എയർ ഇന്ത്യാ ചിറകുകൾ വീണ്ടും വിടർത്താൻ ടാറ്റാ പൈതൃകം

OCTOBER 14, 2021, 10:17 AM

ആരെങ്കിലും വന്ന് വാങ്ങിയെടുക്കൂ എന്ന ഘോഷവുമായി വർഷങ്ങൾക്കു മുമ്പു വില്പനയ്ക്കു വച്ച എയർ ഇന്ത്യയെ കൂടെക്കൂട്ടിയത് അതിന്റെ സ്ഥാപകരായ ടാറ്റ ഗ്രൂപ്പ് തന്നെ. പ്രതിദിനം ഇരുപതു കോടി രൂപ നഷ്ടം വന്നിരുന്നതിനാലാകണം, പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രം വിറ്റുതുലയ്ക്കുന്നു എന്ന വിലാപം എയർ ഇന്ത്യയെ ടാറ്റ കമ്പനിക്കു വിറ്റപ്പോൾ ഉണ്ടായില്ലെന്നതു ശ്രദ്ധേയം. എല്ലാ അർത്ഥത്തിലും കേന്ദ്ര സർക്കാരിനു വലിയ ഭാരമായിത്തീർന്നിരുന്നു ദേശീയ വിമാന കമ്പനി.

വാഹന വിപണിയിലെ മേധാവിത്വത്തിനുമപ്പുറത്തേക്ക് കടന്നുകയറി മിലിട്ടറി വിമാനങ്ങൾ വരെ നിർമ്മിക്കാനൊരുങ്ങുന്ന ടാറ്റ ഗ്രൂപ്പിന്റെ പക്കൽ എയർ ഇന്ത്യ വീണ്ടും എത്തുമ്പോൾ നഷ്ടപ്പെട്ട പഴയ പ്രതാപം വീണ്ടെടുക്കാൻ അധികം കാലതാമസമുണ്ടാകില്ലെന്നും അനന്തമായ അവസരങ്ങളാണ് അവരെ കാത്തിരിക്കുന്നതെന്നുമുള്ള നിരീക്ഷണമാണ് പൊതുവേയുള്ളത്.

നഷ്ടക്കയത്തിലായ കമ്പനി ഏറ്റുവാങ്ങാൻ ആരും തന്നെ മുന്നോട്ടുവരാതായപ്പോഴാണ് വില്പന വ്യവസ്ഥകളിൽ ഗണ്യമായ ഇളവുകൾ വരുത്തിയതും ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടാലസ് പ്രൈവറ്റ് ലിമിറ്റഡ് 18000 കോടി രൂപ വിലയ്ക്ക് എയർ ഇന്ത്യയെ വാങ്ങിയതും.ഏകദേശം 61000 കോടി രൂപയുടെ കടത്തിൽ മുങ്ങിക്കഴിഞ്ഞപ്പോഴാണ് ദേശീയ വിമാന കമ്പനി വിറ്റ് സ്വതന്ത്രമാകാൻ കേന്ദ്രം തീരുമാനമെടുത്തത്.

vachakam
vachakam
vachakam

എയർ ഇന്ത്യയുടെ പന്ത്രണ്ടായിരം ജീവനക്കാരെ ആദ്യവർഷം പിരിച്ചുവിടില്ലെന്നാണ് ഉറപ്പ്. അതിനുശേഷം സർവ ആനുകൂല്യങ്ങളോടെയും സ്വയം പിരിഞ്ഞുപോകാം. വിരമിച്ച ജീവനക്കാർക്ക് നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ കേന്ദ്രം തുടർന്നും നൽകാനും വ്യവസ്ഥയുണ്ട്.സർക്കാരിന് എത്ര വലിയ ബാദ്ധ്യത വരുത്തിവച്ചാലും പൊതുമേഖലാ സ്ഥാപനങ്ങളെ അതേപടി നിലനിറുത്തണമെന്ന കടുംപിടിത്തത്തിൽ അർത്ഥമില്ലെന്നു വ്യക്തമാക്കുന്നു എയർ ഇന്ത്യയുടെ വില്പന.

കേരളത്തിലെ പ്രവാസികൾക്ക് ആവോളം കയ്പുനീർ സമ്മാനിച്ചിട്ടുള്ള വിമാനക്കമ്പനിയാണ് എയർ ഇന്ത്യ. ഭീമമായ ചൂഷണം ഏറ്റവുമധികം അനുഭവിച്ചു അവർ. എഴുപതുകളിലും എൺപതുകളിലും തൊണ്ണൂറുകളിലും ആകാശം കൈയടക്കിയിരുന്ന എയർ ഇന്ത്യയായിരുന്നു മലയാളി പ്രവാസികളുടെ മുഖ്യ സാരഥി. ഈ കുത്തക എയർ ഇന്ത്യ ശരിക്കും മുതലാക്കിപ്പോന്നു.മനംപിരട്ടലുണ്ടാക്കുന്ന പഴയ അനുഭവങ്ങൾ മറന്ന ് പുതിയൊരു യാത്രാ ചക്രവാളം വികസിതമാകാൻ രത്തൻ ടാറ്റയുടെ സാരഥ്യം ഇടയാക്കുമോ എന്നാകും മലയാളി യാത്രക്കാർ ഉറ്റുനോക്കുന്നത്.

ആഭ്യന്തര, വിദേശ വിമാന സർവീസുകൾ നടത്താനാവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള എയർ ഇന്ത്യയ്ക്ക് ലാഭം വീണ്ടെടുത്ത് വളർച്ച നേടാൻ അധികം വിഷമിക്കേണ്ടിവരില്ലെന്നു നിരീക്ഷകർ പറയുന്നു.'സോൾട്ട്ടു സോഫ്ര്ര് വെയർ ബിസിനസ് ' വിജയ ഗാഥ സ്വന്തമായുള്ള ഗ്രൂപ്പിന്റെ അനുഭവസമ്പത്തും വൈദഗ്ദ്ധ്യവും അതിനിണങ്ങുമെന്നതിലും തർക്കമില്ല.

vachakam
vachakam
vachakam

രാജ്യത്ത് ആദ്യമായി ടാറ്റാ ഗ്രൂപ്പിന്റെ വിമാനക്കമ്പനി നിലവിൽ വന്നപ്പോൾ സംശയത്തോടെയാണ് പലരും കണ്ടത്. എന്നാൽ രണ്ടു വർഷം കൊണ്ടു ലാഭമുണ്ടാക്കാൻ കമ്പനിക്കു കഴിഞ്ഞു. വിമാന യാത്രികരുടെ വർദ്ധിച്ച ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞാൽ എയർ ഇന്ത്യ പഴയ പ്രതാപം കൈവരിക്കുമെന്നു തന്നെ വ്യവസായ മേഖല പ്രതീക്ഷിക്കുന്നു.

പൊതുമേഖലാ കമ്പനിയാകുമ്പോൾ സ്വാഭാവികമായും ഉണ്ടാകാവുന്ന ധൂർത്തും പാഴ്‌ച്ചെലവും കെടുകാര്യസ്ഥതയും എയർ ഇന്ത്യയുടെ അധോഗതിക്കുള്ള പ്രധാന കാരണങ്ങളായിരുന്നു. ഒരുകാലത്ത് രാജ്യത്ത് ആകാശക്കുത്തകയുണ്ടായിരുന്ന എയർ ഇന്ത്യ നടത്തിപ്പുദോഷം കൊണ്ടാണ് ചിറകറ്റുവീണത്. അക്കൗണ്ടബിലിറ്റിയില്ലാതെ മുന്നോട്ടുപോയ കമ്പനി സ്വാഭാവികമായ പതനത്തിലെത്തുകയായിരുന്നു.എന്തായാലും, വിമാന കമ്പനിയടക്കമുള്ള ബിസിനസ് സംരംഭങ്ങൾ സർക്കാരിനു കീഴിലാകരുതെന്നാണ് പുതിയ സിദ്ധാന്തം.

എയർ ഇന്ത്യയുടെ നിയന്ത്രണം വീണ്ടും ടാറ്റ സൺസിന് കൈവരുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവായ ജയറാം രമേശ് പുറത്തുവിട്ട കത്തിടപാട് ശ്രദ്ധേയമായി. 1978 ലാണ് ഈ കത്തെഴുതപ്പെട്ടത്. അക്കൊല്ലം ഫെബ്രുവരിയിലാണ്, പ്രധാനമന്ത്രി മൊറാർജി ദേശായി എയർ ഇന്ത്യയുടെയും ഇന്ത്യൻ എയർലൈൻസിന്റെയും ഡയറക്ടർ ബോർഡുകളിൽ നിന്ന് ചെയർമാൻ ജെ.ആർ.ഡി ടാറ്റയെ നീക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

vachakam
vachakam

1932 ൽ ജെആർഡി ടാറ്റ തുടങ്ങിയ ടാറ്റ എയർലൈൻസിനെ 1953 ൽ രാജ്യം ഭരിച്ചിരുന്ന നെഹ്രു ഗവണ്മെന്റ് ദേശസാൽക്കരിച്ചിരുന്നു. എങ്കിലും, 1953 മുതൽ അതിന്റെ ചെയർമാൻ സ്ഥാനം അലങ്കരിച്ചിരുന്നത് അദ്ദേഹം തന്നെ ആയിരുന്നു. തൽസ്ഥാനത്തുനിന്നും ടാറ്റയെ വളരെ തിടുക്കപ്പെട്ട് മൊറാർജി ദേശായി നീക്കി്.

അന്ന് ഭരണത്തിലില്ലായിരുന്ന ഇന്ദിരാ ഗാന്ധിയിൽ നിന്ന് ആദ്യം ടാറ്റയ്ക്ക് ഒരു കത്ത് ചെല്ലുന്നു. പിന്നാലെ അദ്ദേഹത്തിൽ നിന്ന് മറുപടിയും. ഈ രണ്ടു കത്തുകളാണ് ജയറാം രമേശ് പുറത്തുവിട്ടത്. 'ജെ...' എന്ന് അഭിസംബോധന ചെയ്ത് ജെആർഡി ടാറ്റയ്ക്ക് ഇങ്ങനെ എഴുതുന്നു:

'പ്രിയ ജെ...,

അങ്ങിപ്പോൾ എയർ ഇന്ത്യയുടെ ഭാഗമല്ല എന്ന വിവരമറിഞ്ഞ് ഞാൻ ഏറെ ദുഃഖിതയായി. പുറത്ത് പോയതിൽ അങ്ങേയ്ക്കുണ്ടായ അതെ ദുഃഖം എയർ ഇന്ത്യക്കും ഉണ്ടായിക്കാണും എന്നുറപ്പാണ്. അവരെ സംബന്ധിച്ചിത്തോളം അങ്ങ് വെറുമൊരു ചെയർമാൻ ആയിരുന്നില്ല. അങ്ങനെ ഒരു പ്രസ്ഥാനം ആരംഭിച്ച്, സ്വന്തമെന്ന തികഞ്ഞ ബോധ്യത്തോടെ അതിനെ ഇതുവരെ വളർത്തിക്കൊണ്ടുവന്ന ഒരു രക്ഷിതാവുതന്നെ ആയിരുന്നു.

അതും, എയർ ഇന്ത്യയുടെ ഇന്നോളമുള്ള പ്രവർത്തനത്തിന്റെ കാര്യത്തിൽ, വിമാനത്തിന്റെ ഇന്റീരിയർ ഡിസൈൻ മുതൽ എയർ ഹോസ്റ്റസ്മാരുടെ സാരികൾ വരെ തെരഞ്ഞെടുക്കുന്നതിൽ, അങ്ങ് പ്രകടിപ്പിച്ചിട്ടുള്ള തികഞ്ഞ സൂക്ഷ്മതയും ചേർന്നാണ് എയർ ഇന്ത്യയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്, ലോകത്തിലെ ഏറ്റവും മികച്ച ഏവിയേഷൻ കമ്പനികളിൽ ഒന്നായി ഉയർത്തിക്കൊണ്ടുവന്നത്.

ഞങ്ങൾ എല്ലാവരും അങ്ങയുടെയും, ഈ വിമാനക്കമ്പനിയുടെയും വിജയത്തിന്റെ പേരിൽ ഏറെ അഭിമാനം കൊള്ളുന്നവരാണ്. ആ സംതൃപ്തിയും ഗവൺമെന്റിന് അതിന്റെ പേരിൽ അങ്ങയോടുള്ള കടപ്പാടും ആർക്കും തന്നെ കുറച്ചു കാണാനാവില്ല.

അങ്ങേക്കും ഞങ്ങൾക്കുമിടയിൽ കാര്യമായ ചില തെറ്റിദ്ധാരണകൾ അടുത്തിടെയായി ഉണ്ടായിട്ടുണ്ട്. എന്നാൽ, നിത്യേന എനിക്ക് ഇക്കാര്യത്തിൽ നേരിടേണ്ടി വരുന്ന രാഷ്ട്രീയ സമ്മർദ്ദത്തെക്കുറിച്ചോ, ഇതിന്റെ പേരിൽ വ്യോമയാന വകുപ്പിനുള്ളിൽ ഞാൻ നേരിടുന്ന ശത്രുതയെക്കുറിച്ചോ ഒന്നും അങ്ങയോട് വെളിപ്പെടുത്താനും എനിക്ക് സാധിക്കില്ല. ഇതിൽ കൂടുതലൊന്നും ഇത്തരുണത്തിൽ എനിക്ക് പറയാനാവില്ല. '


വിശ്വസ്തതയോടെ, ഇന്ദിര

സ്വന്തം കൈപ്പടയിൽ ഇന്ദിര കുറിച്ച ഈ എഴുത്തിന് ടാറ്റ അധികം വൈകാതെ മറുപടിയെഴുതി:

ജനപ്രിയ ഇന്ദിര,

എയർ ഇന്ത്യയുമായുള്ള എന്റെ ബന്ധങ്ങൾ വിഛേദിച്ചുകൊണ്ട് ഗവണ്മെന്റ് സ്വീകരിച്ച നടപടിയുടെ പേരിൽ ഈ കത്തെഴുതാൻ താങ്കൾ കാണിച്ച സൗമനസ്യത്തിനു നന്ദി. ഈ സ്ഥാപനം കെട്ടിപ്പടുക്കുന്നതിനുവേണ്ടി ഞാനെടുത്ത അധ്വാനത്തെപ്പറ്റി പരാമർശിച്ചത് ഹൃദയത്തെ സ്പർശിച്ചു. എന്റെ വിശ്വസ്തരായ സ്റ്റാഫിന്റെ ഭാഗത്തുനിന്നുണ്ടായ ആവേശഭരിതമായ പ്രവർത്തനവും, ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള അകമഴിഞ്ഞ പിന്തുണയും കൂടാതെ ആ നേട്ടം കൈവരിക്കാൻ എനിക്ക് സാധിക്കില്ലായിരുന്നു എന്നതും സ്മരണീയമാണ്.

സുഖമെന്ന് കരുതുന്നു, എല്ലാ വിധ ആശംസകളും.

വിശ്വസ്തതയോടെ, ജെ

ജെആർഡി ടാറ്റയെ ഡയറക്ടർ ബോർഡിൽ നിന്ന് മൊറാർജി ദേശായി പുറത്താകുമ്പോൾ അധികാരത്തിലില്ലാതിരുന്ന ഇന്ദിരാ ഗാന്ധി പിന്നീട് രണ്ടു വർഷത്തിന് ശേഷം 1980 ൽ തിരികെ വരികയും, ഉടൻ തന്നെ ടാറ്റയെ ഇന്ത്യൻ എയർലൈൻസിന്റെയും എയർ ഇന്ത്യയുടെയും ഡയറക്ടർ ബോർഡിൽ വീണ്ടും അംഗമാക്കുകയും ചെയ്തു. എങ്കിലും, പിന്നീടൊരിക്കലും ചെയർമാൻ സ്ഥാനം വഹിക്കാൻ ജെആർഡി ടാറ്റ തയ്യാറായില്ല.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam