കുതിര ശക്തിയുമായി കുംബക്കുടി ശിങ്കം

JUNE 12, 2021, 8:22 AM

ടൂള്‍ കിറ്റ് 13 ജോഷി ജോര്‍ജ്

എത്രവരും കുംബക്കുടി സുധാകരന്‍ എന്ന വ്യക്തിയുടെ കുതിരശക്തി എന്ന് ഇനിയും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രത്തിലെ കൊടിമരത്തോളം പോന്ന ഉയരം. ഒരു കെ.എസ്. യുക്കാരനായാണ് തുടക്കം. ആരെന്തു പറഞ്ഞാലും എന്നേന്നും ആള്‍ ഒറിജിനല്‍ കോണ്‍ഗ്രസുകാരനാണ്.വയക്കര രാമുണ്ണി മേസ്ത്രിയുടേയും മാധവിയുടേയും മകനായി 1948 ജൂണ്‍ ഏഴിന് ജനനം. പത്താംക്ലാസും ഗുസ്തിയും കഴിഞ്ഞ് മനസ്സിരുത്തിപ്പഠിച്ച് എം.എയും എല്‍.എല്‍.ബിയും നേടിയെടുത്തു.

കെ.എസ്.യു വിന്റെ സജീവ പ്രവര്‍ത്തകനായി തുടക്കം. സാക്ഷാല്‍ കോണ്‍ഗ്രസ് പിന്നെ സംഘടനാ കോണ്‍ഗ്രസായപ്പോള്‍ സുധാകരനും അതില്‍ ചേര്‍ന്നു. സംഘടനാ കോണ്‍ഗ്രസ് ജനതാ പാര്‍ട്ടിയായപ്പോള്‍ കക്ഷിയും അതില്‍ ലയിച്ചു. എംഎല്‍എ ആയി. ജനത നാനാവിധമായപ്പോള്‍ അസല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നുണ്ടാക്കിയാലോ എന്ന് പോലും ചിന്തിച്ചു. ഹേയ്..., സുധാകരന്മാരനവധിയുള്ളതിനാല്‍ രക്ഷപെടില്ലെന്നു മനസിലാക്കി. എന്നാല്‍, ഗോപാലന്മാര്‍ ഏറെയില്ലെന്നു കണ്ടെത്തി.

vachakam
vachakam
vachakam

അന്ന് എ. കെ ഗോപാലന്‍ കഴിഞ്ഞാല്‍ പിന്നെ ഒരു ഗോപാലനെയുള്ളു. കെ. ഗോപാലന്‍. നേതാവായി സുധാകരന്‍ ആദ്യം കണ്ടെത്തിയത് കെ. ഗോപാലനെയാണ്. നേതാവാണെന്നു കരുതി അങ്ങേരുടെ പെട്ടി ചുമക്കേണ്ട. ഒരു കറുത്ത ബാഗു മാത്രമാണ് ഗോപാലേട്ടനുള്ളത്. അത് സ്വയം കക്ഷത്തില്‍ തിരികിക്കോളും. ചൂരല്‍വടിയുടെ വണ്ണം പോലുമില്ലാത്തതിനാല്‍ കൂടെ നടന്നാല്‍ കാണ്ടാമൃഗവും ടിക്പക്ഷിയും പോലിരിക്കും. കുറേനാള്‍ കൂടെ നടന്നു. അത്രക്കങ്ങ് പച്ച പിടിക്കുന്നില്ലെന്നായപ്പോള്‍ കമലത്തെ കൂട്ടുപിടിച്ചു.

അവിടേയും സോഷ്യലിസം അങ്ങട് ഏല്‍ക്കുന്നില്ലെന്നു കണ്ടപ്പോള്‍ കമലത്തേയും കൊണ്ട് കോണ്‍ഗ്രസിലെത്തി. കെ. മുരളീധരന്‍ അന്ന് മുട്ടയില്‍നിന്ന് വിരിഞ്ഞിട്ടേയുള്ളു.
അങ്ങിനെ കോണ്‍ഗ്രസുകാരന്‍ സുധാകരന്‍ കണ്ണൂരിലൂടെ നെഞ്ചു വിരിച്ച് നടക്കുമ്പോഴാണ് സംഘടന തെരഞ്ഞെടുപ്പു വന്നത്. എയോ, ഐയെ, തിരുത്തലോ, നാലാം ഗ്രൂപ്പോ എന്നൊന്നും നോക്കിയില്ല. (പിന്നീട് ഉമ്മന്‍ചാണ്ടിയിലുടെ മുകളിലേക്ക് ചവിട്ടിക്കയറിയ കെ. സി വേണുഗോപാല്‍ അന്ന് തിരുത്തുന്ന പണിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു.)
സംഘടനാ കോണ്‍ഗ്രസില്‍ നിന്നുവന്ന തനല്ലാതെ പിന്നെ ആരാണ് സംഘടനാതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതെന്ന് നട്ടെല്ലു നിവര്‍ത്തി ഒരു ചോദ്യചിഹ്നമായി നിന്നപ്പോള്‍..!

അനുയായികള്‍ കുമിഞ്ഞുകൂടി. വോട്ടു പെട്ടിയിലൂടെ ഡിസിസി പ്രസിഡന്റുമായി. ഒരുകാലത്ത് കണ്ണൂരിലെ കോണ്‍ഗ്രസ് എന്നാല്‍ കപ്പടാമിശക്കാരന്‍ രാമകൃഷ്ണനായിരുന്നെങ്കില്‍ പിന്നത് സുധാകരനായി. അനുയായികള്‍ക്കും പെരുത്തുതാത്പര്യം! സുധാകരന്റെ ആളാണെന്നു പറഞ്ഞാല്‍ പൊറോട്ടയും പോത്തിറച്ചിയും 'ഫ്രീ'. ഖദര്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ പേനയോ, പേനാക്കത്തിയോ തിരുകേണ്ടു എന്ന ശങ്ക ശിങ്കിടികളില്‍ പലര്‍ക്കുമുണ്ടായി...!
അതുവരെ കോണ്‍ഗ്രസുകാരനെ ഓടിച്ചിട്ടു കൊല്ലാന്‍ നടന്ന അന്തംകമ്മികള്‍ അരിശം തീര്‍ക്കാന്‍ ബിജെപിക്കാരുടെ പിറകെ നടന്നായി കൊലവിളി..!

vachakam
vachakam
vachakam

രാഷ്ട്രീയത്തില്‍ ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികള്‍ ഇല്ലെങ്കില്‍ സുധാകരന് ഉറക്കം ശരിയാകില്ലെന്നതാണ് സത്യം. 1980 ല്‍ ആണ് നിയമസഭയിലേക്കുള്ള കന്നിയങ്കം. എടക്കാട് മണ്ഡലത്തില്‍ മല്‍സരിക്കാന്‍ കെ. കരുണാകരന്‍ ആവശ്യപ്പെട്ടപ്പോള്‍ ജയിക്കുന്നതു വരെ മല്‍സരിപ്പിക്കണമെന്ന ഒരാവശ്യം മാത്രമാണ് ഈ ഗാഠാഗുസ്തി ചാമ്പ്യന്‍ മുന്നോട്ടുവച്ച നിബന്ധന..!
1982 ല്‍ എടക്കാടും ,1987-ല്‍ തലശ്ശേരിയില്‍ നിന്നും പൊരുതിത്തോറ്റു. എന്നാല്‍ വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ജയിക്കുന്ന മണ്ഡലത്തില്‍ സുധാകരന്റെ എതിരാളിയുടെ ഭൂരിപക്ഷം വല്ലാതങ്ങ് കുറപ്പിക്കാനായി.

1991-ല്‍ എടക്കാട് മണ്ഡലത്തില്‍ മത്സരിച്ച സുധാകരന്‍, സിപിഎമ്മിലെ ഒ. ഭരതനോട് കേവലം 219 വോട്ടിനാണ് പരാജയപ്പെട്ടത്. ആ തിരഞ്ഞെടുപ്പില്‍ അയ്യായിരത്തിലേറെ കുത്തിയിട്ടത് അസല്‍ കള്ളവോട്ടുകളാണെന്ന് ജ്ഞാനദൃഷ്ടിയാല്‍ മനസ്സിലാക്കിയ സുധാകരന്‍ നിയമ പോരാട്ടത്തിനിറങ്ങി.

അതില്‍ 3000 വോട്ടുകള്‍ അസ്സല്‍ കള്ളവോട്ടാണെന്ന് ടിയാന്‍ തെളിയച്ചതോടെ ഒ. ഭരതന്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി. എന്നിട്ടും വിട്ടില്ല. തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോയി. 1992-ല്‍ ഹൈക്കോടതി സുധാകരനെ വിജയിയായി പ്രഖ്യാപിച്ചു.

അതേത്തുടര്‍ന്ന് ഒ.ഭരതന്‍ സുപ്രീം കോടതിയിലേക്ക് വച്ചു പിടിച്ച് അപ്പീല്‍ കൊടുത്തു. 1996-ല്‍ സുപ്രീം കോടതി ഒ.ഭരതനെ വിജയിയായി പ്രഖ്യാപിച്ചതോടെ ശിങ്കം മുറുമുറുത്തുകൊണ്ട് പിന്മാറി.
1996, 2001, 2006 ലും കണ്ണൂര്‍ നിയമസഭാംഗമായി സുധാകരന്‍ തുടര്‍ച്ചയായി വിജയക്കൊടി പാറിക്കാന്‍ തുടങ്ങി.

2001 ല്‍ വനം മന്ത്രിയായി നാട്ടിലും കാട്ടിലും വിലസി.
2009-ല്‍ നടന്ന ലോക്‌സഭ തിരഞ്ഞടുപ്പില്‍ സിപിഎമ്മിലെ കെ.കെ. രാഗേഷ് ഫയല്‍വാനെ മലര്‍ത്തിയടിച്ചു. അങ്ങിനെ കണ്ണൂരില്‍ നിന്നുതന്നെ ആദ്യമായി ലോക്‌സഭയിലുമെത്തി ഈ വീരശുരശിങ്കം!

2014-കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലും, 2016 ഉദുമ നിയമസഭാ മണ്ഡലത്തിലും മല്‍സരിച്ചുവെങ്കിലും അടിതെറ്റി.2019-ല്‍ പി.കെ. ശ്രീമതിടീച്ചറെ 94559 വോട്ടിന് തോല്‍പ്പിച്ച് സുധാകരന്‍ വീണ്ടും ലോക്‌സഭയിലെത്തി.

കണ്ണൂരിലെ കടുത്ത സുധാകര വിരോധികള്‍ കുടിപ്പകയുമായി പലവട്ടം നടത്തിയ വധശ്രമങ്ങളില്‍ നിന്ന് തലനാരിഴക്ക് അത്ഭുതകരമായി രക്ഷപ്പെട്ടവനാണ് സുധാകരന്‍. അതുകൊണ്ടു തന്നെയാണ് സിപിഎമ്മിലെ ബേബി-ബാലന്മാര്‍ മുറുമുറുത്തുനടക്കുന്നത്. അക്കൂട്ടത്തില്‍ ഓലിയിടാന്‍ ഇന്നലെവരെ കുടെനിന്ന പി. സി ചാക്കോയും കൂടിയിട്ടുണ്ട്.

കെ. കരുണാകരന്‍ - എ.കെ. ആന്റണി യുഗത്തിനു ശേഷം കേരളത്തിലെ കോണ്‍ഗ്രസിനെ നയിച്ച ഉമ്മന്‍ ചാണ്ടി- രമേശ് ചെന്നിത്തല കൂട്ടുകെട്ടിന്റെ ആശീര്‍വാദത്തോടെയല്ല സുധാകരന്‍ വരുന്നതെന്ന  പ്രത്യേകതയുമുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കാലം കാത്തുവച്ച ആ നേതാവ് സാക്ഷാല്‍ സുധാകരന്‍ തന്നയാണെന്ന് കോണ്‍ഗ്രസുകാരല്ലാത്തവര്‍ പോലും പറയുന്നു. ഇനിയെല്ലാം കാത്തിരുന്നു കാണുകതന്നെ..!

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam