കോണ്‍ഗ്രസ് എന്ന ഉപ്പ്..!

JUNE 24, 2021, 8:13 AM

ടൂള്‍ കിറ്റ് 16 ജോഷി ജോര്‍ജ്

അമ്പമ്പോ..! ഫസ്റ്റ് ബോളില്‍ ക്ലീന്‍ ക്ലീനായി ഔട്ട്..! മികച്ച കളിയാശാനും മഹാരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡിന്റെ അമരക്കാരനുമൊക്കെ ആയിരുന്ന പാരമ്പര്യമുള്ളവന്‍. എന്‍സിപിയുടെ കരുത്തനായ ശരത് പവാര്‍ജി തല്‍ക്കാലം ഒരു ചുവട് പിന്നോട്ടുവച്ച് പതുങ്ങിയിരിക്കുകയാണ്. പവാര്‍ പ്രതിപക്ഷ നേതൃനിരയിലേക്ക് എന്ന് കൊട്ടിഘോഷിച്ച് ബിജെപിക്കെതിരെ ദേശീയ തലത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമമിപ്പോള്‍ കൊണ്ടുപിടിച്ച് നടക്കുന്നത്. തുടക്കത്തില്‍ തന്നെ അതോന്നു പാളി എന്നത് നേരാണ്. എങ്കിലും പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ അദ്ദേഹം തന്നെയാണ്.

ബിജെപിയില്‍ നിന്നു കടന്നുകളഞ്ഞ യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ 15 പ്രതിപക്ഷ പാര്‍ട്ടികളെയാണ് തപ്പിപ്പിടിക്കാനൊരുങ്ങിയത്. അതില്‍ എട്ടെണ്ണമേ വലയില്‍ വീണുള്ളുവത്രെ.പിന്നെ ചടങ്ങിനൊരു യോഗം ചേര്‍ന്നുപിരിഞ്ഞു.
എന്തുപറയാനാണ്, എന്നും കയ്യാലപ്പുറത്തിരിക്കാനാണ് പവാറിന്റെ യോഗം.
1940 ല്‍ ജനിച്ച ശരദ്ചന്ദ്ര ഗോവിന്ദറാവു പവാര്‍ ഒരു കാലത്ത് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസില്‍ ഏറ്റവും ശക്തനായ നേതാവായിരുന്നു. ഇന്ദിരയുടെ കാലത്ത് നന്നായി വിലസുകയും ചെയ്തു. രാജീവിന്റെ കാലവും പവാറിന് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കിയിരുന്നില്ല.

vachakam
vachakam
vachakam

രാജീവ് ഗാന്ധിയുടെ മരണശേഷം വന്ന സര്‍ക്കാരിനെ നയിക്കുന്നത് ശരത് പവാറാണെന്ന് പലരും കരുതി. അന്നൊക്കെ സോണിയ പാര്‍ട്ടി കാര്യങ്ങളില്‍ നേരിട്ട് ഇടപെടാറുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയാവുമെന്നതിന്റെ ആഘോഷങ്ങള്‍ പോലും തുടങ്ങി പവാര്‍ ക്യാംപ്. എന്നാല്‍ തര്‍ക്കങ്ങള്‍ക്കും വാദപ്രതിവാദത്തിനുമൊടുവില്‍ അര്‍ജുന്‍ സിങ് ഉള്‍പെടെയുള്ള നേതാക്കളുടെ വടംവലിയില്‍ പവാറിന് മുട്ടു മടക്കേണ്ടി വന്നു. വെറും 54 എം.പിമാരുടെ പിന്തുണ മാത്രമാണ് പവാറിന് ഒപ്പിക്കാന്‍ കഴിഞ്ഞത്. മണ്ണുംചാരി നിന്ന റാവു പ്രധാനമന്ത്രിയുമായി.
തുടര്‍ന്ന് സോണിയ രംഗത്തു വന്നു. അവര്‍ പ്രധാന മന്ത്രി ആകുമെന്ന ഒരവസ്ഥയുണ്ടായി. അത് കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ പവാറിന് കഴിഞ്ഞില്ല. അല്പകാലം കൂടി പിടിച്ചുനിന്നിരുന്നെങ്കില്‍ പ്രധാനമന്ത്രിയാകാമായിരുന്നു. ആദ്യവട്ടും കൂടെ നിന്നവര്‍ ചതിച്ചെങ്കില്‍ രണ്ടാം വട്ടം സ്വമനസാലെ ചതിക്കപ്പെട്ട ഹതഭാഗ്യന്‍.

സോണിയാ ഗാന്ധിയുടെ നേതൃത്വത്തെ എതിര്‍ത്തതിനാല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ശരദ് പവാര്‍, പിന്നെ സാഗ്മ, താരീഖ് അന്‍വര്‍ എന്നിവര്‍ കോണ്‍ഗ്രസ് എസ്സുമായി ചേര്‍ന്ന് ഒരു കൈ നോക്കിയെങ്കിലും ക്ലച്ചുപിടിക്കുന്നില്ലെന്നുകണ്ട് 1999 മെയ് 25-ന് സ്വന്തം പാര്‍ട്ടിയുണ്ടാക്കി. അതാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്ന എന്‍.സി.പി.
പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ ഇദ്ദേഹം പാര്‍ട്ടിയുടെ പ്രസിഡണ്ടു കൂടിയാണ്. ഇന്ത്യയുടെ പ്രതിരോധമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നീ നിലകളിലായി പിന്നെ വിലസല്‍.

വീര്‍ സംഘ്വി എന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഒരിക്കല്‍ തന്റെ സ്ഥിരം കോളത്തിലിങ്ങനെ എഴുതിയതോര്‍ക്കുന്നു: മുംബൈയില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ മാത്രമേയുള്ളൂ. അതാണ് ബാലസഹേബ് താക്കറെ. അത് തന്നെയായിരുന്നു മഹാരാഷ്ട്രയിലെ രാഷ്ട്രീയ സത്യവും. എന്നാല്‍ ഒരൊറ്റ രാത്രി  കൊണ്ട് ആ സത്യത്തെ മാറ്റിയെഴുതി ശരത് പവാര്‍.

vachakam
vachakam
vachakam

അമിത് ഷാജിക്കും മോദിജീക്കും വമ്പന്‍ തിരിച്ചടി നല്‍കി മഹാരാഷ്ടയിലെ രാഷ്ട്രീയ സമവാക്യം തന്നെ മാറ്റിയെഴുതിയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പവാറായിരുന്നു.
പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ മൂന്നാം തവണയും അധികാരത്തിലെത്തിച്ച പ്രശാന്ത് കിഷോര്‍ ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ദൗത്യം ഏറ്റെടുക്കുമ്പോള്‍ കൊണ്‍ഗ്രസിനെ ആര്‍ക്കും അങ്ങിനെ അവഗണിക്കാന്‍ കഴിയില്ലെന്ന വസ്തുത തുറന്നു പറയുകയാണിപ്പോള്‍. ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തുടങ്ങിയവര്‍ മൂന്നാം മുന്നണി വേണമെന്ന നിലപാടിനെ പിന്തുണയ്ക്കുന്നവരാണ്. അവര്‍ക്കും വൈകാതെ കോണ്‍ഗ്രസ് എന്ന ഉപ്പില്ലാതെ കഞ്ഞികുടിക്കാനാകില്ലെന്ന് മനസിലാകുമെന്ന് കരുതാം..!

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam