അമ്പമ്പോ...നമ്മുടെ എംപിമാരുടെ ശമ്പളം

JUNE 20, 2021, 8:39 PM

ടൂള്‍ കിറ്റ് 15 ജോഷി ജോര്‍ജ്

നമ്മുടെ ലോക്‌സഭയിലെ ആകെ അംഗസംഖ്യ 545. ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്ന് ജനങ്ങളാല്‍ 543 പേരെ ്‌നേരിട്ട് കോടികള്‍ വാരിയെറിഞ്ഞ് തിരഞ്ഞെടുക്കുകയാണ്. മറ്റുരണ്ടു പേരെ 'ആംഗ്ലോ ഇന്ത്യന്‍' വിഭാഗത്തില്‍ നിന്നും രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നു.

സാമൂഹ്യ പ്രതിബദ്ധതയും അവര്‍ വാങ്ങുന്ന ശമ്പളവും എല്ലാം കുറേക്കാലമായി സമൂഹത്തിന്റെ വിമര്‍ശനമുനകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞ വര്‍ഷം സിനിമാനടന്‍ ജോയി മാത്യു എംപിമാരോട് ചോദിച്ച ഒരു ചോദ്യം ഇവിടെ പ്രസക്തമാണ്. കേരളത്തിലെ 20 എംപിമാര്‍ എന്തു ചെയ്യുന്നു? എം പി മാരില്‍ 19 പേരും പ്രതിപക്ഷകക്ഷികളാണ് എന്ന് പറഞ്ഞു മുഖ്യമന്ത്രി പന്ത് യുഡിഎഫ് കോര്‍ട്ടിലേക്കാണ് തട്ടിയത്. പ്രതിപക്ഷ നേതാവ് തങ്ങളുടെ എം പി മാര്‍ ജനങ്ങള്‍ക്കു വേണ്ടി എന്ത് ചെയ്യുന്നു എന്ന് വ്യക്തമാക്കണമെന്നുമൊക്കെ ജോയി മാത്യു ചോദിച്ചിരുന്നു. അതിനൊന്നും കൃത്യമായ മറുപടി ആരും നല്‍കിക്കണ്ടതുമില്ല.

vachakam
vachakam
vachakam

അതൊന്നു വിപുലീകരിച്ച് ഇപ്പോഴും അതുതന്നെയാണ് ഞങ്ങള്‍ക്കും ചോദിക്കാനുള്ളത്...? ഇന്ത്യയിലെ എംപി മാര്‍ ഈ കൊറോണക്കാലത്ത് എന്തു ചെയ്യുന്നു..? ശമ്പളവും അലവന്‍സുമടക്കം പൊതുഖജനാവില്‍ നിന്ന് 2.7 ലക്ഷം രൂപ ഒരു എംപിക്കായി ഒരു മാസം നല്‍കുന്നുണ്ട്. ദോഷം പറയരുതല്ലോ. കൊറോണ വൈറസ് ബാധ മൂലം രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങിയപ്പോള്‍ ശമ്പളത്തില്‍ നിന്ന് മുപ്പതുശതമാനം കുറച്ച് വലിയ മഹാമനസ്‌ക്കത കാട്ടിക്കളഞ്ഞു.

2016ലാണ് അന്നത്തെ ബി.ജെ.പി.യുടെ എപിയായിരുന്നു ഇന്നത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശപ്രകാരം എംപിമാരുടെ ശമ്പളക്കാര്യത്തില്‍ വലിയൊരു വര്‍ദ്ധനവാണ് നടത്തിയത്. ഇഹലോക സുഖസൗകര്യങ്ങളെല്ലാം ത്യജിച്ച ഒരു യോഗിവര്യന്‍ തന്നെയാണല്ലേ  ഇത്തരം കാര്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ടത്. തീര്‍ന്നില്ല, പെന്‍ഷനില്‍ 75 ശതമാനം വര്‍ദ്ധന വരുത്താനും ആ സമിതിക്ക് കഴിഞ്ഞു.

കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഇന്ത്യയിലെ എംപിമാരുടെ ശമ്പളത്തിലുണ്ടായ വര്‍ദ്ധന വോട്ടറന്മാരായ നമ്മള്‍ അറിഞ്ഞിരിക്കണം. വളരെ ചെറിയൊരു വര്‍ദ്ധന. അത്രമാത്രം. ഇതിവിടെ മാത്രമല്ല, നമ്മുടെ മാതൃകയായ ബ്രിട്ടിഷ് പാര്‍ലമെന്റിലെ അംഗങ്ങള്‍ക്ക് ഇക്കാലയളവില്‍ ശമ്പളവര്‍ധന ഉണ്ടായിട്ടുണ്ട്. 13 ശതമാനം..! അപ്പോ നമ്മുടെത് എത്രശതമാനമാണെന്ന് ഊഹിക്കാമോ..? കേവലം 400 ശതമാനം മാത്രം...!. അതില്‍ നിന്ന് 30 ശതമാനമാണ് കുറച്ചത്. എത്രവലിയ കരുണാനിധികളാണ് നമ്മുടെ എംപിമാര്‍.

vachakam
vachakam
vachakam

ഇവിടെയാണ് വരുണ്‍ ഗാന്ധി എന്ന എംപിയെ നമ്മള്‍ മാനിക്കേണ്ടത്. എംപിമാരുടെ പ്രതിഫലം എംപിമാര്‍തന്നെ നിശ്ചയിക്കുന്നതിനെ ചോദ്യംചെയ്തു ബിജെപി എംപികൂടിയായ വരുണ്‍ ഗാന്ധി. 2017 ഓഗസ്റ്റ് ഒന്നിനാണ് ലോക്‌സഭയില്‍ വരുണ്‍ ഗാന്ധി കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് സന്തം ശമ്പളം എംപിമാര്‍ നിശചയിക്കുന്നതിനു പകരം, ബ്രിട്ടിഷ് മാതൃകയില്‍ പുറമേനിന്നുള്ളവരുടെ സമിതി ഇതിനായി രൂപീകരിക്കണമെന്ന് ഒരു നല്ല നിര്‍ദ്ദേശവും അദ്ദേഹം അന്ന് മുന്നോട്ടുവച്ചു. തീര്‍ന്നില്ല, അന്നത്തെ ലോക്‌സഭ സ്പീക്കര്‍ സുമിത്രാ മഹാജന് വരുണ്‍ നീണ്ട ഒരു കത്തെഴുതി. 'സാമ്പത്തികമായി മുന്നിട്ടു നില്‍ക്കുന്ന എംപിമാരുടെ ശമ്പളം ജനോപകാരപ്രദമായ പദ്ധതികളിലേക്ക് നല്‍കാന്‍ തക്കവിധം ഒരുപദ്ധതി കൊണ്ടുവരണം. അതിനായി ഒരു കമ്മിറ്റിയെയും വയ്ക്കണം എന്നൊക്കെ. നടക്കാത്ത എത്ര സുന്ദരമായ സ്വപ്‌നം അല്ലേ...! അത് നടപ്പായില്ലെങ്കിലും എംപി എന്ന നിലയില്‍ ഒരു രൂപ പോലും ശമ്പളം കൈപ്പറ്റിയിട്ടില്ല വരുണ്‍ ഗാന്ധി ഇതുവരെ. ഈവക വിവരങ്ങളൊന്നും നമ്മുടെ ദേശീയ മാധ്യമങ്ങള്‍ കണ്ടതായി നടിക്കില്ല. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ആ തുക വീതിച്ചുകൊടുക്കുകയാണ് വരുണ്‍ ഗാന്ധി ചെയ്യുന്നത്.

നമുക്ക് പൊറുക്കാന്‍ പറ്റാത്ത ചിലതൊക്കെ പണ്ട് വിളിച്ചുപറഞ്ഞ മഹാനാണ് വരുണ്‍ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീങ്ങളെ പാകിസ്താനിലേക്ക് അയക്കണമെന്ന് പറഞ്ഞ പരാമര്‍ശം വലിയ വിവാദവുമായി. ആദ്യം വരുണിന്റെ പാര്‍ട്ടിയായ ബി.ജെ.പി. ഈ പരാമര്‍ശത്തെ പിന്താങ്ങിയില്ലായിരുന്നുവെങ്കിലും തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ അംഗീകരിച്ചില്ല. പണ്ട് പിലിഭിത്തില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മുസ്ലിം വിരുദ്ധ പ്രസംഗം നടത്തി എന്നാരോപിച്ച് ഉത്തര്‍പ്രദേശ് പോലീസ് വരുണ്‍ഗാന്ധിയെ പിടികൂടി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ദേശ സുര്‍ക്ഷാ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ നമ്മുടെ നാട്ടുകാരനും അന്നത്തെ ചീഫ് ജസ്റ്റിസസുമായിരുന്ന കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു എന്നത് വേറേ കാര്യം.

2004ലാണ് വരുണും അമ്മ മേനക ഗാന്ധിയും ബിജെപിയില്‍ ചേരുന്നത്. വളരെ പെട്ടെന്ന് വരുണ്‍ ദേശീയരാഷ്ട്രീയത്തില്‍ ശോഭിച്ചു. രണ്ടുവട്ടം എംപിയുമായി. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്താണ് മോദിയുടെയും അമിത് ഷായുടെയും കണ്ണിലെ കരടായത്. രാഹുലിനെതിരെ അമേത്തിയില്‍ മല്‍സരിക്കണമെന്ന നിര്‍ദേശം വരുണ്‍ തള്ളിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

vachakam
vachakam

വരുണ്‍ ഗാന്ധിയുടെ ജീവുതത്തിലെഏറ്റവും വലിയ നഷ്ടം ഒരു മകളുടെ മരണമായിരുന്നു. ജനിച്ച് മൂന്നാംമാസത്തിലാണ് വരുണിനും ഭാര്യ യാമിനി റോയ് ചൗധരിക്കും മകളെ നഷ്ടപ്പെട്ടത്. വരുണിനെ ആ സംഗതി ആകെ മാറ്റിമറിച്ചുകളഞ്ഞു. സാധാരണക്കാരുടെയും പാവങ്ങളുടേയും പ്രശ്‌നങ്ങള്‍ കാണാനും അതിന് തന്നാല്‍ കഴിയുന്നവിധം പരിഹാരം കണ്ടെത്താനും കക്ഷി തുനിഞ്ഞിറങ്ങി.പശുമാംസവും മൂത്രവുമൊക്കെ വിട്ട് കാര്യഗൗരവക്കാരനായത് താപ്പാനകള്‍ക്ക് പലര്‍ക്കും അത്ര പിടിച്ചില്ല.
2014ല്‍ രണ്ടാമത്തെ മകള്‍ ജനിച്ചെങ്കിലും ആ ശൈലയില്‍ തെല്ലും മാറ്റം വരുത്താനും പോയില്ല. ഇത്തരം മനം മാറ്റം വന്ന എംപിമാരുടെ എണ്ണം അനുദിനം ഏറിവരു്ന്ന ഒരു കാലം ടൂള്‍ കിറ്റ് കിനാവു കാണുകയാണ്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam