ആരാണ് ഈ നിഹംഗുകള്‍? ഇവര്‍ക്ക് നിയമം ബാധകമല്ലെ...!

OCTOBER 15, 2021, 10:58 PM

രാജ്യം ഞെട്ടലോടെ കേട്ട ഒതര സംഭവമായിരുന്നു സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ചെയ്യുന്ന പ്രദേശത്ത് ഒരു യുവാവിനെ രണ്ടു കൈകളും മുറിച്ചെടുത്ത ശേഷം കൊലപ്പെടുത്തി പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയത്.സംഭവം വിവാദമായതിന് പിന്നാലെ സിഖ് യോദ്ധാക്കളായ നിഹംഗുകളാണ് അക്രമത്തിന് പിന്നിലെന്ന് ആരോപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയും രംഗത്തു വന്നു. മരിച്ച വ്യക്തിയോ നിഹംഗുകളോ കര്‍ഷകസമരത്തിന്റെ ഭാഗമല്ലെന്നും അവര്‍ വ്യക്തമാക്കി.

നിഹംഗ് സംഘടനയായ നിര്‍വൈര്‍ ഖല്‍സ-ഉഡ്ന ദള്‍ സംഭവത്തിന്റെ ഉത്തരവാദത്വം ഏറ്റെടുത്തിട്ടുണ്ട്. ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംഘടനയുടെ തലവന്‍ ബല്‍വിന്ദര്‍ സിങ് സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആരാണ് ഈ നിഹംഗുകള്‍? അധികം ആരും കേട്ടിട്ടില്ലാത്ത ഒരു നാമം. 


vachakam
vachakam
vachakam

സിഖ് സമുദായത്തിലെ തീവ്ര നിലപാടുകളുള്ള ഒരു വിഭാഗമാണ് നിഹംഗ്. ജാതി-മത വ്യത്യാസമില്ലാതെ സിഖ് ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ താല്‍പര്യമുള്ള ഏതൊരു വ്യക്തിക്കും നിഹംഗ് വിഭാഗത്തില്‍ അംഗംങ്ങളാകാം. ഖല്‍സ പെരുമാറ്റച്ചട്ടം കര്‍ശനമായ പാലിക്കുന്നവരാണ് നിഹംഗുകള്‍. അവര്‍ ആരോടും യാതൊരു വിധേയത്വവും കാണിക്കാറില്ല.

നിഹംഗുകള്‍ അവരുടെ ആരാധനാലയങ്ങള്‍ക്ക് മുകളില്‍ ഒരു നീല പതാക ഉയര്‍ത്താറുണ്ട്. നീല നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇവര്‍ ധരിക്കുന്നത്. വലിയ നീല തലപ്പാവ് ഈ വിഭാഗക്കാരുടെ മുഖമുദ്രയാണ്. എല്ലായ്‌പ്പോഴും നിഹംഗുകളുടെ കൈവശം ആയുധം ഉണ്ടായിരിക്കും. വാള്‍, കുന്തം എന്നിവയാണ് ഇവര്‍ പ്രധാനമായും ഉപയോഗിക്കുന്ന ആയുധം. ഈ സംഘത്തിന്റെ രൂപപ്പെടലിനു പിന്നില്‍ ചില കഥകളുണ്ട്. 

ഒരു ദിവസം ഗുരു ഗോബിന്ദ് സിങ്ങിന്റെ പുത്രന്മാര്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഇളയ പുത്രനായ ബാബ ഫത്തേഹ് സിങ്ങിനെ മാറ്റി നിര്‍ത്തി. ഈ സംഭവമാണ് നിഹംഗ് എന്ന സംഘത്തിന്റെ രൂപീകരണത്തിന് കാരണമായ സംഭവമെന്നാണ് ഐതിഹ്യം.

vachakam
vachakam
vachakam


സഹോദരന്‍ തന്നെ മാറ്റിനിര്‍ത്തിയതിന് പിന്നാലെ ഫത്തേഹ് സിങ് കൊട്ടാരത്തിലേക്ക് പോയി നീല വസ്ത്രങ്ങള്‍ ധരിച്ച്, നീളമുള്ള ഒരു തലപ്പാവ് (ദസ്താര്‍) കെട്ടി കുന്തവുമെടുത്ത് പുറത്തേക്ക് വന്നു. അവരോടൊപ്പം കളിപ്പിക്കാനായി തന്റെ സഹോദരങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടിയായിരുന്നു ബാബ ഫത്തേഹ് സിങ് ഇപ്രകാരം ചെയ്തത്. എന്നാല്‍ ഗുരു ഗോബിന്ദ് സിങ് ഇത് കണ്ട് മകന്റെ വസ്ത്രധാരണരീതിയില്‍ ആകൃഷ്ടനായി. ഈ വസ്ത്രത്തില്‍ നിന്ന് നിഹംഗ് രൂപപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഗുരു ഗോബിന്ദ് സിങ്ങിന്റെ പ്രിയപ്പെട്ട സൈന്യത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത് എന്നാണ് ഐതിഹ്യം.

നിഹാംഗുകള്‍ ഇപ്പോഴും വളരെ പരമ്പരാഗതമായ ജീവിതമാണ് നയിച്ചു വരുന്നത്. ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും അവര്‍ ഇരുമ്പ് പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാറുള്ളു. കുതിരകള്‍ക്ക് അവരുടെ ജീവിതത്തില്‍ ഒരു പ്രധാന സ്ഥാനമുണ്ട്. അവയെ 'ജാന്‍ ഭായ്' എന്നാണ് നിഹംഗുകള്‍ വിളിക്കുന്നത്. 

vachakam
vachakam


ഗുരുദ്വാരകളെയും സിഖുകാരെയും സംരക്ഷിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു നിഹംഗുകള്‍. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അഫ്ഗാന്‍ ആക്രമണകാരി അഹമ്മദ് ഷാ അബ്ദാലിയുടെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളില്‍ നിന്ന് സിഖുകാരെ സംരക്ഷിക്കുന്നതില്‍ നിഹംഗുകള്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

സമീപകാലത്ത് കര്‍ഷകരുടെ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്നാണ് നിഹംഗുകള്‍ വീണ്ടും ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ഒരു വര്‍ഷത്തിലേറെയായി കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ക്യാമ്പ് ചെയ്യുന്ന ഡല്‍ഹി അതിര്‍ത്തിക്കടുത്തുള്ള സ്ഥലം സംരക്ഷിക്കുന്ന ഉത്തരവാദിത്വം നിഹംഗുകള്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. തങ്ങളുടെ സഹോദരങ്ങള്‍ക്ക് വേണ്ടി മരിക്കാനും കൊല്ലാനും തയ്യാറായാണ് സമരസ്ഥലത്ത് എത്തിയിരിക്കുന്നതെന്ന് അന്ന് നിഹംഗുകള്‍ പ്രഖ്യാപിച്ചിരുന്നു.


2020 ഏപ്രിലില്‍ ചണ്ഡീഗഡില്‍ വച്ച് ഒരു കൂട്ടം നിഹംഗുകള്‍ ഒരു പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥന്റെ കൈ വെട്ടിമാറ്റുകയും മറ്റ് മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. സംസ്ഥാനം കോവിഡ് ലോക്ക് ഡൗണില്‍ ആയതിനാല്‍ കര്‍ഫ്യൂ പാസുകള്‍ കാണിക്കാന്‍ ഒരു സംഘം നിഹംഗുകളോട് പൊലീസ് ആവശ്യപ്പെട്ടപ്പോഴാണ് അക്രമം നടന്നത്. 

അക്രമസംഭവവുമായി ബന്ധപ്പെട്ട് നിഹംഗുകളുടെ പേര് വീണ്ടും ഉയര്‍ന്നു കേള്‍ക്കുകയാണ്. മുപ്പത്തിയാറുകാരനായ ലഖ്ബീര്‍ സിങ്ങാണ് ക്രൂരമായി കൊല്ലപ്പെട്ടത്. വെട്ടേറ്റ് മരിച്ച ലഖ്ബീര്‍ സിങ്ങിന്റെ മൃതദേഹം കൈയും കാലും മുറിച്ചു മാറ്റപ്പെട്ട രീതിയില്‍ പൊലീസ് ബാരിക്കേഡില്‍ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam