വേദിയായത് റോം ജയില്‍; 12 സ്ത്രീകളുടെ കാലുകള്‍ കഴുകി ഫ്രാന്‍സിസ് മാര്‍പാപ്പ

MARCH 29, 2024, 8:24 AM

വത്തിക്കാന്‍ സിറ്റി: 87 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. റെബിബിയ ജയില്‍ വേദിയാക്കി തന്റെ വീല്‍ ചെയറില്‍ ഇരുന്ന് 12 സ്ത്രീകളുടെ കാലുകള്‍ കഴുകിയാണ് ക്രിസ്തുവിന്റെ ത്യാഗത്തെ അനുസ്മരിച്ചത്. അദ്ദേഹത്തിന്റെ ആവശ്യനുസരണം ജയില്‍ വേദി സജ്ജീകരിച്ചിരുന്നു. സ്ത്രീകള്‍ ഉയര്‍ന്ന പ്ലാറ്റ്ഫോമില്‍ സ്റ്റൂളുകളില്‍ ഇരുന്നു. ഒരുപാട് ആയാസപ്പെടാതെ വീല്‍ചെയറില്‍ ഇരുന്ന് ശുശ്രൂഷ പൂര്‍ത്തിയാക്കാന്‍ മാര്‍പ്പാപ്പയ്ക്ക് സാധിച്ചു.

ഫ്രാന്‍സിസ് പാപ്പ കാലുകള്‍ കഴുകിയപ്പോള്‍ പല സ്ത്രീകളും കരഞ്ഞു. നഗ്‌നമായ കാലില്‍ മെല്ലെ വെള്ളം ഒഴിച്ച് ഒരു ചെറിയ തൂവാല കൊണ്ട് തുടച്ച്, ഓരോ കാലും ചുംബിച്ചുകൊണ്ട് ശുശ്രൂഷ പൂര്‍ത്തിയാക്കി. പലപ്പോഴും അദ്ദേഹം സ്ത്രീകളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. കാല്‍കഴുകല്‍ ചടങ്ങ് വിശുദ്ധ വാരത്തിന്റെ ഏറ്റവും പ്രധാനമായ ചടങ്ങാണ്. കുരിശില്‍ തറക്കപ്പെടുന്നതിന് മുമ്പ് യേശു തന്റെ 12 ശിഷ്യന്‍മാരുടെ കാല്‍കഴുകിയതിനെ അനുസ്മരിക്കുന്ന ദിനമാണ് പെസഹാ വ്യാഴം.

2013 ല്‍ മാര്‍പാപ്പയായി അധികാരമേറ്റ ആദ്യ വിശുദ്ധ വ്യാഴാഴ്ച മുതല്‍, 12 പേരില്‍ സ്ത്രീകളെയും മറ്റ് മതസ്ഥരെയും ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധിച്ചുകൊണ്ട് ഫ്രാന്‍സിസ് വത്തിക്കാനിലെ ആചാരങ്ങളില്‍ വിപ്ലവം സൃഷ്ടിച്ചിരുന്നു. മുമ്പ് മാര്‍പ്പാപ്പ റോമിലെ ബസിലിക്കയില്‍ മാത്രമാണ് കത്തോലിക്കാ പുരുഷന്മാരുടെ കാല്‍കഴുകി ശുശ്രൂഷ അനുഷ്ഠിച്ചിരുന്നത്.

ഫ്രാന്‍സിസ് പാപ്പ എല്ലാ വര്‍ഷവും ജയിലിലേക്കോ അഭയാര്‍ത്ഥി കേന്ദ്രങ്ങളിലേക്കോ യുവജന തടങ്കല്‍ കേന്ദ്രത്തിലേക്കോ സന്ദര്‍ശനം നടത്താറുണ്ട്. ഒരു വൈദികന്റെ തൊഴില്‍ പ്രത്യേകിച്ചും അരികിലുള്ളവരെ സേവിക്കാനാണെന്ന തന്റെ വിശ്വാസം ഊന്നിപ്പറയുന്നു. തന്റെ ഹ്രസ്വ പ്രസംഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ശുശ്രൂഷയുടെ അര്‍ത്ഥം വിശദീകരിച്ചു.

'യേശു തന്നെത്തന്നെ താഴ്ത്തുന്നു. ഈ ശുശ്രൂഷയിലൂടെ, അദ്ദേഹം പറഞ്ഞതെന്തെന്ന് അദ്ദേഹം നമുക്ക് മനസ്സിലാക്കിത്തരുന്നു: ഞാന്‍ ഇവിടെ വന്നത് സേവിക്കപ്പെടാനല്ല, സേവിക്കാനാണ്'. ക്രിസ്തു തങ്ങളെ സേവനത്തിന്റെ പാത പഠിപ്പിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

2013 ല്‍ വത്തിക്കാനിലെ ജുവൈനല്‍ ദുര്‍ഗുണ പരിഹാര പാഠശാലയിലെ രണ്ടു സ്ത്രീകളുടെ കാലുകള്‍ ഇത്തരത്തില്‍ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ കഴുകി മുത്തിയിരുന്നു. പെസഹ വ്യാഴത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു സംഭവം. പുരുഷന്മാരുടെ കാല്‍ മാത്രമേ പുരോഹിതര്‍ക്ക് കഴുകി ചുംബിക്കാന്‍ പാടുള്ളൂവെന്നാണ് ചര്‍ച്ച് നിയമം. മുമ്പൊരിക്കലും ഒരു പാപ്പയും സ്ത്രീകളുടെ കാല്‍ കഴുകി ചുംബിച്ചിട്ടില്ല.

ഫ്രാന്‍സിസ് ഒന്നാമന്റെ ഈ നടപടി വിവാദങ്ങളുണ്ടാക്കിയിരുന്നു. അതേ സമയം പരിഷ്‌കരണ വാദികള്‍ ഈ നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. സ്നേഹത്തിന്റെയും സേവനത്തിന്റെയും ഭാഗമായി ക്രിസ്തു അദ്ദേഹത്തിന്റെ സ്ത്രീകളായ ശിഷ്യര്‍ ഉള്‍പ്പെടെയുള്ളവരുടെ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തിയിരുന്നുവെന്ന് ഫ്രാന്‍സിസ് ഒന്നാമന്‍ വിശദീകരിച്ചു. നിങ്ങളുടെ കാല്‍ കഴുകുന്നതിനര്‍ത്ഥം നിങ്ങളെ സേവിക്കാന്‍ സന്നദ്ദനാണെന്നാണ് വ്യക്തമാക്കുന്നതെന്നും 14 മുതല്‍ 21 വയസ് പ്രായമുള്ള റോമിലെ കാസല്‍ മര്‍മോ ദുര്‍ഗുണ പരിഹാര പാഠശാലയിലെ അംഗങ്ങളോട് മാര്‍പാപ്പ അന്ന് വ്യക്തമാക്കിയിരുന്നു.

'മറ്റുള്ളവരെ സഹായിക്കുകയെന്നാണ് യേശു ഈ പ്രവൃത്തിയിലൂടെ വെളിപ്പെടുത്തിയത്. ഇതാണ് ഞാനും ചെയ്യുന്നത്. ഞാന്‍ എന്റെ ഹൃദയത്തിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. കാരണം ഇത് എന്റെ ഉത്തരവാദിത്വമാണ്, കര്‍ത്തവ്യമാണ്. ഞാന്‍ നിങ്ങളുടെ സേവകനായിരിക്കുമെന്നും' പോപ്പ് വിശദീകരിച്ചു.

കല്ലുപാകിയ ഹാളില്‍ അദ്ദേഹം കറുത്തവരും, വെളുത്തവരും, സ്ത്രീകളും, പുരുഷന്മാരും ഉള്‍പ്പെടെയുള്ളവരുടെ ടാറ്റു പതിച്ച കാലുകളുള്‍പ്പെടെ കഴുകിയ ശേഷം വെളുത്ത കോട്ടണ്‍ കൊണ്ട് തുടച്ച ശേഷം ചുംബിക്കുന്ന ദൃശ്യം വത്തിക്കാനില്‍ നിന്നും പുറത്തുവിട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam