കല്ലിടാൻ മൂന്നുകോടി, കൈപ്പുസ്തകത്തിന്റെ കവർചിത്രമടിക്കാൻ ഏഴരലക്ഷം, കേരളത്തിന്റെ കീശ ചോരുന്നൂ, കെ റെയിലിലൂടെ...

MAY 18, 2022, 6:07 PM

അറിയാൻ മേലാത്തതുകൊണ്ട് ചോദിക്കുകയാ, ഈ സാമൂഹികാഘാത സർവേ എന്നു പറഞ്ഞാൽ എന്തുവാ ഹേ? സർവേ നടത്തുന്നതെന്തിനാ? സമൂഹത്തിന് ആഘാതമുണ്ടെന്നു കണ്ടെത്തിയാൽ ആ പദ്ധതി ഉപേക്ഷിക്കാനല്ലേ? എന്നാൽ, നമ്മുടെ മുഖ്യൻ പറയുന്നതോ, എന്തു വിലകൊടുത്തും കെ-റെയിൽ നടപ്പാക്കുമെന്നും..! ഇതെല്ലാം ന്യായമോ? അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് സർവേ? കെൃറെയിൽ നാട്ടുകാരുടെ നെഞ്ചത്തു കൂടി അങ്ങ് നടപ്പാക്കിയാൽ പോരേ?

ഇനി കേന്ദ്രത്തിന്റെ കാര്യം. നേരെ കേറി കെ-റെയിൽ നടപ്പാക്കുന്ന കമ്പനിയിൽ പങ്കാളിത്തമെടുത്ത  മോദിസർക്കാരിന്റെ സംസ്ഥാനത്തെ പാർട്ടിഘടകം നടത്തുന്ന പ്രതിഷേധ കോലാഹലങ്ങൾ ആരുടെ കണ്ണിൽ പൊടിയിടാനാണ്? ഇതുവരെ സംസ്ഥാന ബി.ജെ.പി. കെൃറെയിലിനെക്കുറിച്ച് 'തൊട്ടും തൊടാതെയും' പ്രസ്താവനകൾ നടത്തി തടിതപ്പിനിൽക്കുകയാണ്.

കാലം മാറി, കഥ മാറി, കടമൊട്ട് മാറുന്നുമില്ല

vachakam
vachakam
vachakam

കെ-റെയിൽ പദ്ധതി ആവിഷ്‌ക്കരിച്ച കാലഘട്ടമല്ല ഇത്. ആഗോളവത്ക്കരണത്തിന്റെ ആദ്യത്തെ ഇര, കണ്ണുനീർത്തുള്ളി പോലെ. ഇന്ത്യൻ മഹാസമുദ്രത്തിൽ കിടക്കുന്ന ശ്രീലങ്കയാണ്. വിദേശ കടമെടുത്ത് മുടിഞ്ഞ സർക്കാരാണ് അവിടെ. ന്യൂജെൻ ബാങ്കുകളുടെ 'ലോൺ ആപ്ലിക്കേഷനിൽ' കുരുകുരാ എഴുതിവയ്ക്കാറുള്ള കുരുക്കുകൾ പോലെയുള്ള വ്യവസ്ഥകളിൽ പെട്ടിരിക്കുകയാണ്. ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും കടമെടുത്ത പണം വീട്ടാൻ നിർവാഹമില്ലാതെ കെട്ടിയുയർത്തിയ പദ്ധതികളും അവ സ്ഥിതി ചെയ്യുന്ന ഭൂമിയും വിദേശ രാജ്യങ്ങൾക്ക് അടിയറ വയ്‌ക്കേണ്ടി വന്നിരിക്കുന്നു.

പുതിയ അന്താരാഷ്ട്ര സാമ്പത്തിക വിശകലനവും പ്രവചനവുമെല്ലാം അമിതമായി വിദേശ വായ്പ വാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുതേയില്ല. ഇന്ത്യയിൽ പോലും മൂന്ന് സംസ്ഥാനങ്ങൾ (പശ്ചിമ ബംഗാളും, ബീഹാറും, പഞ്ചാബും) അതിഭീകരമായ സാമ്പത്തിക കുരുക്കിൽ വീഴാൻ പോകുകയാണെന്നുള്ള മുന്നറിയിപ്പുകൾ ഉയർന്നു കഴിഞ്ഞു. ഭക്ഷണത്തിനും ഇന്ധനത്തിനും വില കൂടുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ഉക്രെയിൻ റഷ്യ യുദ്ധം ഉണ്ടാക്കിയ സാമ്പത്തിക പ്രശ്‌നങ്ങൾ ലോകം അറിഞ്ഞു തുടങ്ങുന്നതേയുള്ളൂ.

ഇന്ത്യയിൽ പോലും കഴിഞ്ഞ 17 വർഷക്കാലത്തെ കണക്കുകൾ വച്ച് വിലക്കയറ്റം റെക്കോഡ് ഉയരത്തിലാണ് 15.09 ശതമാനം! ഇന്ധന വില കഴിഞ്ഞ ഒന്നരവർഷക്കാലയളവിൽ 35 ശതമാനമാണ് കൂടിയത്. ഇതെല്ലാം ഒരു കൺസ്യൂമർ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന് ചിന്തിക്കാൻ നമ്മുടെ ഭരണാധികാരികൾക്ക് കഴിയാത്തതെന്തേ ?

vachakam
vachakam
vachakam

കെ-റെയിലിന് വേണ്ടി കൈയയച്ച് ...

''സിൽവർലൈൻ: അറിയേണ്ടതെല്ലാം'' എന്ന പേരിൽ ഒരു കൈപ്പുസ്തകം സർക്കാർ തയ്യാറാക്കിക്കഴിഞ്ഞു. സർക്കാർ പ്രസ്സിലാണ് അച്ചടി. ആദ്യം 5 ലക്ഷം പുസ്തകം അച്ചടിക്കും. പുസ്തകത്തിന്റെ കവർ അച്ചടി സി ആപ്റ്റിനെയാണ് ഏൽപ്പിച്ചിട്ടുള്ളത്. ചാർജ് എത്രയാണെന്നോ? ഏഴര ലക്ഷം രൂപ. ഇനി കെ-റെയിലിനു വേണ്ടി സ്ഥാപിച്ച മഞ്ഞക്കുറ്റിയുടെ കാര്യം. ഇതേവരെ കല്ലിടാൻ ചെലവായത് 3 കോടി ഒരു ലക്ഷം രൂപ. 20,000 കല്ലിനാണ് ഓർഡർ നൽകിയത്. ഒരു കുറ്റിക്ക് 1000 രൂപ. ഇതേവരെ ഇട്ടത് 6020 കല്ലുകൾ. ഒരു കല്ലിടാൻ ചെലവ് ഏകദേശം 5000 രൂപ.

ഓർഡർ ചെയ്ത കല്ലുകൾക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടിവരാം. ആ കണക്ക് ഇപ്പോൾ പറയുന്നില്ല.
പ്രളയം കഴിഞ്ഞ് 4 വർഷമായിട്ടും റീബിൽഡ് കേരള എങ്ങുമെത്താത്തതിനു കാരണം കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്മാർ തിരക്കിലായി പോയതാണെന്ന പരാതിയുണ്ട്.

vachakam
vachakam

പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, കടൽക്ഷോഭം എന്നിങ്ങനെയുള്ള ദുരന്തങ്ങളിൽ പെട്ടവർ ഇപ്പോഴും ഗതിയില്ലാപ്പരുവത്തിലാണ്. ഇതിനിടെ വികസനത്തിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളിയിലെ 316 കുടുംബങ്ങളുടെ ദുരിതങ്ങളും പിണറായിയുടെ ഒന്നും, രണ്ടും സർക്കാരുകൾ കാണുന്നതേയില്ല.


വിദേശനിക്ഷേപം: കണ്ടോ സ്റ്റാലിൻ സ്റ്റൈൽ !

വിദേശനിക്ഷേപം ആകർഷിക്കാൻ കേരളം  'കേരള ലോക സഭ' സംഘടിപ്പിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷമായി. 2022 ജൂൺ 17, 18 തീയിതകളിലാണ് ഈ സമ്മേളനം തലസ്ഥാനത്ത് നടക്കുക. കേരള ലോക്‌സഭയിൽ പങ്കെടുക്കുന്നത് കേരളത്തിൽ നിന്നുള്ള എം.പി.മാർ, എം.എൽ.എമാർ, പ്രവാസികളുടെ പ്രത്യേക ക്ഷണിതാക്കൾ അടക്കം 351 പേരാണ്. കഴിഞ്ഞ രണ്ട് കേരളാ ലോക് സഭാ സമ്മേളനങ്ങളുടെ ചെലവ് 3.14 കോടി രൂപയാണ്. കഴിഞ്ഞ ലോകസഭാ, നടത്തിപ്പിനുശേഷം കേരളത്തിൽ തുടങ്ങാനായത് ഒരു പദ്ധതി മാത്രമാണ്.

റെസ്റ്റ് ടോപ്പ് എന്നു പേരിലുള്ള പാതയോര വിശ്രമകേന്ദ്രങ്ങളുടെ ശൃംഖലയായിരുന്നു ഇത്. 210 ജനുവരി 12,13 തീയതികളിൽ നടന്ന ലോകസഭയുടെ ചെലവ് 2.03 കോടി രൂപ. രണ്ടാമത്തെ ലോകസഭ നടന്നത് 2020 ജനുവരി 2,3 തീയതികളിൽ ചെലവ് 1.11 കോടി രൂപ. മൂന്നാം ലോകസഭയുടെ ചെലവ് എത്രയാകുമോ എന്തോ ?

അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ഇങ്ങനെ പുക്കാറും പുകിലുമൊന്നുമില്ല. സ്റ്റാലിൻ ഭരണമേറ്റ ആറ് മാസത്തിനുള്ളിൽ വിദേശത്ത് നിന്ന് തമിഴ്‌നാട്ടിലെത്തിയത് 8634 കോടി രൂപയുടെ പദ്ധതികൾ.  ഒരു വർഷത്തിനിടെ തമിഴ്‌നാട് ഒപ്പുവച്ചത് 68375 കോടി രൂപയുടെ ധാരണാപത്രങ്ങളാണ്. 2030ഓടെ തമിഴ് നാടിനെ 1 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തികശക്തിയാക്കുകയെന്നതാണ് സ്റ്റാലിന്റെ ലക്ഷ്യം. കോവിഡിനുശേഷം 6 ലക്ഷം കുട്ടികൾ സ്വകാര്യസ്‌കൂളുകൾ ഉപേക്ഷിച്ച് സർക്കാർ സ്‌കൂളുകളിലെത്തിയപ്പോൾ കഴിഞ്ഞവർഷം തന്നെ 36,000 കോടി രൂപയാണ്  ഗവൺമെന്റ് സ്‌കൂളുകളിൽ സൗകര്യങ്ങൾ കൂട്ടാനായി സ്റ്റാലിൻ ചെലവഴിച്ചത്.

സ്റ്റാലിനെ കണ്ടു പഠിക്കണമെന്നല്ല, തമിഴ്‌നാട്ടിൽ നടക്കുന്നതെന്തെന്ന് നാം നിരീക്ഷിക്കുകയെങ്കിലും വേണം. തമിഴ്‌നാട് സർക്കാരും ഉദ്യോഗസ്ഥരും പ്രകടിപ്പിക്കുന്ന 'അവസരം മുതലാക്കൽ' ശൈലിയും നാം കാണ്ടേതുണ്ട്. രണ്ട് ഉദാഹരണങ്ങളേ പറയുന്നുള്ളൂ. വിഷു ഈദ് ആഘോഷങ്ങൾക്കുവേണ്ടി ഗൾഫിലേക്ക് ആവശ്യമായ വിഷരഹിത പച്ചക്കറി തമിഴ്‌നാട്ടിൽ നിന്നു വാങ്ങിയാണ് കേരളത്തിലെ വ്യാപാരികൾ കയറ്റുമതി ചെയ്തത്!

തെക്കൻ കേരളത്തിൽ നിന്നുള്ള പച്ചക്കറി വ്യാപാരികൾക്ക് സമയവും പണവും ലാഭിക്കാനാകും വിധം കേരളത്തോടു ചേർന്നുള്ള അതിർത്തി പ്രദേശങ്ങളിൽ നാല്  പച്ചക്കറി മൊത്ത വ്യാപാര കേന്ദ്രങ്ങളാണ് തമിഴ്‌നാട് തുറന്നത്.തൃശ്ശൂർ ജില്ലയിലെ പുഴയ്ക്കലിൽ 1 ലക്ഷം ചതുരശ്രയടിയുടെ വ്യവസായ സംരംഭകർക്കായുള്ള കോംപ്ലെക്‌സ് ഉദ്ഘാടനം ചെയ്തത് 2016 ലാണ്. 19.5 കോടിയായിരുന്നു ചെലവ്.

4 വർഷം വിജിലൻസ്  കേസിൽ പെട്ട് ഈ പദ്ധതി കുരുക്കിലായി. ഈ സമയം കൊണ്ട് തമിഴ്‌നാട് സർക്കാർ മധുക്കരയിൽ ഒരു വ്യവസായപാർക്ക് നിർമ്മിച്ച് കേരളത്തിലെ വ്യവസായ സംരംഭകരെ അവിടേയ്ക്ക് ക്ഷണിച്ചു. സംരംഭകരിൽ 18 പേരും തമിഴ്‌നാട്ടിലേക്ക് പോയി. കെട്ടിട വാടക പകുതിയാക്കി കുറച്ചും മറ്റ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തുമായിരുന്നു തമിഴ്‌നാടിന്റെ ക്ഷണം. ഇതിനിടെ 23.33 കോടി രൂപ ചെലവിട്ട് മറ്റൊരു കെട്ടിടം കൂടി പുഴയ്ക്കലിൽ നിർമ്മിച്ചു.

11.45 ഏക്കർ സ്ഥലത്ത് 5 ഘട്ടമായി 500 കോടി രൂപ സർക്കാർ മുതലിറക്കേണ്ട വ്യവസായ കോംപ്ലെക്‌സിലേക്ക് ഇനിയും പി.ഡബ്ലിയു.ഡി  റോഡ് നിർമ്മിച്ചിട്ടുമില്ല. ഇപ്പോഴുള്ളത് മൺപാതയാണ്. 5000 പേർക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനവുമായിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്.  ഇപ്പോൾ കണ്ടൈനറുകളും ചരക്ക് ലോറികളും ഈ മൺവഴിയിലൂടെ  എങ്ങനെ  വരാനാണെന്ന്  സംരംഭകർ ചോദിക്കുന്നു.

ഭാഗ്യം വിൽക്കലും മദ്യം വിൽക്കലും സർക്കാരിന് സ്വന്തം

കഴിഞ്ഞ ആഴ്ചക്കുറിപ്പിൽ കടക്കെണിയിലായ ഒരു കുടുംബം ഭാഗ്യക്കുറി വിറ്റ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനെക്കുറിച്ച് എഴുതിയിരുന്നു. വാർത്ത കണ്ടതോടെ ലോട്ടറി വകുപ്പുകാർ ഓടിയെത്തി. ഭാഗ്യക്കുറി നടത്താൻ സർക്കാരിനു മാത്രമേ അവകാശമുള്ളൂ എന്ന് അവർ പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വിറ്റു കിട്ടിയ പണം തിരിച്ചുകൊടുക്കാനും ഉദ്യോഗസ്ഥന്മാർ കൽപ്പിച്ചു. ഈ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ: നിയമം മനുഷ്യർക്ക് വേണ്ടിയല്ലെങ്കിൽ, പിന്നെ അത് പാലിക്കണോ എന്ന ചോദ്യമുയരാം.

ഖജനാവ് നിറയ്ക്കാൻ ഞായറാഴ്ച പോലും ലോട്ടറി നടത്തുകയാണ് സർക്കാർ. അതുമാത്രമോ, എങ്ങനെയും ജനങ്ങളുടെ കീശ ചോർത്താൻ 'മുട്ടിന് മുട്ടിന്' മദ്യക്കടകളും തുറക്കാൻ പോകുന്നു. ജനായത്ത ഭരണത്തിന്റെ തലതിരിഞ്ഞ നയങ്ങളാണിതെല്ലാം. മദ്യം കുടുംബങ്ങളിൽ വീഴ്ത്തുന്ന കണ്ണീരിനു കണക്കില്ല. വില കുറഞ്ഞ മദ്യം പോലും ഇപ്പോൾ സർക്കാർ വിൽക്കുന്നില്ല. 50 രൂപ, 100 രൂപ മുദ്രപ്പത്രങ്ങൾ അച്ചടിക്കാതെ 500ന്റെയും 1000ന്റെയും മുദ്രപ്പത്രങ്ങൾ മാത്രം അച്ചടിക്കുന്ന 'ജനവിരുദ്ധനയ' ത്തിന്റെ തുടർച്ചയാണിതെല്ലാം.

എല്ലാ ദിവസവും പത്രം നിറയെ ജപ്തി നോട്ടീസുകളാണ്. ഒരു രാഷ്ട്രീയകക്ഷിയും ജനങ്ങൾ നേരിടുന്ന ഈ ദുരിതങ്ങൾ ചർച്ചയാക്കുന്നില്ല. വികസനത്തിന്റെ കാര്യം വരുമ്പോൾ ഇതുവരെ വികസനത്തിന്റെ പേരിൽ കൂടിയൊഴിപ്പിക്കപ്പെട്ട് ദുരിതങ്ങളുടെ കണ്ണീർപ്പേമാരിയിൽ ആകെ കുനിവിറച്ചു നിൽക്കുന്ന മൂലമ്പിള്ളിക്കാരെ പോലെയുള്ളവരുടെ പ്രശ്‌നങ്ങൾ പറയാൻ ഇടതുവലതുമധ്യ നാലാം മുന്നണിക്കാർ മടിക്കുന്നു.

രാഷ്ട്രീയം ശുദ്ധീകരിക്കാനും അത് ജനക്ഷേമത്തിനുവേണ്ടിയുള്ളതാക്കാനും ഒരു ശ്രമവും നടക്കുന്നില്ല. കഴിഞ്ഞ യു.ഡി.എഫ്. കാലം അഴിമതിയുടേതായിരുന്നുവെന്നു പറയുന്ന ഇടതുഭരണകൂടം ഇതുവരെ ഒരൊറ്റ മുൻമന്ത്രിയുടെയും രോമത്തിൽപോലും തൊട്ടിട്ടില്ല. മന്ത്രിമാരുടെ പെഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം സുപ്രീം കോടതി പോലും എടുത്തു പറഞ്ഞ് വിമർശിച്ചിട്ടും ഭരണപ്രതിപക്ഷക്കാർ വടിവിഴുങ്ങി നിൽപ്പാണ്.

രാഷ്ട്രീയക്കാർ വിഴുങ്ങാൻ നോക്കിവച്ചിരിക്കുന്ന ആ വടിയെടുത്ത് ജനമേ, ഇടതു വലതു നോക്കാതെ, കാവിയും ആപ്പുമൊന്നും നോക്കാതെ അവരുടെ നടുവിനൊട്ടൊന്ന് പിടയ്ക്കാമോ? എങ്കിൽ ആൺ പെൺ ശിങ്കങ്ങൾ കേരളത്തിലുമുണ്ടെന്ന് മറ്റുള്ളവർ പറയും. അതാണെടാ ജനാധിപത്യം. മമ്മൂട്ടി പറയും പോലെ അതാവണമെടാ ജനാധിപത്യം !

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam