ചെങ്കോലും ഇന്ത്യൻ രാഷ്ട്രീയവും

JUNE 1, 2023, 11:36 AM

സാക്ഷാൽ ഇന്ത്യൻ രാഷ്ട്രപതിക്കും, രാജ്യസഭയുടെ അധ്യക്ഷനായ ഉപരാഷ്ട്രപതിക്കും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സ്ഥാനമില്ല. നരേന്ദ്രമോദി മാത്രം. സർവ്വം മോദിമയം. രാഷ്ട്രം എന്നാൽ മോദി, മോദി എന്നാൽ രാഷ്ട്രം എന്ന ലൂയി പതിനാലാമൻ സിദ്ധാന്തം ഈ വേലയിൽ ചിലരെങ്കിലും ഓർമ്മിച്ചിരിക്കും.

ജനാധിപത്യ ഇന്ത്യയിൽ ചെങ്കോലിന്റെ സ്ഥാനം എവിടെയാണെന്ന് ഇനിയും പിടികിട്ടാത്ത പൗരന്മാർ ഏറെയാണ്. എങ്കിലും സ്വാതന്ത്ര്യ സമരചരിത്രത്തിൽ ബിജെപിയുടേതായ സംഭാവനയില്ലെന്ന പല്ലവി തിരുത്തിക്കുറിക്കാൻ മഹാനായ മോദിജിക്ക് കഴിഞ്ഞിരിക്കുന്നു. ചെങ്കോലേന്തിയ സന്യാസി വര്യന്മാർ തമിഴ്‌നാട്ടിൽ നിന്നും രാജ്യതലസ്ഥാനത്തെത്തി പ്രധാനമന്ത്രിക്ക് കൈമാറിയതോടെ ഇന്ത്യൻ ജനാധിപത്യം പുതിയൊരു ഘട്ടത്തലേക്ക് നീങ്ങുകയാണെന്നു ചുരുങ്ങിയ പക്ഷം ബി.ജെ.പി അണികളിൽ ചിലരെങ്കിലും വിശ്വസിക്കുമായിരിക്കാം.

കർണാടക തിരഞ്ഞെടുപ്പ് വിധി വന്നതോടെ ദക്ഷണേന്ത്യ ബി.ജെ.പി മുക്തമായി എന്ന വാസ്തവമാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയെ വല്ലാതെ അലട്ടിയത്. മോദി പ്രഭാവവും ക്ഷയോന്മുഖമായിരിക്കുന്നുവെന്ന ആധി. ആ തിരിച്ചറിവു പരിഭ്രാന്തമായ ഒരവസ്ഥയിലാണ് ആ പാർട്ടിയെ കൊണ്ടെത്തിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

ദക്ഷിണേന്ത്യ പൂർണമായും കൈവിട്ടാൽ രാഷ്ട്രീയ അസ്തിത്വത്തെ തന്നെ പ്രതിസന്ധിയിലാക്കുമെന്ന ഭീതിയിൽ, ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തെ തന്നെ ലക്ഷ്യംവെച്ചുകൊണ്ടുള്ള വലതുപക്ഷ പ്രയോഗങ്ങൾക്ക് ബി.ജെ.പി ഒട്ടും സമയം കളയാതെ കളത്തിലിറങ്ങിയിരിക്കുന്നു. വൈകാരിക തലത്തിൽനിന്ന് മതപരവും ആചാരപരവും ദേശബോധപരവുമായ വിശ്വാസങ്ങളെ മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രയോഗങ്ങൾ മാത്രമേ ആവിഷ്‌ക്കരിക്കാൻ ബി.ജെ.പിക്ക് സാധിക്കൂ. എക്കാലത്തും അവരുടെ തന്ത്രപരമായ മത്സരമികവ് തെളിയിക്കപ്പെട്ടിട്ടുള്ളത് ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രയോഗങ്ങൾ നടപ്പാക്കുന്നതിലാണ്. മത്സരരാഷ്ട്രീയത്തിലുള്ള വലതുപക്ഷത്തിന്റെ നീക്കങ്ങളെ വിജയത്തിലേക്ക് നയിക്കുന്നത് പ്രതീകങ്ങളുടെ വിന്യാസം. പ്രതീകങ്ങളെ മുൻനിർത്തിയുള്ളതാണ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രയോഗ മാതൃകകൾ.

പാർലമെന്റ് മന്ദിരം രാഷ്ടത്തിന് സമർപ്പിക്കേണ്ടത് ആരെന്ന ചോദ്യം വാനിലുയർന്നുപൊങ്ങിയതോടെ പ്രതിപക്ഷത്തെ പ്രമുഖരെല്ലാം ബി.ജെ.പിക്ക് എതിരായി. രാഷ്ട്രപതിക്ക് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനത്തലോ, ഇപ്പോൾ ഉദ്ഘാടനത്തിലോ യാതൊരു കാര്യവുമില്ലെന്ന് അടിവരയിട്ടു പറഞ്ഞിട്ടും പ്രതിപക്ഷങ്ങൾക്കത് മനസിലാകുന്നില്ലെന്നു വന്നാൽ പിന്നെന്തു ചെയ്യും..!

രാജ്യസഭയുടെ അധ്യക്ഷനായ ഉപരാഷ്ട്രപതിക്കും ഉദ്ഘാടന ചടങ്ങിൽ സ്ഥാനമില്ല. നരേന്ദ്രമോദി മാത്രം. സർവ്വം മോദിമയം. രാഷ്ട്രം എന്നാൽ മോദി, മോദി എന്നാൽ രാഷ്ട്രം എന്ന ലൂയി പതിനാലാമൻ സിദ്ധാന്തം ചിലരെങ്കിലും ഓർമ്മിച്ചിരിക്കും.

vachakam
vachakam
vachakam

അമിത്ഷായും മോദിയും കൂടി ചരിത്രത്തിൽ നിന്ന് തപ്പിപ്പിടിച്ച് കൊണ്ടുവരുന്ന ചെങ്കോലിനാവട്ടെ, വർത്തമാന കാല ഇന്ത്യയുടെ പാർലമെന്റിലെത്തുമ്പോൾ സംഭവിക്കുന്ന അർഥവ്യത്യാസം പ്രധാനമാണ്. രാജാധികാരത്തിന്റെ പ്രതീകമായിരുന്ന ചെങ്കോൽ 2014 നു ശേഷമുള്ള പുതിയ ഇന്ത്യയിലേക്കിറങ്ങി വരുന്നത്

പുരാവസ്തുവായിട്ടല്ല. ജനാധിപത്യത്തിനു മേൽ പതിക്കുന്ന കരിനിഴലായിട്ടാണ്. പരുവപ്പെടുത്തിയെടുത്തത് 'അധികാര കൈമാറ്റ' ത്തിന്റെ ചടങ്ങ് എന്ന് അവകാശപ്പെട്ടാണ്. സ്വാതന്ത്ര്യ സമരത്തിൽ എന്തെങ്കിലും പങ്കുവഹിച്ചു എന്ന ആരോപണം ഇന്നുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത സംഘ പരിവാറിന് സ്വതന്ത്ര്യമെന്നാൽ 'അധികാര കൈമാറ്റത്തിന്റെ കേവലമൊരു ചടങ്ങ്' മാത്രമാകുന്നതിൽ അത്ഭുതമൊട്ടില്ലാതാനും.

എന്നാൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനും ജനകോടികൾക്കും സ്വാതന്ത്ര്യമെന്നാൽ ഓരോ ഭാരതീയന്റേയും രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ വിമോചനം എന്നായിരുന്നു അർത്ഥം. ആ വിമോചന സ്വപ്‌നം സാക്ഷാത്കരിക്കാൻ ഇന്ത്യയിലെ ജനകോടികൾ ശ്രമിച്ചത് സ്വാതന്ത്ര്യവും നീതിയും സമത്വവും സാഹോദര്യവും ഉറപ്പുനൽകിയ ഭരണഘടന നിർമ്മിച്ചുകൊണ്ടാണ്.

vachakam
vachakam

നീതി ഉറപ്പു നൽകുന്ന ഭരണഘടനക്കു പകരം രാജവാഴ്ചയുടെ അധികാരദണ്ഡായ ചെങ്കോൽ സ്ഥാപിക്കപ്പെടുന്ന ദിവസം ലോകത്തിനു മുന്നിൽ ദേശീയ അഭിമാനവും യശസ്സുമുയർത്തിയ ഗുസ്തി താരങ്ങൾക്ക് നീതി തേടി തെരുവിൽ ഇറങ്ങേണ്ടി വരുന്നത് 'പുതിയ ഇന്ത്യ' യുടെ പരിണാമത്തെ കുറിക്കുന്നുണ്ട്. ഇക്കണ്ട കാലമത്രയും ദ്രാവിഡരാജ്യത്തെ വരുതിയിലാക്കാൻ ബി.ജെ.പി പഠിച്ച പണി പതിനെട്ടും പയറ്റിനോക്കിയിട്ട് ഒന്നും ക്ലച്ചുപിടിക്കാതെ വന്നപ്പോൾ പുതിയൊരു തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ്.

തമിഴ്‌നാട്ടിൽ അധികാരത്തിൽ സ്വാധീനമുറപ്പിക്കാൻ കഴിഞ്ഞാൽ ദക്ഷിണേന്ത്യ മുഴുവനും രാഷ്ട്രീയമായി ബി.ജെ.പിയുടെ സ്വാധീനമേഖലയായി വികസിപ്പിക്കാമെന്നാണ് സംഘപരിവാർ കരുതുന്നത്. ബി.ജെ.പി ഉപയോഗപ്പെടുത്തുന്ന ശ്രീരാമന്റെയും അയോദ്ധ്യയുടെയും പ്രതീകങ്ങൾക്ക് തമിഴ്‌നാട്ടിൽ മാത്രമല്ല, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തന്നെ സ്വാധീനം കുറവാണ്. ഉത്തരേന്ത്യൻ പ്രതീകങ്ങളെയും ഉത്സവാഘോഷങ്ങളെയും കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇറക്കുമതി ചെയ്തിട്ടു വർഷങ്ങളായെങ്കിലും പൊതുജനമനസ്സിൽ ഒരു സ്ഥാനവും ലഭിച്ചില്ല എന്നതുമാത്രമല്ല അവർ ലക്ഷ്യം വെച്ചിരുന്ന ഹിന്ദു വിശ്വാസികളുടെ ഇടയിൽ പോലും ഒരനക്കവും സൃഷ്ടിക്കാൻ കഴിഞ്ഞതുമില്ല.                            

സമീപകാലത്തു തമിഴ്‌നാട്ടിൽ ബി.ജെ.പിയുടെ രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കാൻ ദ്രാവിഡ ദൈവമെന്നു സങ്കല്പിക്കുന്ന മുരുകന്റെ 'വേൽ പ്രതീകമാക്കി 'വേൽ യാത്ര' സംഘടിപ്പിക്കുയുണ്ടായി. ജനകീയ പ്രശ്‌നങ്ങളെ ഏറ്റെടുത്ത് രാഷ്ട്രീയമായ സമരമുഖങ്ങൾ തുറക്കാനോ രാഷ്ട്രീയത്തെ  ആവിഷ്‌ക്കരിക്കാനോ ബി.ജെ.പി തയ്യാറല്ല. പകരം സമൂഹത്തിലെ ഏറ്റവും ശ്രേണീബദ്ധവും പരമ്പരാഗതവും എന്നാൽ സാമൂഹിക മാറ്റങ്ങളോടും വിമുഖമായും നിൽക്കുന്നതാണ് അവരുടെ രാഷ്ട്രീയം. തീർത്തും ആശയദുർബലമായ രാഷ്ട്രീയത്തിന് പ്രതീകങ്ങളെയല്ലാതെ മറ്റൊന്നും അവലംബിക്കാനില്ല.

ഇതിന്റെ പരിണിത ഫലമാണ് പ്രതീകങ്ങളെ അവലംബിച്ചുകൊണ്ടുള്ള രാഷ്ട്രീയ സംവേദനം. വംശസ്മൃതികളെ ഉണർത്തുന്നതോ പാരമ്പര്യത്തെ ഗൃഹാതുരവൽക്കരിക്കുന്നതോ ആയ പ്രതീകങ്ങളെയാണ് അവർ കാഴ്ചവസ്തുവായി പ്രദർശിപ്പിക്കുന്നത്. വൈകാരികമായി ജനതയ്ക്ക് അനുഭാവം തോന്നുന്നതും ഐക്യപ്പെടാൻ പ്രേരിപ്പിക്കുന്നതുമായ പ്രതീകങ്ങളെ അരങ്ങത്തേക്കു കൊണ്ടുവരാറുള്ളതാണ്. ഇന്ത്യൻ ദേശീയ പ്രക്ഷോഭത്തന്റെ ഘട്ടത്തിലും ബ്രിട്ടീഷ് വിരുദ്ധ വികാരം ഇളക്കിവിടാൻ ബി.ജെ.പി ഹൈന്ദവ പ്രതീകങ്ങളെ ഉപയോഗപ്പെടുത്തിയിരുന്നു.

ജവഹർലാൽ നെഹ്‌റുവിന്  അധികാര കൈമാറ്റത്തിന്റെ ഭാഗമായി ലഭിച്ച ചെങ്കോൽ നെഹ്‌റുവിന്റെ ഊന്നുവടി എന്ന വ്യാജ ലേബൽ നൽകി അല്ലഹാബാദ് മ്യൂസിയത്തിൽ വെച്ചിരിക്കുകയായിരുന്നു എന്നാണ് ആഖ്യാനം. തമിഴ് നാട്ടിലെ ശൈവമഠത്തിന്റെ മേൽനോട്ടത്തിൽ നിർമിച്ച ചെങ്കോൽ ഇത്രയും കാലം അവഗണന നേരിട്ടിരിക്കുകയായിരുന്നുവെന്ന്. ഇതാണ് ചെങ്കോലിനെ പുനരധിവസിപ്പിക്കാനുള്ള ഒരു ന്യായം. ഈയൊരു ആഖ്യാനമാണ് പ്രചാരത്തിൽ. രാജ്യാധികാരത്തിന്റെ പ്രതീകമാണ് ചെങ്കോൽ എന്നത് പ്രകടമായ വസ്തുതയാണ്. ജനാധിപത്യത്തിൽ ചെങ്കോലല്ല, ഭരണഘടനയാണ് ജനങ്ങളുടെ പരമാധികാരത്തിന്റെ സ്രോതസ്സ്.

ബി.ജെ.പി പ്രതീക രാഷ്ട്രീയത്തിന്റെ ഒരു പുതിയ അധ്യായമാണോ, ചോള രാജ്യാധികാരത്തിന്റെ ഓർമയുണർത്തുന്ന 'സെങ്കോൽ' പ്രതീകം പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്നതുവഴി ലക്ഷ്യം വെയ്ക്കുന്നത്. നരേന്ദ്ര മോദിയുടെ സങ്കല്പത്തിൽ നിർമിക്കപ്പെട്ട പുതിയ പാർലമെന്റ് മന്ദിരം ഹിന്ദുത്വരാഷ്ട്രത്തിന്റെ അധികാരത്തെ എല്ലാ അർത്ഥത്തിലും പ്രതീകവല്കരിക്കുന്നതാണ് എന്നു പറയാതിരിക്കാൻ കഴിയുകയില്ല.

എമ എൽസ എൽവിൻ 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam