പ്രകൃതിക്ക് വെല്ലുവിളി ആകുമോ ? മാമോത്തുകളെ പുനര്‍സൃഷ്ടിക്കാനൊരുങ്ങി ഗവേഷകര്‍

OCTOBER 5, 2021, 5:47 AM

മാമോത്തുകളെ അറിയാത്തവരായി ആരും ഉണ്ടാകില്ല. ഐസ്ഏജ് സിനിമകളിലൂടെ കുട്ടികള്‍ക്ക് പോലും സുപരിചിതനാണ് ഈ ആനമുത്തച്ഛന്‍. ഹിമയുഗത്തിനൊടുവില്‍ വംശനാശം സംഭവിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന രോമാവൃതമായ മാമോത്തുകളെ പുനഃസൃഷ്ടിക്കുവാന്‍ ശ്രമിക്കുകയാണ് ഒരു സ്റ്റാര്‍ട്ടപ്പ്. 

പ്രകൃതിയെ വെല്ലുവിളിക്കുന്ന ജനതിക പ്രൊജക്ടുമായി മുന്നോട്ട് നീങ്ങുന്നത് ശരിയോ തെറ്റോ എന്ന ചര്‍ച്ചയും ശാസ്ത്രലോകത്ത് സജീവമാണ്. ആഫ്രിക്കന്‍ ആനകളെക്കാള്‍ രണ്ടിരട്ടി വലിപ്പവും നീണ്ട് വളഞ്ഞ കൊമ്പുകളുമാണ് മാമോത്തുകളുടെ ആകാരം. ആനകളുടെ വംശനാശം വന്ന വകഭേദമെന്ന് ജന്തു ശാസ്ത്രലോകം വിലയിരുത്തുന്നു.


vachakam
vachakam
vachakam

കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഇവയ്ക്ക് വംശനാശം സംഭവിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ പ്രൊഫസര്‍ ആയ ജോര്‍ജ് ചര്‍ച്ച് എന്ന ജനതിക ശാസ്ത്രഞ്ജന്റെ നേതൃത്വത്തിലാണ് മാമോത്തുകളെ പുനസൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. 

4000 -10000 വര്‍ഷങ്ങള്‍ക്ക് മുമ്പ് അപ്രത്യക്ഷരായ മാമോത്തുകളെ അതേപടി സൃഷ്ടിക്കാനല്ല ഇവരുടെ പദ്ധതി. മറിച്ച് മാമോത്തുകളുമായി ജനതിക സാമ്യം ഉള്ള ഇന്നത്തെ ആനകളില്‍ മാമോത്തുകളുടെ രോമാവൃതമായ ശരീരവും ഭീമാകാരമായ ആകാരവും സൃഷ്ടിക്കുവാന്‍ ആണ് ഗവേഷകര്‍ ശ്രമം നടത്തുന്നത്.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കും ഈ ഗവേഷണത്തിനൊടുവില്‍ ഉത്തരം കണ്ടെത്താന്‍ കഴിയുമെന്നാണ് ശാസ്ത്രഞ്ജരുടെ അവകാശവാദം. ഇത്തരത്തില്‍ ഒരു ജീവിയെ സൃഷ്ടിക്കുവാന്‍ പറ്റുമോ എന്നതല്ല മറിച്ചു ഇത്തരത്തില്‍ ഒരു ജീവിയെ സൃഷ്ടിക്കുവാന്‍ പാടുണ്ടോ എന്ന ചോദ്യവും ശാസ്ത്ര ലോകത്തു നിന്ന് ഉയരുന്നുണ്ട്.

vachakam
vachakam
vachakam


ജുറാസിക് പാര്‍ക്ക് സിനിമയെ അനുസ്മരിപ്പിക്കുന്ന ഈ ഗവേഷണ പ്രൊജക്റ്റ് നടത്തുന്നത് കൊള്ളോസല്‍ എന്ന് പേരുള്ള ഒരു സ്റ്റാര്‍ട്ടപ്പ് ആണ്. കഴിഞ്ഞ വര്‍ഷത്തെ നോബല്‍ സമ്മാനം നേടിയ ക്രസ്പര്‍ എന്ന ജനതിക സാങ്കേതിക വിദ്യ ഉപയോഗപെടുത്തിക്കൊണ്ടാണ് ഗവേഷണം.  ഭ്രൂണാവസ്ഥയില്‍ ജീവജാലങ്ങളില്‍ ജീന്‍ എഡിറ്റിംഗ് വഴി ജനതിക മാറ്റം വരുത്തുവാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണിത്. കാന്‍സര്‍ അടക്കമുള്ള പാരമ്പര്യ രോഗങ്ങള്‍ക്കുള്ള ഉത്തരം ആണ് ക്രസ്പര്‍ സാങ്കേതതിക വിദ്യയെന്നാണ് പറയപ്പെടുന്നത്.

മാമോത്തുകളുടെ രോമാവൃതമായ ശരീരത്തിനും വലിയ ആകാരത്തിനും കാരണഹേതു ആയ ജീനുകളെ തിരിച്ചറിഞ്ഞെന്നും ആനകളുടെ ജനതിക ഘടനയിലേക്ക് ജീനുകളെ ചേര്‍ക്കുന്നതോടെ മാമോത്തുകളുടെ സവിശേഷതകള്‍ അടങ്ങിയ ഹൈബ്രിഡ് ജീവജാലങ്ങളെ സൃഷ്ടിക്കുവാന്‍ സാധിക്കും എന്നും ഗവേഷകര്‍ പറയുന്നു. ഈ ആനകളെ ആര്‍ട്ടിക് മേഖലയില്‍ വിന്യസിക്കുന്നത് മേഖലയുടെ സന്തുലിതാവസ്ഥ തിരിച്ചു കൊണ്ടുവരുവാന്‍ സഹായകരം ആകുമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം.

vachakam
vachakam


ആര്‍ട്ടിക് മേഖലയില്‍ വലിയ അളവില്‍ കാര്‍ബണ്‍ ഡയോക്ക്സൈഡ് അടങ്ങിയിട്ടുള്ള പെര്‍മാഫ്രോസ്റ്റ് എന്ന് വിളിക്കുന്ന പ്രദേശത്തെ മഞ്ഞുരുക്കുന്നതോടെ ഈ കാര്‍ബണ്‍ ഡയോക്ക്സൈഡ് അന്തരീക്ഷത്തിലേക്ക് എത്തുകയും ആഗോള താപനത്തിന്റെ തോത് വര്‍ധിക്കുകയും ചെയ്യുന്നത് ഇന്ന് പരിഹാരം കാണാനാകാത്ത ഒരു പ്രശ്നമാണ്. മാമോത്തുകളെ ഈ മേഖലയില്‍ എത്തിക്കുന്നതോടെ ഇത് പോലുള്ള പല വിഷയങ്ങളും പരിഹരിക്കപ്പെടും എന്നാണു കൊള്ളോസല്‍ അവകാശപ്പെടുന്നത്.

എന്നാല്‍ ഇത്തരത്തിലുള്ള വാദങ്ങളില്‍ കഴമ്പില്ല എന്നും അഭിപ്രായങ്ങളണ്ട്. പദ്ധതിക്ക് നൂറുകണക്കിന് മാമ്മോത്തുകള്‍ ആവശ്യമാണെന്നും ഇവയ്ക്ക് പ്രായ പൂര്‍ത്തിയാകാന്‍ 30 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്നാണ് വിമര്‍ശകര്‍ പറയുന്നു. ഗവേഷണങ്ങള്‍ക്ക് ദീര്‍ഘമായൊരു കാലയളവ് വേണ്ടിവരുന്നത് പ്രോജക്ടിന്റെ അപ്രായോഗികതയാണെന്നാണെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.


മരങ്ങള്‍ ഇടിച്ചു നിരത്തുവാനും നിലം ചവിട്ടി മെതിക്കാനും ഇഷ്ടപെടുന്ന മാമ്മോത്തുകള്‍ ആര്‍ട്ടിക് മേഖലയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുകയുള്ളു എന്ന ഭയവും പലരും പ്രകടിപ്പിക്കുന്നു. എന്തു വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും ഗവേഷണവുമായി മുന്നോട്ട് പോകാനാണ് സംഘത്തിന്റെ തീരുമാനം. ഒരു ശാസ്ത്ര വിസ്മയത്തിനായി നമ്മുക്കും കാത്തിരിക്കാം.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam