മോസ്കോ: ഉത്തരകൊറിയൻ സന്ദർശനത്തിനിടെ പരമോന്നത നേതാവ് കിം ജോങ് ഉന്നിന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ആഡംബര കാർ സമ്മാനിച്ചു. റഷ്യൻ നിർമ്മിത ഓറസ് ലിമോസിനാണ് കിമ്മിന് പുടിൻ്റെ സമ്മാനം. കൂടാതെ ടീ സെറ്റ്, വാൾ എന്നിവയും കിമ്മിന് പുടിൻ സമ്മാനിച്ചിട്ടുണ്ട്.
സോവിയറ്റ് കാലത്തെ ഓർമ്മിപ്പിക്കുന്ന റെട്രോ സ്റ്റൈൽ ലിമോസിനാണ് കിമ്മിന് സമ്മാനിച്ച ഓറസ് സെനറ്റ്. പുടിൻ ഉപയോഗിക്കുന്ന വാഹനങ്ങളിലൊന്നാണ് ഈ ഓറസ് സെനറ്റ്. കഴിഞ്ഞ സെപ്റ്റംബറിൽ റഷ്യ സന്ദർശിച്ച കിമ്മിന് പുടിൻ ഈ വാഹനം കാണിച്ച് നൽകുന്നതും അദ്ദേഹം ഇത് ആസ്വദിക്കുന്നതുമായ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
കിം ഒരു കാർ പ്രേമിയാണ്. ആഡംബര വിദേശ വാഹനങ്ങളുടെ വലിയ ശേഖരം കിമ്മിൻ്റെ പക്കലുണ്ടെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തരകൊറിയയിലേക്ക് ആഡംബര വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ, ഈ വാഹനങ്ങളെല്ലാം അനധികൃതമായാണ് കൊറിയയിലേക്ക് കൊണ്ടുവന്നത്.
ലിമോസിൻ, മേസിഡസിന്റെ വിവിധ മോഡലുകൾ, റോൾസ് റോയ്സ് ഫാന്റം, ലെക്സസ് സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ എന്നിങ്ങനെ കിമ്മിന്റെ കൈയിൽ വാഹനങ്ങളേറെയാണ്.ഈ വർഷം സെന്റ് പീറ്റേഴ്സ്ബർഗിലെ പഴയ ടൊയോട്ട ഫാക്ടറിയിൽ റഷ്യ ഓറസ് ആഢംബര കാറുകളുടെ നിർമ്മാണം ആരംഭിച്ചതായി റഷ്യയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം 40 ഓറസ് ബ്രാന്റ് കാറുകൾ റഷ്യയിൽ വിറ്റുപോയെന്നാണ് റഷ്യൻ അനലിറ്റിക്കൽ ഏജൻസി ഓട്ടോസ്റ്റാറ്റ് വ്യക്തമാക്കുന്നത്.
അതേസമയം ഉത്തരകൊറിയയിലെ പ്യോങ്യാങ് സന്ദർശിച്ച പുടിന് വിവിധ കലാസൃഷ്ടികൾ സമ്മാനമായി ലഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഘോഷങ്ങളും ആരവങ്ങളുമായാണ് പുടിനെ ഉത്തരകൊറിയ സ്വീകരിച്ചത്. ഉക്രെയ്‌നിലെ യുദ്ധത്തിൽ റഷ്യക്ക് പൂർണ പിന്തുണ ഉത്തരകൊറിയ അറിയിച്ചു.
മൊത്തത്തിൽ, സമ്മാനങ്ങളുടെ കൈമാറ്റവും സൗഹൃദ സംഭാഷണങ്ങളും റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന് അടിവരയിടുന്നു. ഉക്രെൻ- മോസ്കോ സംഘർഷവും, ആഗോള സുരക്ഷ, നിലവിലെ സൈനിക, ജിയോപൊളിറ്റിക്കൽ സന്ദർഭങ്ങൾ എന്നിവ കാരണം ഇരുരാജ്യങ്ങളുടെയും ബന്ധം അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്