തൃക്കാക്കരയിൽ തിളക്കം ഉമയ്ക്ക്; ഇടതുപക്ഷ ഹൃദയ താളം കണ്ടെത്തി ഡോ. ജോ ജോസഫ്

MAY 11, 2022, 8:29 PM

അധിക ഉദ്യോഗത്തിന്റെയും ദുരൂഹ സമസ്യകളുടെയും പൊലിമ അന്യമായി നിൽക്കുന്നു തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ; എന്നിട്ടും ഘോര യുദ്ധത്തിന്റെ പ്രതീതി പരത്തിയാണ് ഇരു മുന്നണികളുടെയും മുന്നേറ്റം. കനത്ത അവകാശവാദങ്ങളുമായി ബി.ജെ.പിയും രംഗത്തുണ്ടെങ്കിലും ത്രികോണ മൽസരം സൃഷ്ടിച്ച് ശ്രദ്ധ പിടിച്ചുപറ്റാൻ പോലും തങ്ങൾക്കാകില്ലെന്ന് രഹസ്യമായി സമ്മതിക്കുന്നു, അവരുടെ തന്നെ അണികൾ.

ഒട്ടേറെ അഭ്യൂഹങ്ങൾ പരത്തി ഗോദായിൽ ഇറങ്ങുമെന്ന് സൂചന നൽകിയ എ.എ.പി., ട്വന്റി20 സംയുക്ത സഖ്യം സ്ഥാനാർത്ഥിയെ നിർത്തുന്നില്ലെന്നു പ്രഖ്യാപിച്ചതിൽ ഏറെ ആശ്വസിക്കുന്നത് യു.ഡി.എഫ് തന്നെ. ഇതോടെ, ആശങ്കകളുടെ എല്ലാ കാർമേഘങ്ങളുമകന്ന് റെക്കോർഡ് ഭൂരിപക്ഷത്തോടെ തങ്ങളുടെ സ്ഥാനാർത്ഥി ജയിച്ചു കയറാനുള്ള അനുകൂല സാഹചര്യങ്ങളാണുള്ളതെന്ന് കോൺഗ്രസ് നേതാക്കൾ കണക്കുകൂട്ടുന്നു.

അതേ സമയം വികസന രാഷ്ട്രീയത്തിന് വോട്ട് വീഴുമെന്നും ഇടതു സ്ഥാനാർത്ഥി പുതു ചരിത്രമെഴുതുമെന്നുമുള്ള സി.പി.എം നേതാക്കളുടെ അവകാശവാദത്തെ സാധൂകരിക്കാൻ പോന്ന സൂചനകളല്ല ഇതുവരെയുള്ളത്.രണ്ടാം പിണറായി സർക്കാർ വന്ന ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പാണ് കോൺഗ്രസ്സ് നേതാവ് പി.ടി. തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന തൃക്കാക്കരയിലേത്.

vachakam
vachakam
vachakam

ഈ ഘട്ടത്തിൽ ചർച്ചയാകേണ്ടത് സർക്കാരിന്റെ നയനിലപാടുകളും സിൽവർ ലൈൻ അടക്കമുള്ള വികസന ശൈലിയുമാണെങ്കിലും സാമുദായിക ധ്രുവീകരണ പ്രവണതകൾ ശക്തമാകുകയാണ് പ്രചാരണത്തിന്റെ പിന്നാമ്പുറത്ത്. സ്ഥാനാർത്ഥിയില്ലാതിരിക്കേ ആംആദ്മിയുടേയും ട്വന്റി ട്വന്റിയുടേയും വോട്ടുകൾ ആർക്കെന്ന ചോദ്യം പ്രസക്തമാണ്. തൃക്കാക്കരയിൽ പ്രവർത്തകരേക്കാൾ അനുഭാവികളുള്ള പാർട്ടിയാണ് രണ്ടും. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കര കൂടി ഉൾപ്പെടുന്ന എറണാകുളം മണ്ഡലത്തിൽ ആം ആദ്മി സ്ഥാനാർത്ഥിയായി മത്സരിച്ച അനിത പ്രതാപ് അര ലക്ഷത്തിലേറെ വോട്ടുകൾ നേടി.

പിന്നീട് ആം ആദ്മിക്ക് ആ പ്രതാപത്തിലേക്ക്  എത്താനായില്ലെന്നത് വേറെ കാര്യം.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥി ഡോ. ടെറി തോമസിന് തൃക്കാക്കരയിൽ 13773 വോട്ട് ലഭിച്ചു. പൊതു തെരഞ്ഞെടുപ്പിലെ സാഹചര്യം ഇപ്പോഴില്ലെങ്കിലും രണ്ട് പാർട്ടികൾക്കുമായി മണ്ഡലത്തിലുള്ളത് നിർണ്ണായക വോട്ടുകൾ തന്നെ. വിവിധ വിഷയങ്ങളിൽ സർക്കാരിനോട് ഇടഞ്ഞു നിൽക്കുകയാണെങ്കിലും ട്വന്റി ട്വന്റി ഏതെങ്കിലും സ്ഥാനാർത്ഥിയെ പരസ്യമായി പിന്തുണയ്ക്കില്ല. ആം ആദ്മിയും ഇക്കാര്യത്തിൽ ട്വന്റി ട്വന്റി നിലപാടിനൊപ്പമായിരിക്കും.

കെ-റെയിലിന്റെ നിർദിഷ്ട സ്റ്റേഷനായ കാക്കനാട് കൂടി അടങ്ങുന്നതാണ് തൃക്കാക്കര മണ്ഡലമെന്നിരിക്കേ, തിരഞ്ഞെടുപ്പിൽ കെ-റെയിൽ പദ്ധതി മുഖ്യ പ്രചാരണ വിഷയമാണ്. ഇടതുപക്ഷം കെ-റെയിൽ പദ്ധതിയെ വികസനത്തിന്റെ പ്രതീകമായി അവതരിപ്പിക്കുമ്പോൾ, യു.ഡി.എഫ് നാശത്തിലേക്കുള്ള പാതയായാണ് വിശേഷിപ്പിക്കുന്നത്. തൃക്കാക്കര മണ്ഡലത്തിൽ കെ-റെയിലിന് വേണ്ടി ഒരു വീടുപോലും ഒഴിപ്പിക്കേണ്ടി വരില്ലെന്നിരിക്കേ, കെ-റെയിലിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രചാരണങ്ങൾ മണ്ഡലത്തിൽ ഏശാനിടയില്ലെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ.

vachakam
vachakam
vachakam

കെ.വി. തോമസ് ഉൾപ്പെടെ കോൺഗ്രസ്സിലെ ചിലരും പരസ്യമയോ രഹസ്യമയോ കെ-റെയിൽ പദ്ധതിയെ അനുകൂലിക്കുന്നുവെന്നതും അനുകൂല ഘടകമായി അവർ കാണുന്നു. യു.ഡി.എഫ് വിജയിച്ചാൽ അത് കെ-റെയിലിനെതിരെയുള്ള വോട്ടർമാരുടെ ചുവപ്പുകൊടിയായും ഇടതു മുന്നണി വിജയിച്ചാൽ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള പച്ചക്കൊടിയായും വിലയിരുത്തപ്പെടുക സ്വാഭാവികം.

പി.ടി. തോമസിന്റെ വിധവ ഉമാ തോമസാണ് യു.ഡി.എഫ് സ്ഥാനാർഥി. പറയത്തക്ക രാഷ്ട്രീയ പരിചയമില്ലെങ്കിലും പി.ടി. തോമസിനോടുള്ള സഹതാപ തരംഗം ഉമാ തോമസിന് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് അവരെ രംഗത്തിറക്കിയത്. പി.ടി. തോമസ് കണ്ണിലെ കൃഷ്ണമണി പോലെ ഹൃദയത്തോട് ചേർത്തുവെച്ചിരുന്ന മണ്ഡലമാണ് തൃക്കാക്കര. അദ്ദേഹത്തിന്റെ വികസന സ്വപ്‌നങ്ങൾക്കും നിലപാടുകൾക്കും പിന്നാലെ സഞ്ചരിക്കുക എന്ന വലിയ ദൗത്യമാണ് താൻ ഏറ്റെടുത്തിരിക്കുന്നതെന്നാണ് ഉമ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

മണ്ഡലത്തിന്റെ സമഗ്ര വികസനം, സ്ത്രീസുരക്ഷ, പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക സാമൂഹിക ക്ഷേമം, തൊഴിലില്ലായ്മ പരിഹരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധയൂന്നിയുള്ള പ്രവർത്തനമാണ് ലക്ഷ്യമെന്നും അവർ പറയുന്നു.ഉമയ്‌ക്കെതിരെ സി.പി.എം രംഗത്തിറക്കിയ സ്ഥാനാർഥി പുതുമുഖമെങ്കിലും പൊതുസമ്മതനും കരുത്തനുമാണെന്നാണ് അവകാശവാദം. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്്ധനും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമാണ് ഇടതു സ്ഥാനാർഥി ഡോ. ജോ ജോസഫ്. പ്രോഗ്രസീവ് ഡോക്്‌ടേഴ്‌സ് ഫോറത്തിന്റെ എറണാകുളം ജില്ലയിലെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന അദ്ദേഹം ഹൃദ്രോഗ, ഹൃദയരോഗ്യ പരിപാലന രംഗത്തെ പ്രശസ്ത എൻ.ജി.ഒ ആയ ഹാർട്ട് കെയർ ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് ട്രസ്റ്റിയാണ്.

vachakam
vachakam

സംസ്ഥാനത്തെ വിവിധ കാർഡിയോളജി സംഘടനകളുടെ ഭാരവാഹി എന്ന നിലയിൽ പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്. പ്രളയ കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.'ഇടതുപക്ഷം ഹൃദയപക്ഷം' എന്നതാണ് ഡോ. ജോ ജോസഫിന്റെ നിലപാട്. ജനങ്ങളുടെ വേദനകളും ആവലാതികളും മനസിലാക്കി പരിഹരിക്കാൻ ഇടതു പക്ഷത്തിനേ കഴിയൂ. ചെറുപ്പം മുതൽ തന്നെ ഇടത് രാഷ്ട്രീയത്തോടാണ് അടുപ്പം. വിദ്യാർഥി കാലത്ത് എസ്.എഫ്.ഐയിൽ അംഗത്വമെടുത്തിട്ടില്ലെങ്കിലും ആഭിമുഖ്യം ഇടതിനോടായിരുന്നു. പിതാവും ഇടതുപക്ഷ രാഷ്ട്രീയത്തിലായിരുന്നുവെന്ന് സ്ഥാനാർത്ഥി ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പി ദേശീയ അധ്യക്ഷനായ ജെ.പി. നദ്ദയുടെ സാന്നിധ്യത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ തൃക്കാക്കരയിൽ ബി.ജെ.പി വാശിയേറിയ മത്സരത്തിന് തയ്യാറെടുക്കുന്നുവെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. 15,000 വോട്ടുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും ബി.ജെ.പി നേടിയത്. സഭയുടെയും വിശ്വാസികളുടേയും വോട്ട് നിർണായകമായ മണ്ഡലത്തിന് പരിചിതമായ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് വഴി വോട്ട് ശതമാനം വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

തൃക്കാക്കര ഉപതരെഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ആം ആദ്മി എത്തിയതിനു പിന്നാലെയാണ് ആംആദ്മിയോട് സഹകരിച്ച് പോകാൻ ഒരുങ്ങുന്ന ട്വന്റി ട്വന്റിയും സ്ഥാനാർത്ഥിയെ നിർത്തില്ലെന്നു പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിൽ ഭാഗ്യം പരീക്ഷിച്ച് തിരിച്ചടി നേരിടേണ്ടെന്ന നിലപാടാണ് ആം ആദ്മിക്കുള്ളത്. ദേശീയ നേതൃത്വത്തിന്റേതാണ് ഈ തീരുമാനം. സംസ്ഥാനത്തെ ആം ആദ്മി പ്രവർത്തകർക്ക് ഇത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടെങ്കിലും വേറെ  മാർഗ്ഗമില്ലാതായി.

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേരളത്തിൽ കരുക്കൾ നീക്കുകയാണ് ആം ആദ്മിയുടെ ദേശീയ നേതൃത്വം. ഫലത്തിൽ മനഃസാക്ഷി വോട്ടെന്ന ആഹ്വാനത്തിലേക്ക് രണ്ടു പാർട്ടികളും എത്തും. പ്രീണന രാഷ്ട്രീയത്തിന്റെ വഴിയിൽ സീറ്റ് വെട്ടിപ്പിടിക്കാൻ സ്ഥാനാർഥികളെ നൂലിൽ കെട്ടിയിറക്കുന്നത് സി.പി.എമ്മിൽ ഇതാദ്യമല്ല. അങ്ങനെയാണ് മികച്ച ഹാസ്യനടനായ ഇന്നസെന്റ് പാർലമെന്റിലേക്ക് പോയത്. അവിടെയും തമാശക്കാരനാകനേ ഇന്നസെന്റ് തുനിഞ്ഞുള്ളൂ. അഞ്ചു കൊല്ലം കൊണ്ട് ഇന്നസെന്റോ പാർട്ടിയോ മടുത്തില്ലെങ്കിലും രണ്ടാമത് ഒരവസരം ജനം സമ്മതിച്ചു കൊടുത്തില്ല.

