വാഹന നിര്‍മ്മാണം വന്‍ പ്രതിസന്ധിയിൽ

JULY 14, 2021, 1:27 AM

വാഹന നിര്‍മ്മാണം വന്‍ പ്രതിസന്ധിയിലാണ്. സെമി കണ്ടക്ടറുകള്‍ അഥവാ ചിപ്പുകള്‍ കിട്ടാക്കനിയായതോടെ ആഗോളതലത്തില്‍ വാഹന നിര്‍മ്മാണം വന്‍ പ്രതിസന്ധി നേരിടുകയാണ്. വാഹന വിപണി മാത്രമല്ല, ചിപ്പ് ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ സ്‍മാര്‍ട്ട്ഫോണ്‍, ലാപ്‌ടോപ്പ്, ഗാര്‍ഹികോപകരണങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനും തിരിച്ചടിയായിരിക്കുകയാണ്. നിലവിലുള്ള ലോക്ക് ഡൌണുകളില്‍ ഇളവുകൾ ലഭിച്ചതോടെ വാഹനം ഉള്‍പ്പെടെയുള്ള മറ്റ് ഉപകരണങ്ങളുടെ വില്‍പ്പനയില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നുണ്ട്. എന്നാല്‍, ചിപ്പ് ക്ഷാമം നിലവിലുള്ളതിനാൽ തന്നെ അതിനനുസരിച്ച് ഉത്പാദനം നടത്താന്‍ കമ്പനികള്‍ക്ക് കഴിയുന്നില്ല.

ചിപ്പ് ക്ഷാമം മൂലം പ്രതിസന്ധി നേരിടുന്ന പ്രധാന വിഭാഗം കാര്‍ ഉത്പാദന മേഖലയാണ്. കോവിഡിനു ശേഷം വാഹനങ്ങളുടെ ഡിമാന്റ് വര്‍ധിച്ചിട്ടുണ്ടെങ്കിലും ഈ ആവശ്യം നിറവേറ്റാന്‍ കമ്പനികള്‍ക്ക് കഴിയുന്നില്ല. വാഹന പ്ലാന്റുകളിലെ ഉത്പാദനശേഷി പൂര്‍ണമായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രധാന തിരിച്ചടി. ചിപ്പ് ക്ഷാമം മൂലം 10 മുതല്‍ 15 ശതമാനം വരെ ഉത്പാദന നഷ്‍ടമുണ്ടാകുന്നതായാണ് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കള്‍ നല്‍കുന്ന കണക്കുകള്‍. കാറുകളുടെ കാത്തിരിപ്പുസമയം കൂടാനിത് ഇടയാക്കുന്നു. ടാറ്റ മോട്ടോഴ്സ്, ഫോര്‍ഡ് ഇന്ത്യ, മഹീന്ദ്ര, ഹ്യുണ്ടായ് എന്നിങ്ങനെ മിക്ക കമ്പനികളെയും ചിപ്പ് ക്ഷാമം കാര്യമായി ബാധിച്ചിച്ചുണ്ട്. സാംസങ് ഇന്ത്യ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയില്‍ ഈ മാസം സ്മാര്‍ട്ട്ഫോണ്‍ വിതരണം 70 ശതമാനം വരെ കുറഞ്ഞു.

ദീര്‍ഘകാലത്തേക്ക് സെമികണ്ടക്ടറുകളും മറ്റ് അസംസ്‌കൃത വസ്‍തുക്കളും വാങ്ങുന്നതിനും അത്തരം കരാറുകളുടെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുന്നതിനും വാഹന നിര്‍മാതാക്കള്‍ വിമുഖത കാണിച്ചിരുന്നുവെന്ന് അലിക്സ് പാര്‍ട്‌ണേഴ്‌സ് പ്രതിനിധി പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനു മാറ്റം വന്നിരിക്കുന്നതായും സെമികണ്ടക്ടേഴ്‌സ് നിര്‍മാതാക്കളുമായി നേരിട്ടുള്ള ബന്ധം വളര്‍ത്തിയെടുക്കാനാണ് വാഹന നിര്‍മാതാക്കള്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അലിക്‌സ് പാര്‍ട്‌ണേഴ്‌സ് വ്യക്തമാക്കുന്നു. സെമികണ്ടക്ടേഴ്‌സ് ക്ഷാമം മറികടക്കുന്നതിനുള്ള ശ്രമങ്ങളും വാഹന നിര്‍മ്മാണ കമ്പനികള്‍ നടത്തുകയാണ് ഇപ്പോള്‍. കൂടുതല്‍ ലഭ്യമാവുന്ന ചിപ്പുകള്‍ ഉപയോഗിക്കുന്നതിന് ഓട്ടോമോട്ടീവ് ഭാഗങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്യുകയാണെന്ന് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി അടുത്തിടെ വ്യക്തമാക്കിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam