ഒന്നര ലക്ഷം കൊല്ലം പഴക്കമുള്ള തലയോട്ടി; സാപിയന്‍സിന്റെ ബന്ധുവിന്റേതെന്ന് നിഗമനം

JUNE 26, 2021, 3:21 PM

മനുഷ്യപരിണാമത്തെപ്പറ്റിയുളള ഗവേഷണത്തില്‍ സുപ്രധാന കണ്ടെത്തലുമായി ചൈനീസ് നരവംശ ശാസ്ത്രജ്ഞര്‍. ചൈനയിലെ ഒരു കിണറ്റില്‍നിന്നു 2018-ല്‍ കണ്ടെത്തിയ വലിയ തലയോട്ടിയുടെ ഉടമ മനുഷ്യവംശവുമായി ഏറ്റവുമധികം സാമ്യമുള്ള ആദിമ മനുഷ്യവംശത്തിലെ കണ്ണിയാണെന്നാണു പുതിയ കണ്ടെത്തല്‍. മനുഷ്യത്തലയോട്ടിയ്ക്ക് ആധുനിക നരവംശവുമായി ഏറെ സാദൃശ്യമുണ്ടെന്ന് ശാസ്ത്രജ്ഞര്‍. ഒന്നരലക്ഷം വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ തലയോട്ടിയുടെ ഫോസിലാണ് ശാസ്ത്രജ്ഞര്‍ വീണ്ടെടുത്തത്. ഹോമോ ലോംഗി അഥവാ 'ഡ്രാഗണ്‍മാന്‍'എന്ന ഈ 'പുതിയ' മനുഷ്യന് നരവംശപരിണാമത്തെ കുറിച്ചുള്ള ശാസ്ത്രീയപഠനങ്ങളില്‍ കൂടുതല്‍ വെളിച്ചം വീശാനാവുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

നന്നായി പൊതിഞ്ഞു സംരക്ഷിക്കപ്പെട്ട നിലയിലുള്ള തലയോട്ടി വീണ്ടെടുത്തതിനു പിന്നില്‍ വലിയൊരു കഥയുണ്ട്. ആധുനിക മനുഷ്യന്റെ തലയോട്ടിയേക്കാള്‍ വലുപ്പമുണ്ട് ഡ്രാഗണ്‍മാന്റെ തലയോട്ടിക്ക്. 23 സെന്റിമീറ്റര്‍ നീളവും 15 സെന്റിമീറ്റര്‍ വീതിയുമുള്ള തലയോട്ടിയാണിത്. 50 വയസുള്ള പുരുഷന്റേതാണ് തലയോട്ടിയെന്നാണ് നിഗമനം. ഒന്നരലക്ഷം വര്‍ഷം മുന്‍പു കിഴക്കന്‍ ഏഷ്യയില്‍ പാര്‍ത്തിരുന്നതാണ് ഈ തലയോട്ടിയുടെ ഉടമയെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു.


vachakam
vachakam
vachakam

തലയോട്ടി വീണ്ടെടുത്തിനു പിന്നിലെ ചരിത്രവും ശാസ്ത്രജ്ഞരെ അമ്പരിപ്പിച്ചു. 1933-ല്‍ ചൈനയിലെ ജാപ്പനീസ് അധിനിവേശകാലത്താണ് തലയോട്ടി ലഭിക്കുന്നത്. വടക്കുകിഴക്കന്‍ ചൈനയിലെ ഒരു പട്ടണമായ ഹാര്‍ബിനില്‍ സോങ്വ നദിക്കു കുറുകെ പാലം പണിയുന്നതിനിടെയാണ് ഒരു ചൈനീസ് തൊഴിലാളിക്കു തലയോട്ടി കിട്ടിയത്. തലയോട്ടിയുടെ വലിപ്പം കണ്ട് അമ്പരന്ന തൊഴിലാളി ആരും കാണാതെ അതു തന്റെ വീട്ടിലെത്തിച്ചു. തലയോട്ടി ജാപ്പനീസ് സൈന്യത്തിന്റെ കണ്ണില്‍പെടാതെ സൂക്ഷിക്കാനായിരുന്നു അയാളുടെ ശ്രമം. തുടര്‍ന്ന് അതു ഭദ്രമായി പൊതിഞ്ഞ് കിണറ്റിലേക്ക് എറിയുകയായിരുന്നു.

വയോധികനായ തൊഴിലാളി മരിക്കുന്നതിന് തൊട്ടുമുമ്പ് തന്റെ പേരക്കുട്ടിയോട് ഈ രഹസ്യം പറഞ്ഞതിനു പിന്നാലെയാണ് 2018-ല്‍ തലയോട്ടിയെക്കുറിച്ച് പുറംലോകം അറിഞ്ഞത്. തുടര്‍ന്നാണ് ഇതു ശാസ്ത്രജ്ഞര്‍ വീണ്ടെടുത്തത്. ബ്ലാക്ക് ഡ്രാഗണ്‍ എന്ന നദിയുടെ പരിസരത്തുനിന്നു കണ്ടെടുത്തതായതിനാലാണു ഫോസിലിനു ഡ്രാഗണ്‍മാനെന്നു പേരുകിട്ടിയത്.


vachakam
vachakam
vachakam

ചൈനയിലെ ഹെബി ജിയോ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ക്വിയാങ് ജിയുടെ നേതൃത്വത്തിലുള്ള ഗവേഷകരുടെ അന്താരാഷ്ട്ര സംഘമാണ് തലയോട്ടി പരിശോധിച്ചത്. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളില്‍ ഒന്നാണിതെന്ന് ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രൊഫ. ക്രിസ് സ്ട്രിംഗര്‍ പറഞ്ഞു.

ആധുനിക മനുഷ്യന്റെ തലയോട്ടിയേക്കാള്‍ വലിപ്പമുണ്ടെങ്കിലും ഡ്രാഗണ്‍മാന്റെ തലച്ചോറിന് മനുഷ്യന്റേതിനു തുല്യമായ വലിപ്പമാണ്. വളരെ ശക്തരും ശാരീരികശേഷിയുള്ളവരുമായ മനുഷ്യരായിരുന്നു ഈ വംശത്തില്‍ ഉണ്ടായിരുന്നതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. വലിയ മൂക്ക് കൂടിയ അളവില്‍ വായു ശ്വസിക്കാന്‍ സഹായിച്ചിരുന്നു.

ഏകദേശം 1,46,000 വര്‍ഷത്തോളം പഴക്കമുള്ള പ്ലൈസ്റ്റോസീന്റെ മധ്യകാലത്തേതാണ് ഹാര്‍ബിന്‍ തലയോട്ടി എന്നാണ് കണക്കുകൂട്ടല്‍. ഏകദേശം ആധുനിക മനുഷ്യന്റെ തലച്ചോറിന്റെ വലിപ്പമായിരുന്നു ഡ്രാഗണ്‍മാനും ഉണ്ടായിരുന്നത് എന്നാണ് അനുമാനം. എന്നാല്‍ കൂടുതല്‍ വലിപ്പമേറിയ കണ്‍കുഴികളും കൂടുതല്‍ കട്ടിയുള്ളതും ഉന്തി നില്‍ക്കുന്നതുമായിരുന്നു പുരികക്കൊടികളുടെ ഭാഗത്തെ അസ്ഥികളും വിസ്താരമേറിയ വായ്ഭാഗവും വലിപ്പമേറിയ പല്ലുകളും ഉണ്ടായിരുന്നതായി കണക്കാക്കുന്നു.

vachakam
vachakam

പ്രാചീനകാല മനുഷ്യരുടെ സവിശേഷതകള്‍ ഡ്രാഗണ്‍മാന് ഉണ്ടെങ്കിലും മനുഷ്യവംശമെന്ന വിഭാഗത്തില്‍ മുമ്പ് ഉള്‍പ്പെടുത്തിയിട്ടുള്ളവയില്‍ നിന്ന് വ്യത്യസ്തമായി പുരാതനവും വ്യതിയാനം സംഭവിച്ചതുമായ സവിശേഷതകള്‍ സംയോജിതമായി ഡ്രാഗണ്‍മാനില്‍ കാണപ്പെട്ടിരുന്നതായി ജി ക്വിയാങ് പറഞ്ഞു. ഡ്രാഗണ്‍ നദി എന്നര്‍ഥം വരുന്ന ലോംഗ് ജിയാങ് എന്ന പദത്തില്‍ നിന്നാണ് ഹോമോ ലോംഗി എന്ന നാമം ഈ നരവംശത്തിന് നല്‍കിയിരിക്കുന്നത്. വനനിബിഡമായ പീഠഭൂമിയില്‍ വസിച്ചിരുന്ന അന്‍പതുകാരന്റേതാണ് തലയോട്ടിയെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

ഹാര്‍ബിനില്‍ നിലവിലുള്ള തണുപ്പേറിയ കാലാവസ്ഥയേക്കാള്‍ കൂടുതല്‍ രൂക്ഷമായതും നിയാണ്ടര്‍ത്തല്‍ മനുഷ്യര്‍ ജീവിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ കഠിനമായ സാഹചര്യത്തില്‍ ജീവിച്ചിരുന്ന ഡ്രാഗണ്‍മാന്‍ നായാടികളായിരുന്നുവെന്ന് പറയപ്പെടുന്നു. തലയോട്ടിയെ അടിസ്ഥാനമാക്കി കൂടുതല്‍ വലിപ്പമേറിയ മനുഷ്യനാണ് ഡ്രാഗണ്‍മാനെന്നും ഏഷ്യയില്‍ ഒട്ടുമിക്ക പ്രദേശത്തും ഇവര്‍ ജീവിച്ചിരുന്നതായി കണക്കാക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബന്ധപ്പെട്ട മറ്റ് പുരാവസ്തുക്കളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ ഡ്രാഗണ്‍മാന്റെ ജീവിതശൈലിയെ കുറിച്ചോ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യകളെ കുറിച്ചോ ഇതുവരെ സൂചന ലഭിച്ചിട്ടില്ല. ഹോമോ ലോംഗിയുടെ തലയോട്ടി കൂടി ലഭിച്ചതോടെ നരവംശപരിണാമത്തില്‍ കിഴക്കന്‍ ഏഷ്യ ഒരു സുപ്രധാനകേന്ദ്രമായിരുന്നുവെന്ന് ഉറപ്പിക്കാമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam