കീവ്: പ്രസിഡന്റ് പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ ഉക്രെയ്‌നില്‍ റഷ്യയുടെ വ്യാപക വ്യോമാക്രമണം. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായി 16 റഷ്യന്‍ ഡ്രോണുകളാണ് ആക്രമണത്തിനെത്തിയതെന്ന് ഉക്രെയ്ന്‍ സൈന്യം വ്യക്തമാക്കി. ഇതില്‍ 11 ഡ്രോണുകള്‍ വെടിവെച്ചിട്ടു. മധ്യ ഉക്രെയ്‌നിനും പടിഞ്ഞാറന്‍ പ്രദേശത്തും കിഴക്കന്‍ മേഖലയിലും ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നു.
തലസ്ഥാന നഗരമായ കീവും പടിഞ്ഞാറന്‍ നഗരമായ എല്‍വീവുമാണ് റഷ്യ പ്രധാനമായും ലക്ഷ്യമിട്ടത്. കീവിലേക്കെത്തിയ എല്ലാ ഡ്രോണുകളും വെടിവെച്ചിട്ടെന്ന് നഗര ഭരണകൂട തലവന്‍ സെര്‍ഹി പോപ്‌കോ പറഞ്ഞു. റഷ്യ അയച്ച ആറില്‍ മൂന്ന് ഡ്രോണുകള്‍ വെടിവെച്ചിട്ടെന്ന് എല്‍വീവ് ഗവര്‍ണര്‍ മാക്‌സിം കോസിറ്റ്‌സ്‌കി പറഞ്ഞു.
24 മണിക്കൂറിനിടെ 34 ഇടത്ത് റഷ്യ വ്യോമാക്രമണം നടത്തിയെന്നും ഒരിടത്ത് മിസൈല്‍ ആക്രമണം നടന്നെന്നും ഉക്രെയ്ന്‍ വ്യക്തമാക്കി. ഖേര്‍സണില്‍ ഏഴ് വീടുകളും ഒരു കിന്റര്‍ഗാര്‍ട്ടണും തകര്‍ന്നു. ഡൊണെറ്റ്‌സ്‌കിലെ 11 പട്ടണങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ ഷെല്‍ ആക്രമണം ഉണ്ടായി. പ്രവിശ്യയില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും മൂന്നു പേര്‍ക്ക് പരിക്കേറ്റെന്നും ഗവര്‍ണര്‍ പാവ്‌ലോ കിരിലെങ്കോ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്