ശൈത്യകാലത്തെ മനോഹര ഭൂമികയായി നയാഗ്രാ വെള്ളച്ചാട്ടം

FEBRUARY 23, 2021, 1:54 PM

അതിക്രൂരമായ ഒരു ശൈത്യകാലത്തെ മനോഹര ഭൂമികയായി മാറിയിരിക്കുകയാണ് വിശ്വപ്രസിദ്ധമായ നയാഗ്രാ വെള്ളച്ചാട്ടം. ന്യുയോര്‍ക്ക് സംസ്ഥാനത്തെ നയാഗ്രയില്‍ അന്തരീക്ഷ താപനില മൈനസ് 2 ഡിഗ്രിവരെയായി താഴ്ന്നപ്പോള്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ സ്ഥാനം പിടിച്ച വെളുത്ത മഞ്ഞുകട്ടകള്‍ തീര്‍ത്തത് അതിമനോഹരമായ ചിത്രങ്ങളായിരുന്നു. കുതിച്ചിറങ്ങുന്ന വെള്ളത്തിനിടയിലൂടെ ഒലിച്ചിറങ്ങുന്ന മഞ്ഞുകട്ടകളും, അവിടെ രൂപപ്പെടുന്ന ഇളം മഞ്ഞില്‍ വിരിയുന്ന മഴവില്ലുകളും ദൃശ്യത്തെ കൂടുതല്‍ മനോഹരമാക്കുന്നു.

വെള്ളച്ചാട്ടത്തിന്റെ ഇരുകരകളിലും അടിഞ്ഞുകൂടിയ മഞ്ഞ് വെള്ളച്ചാട്ടത്തെയും നദിയേയും കൂടുതല്‍ മനോഹരമാക്കുന്നു. വെള്ളത്തിന്റെ താപനില മഞ്ഞിന്റേതിനേക്കാള്‍ ഉയര്‍ന്നതായതിനാല്‍ പിന്നെ ചെറിയ അരുവികള്‍ അവിടെ രൂപപ്പെടുന്നതും കാണാം. മഞ്ഞുകട്ടകള്‍ അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിലും വെള്ളമൊഴുക്ക് തടസ്സപ്പെടുന്നില്ല എന്നതും ഒരു അദ്ഭുതം തന്നെ. സാധാരണയായി നദിയുടെ ഇരുകരകളിലും എല്ലാവര്‍ഷവും ശൈത്യകാലത്ത് മഞ്ഞുകട്ടകള്‍ രൂപം കൊള്ളാറുണ്ട്. എന്നാല്‍, വെള്ളച്ചാട്ടം വരെ ഘനീഭവിക്കുന്ന സംഭവങ്ങള്‍ വിരളമാണ്.

കഴിഞ്ഞ ഏതാനും ആഴ്‌ച്ചകളായി കടുത്ത ശൈത്യമാണ് അമേരിക്കയില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്‌ച്ച അന്തരീക്ഷ താപനില മൈനസ് 2 ആയി താഴ്ന്നതോടെയാണ് വെള്ളച്ചാട്ടത്തില്‍ മഞ്ഞുകട്ടകള്‍ രൂപപ്പെടാന്‍ തുടങ്ങിയത്. വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്ത് വെള്ളത്തില്‍ ഒഴുകിനടക്കുന്ന ഐസുകട്ടകള്‍ ദൃശ്യമാണ്. ചുറ്റുമുള്ള വൃക്ഷലതാദികളെല്ലാം മഞ്ഞില്‍ പൊതിഞ്ഞു കിടക്കുന്നു.

vachakam
vachakam
vachakam

തൊട്ടടുത്തുള്ള റോക്കെസ്റ്ററില്‍ ഇന്നലെ 18 ഇഞ്ച് കനത്തില്‍ വരെ മഞ്ഞുവീഴ്‌ച്ചയുണ്ടായി. ഇതിനു മുന്‍പ് 2017 ലാണ് ഇത്രയധികം മഞ്ഞുവീഴ്‌ച്ച ഇവിടെയുണ്ടായിട്ടുള്ളത്. നയാഗ്രാ വെള്ളച്ചട്ടത്തെപ്പോലെ അടുത്തുള്ള എറീ തടാകവും ഒന്റേറിയോ തടാകവും മഞ്ഞില്‍ മൂടിക്കിടക്കുകയാണ്. ഇന്ന് ആറിഞ്ചു കനത്തില്‍ വരെ മഞ്ഞുവീഴ്‌ച്ചയുണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ ഓസ്വേഗോ, ജെഫേഴ്സണ്‍, ലൂയിസ് എന്നിവിടങ്ങളീല്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

അമേരിക്കയുടെ വടക്കു കിഴക്കന്‍ മേഖലയിലെ കനത്ത മഞ്ഞുവീഴ്‌ച്ച കഴിഞ്ഞ വാരാന്ത്യത്തില്‍ ന്യുയോര്‍ക്കില്‍ ഗതാഗത തടസം ഉണ്ടാക്കിയിരുന്നു. ന്യുയോര്‍ക്ക് സംസ്ഥാന ത്രൂവേയും നിരവധി യു എസ് ഹൈവേകളും മഞ്ഞില്‍ മുങ്ങിയതോടെ ഇവിടങ്ങളിലെല്ലാം ഗതാഗത തടസ്സവും ഉണ്ടായി. കഴിഞ്ഞ ബുധനാഴ്‌ച്ച അമേരിക്കയില്‍ ആഞ്ഞടിച്ച, രണ്ടാമത്തെ കൊടുങ്കാറ്റാണ് ശൈത്യം വര്‍ദ്ധിപ്പിച്ചത്.

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളേയും മഞ്ഞില്‍ മുക്കി ശൈത്യകാല കാറ്റായ ഉറി കഴിഞ്ഞ ചൊവ്വാഴ്‌ച്ച തന്നെ അമേരിക്ക വിട്ടുപോയിരുന്നു. ഏകദേശം 75 ശതമാനം ഭാഗങ്ങളും 6 ഇഞ്ച് വരെ കനത്തില്‍ മഞ്ഞില്‍ മുങ്ങിയിരുന്നു. ഇതുവരെ ഏകദേശം 23 പേര്‍ക്ക് ഈ ശൈത്യകാല ക്രൂരതയില്‍ ജീവന്‍ നഷ്ടമായതായാണ് കണക്കുകള്‍ പറയുന്നത്. കാറപകടങ്ങള്‍, അഗ്‌നിബാധകള്‍, കാര്‍ബണ്‍ മോണോക്സൈഡ് വിഷബാധ തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പല ഭാഗങ്ങളീലും വൈദ്യൂത വിതരണവും തടസ്സപ്പെട്ടു.

vachakam
vachakam
vachakam

രാജ്യത്തെ ജനസാന്ദ്രതയില്‍ രണ്ടാം സ്ഥാനത്തുള്ള ടെക്സ്സാസ്സില്‍ ഒരു ഇലക്‌ട്രിസിറ്റി ഗ്രിഡ് പ്രവര്‍ത്തന രഹിതമായതോടെ ലക്ഷക്കണക്കിന് ആളുകളണ് ഇരുട്ടില്‍ തണുത്തുവിറച്ചു കഴിയാന്‍ വിധിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam