'തരികിട' തന്ത്രങ്ങളിൽ കുരുങ്ങാതെ തരൂർ

JANUARY 19, 2023, 12:45 AM

പ്രവാചകനു സ്വന്തം നാട്ടിൽ ആദരം കിട്ടുക എളുപ്പമല്ലെന്നു ചൂണ്ടിക്കാട്ടി യേശുക്രിസ്തു. എന്തായാലും പ്രവാചകനു തുല്യം വാഴ്ത്തി 'വിശ്വ പൗര'നായ ശശി തരൂരിനു ലോഭമില്ലാതെ സ്‌നേഹം പകർന്നു നൽകുന്നുണ്ട് ജന്മനാടായ കേരളം. ഈ അപൂർവത കണ്ട് വിറളി പിടിക്കുന്നു മുഖ്യമായും അദ്ദേഹത്തിന്റെ പാർട്ടിയായ കോൺഗ്രസിലെ സഹ നേതാക്കൾ. ഇതിനിടെ വെള്ളാപ്പള്ളി നടേശൻ തനതായ ശൈലിയിൽ തരൂരിനു മേൽ ചെളി വാരിയെറിയാൻ നോക്കിയതിൽ അസ്വാഭാവികത കാണുന്നില്ല നിരീക്ഷകർ. ഇടതു മുന്നണി നേതാക്കളാകട്ടെ സാകൂതം വീക്ഷിക്കുകയാണ് തരൂരിന്റെ പടയോട്ടത്തുടക്കം.

കേരളത്തിലെ തന്റെ കരുത്ത് അളന്നുനോക്കുന്നതിനിടെ തന്നെ ജനപ്രിയ നായകനായി ശശിതരൂർ വളർന്നുകഴിഞ്ഞു. കോഴിക്കോട്ട് യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ തുടങ്ങി ബിഷപ്പുമാരെ സന്ദർശിച്ചും ചങ്ങനാശേരിയിൽ മന്നം ജയന്തി ദിനത്തിൽ പ്രസംഗിച്ചും കോട്ടയത്ത് ഓർത്തഡോക്‌സ് സഭാധ്യക്ഷനായ കാതോലിക്കാ ബാവായുടെ സ്വീകരണം ഏറ്റുവാങ്ങിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കെ.എൻ.എം അധ്യക്ഷൻ ടി.പി അബ്ദുല്ലക്കോയ മദനി തുടങ്ങിയവരുമായി സംസാരിച്ചും മറ്റും മുന്നോട്ടാണ് തരൂർ.

കോൺഗ്രസിലെ പല നേതാക്കളും ഇതിൽ പരിഭ്രാന്തി പങ്കുവച്ചുകൊണ്ടിരിക്കുന്നു. സാധ്യമായ തരികിട തന്ത്രങ്ങൾ അവരെടുത്തുപയറ്റുന്നുണ്ടെങ്കിലുംചെറു ചിരിയോടെ അതൊന്നും ഗൗനിക്കാതെയാണ് അദ്ദേഹത്തിന്റെ നീക്കം. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും തട്ടകമായ ആലപ്പുഴ ഉൾപ്പെടെ ചുരുക്കം ഇടങ്ങളിൽ മാത്രമാണ് ശശി തരൂരിന്റെ പദ്ധതി ഇനിയും തരംഗങ്ങളുണർത്താത്തത്.

vachakam
vachakam
vachakam

മുഖ്യമന്ത്രി സ്ഥാനത്തെത്താൻ മോഹിക്കുന്ന വേണുഗോപാലും രമേശും യാത്ര രണ്ടു വഴിക്കാണെങ്കിലും തരൂരിനെ ചവിട്ടിയൊതുക്കാൻ ഒറ്റക്കെട്ടാണെന്നാണാരോപണം. മറ്റു ജില്ലകളിലൊക്കെ വിവിധ പരിപാടികൾ സംഘടിപ്പിച്ചാണ് അനുഭാവികൾ തരൂരിനെ എത്തിച്ചത്.
കോട്ടയത്തടക്കം പല ജില്ലകളിലും എ ഗ്രൂപ്പിന്റെ പരോക്ഷപിന്തുണ തരൂരിനു കിട്ടി. ഈരാറ്റുപേട്ടയിൽ യൂത്തുകോൺഗ്രസ് നൽകിയ സ്വീകരണത്തിന്റെ മുഖ്യസംഘാടകൻ ഉമ്മൻ ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടുപോന്ന കുര്യൻ ജോയിയുടെ മകൻ ചിന്റു കുര്യൻ ജോയിയായിരുന്നു.

ആലപ്പുഴയിലാകട്ടെ ചെന്നിത്തലയുടെയും വേണുഗോപാലിന്റെയും ഗ്രൂപ്പുകാരാണ് നേതാക്കളിൽ ബഹുഭൂരിപക്ഷവും. ജില്ലയിൽ എ ഗ്രൂപ്പ് തകർച്ചയിലാണ്. ഡിസിസി പ്രസിഡന്റ് ബാബുപ്രസാദ് ചെന്നിത്തലയുടെ ഉറ്റ അനുയായിയയും. ചെന്നിത്തല വിഭാഗത്തിനൊപ്പമാണ് ഷാനിമോൾ ഉസമാൻ.
തരൂരിന്റെ ഉയർച്ചയിൽ കുറേക്കാലമായി ആശങ്കയിലാണ് കെ.സി. വേണുഗോപാൽ. എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തരൂർ വരുന്നതു തടയാൻ തന്റെ ഡൽഹി സ്വാധീനം വേണുഗോപാൽ ഉപയോഗിച്ചിരുന്നു.

ഈയിടെ തിരുവനന്തപുരത്ത് കെ. കരുണാകരൻ സ്മാരക മന്ദിരത്തിന്റെ നിർമാണോദ്ഘാടനച്ചടങ്ങിൽ വേണുഗോപാലും രമേശും അണികൾക്ക് കൃത്യമായ സന്ദേശമാണ് നൽകിയത്. വേണുഗോപാൽ അച്ചടക്കത്തിന്റെ വാളാണ് തരൂരിനെതിരെ വീശിയതെങ്കിൽ ചെന്നിത്തല ഒരുപടികൂടിക്കടന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരും കോട്ടുതയ്പിക്കേണ്ടെന്നു മുന്നറിയിപ്പു നൽകി. കോൺഗ്രസ് കരകയറാൻ ശ്രമിക്കുമ്പോൾ ചിലർ അട്ടിമറി ശ്രമം നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴ ജില്ലയിലേക്ക് തരൂർ ആവേശം കടന്നു കയറാതിരിക്കാൻ കടുത്ത ജാഗ്രതയിലാണ് വേണുഗോപാൽ, ചെന്നിത്തല ഗ്രൂപ്പുകൾ.

vachakam
vachakam
vachakam

ശശി തരൂർ ഇപ്പോൾ സമുദായ നേതാക്കളെ കണ്ടു നടക്കുകയാണെന്നൊരു പ്രചാരണം കോൺഗ്രസിൽ കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്. ആ പ്രചാരണത്തിൽ കാര്യമില്ലെന്ന നിരീക്ഷണമാണു പൊതുവെയുള്ളത്. സമുദായങ്ങളുടെ രാഷ്ട്രീയ നീക്കങ്ങൾക്കും തരംതാണ ജാതിമതവർഗീയ ചിന്തകൾക്കും അതീതൻ തന്നെയാണ് ശശി തരൂർ. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വിശേഷിപ്പിച്ചതുപോലെ വിശ്വപൗരൻ തന്നെ. പക്ഷെ, കോൺഗ്രസിൽ രാഷ്ട്രീയ പിന്തുണ കിട്ടാൻ ഇതു മതിയോയെന്നതാണ് പ്രധാന കാര്യം.

ഇതിനിടെയും ജാതിമത ഭേദമന്യെ ജനങ്ങൾ തരൂരിനെ വരവേൽക്കുന്നു, ശ്രദ്ധയോടെ കേൾക്കുന്നു. സമുദായ നേതാക്കൾ ആദരവോടെ സ്വീകരിക്കുന്നു. തരൂർ തറവാടി നായരാണെന്നാണ് വാക്കുകളിലും വിശേഷണങ്ങളിലും സാധാരണ മിതത്വം പാലിക്കുന്ന സമുദായ നേതാവായ എൻ.എസ്.എസ് ജനറൽ സെക്രട്ടറി പറഞ്ഞത്. അതിനു ബദലായി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാത്രമാണ് തരൂരിനെ ഒന്നിരുത്താൻ ശ്രമിച്ചത്. തറവാടി നായർ എന്ന് സുകുമാരൻ നായർ വിശേഷിപ്പിച്ചതോടെ തരൂരിന്റെ രാഷ്ട്രീയഭാവി പ്രതിസന്ധിയിലായെന്ന് ഉറപ്പിച്ചു പറയുന്നു വെള്ളാപ്പള്ളി.

ഹൈക്കമാൻഡിൽ വലിയ കളികൾക്കുള്ള ത്രാണി തരൂരിനില്ല. അവിടെ എല്ലാം കെ.സി വേണുഗോപാലിന്റെ നിയന്ത്രണത്തിലാണ്. വേണുഗോപാലിനാവട്ടെ, ശശി തരൂരിനോടുള്ള വിരോധം രഹസ്യമല്ല. കേരളത്തിൽ രമേശ് ചെന്നിത്തലയും വി.ഡി സതീശനുമൊക്കെ തരൂരിനോടു മുഖം തിരിച്ചുനിൽക്കുന്നു. പ്രവർത്തക സമിതിയിലേക്കു കടക്കാൻ കഴിഞ്ഞില്ലെങ്കിൽ ശശി തരൂരിനു പുതിയ വഴികൾ ആലോചിക്കേണ്ടിവരും. എന്തായാലും ശ്രദ്ധയോടെയാണ് ശശി തരൂരിന്റെ നീക്കം.
ഇനിയുള്ളത് ഫെബ്രുവരിയിൽ നടക്കുന്ന പ്ലീനറി സമ്മേളനമാണ്. ഈ മാസംകൊണ്ട് അവസാനിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കുശേഷം കോൺഗ്രസിലെ ഏക ശക്തികേന്ദ്രമായാവും രാഹുൽ ഗാന്ധി പ്ലീനറി സമ്മേളനത്തിനെത്തുക.

vachakam
vachakam

തെരഞ്ഞെടുപ്പിലൂടെയോ നോമിനേഷനിലൂടെയോ കോൺഗ്രസ് പ്രവർത്തക സമിതിയിലെത്തി ചേരാൻ കഴിഞ്ഞാൽ ശശി തരൂരിന് പാർട്ടിക്കുള്ളിൽ ഒരു സ്ഥാനമുറപ്പിക്കാം. അത് ഇപ്പോഴത്തെ നീക്കങ്ങൾക്ക് ആക്കം കൂട്ടും. കെ.സി. വേണുഗോപാലും സംഘവും അതിനു സമ്മതിക്കുമോയെന്നതാണ് കണ്ടറിയാനുള്ളത്. ജാതിമതസമുദായ വേർതിരിവുകൾക്കെല്ലാം അതീതനായ ഒരു രാഷ്ട്രീയക്കാരനെയാണ് കേരള സമൂഹം ശശി തരൂർ എന്ന നേതാവിൽ കാണുന്നത്. കെ. കരുണാകരൻ, എ.കെ ആന്റണി, ഉമ്മൻചാണ്ടി എന്നിങ്ങനെയുള്ള കോൺഗ്രസ് നേതാക്കളുടെ നിരയിലേക്കാണ് അദ്ദേഹം ഉയരുന്നത്.

ഇക്കാര്യം ആദ്യം മനസിലാക്കിയത് മുസ്ലിം ലീഗ് നേതൃത്വംതന്നെ. തരൂരിന്റെ ആദ്യഘട്ടം പര്യടനത്തിലെ പ്രധാന പരിപാടി മലപ്പുറത്തെ പാണക്കാട് സന്ദർശനമായിരുന്നു. കോൺഗ്രസ്, യു.ഡി.എഫ്. നേതൃത്വങ്ങൾക്ക് ആ സന്ദർശനം നൽകിയ സന്ദേശം വളരെ കൃത്യമായിരുന്നു. സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും സന്ദർശനത്തിന്റെ രാഷ്ട്രീയ പ്രാധാന്യം ഉയർത്തിക്കാട്ടാൻ ശ്രമിച്ചെങ്കിലും ശശി തരൂർ ഒരു വലിയ മുന്നേറ്റം നടത്തുകയായിരുന്നു എന്ന കാര്യം വ്യക്തം.

മുന്നണി ജയിക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്യുമ്പോഴും പ്രശ്‌നമുണ്ട്. സി. അച്യുതമേനോൻ, പി.കെ. വാസുദേവൻ നായർ, കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി എന്നിങ്ങനെ തലയെടുപ്പുള്ള നേതാക്കളോടൊപ്പമാണ് മുസ്ലിം ലീഗ് 1970 മുതൽ കേരള ഭരണം പങ്കിട്ടിട്ടുള്ളത്. കുറച്ചുകാലം ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയും മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. ഈ ചരിത്ര പശ്ചാത്തലത്തിൽ ശശി തരൂരിനെ പോലൊരു ഉന്നതവ്യക്തി മുന്നണി നേതാവും മുഖ്യമന്ത്രിയുമാവണമെന്നത് ലീഗിലെ പ്രമുഖ നേതാക്കളുടെ സ്വാഭാവികമായ താൽപര്യം. ഇതൊക്കെ തരൂരിന് നൽകുന്നത് വലിയ കരുത്തുതന്നെയാണ്. അതുപോലെ പൊതുസമൂഹം അദ്ദേഹത്തോടു കാട്ടുന്ന സ്‌നേഹവും ആദരവും.

കോൺഗ്രസിനുള്ളിൽ തന്നെ ഒരു വലിയ വിഭാഗം പിന്തുണയുമായെത്തുന്നു. പാർട്ടി പ്രാദേശിക ഘടകങ്ങൾ നൽകുന്ന പരിപാടികളിൽ അദ്ദേഹത്തെ കാണാനും കേൾക്കാനും കൂടുന്ന ജനക്കൂട്ടം തന്നെ.
സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ പരാതി ശക്തമായതോടെ ദേശീയ പ്രവർത്തക സമിതിയിൽ ശശി തരൂരിനെ ഉൾപ്പെടുത്തണമോ എന്ന കാര്യത്തിൽ എഐസിസി നേതൃത്വത്തിൽ ഭിന്നാഭിപ്രായം ശക്തമാണ്. തരൂരിന്റെ തേരോട്ടത്തിൽ കടുത്ത അതൃപ്തി അറിയിച്ച് നേതാക്കൾ വിമർശനം കടുപ്പിക്കുമ്പോൾ അതേ നാണയത്തിൽ മറുപടി നൽകുകയാണ് ശശി തരൂരും. ജനം തന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്നും, ക്ഷണിക്കുന്ന പരിപാടികളിൽ പങ്കെടുക്കുമെന്നും ശശി തരൂർ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി കുപ്പായം തയ്യാറാക്കി വച്ചിട്ടില്ലെന്ന് ശശി തരൂർ തിരിച്ചടിച്ചു. സംസ്ഥാന നേതാക്കളുടെ വിമർശനത്തോട് തിരിച്ചടിച്ച തരൂർ തുടർന്നും കേരളത്തിൽ പരിപാടികളിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി. എഐസിസി നേതൃത്വവും, സംസ്ഥാന ഘടകവും അതൃപ്തി പരസ്യമാക്കിയിട്ടും ശശി തരൂർ പിന്നോട്ടില്ല. തരൂരിന് എങ്ങനെ കടിഞ്ഞാൺ ഇടുമെന്നതിൽ ഇരുകൂട്ടർക്കും വ്യക്തതയില്ല. കടുത്ത നിലപാടിലേക്ക് കടന്നാൽ ജനവികാരം എതിരാകുമെന്നാണ് എഐസിസി നേതൃത്വത്തിന്റെ വിലയിരുത്തൽ. സ്ഥിതി ഇത്രത്തോളം വഷളായിട്ടും ഒരു വിശദീകരണം പോലും തരൂരിനോട് തേടാൻ മടിക്കുന്നതും അതുകൊണ്ടാണ്.

ജനവികാരത്തെയും, ലീഗ് അടക്കമുള്ള ഘടകകക്ഷികളേയും, സമുദായ നേതൃത്വങ്ങളെയും ഭയന്ന് രേഖാമൂലം പരാതി നൽകാൻ സംസ്ഥാന നേതാക്കൾക്കും ധൈര്യമില്ല. വാക്കാൽ പലരും പറഞ്ഞ പരാതിയിലെ വികാരം തരൂരിനെ അറിയിക്കാനാണ് എഐസിസി നീക്കം. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വച്ച തരൂർ പ്രവർത്തക സമിതി ലക്ഷ്യമിടുന്നുണ്ട്. ഫെബ്രുവരിയിൽ നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ പുതിയ സമിതി നിലവിൽ വരുമ്പോൾ അതിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുമെന്നാണ് തരൂർ പക്ഷത്തിന്റെ പ്രതീക്ഷ. എന്നാൽ, ദേശീയ സംസ്ഥാന നേതൃത്വങ്ങളെ ഇതുപോലെ മുൾമുനയിൽ നിർത്തുന്ന തരൂരിനെ പരിഗണിക്കുന്നതിൽ എഐസിസിയിൽ ഏകാഭിപ്രായമില്ല. ഭാരത് ജോഡോ യാത്രക്ക് ശേഷം തരൂർ വിഷയത്തിൽ ചർച്ചയെന്നാണ് നിലവിലെ തീരുമാനം.

ഏറെക്കുറെ വ്യക്തമായ ആസൂത്രണത്തോടെയാണ് ശശി തരൂരിന്റെ ചുവടുവയ്പ്പുകളെന്ന നിരീക്ഷണം ബലപ്പെട്ടുവരുന്നു. മലയാള മനോരമയുടെ 'ന്യൂസ് മേക്കർ' പട്ടം ചാർത്തിക്കിട്ടിയത് ഇതുമായി ചേർത്തു പറയപ്പെടുന്നുണ്ട്. തരൂരിന്റെ വ്യക്തമായ ബി.ജെ.പി. വിരുദ്ധ നിലപാട് വളരെ ഉറച്ചതാണ്. കാലം തെളിയിച്ചതുമാണ്. അദ്ദേഹത്തിന്റെ എഴുത്തിലും പ്രസംഗത്തിലുമെല്ലാം ഇത് വെളിവായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ശശി തരൂരിനെ മുസ് ലിം -ക്രിസ്ത്യൻ സമുദായങ്ങളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകവും ഇതുതന്നെ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ജയിച്ചേ മതിയാവൂ എന്ന ചിന്ത ലീഗ് നേതൃത്വത്തിലും വളരെ ശക്തമാണ്. തുടർച്ചയായ രണ്ടു തോൽവി മുന്നണിയെ വല്ലാതെ ഉലച്ചിരിക്കുന്നു. രാഷ്ട്രീയമായി ലീഗിനും ഇതു വലിയ ക്ഷീണമാണ്.

തരൂരിനെ പോലെയൊരു നേതാവിനെ മുന്നിൽ നിർത്തിയാൽ മാത്രമേ വിജയം ഉറപ്പിക്കാനാവൂ എന്ന ചിന്ത ലീഗ് നേതൃത്വത്തിൽ ഒരു വിഭാഗത്തിനുണ്ട്.പക്ഷെ, ഇതൊന്നും രചനാത്മകമായി കാണാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നില്ല. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ കെ.പി.സി.സി. നേതൃയോഗത്തിൽ പറഞ്ഞത് മുഖ്യമന്ത്രിമാരെ തട്ടി വഴിനടക്കാനാവുന്നില്ലെന്നാണ്. മുഖ്യമന്ത്രിയാകാൻ ഒരാൾ സമുദായ നേതാക്കളെ കണ്ടുനടക്കുന്നുവെന്നും ഷാഫി പരിഹസിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് മുഖ്യമന്ത്രിയാവാൻ ആരെങ്കിലും കോട്ട് തയ്പ്പിച്ചുവെച്ചിട്ടുണ്ടെങ്കിൽ അതങ്ങു മാറ്റിവെച്ചേക്കാനാണ്. എല്ലാം ശശി തരൂരിനെ ലക്ഷ്യമാക്കിത്തന്നെ.

കേരള രാഷ്ട്രീയത്തിൽ സമുദായങ്ങൾ പലപ്പോഴും ഇടപെട്ടിട്ടുണ്ട്. ഐക്യ കേരളത്തിലെ പ്രഥമ സർക്കാരായ ഇ.എം.എസ്. ഗവൺമെന്റിനെതിരെ കത്തോലിക്കാ സഭയാണ് ആദ്യം സമരം പ്രഖ്യാപിച്ചത്. എൻ.എസ്.എസ്. സ്ഥാപകൻ മന്നത്ത് പത്മനാഭനും കത്തോലിക്കാ സഭയെ പിന്തുണച്ചതോടെ ആ സമരം കമ്യൂണിസ്റ്റ് സർക്കാരിനെതിരായ വിമോചന സമരമായി വളരുകയായിരുന്നുന്നു.അതേസമയം, അറുപതുകളിൽ കെ.എസ്.യുവിനെയും യൂത്ത് കോൺഗ്രസിനെയും കരുപിടിപ്പിച്ച എം.എ .ജോൺ സമുദായ നേതാക്കളുടെ തിണ്ണനിരങ്ങാതെ രാഷ്ട്രീയപ്രവർത്തനം നടത്താനാണ് പുതിയ തലമുറയെ പഠിപ്പിച്ചത്.

2011ൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചപ്പോൾ വി.ഡി. സതീശന് മന്ത്രിസ്ഥാനം കിട്ടാൻ അർഹതയുണ്ടായിട്ടും സമുദായത്തിന്റെ പിന്തുണ കിട്ടാത്തതിനാൽ സ്ഥാനം കിട്ടിയില്ല. എൻ.എസ്.എസ.് ആസ്ഥാനത്തുചെന്ന് സമുദായ നേതാവിനെ കണ്ടാൽ കാര്യം നടക്കുമെന്ന് ഉപദേശം കിട്ടിയിട്ടും സതീശൻ അതിനു തയാറായില്ല. ഇന്നും സതീശന്റേത് അതേ നിലപാടുതന്നെയാണ്. ആ നിലപാടിൽ മായം ചേർക്കാതെ തന്നെ സമുദായ നേതാക്കളുടെയും വാൽസല്യഭാജനമാവുന്ന വ്യത്യസ്ത തന്ത്രമാണ് തരൂരിന്റേത്.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam