നഡ്ഡ നിര്‍ദേശിച്ചു. താഴെത്തട്ടില്‍ ജനങ്ങളെ ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പുകള്‍ക്ക് രൂപംനല്‍കുമെന്ന് ഭാരവാഹി യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ ദേശീയ ഉപാധ്യക്ഷ വസുന്ധര രാജെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്