ഇന്നസെന്റിനെപ്പോലെതന്നെ, പ്രാപ്തനെന്ന് കണ്ടാണ് മുമ്പൊരിക്കൽ ഡോ. കെ.എസ്. മനോജിനെ ആലപ്പുഴയിൽ സ്ഥാനാർഥിയാക്കി പാർലമെന്റിലേക്ക് അയച്ചത്. വലിയ സംഭാവനകൾ പാർലമെന്റിനും പാർട്ടിക്കും നൽകിയ അദ്ദേഹമാകട്ടെ വൈകാതെ അനഭിമതനായി കളം വിട്ടു. പാർട്ടിക്കാരെ തള്ളിമാറ്റി മറ്റു പരിഗണനകൾവെച്ച് സ്ഥാനാർഥിയാക്കിയവരുടെ പേരുകൾ ഇവിടെ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നതല്ല. തൃക്കാക്കരയിൽ കഴിഞ്ഞ തവണ ഡോ. ജെ. ജേക്കബായിരുന്നു സ്ഥാനാർഥി. എറണാകുളം ലോക്‌സഭ മണ്ഡലത്തിൽ  മാണി വിതയത്തിൽ, പിന്നീട് ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, തിരുവനന്തപുരത്ത് ഡോ. ബെന്നറ്റ് എബ്രഹാം, സുൽത്താൻ ബത്തേരിയിൽ മത്തായി നൂറനാൽ എന്നിവരും സ്ഥാനാർത്ഥികളായി. കൊല്ലത്ത് നടൻ മുകേഷ് എം.എൽ.എ ആയി.

2011 ലാണ് കൊച്ചി നഗരസഭയുടെ ഏതാനും വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്ന തൃക്കാക്കര നിയമസഭാ മണ്ഡലം നിലവിൽ വന്നത്. പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും യു.ഡി.എഫി (കോൺഗ്രസ്സ്) നായിരുന്നു വിജയം. 2011 ലെ കന്നിയങ്കത്തിൽ കോൺഗ്രസ്സിലെ ബെന്നി ബെഹനാൻ ഇടതുമുന്നണിയുടെ എം.ഇ. ഹസൈനാരെ 22,406 വോട്ടിന് തോൽപ്പിച്ചു. 2016 ൽ മത്സരിച്ച പി.ടി. തോമസ് ഇടതു സ്വതന്ത്രനായിരുന്ന ഡോ. സെബാസ്റ്റ്യൻ പോളിനെ 11,996 ന് പരാജയപ്പെടുത്തി. 2021 ൽ എൽ.ഡി.എഫിലെ ഡോ. ജെ ജേക്കബിനെ 14,329 വോട്ടിനു തോൽപ്പിച്ച പി.ടി. തോമസ് മണ്ഡലത്തിൽ യു.ഡി.എഫ് ആധിപത്യം നിലനിർത്തുകയും ചെയ്തു.

മരിച്ച നേതാവിനോടുള്ള സഹതാപം രാഷ്ട്രീയ തന്ത്രമാക്കിയിട്ടുണ്ട് പല ഉപതിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ്. 2012ൽ ടി.എം. ജേക്കബിന്റെ മരണത്തെ തുടർന്ന് നടന്ന പിറവം ഉപതിരഞ്ഞെടുപ്പിൽ ജേക്കബിന്റെ മകൻ അനൂപ് ജേക്കബിനെയും ജി. കാർത്തികേയന്റെ മരണത്തെ തുടർന്ന് 2015ൽ അരുവിക്കരയിൽ കാർത്തികേയന്റെ മകൻ കെ.എസ്. ശബരിനാഥനെയും കോൺഗ്രസ്സ് മത്സരിപ്പിച്ചത് സഹതാപ വോട്ടുകൾ മുന്നിൽ കണ്ടായിരുന്നു. ഈ പരീക്ഷണങ്ങൾ വിജയിക്കുകയും ചെയ്തു. അനൂപ് ജേക്കബ് 12,070 വോട്ടിന്റെയും ശബരീനാഥൻ 10,128 വോട്ടിന്റെയും ഭൂരിപക്ഷം നേടി രണ്ട് മണ്ഡലങ്ങളിലും യു.ഡി.എഫ് ആധിപത്യം നിലനിർത്തി.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ സംസ്ഥാന രാഷ്ട്രീയത്തിലെ സമുദായ സമവാക്യങ്ങൾ മാറി മറിഞ്ഞെന്ന നിരീക്ഷണത്തിലെത്തിയവർക്ക് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ചില ഗതിമാറ്റങ്ങൾക്കുള്ള സാധ്യത കിനാവു കാണാം. പക്ഷേ, അത്തരം അടിയൊഴുക്കുകളുടെ എന്തെങ്കിലും സൂചനകൾ മണ്ഡലത്തിൽ ദൃശ്യമല്ലെന്നതാണു യാഥാർത്ഥ്യം. കഴിഞ്ഞ തവണ കളം നിറഞ്ഞുകളിച്ച ട്വന്റി ട്വന്റി  ഇത്തവണ ആം ആദ്മി പാർട്ടിയുടെ കരം ഗ്രഹിച്ച് മാറി നിൽക്കുന്നതിന്റെ ഗുണദോഷങ്ങൾ ഇരു മുന്നണികളെയും ബാധിക്കുക ഏകദേശം ഒരുപോലെയാകുമെന്ന അഭിപ്രായമാണ് പൊതുവേ മണ്ഡലത്തിലെ വോട്ടർമാർക്കിടയിലുള്ളത്.

പി.ടി. തോമസിനോടുണ്ടായിരുന്ന ട്വന്റി ട്വന്റിയുടെ ശത്രുത മുതലാക്കാൻ സി.പി.എമ്മിനു പരിമിതികളുണ്ട്. ട്വന്റി ട്വന്റി പ്രവർത്തകനെ സി.പി.എമ്മുകാർ മർദ്ദിച്ചുകൊന്നെന്ന കേസ് നിലനിൽക്കുന്നു. കിറ്റെക്‌സ് വികസന യൂണിറ്റിന് കേരളം വിട്ട് തെലങ്കാനയിലേക്കു പോകേണ്ട ഗതികേടു വന്നതിനു പിന്നിൽ സി.പി.എം ആണെന്ന ആക്ഷേപവും ഗൗരവതരം തന്നെ.
നിഷ്പക്ഷമതികളുടെ അഭിപ്രായത്തിൽ ഉമ തോമസ് മികച്ച ഭൂരിപക്ഷം നേടി ജയിക്കും. എപ്പോഴും കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന എറണാകുളം ജില്ലയിലെ പ്രമുഖ നഗരമണ്ഡലമെന്ന നിലക്ക് യു.ഡി.എഫിനു നല്ല മുൻതൂക്കമുള്ള മണ്ഡലം.

പ്രത്യേകിച്ച് കാലാകാലങ്ങളായി കോൺഗ്രസിന് ഉറച്ച പിന്തുണ നൽകി പോന്നിരുന്ന ക്രിസ്ത്യൻ സമുദായത്തിനു ഭൂരിപക്ഷമുള്ള പ്രദേശം. സർവോപരി, പി.ടി. തോമസിന്റെ ഭാര്യ തന്നെ സ്ഥാനാർഥി. കോൺഗ്രസിൽ കരുത്തിന്റെയും തന്റേടത്തിന്റെയും പ്രതീകമായിരുന്നു പി.ടി. രാഷ്ട്രീയത്തിലെ എതിരാളികളെ മാത്രമല്ല, സഭാ നേതൃത്വത്തെയും വെല്ലുവിളിച്ചാണ് അദ്ദേഹം ഉയർന്നത്. 95 കാലഘട്ടത്തിൽ മുഖ്യമന്ത്രി കെ. കരുണാകരനെതിരേ പാർട്ടിയിൽ ആന്റണിപക്ഷം കലാപം അഴിച്ചുവിട്ടപ്പോൾ മുന്നണിപ്പോരാളിയായിരുന്നു. ജീവിതസഖിയെന്ന നിലയ്ക്ക് ഉമയ്ക്കും പി.ടിയുടെ നേട്ടങ്ങളിൽ പങ്കുണ്ട്. മഹാരാജാസ് കോളജിലെ കെ.എസ്.യു പ്രവർത്തനത്തിലൂടെ രാഷ്ട്രീയം പഠിച്ചയാൾ.

ഈ സാഹചര്യങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് സി.പി.എം ജില്ലാ നേതൃത്വം ആദ്യം മുതലേ ശ്രമിച്ചത്. കെ.എസ്. അരുൺകുമാറിന്റെ പേര് സ്ഥാനാർഥിയായി ചുവരുകളിലും പത്രത്താളുകളിലും സ്ഥാനം പിടിച്ചശേഷമാണ് ഡോ. ജോ ജോസഫ് കടന്നുവന്നത്. കത്തോലിക്കാ സഭയുടെ പ്രമുഖ ആരോഗ്യ സ്ഥാപനത്തിൽനിന്ന് കത്തോലിക്കാ സമുദായക്കാരനായ ഡോ. ജോ ജോസഫിനെ സി.പി.എം സ്ഥാനാർഥിയായി തെരഞ്ഞെടുത്തത് നല്ല കണക്കുകൂട്ടലോടു കൂടിത്തന്നെയെന്ന കാര്യം വ്യക്തം. തൃക്കാക്കരയിലെ ക്രിസ്ത്യൻ സമുദായത്തിന്റെ ശക്തി നോക്കിയാൽ മതി കാരണം മനസിലാക്കാൻ. മണ്ഡലത്തിൽ ഏറ്റവും വലിയ സാന്നിധ്യം ക്രിസ്ത്യൻ സമുദായത്തിനു തന്നെ. ഏകദേശം 54 ശതമാനം. ഇതിൽ സിറിയൻ കത്തോലിക്കാ സമുദായക്കാർ 28 ശതമാനം വരും.

ലത്തീൻ കത്തോലിക്കർ ആറു ശതമാനവും യക്കോബായക്കാർ പത്തു ശതമാനവും. ബാക്കി ഇതര ക്രിസ്ത്യൻ സമുദായങ്ങളും. രാഷ്ട്രീയ കേരളത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റുമ്പോൾ തന്നെ സഭയുടെ രാഷ്ട്രീയം അളക്കാനുള്ള അളവു കോലാവുകയാണ് തൃക്കാക്കരയെന്ന നിരീക്ഷണം പലരും പങ്കു വയ്ക്കുന്നു. ഇതിനിടെയാണ്, സിറോ മലബാർ സഭയിലെ വിവാദ വിഷയങ്ങൾക്കിടെ ശിരസുയർത്തി നിൽക്കാൻ സി.പി.എമ്മിന്റെ പരോക്ഷ പിന്തുണ കർദിനാൾ ആലഞ്ചേരി തേടിവരുന്നതായുള്ള ആരോപണങ്ങൾ തീവ്രമാകുന്നത്. അതേസമയം,  ഇതിന്റെ പേരിൽ ഏതെങ്കിലും മുന്നണിക്ക് ഗുണം ലഭിക്കുമെന്ന വാദവും യുക്തിഭദ്രമെന്നു പറയാനാകില്ല.

കേരള രാഷ്ട്രീയത്തിൽ വ്യതിരിക്ത പാദമുദ്രകൾ പതിപ്പിച്ച ശേഷം മിന്നിമറഞ്ഞുപോയ പി.ടി. തോമസിന്റെ വിധവയ്ക്ക് സഹതാപ വോട്ടിന്റെ കൂടി ബലത്തിൽ റെക്കോർഡ് ഭൂരിപക്ഷം ഉറപ്പാക്കി തൃക്കാക്കരയിൽ നിന്ന് ഇടതു ഭരണത്തിനു കനത്ത തിരിച്ചടി നൽകാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. അതേസമയം, 2021 ൽ ഡോ. ജെ ജേക്കബിനു ലഭിച്ച വോട്ട് ഇക്കുറി ഡോ. ജോ ജോസഫിനു കിട്ടാതെവന്നാൽ ജനങ്ങൾക്കു മുന്നിൽ തൃപ്തികരമായ വിശദീകരണം നൽകാൻ ഇടതു മുന്നണിക്കു കഴിയാതെ വരും.

ഇത്തിരിയെങ്കിലും ശക്തി കൂട്ടുകയെന്ന ലക്ഷ്യമാണ് ബി.ജെ.പിയുടേതും. കെ.വി. തോമസിനെ കൂടെ കൂട്ടിയിട്ടും വോട്ടു കുറഞ്ഞാൽ അതിന്റെ പേരിലും ജനങ്ങൾക്കു വിശദീകരണം നൽകാൻ സി.പി.എം ക്ലേശിക്കേണ്ടിവരും. കെ.വി. തോമസിനാകട്ടെ മാനം കാക്കാൻ പുതിയ അടവുകൾ കണ്ടെത്തേണ്ടിയും വരും.

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam