രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര അവസാനിക്കുമ്പോൾ കോൺഗ്രസുകാർ നിശ്ചയമായും പഠിക്കേണ്ട ചില പാഠങ്ങളുണ്ട്

JANUARY 25, 2023, 8:00 PM

കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ യാത്ര 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് കശ്മീരിലവസാനിക്കുകയാണല്ലോ, കഴിഞ്ഞ സെപ്തംബറിലാണ് യാത്ര ആരംഭിച്ചത്.  സമാപന സമ്മേളനം പ്രതിപക്ഷ ചേരിയുടെ ശക്തി പ്രകടനമാക്കാനുള്ള ഒരുക്കത്തിലാണ്  കോൺഗ്രസ് പാർട്ടി. പക്ഷെ കോൺഗ്രസുകാർ  നിശ്ചയമായും പഠിക്കേണ്ട ചില പാഠങ്ങളുണ്ട്. രാഹുൽഗാന്ധി ഉന്തിഉരുട്ടിക്കയറ്റിയ ഈ ആത്മവിശ്വാസം ഗ്രൂപ്പുകളിച്ചും കുതികാൽവെട്ടിയും പാര പണിഞ്ഞും ഇല്ലാതാക്കരുത്..!

എന്തൊക്കെ പറഞ്ഞാലും കോൺഗ്രസിന് പുതുജീവൻ നൽകുന്നതുതന്നെയാണ് ഭാരത് ജോഡോ യാത്ര. കന്യാകുമാരിയിലെ ത്രിവേണി സംഗമം സാക്ഷിയാക്കി തമിഴ്‌നാട് മുഖ്യ മന്ത്രി എം.കെ. സ്റ്റാലിനിൽനിന്നും ത്രിവർണ്ണ പതാക ഏറ്റുവാങ്ങിത്തുടങ്ങിയ യാത്രയെ രണ്ടാം സ്വാതന്ത്ര്യ സമരമെന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. ബിജെപി വിഭജിച്ച ഇന്ത്യയെ കോൺഗ്രസ് ഒരുമിപ്പിക്കുമെന്നാണ് യാത്രാ വാഗ്ദാനം. 12 സംസ്ഥാനങ്ങൾ പിന്നിട്ട് 2023 ജനുവരി 30ന് കാശ്മീരിൽ സമാപിക്കുന്ന യാത്രയ്ക്കിടയിൽ അദ്ദേഹം രാജ്യത്തെ പ്രമുഖ വ്യക്തികളോടൊപ്പം സാധാരണക്കാരുമായും എന്തിനേറെ കൊച്ചുകുട്ടികളോടുവരെ ആശയവിനിയമം നടത്തിയുമാണ് മന്നേറുന്നത്. 

കോൺഗ്രസ് 60 വർഷം ഭരിച്ചിട്ടും മനസ്സിലാക്കാത്ത ഇന്ത്യയിൽനിന്നും ഇനിയെന്ത് പഠിക്കാനാണ് ഈ യാത്രാപ്രഹസനമെന്നാണ് ബിജെപി ചോദിക്കുന്നത്. യാത്രയുടെ 'അരാഷ്ട്രീയതയെ' ഇടതുപക്ഷവും ചോദ്യം ചെയ്യുന്നുണ്ട്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലൂടെ കടന്നുപോകാത്ത യാത്രയുടെ ഉദ്ദേശശുദ്ധിയെയാണ് ഇടതുപാർട്ടികൾ വിമർശിക്കുന്നത്.

vachakam
vachakam
vachakam

2024ലെ തെരഞ്ഞെടുപ്പൊരുക്കം യാത്രാ ലക്ഷ്യമല്ലെന്ന് നേതാക്കൾ ആദ്യമേ തന്നെ ആണയിട്ടാവർത്തിച്ചതിന് പിന്നിൽ മുൻയാത്രാവസരങ്ങളിലെ കയ്‌പ്പേറിയ അനുഭവമാകും. യുപിയിൽ 2016ൽ ഇതേ രാഹുൽഗാന്ധി നയിച്ച യാത്രയ്‌ക്കൊടുവിൽ സീറ്റ് കൂടുകയല്ല, കുറയുകയാണ് ചെയ്തത്.

എന്നാൽ ഈ യാത്രയൂടെ പ്രതികരണത്തിൽ മാറ്റം വന്നുതുടങ്ങിയത് വളരെ പെട്ടെന്നാണ്.  അതേക്കുറിച്ച് രാഹുൽ ഗാന്ധി തന്നെ പറയുന്നത് ഇങ്ങനെയാണ്. 

'തീരെ പതിഞ്ഞ മട്ടിലുള്ള തുടക്കമായിരുന്നു ജോഡോ യാത്രയുടേത്. സെപ്തംബർ ഏഴിന് കന്യാകുമാരിയിൽനിന്നും ഞങ്ങൾ യാത്ര തുടങ്ങിയപ്പോൾ ഈ യാത്രയെക്കുറിച്ചുള്ള ദോഷവിചാരവും മുൻവിധിയും അജ്ഞതയുമാണ് നേരിടേണ്ടി വന്നത്. ഇതൊരു പദയാത്ര തന്നെയാണോ എന്ന് അന്വേഷിച്ചുകൊണ്ട് പ്രമുഖനായൊരു മാധ്യമപ്രവർത്തകൻ വിളിച്ചത് ഞാൻ ഓർക്കുന്നു. ഈ യാത്ര എന്തിനുവേണ്ടിയാണെന്ന് ആർക്കും അറിയില്ലായിരുന്നു.

vachakam
vachakam
vachakam

'ഈ കോൺഗ്രസ് നേതാക്കളൊക്കെ ഇങ്ങനെ നടക്കുമോ? രാഹുൽഗാന്ധി യാത്രയിൽ വല്ലപ്പോഴുമായി ചേരുകയാണോ ചെയ്യുക? അതോ ഉടനീളം നടക്കുന്നണ്ടോ?' ഇങ്ങനെയൊക്കെ ചോദിച്ചവരുണ്ട്. യാത്രയ്ക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഞാൻ അടുത്ത ചില കുടുംബ സുഹൃത്തുക്കളെ സന്ദർശിച്ചിരുന്നു. ഞാൻ യാത്രയിൽ ചേരുന്നതിനോടുള്ള അവരുടെ വിയോജിപ്പ് വളരെ പ്രകടമായിരുന്നു. 'യോഗേന്ദ്ര ജീ, നിങ്ങൾ നിങ്ങളുടെ സൽപ്പേര് പണയപ്പെടുത്തുകയാണ്. നിങ്ങൾ കോൺഗ്രസിൽ ചേരാൻ പോകുന്നില്ല എന്ന് ഞങ്ങൾക്കറിയാം. പക്ഷേ, ഈ സമയത്ത് ഈ പാർട്ടിയോട് ചേർന്നുനിൽക്കുന്നത് മരണത്തെ ചുംബിക്കുന്നതുപോലെയല്ലേ' എന്ന് അവർ ചോദിച്ചു.

പക്ഷേ, ഭാരത് ജോഡോ യാത്ര ഒരുമാസമാകുന്നതിന് മുമ്പുതന്നെ കാര്യമായ മാറ്റം വന്നു. ഇത് ഒരു ജനതയുടെയാകെ മനസുമാറ്റമോ എന്ന് ഇപ്പോൾ പറയാനാകില്ല. പക്ഷേ, 'ഗുണകരമായ ചിലത്' തുടങ്ങിവെക്കാൻ യാത്രയ്ക്ക് നിസംശയം കഴിഞ്ഞിട്ടുണ്ട്. സംതിങ് പോസിറ്റീവ് എന്ന് ഞാൻ പലതവണ കേട്ടു. ഭാരത് ജോഡോ യാത്ര ഒരു സാധാരണ രാഷ്ട്രീയ നാടകമല്ല' 

സത്യത്തിൽ ഇന്ത്യയുടെ അടിത്തട്ടിൽ എന്ത് നടക്കുന്നുവെന്ന അന്വേഷണമാണ് യാത്രയുടെ രാഷ്ട്രീയ ഉദ്ദേശ്യമെന്നാണ് കോൺഗ്രസ് നിലപാട്. ഏകാധിപത്യവും ബഹുസ്വരതയും തമ്മിലുള്ള പോരാട്ടത്തിൽ ത്രിവർണ്ണ പതാകയ്ക്കു കീഴിൽ രാജ്യത്തെ ഒരുമിപ്പിക്കുകയാണ് യാത്രാദൗത്യം.

vachakam
vachakam

ജോഡോ യാത്രകൊണ്ട് ഇതുവരെ നേടിയ കാര്യങ്ങൾ എന്തൊക്കെ എന്നു ചോദിച്ചാൽ ആദ്യം തെളിയുക ഹിമാചൽ പ്രദേശിൽ ഇരട്ട എൻജിനുണ്ടായിട്ടും കോൺഗ്രസിനു മുന്നിൽ അടിപതറി ബിജെപി. അവിടെ പ്രാദേശിക ഭരണം കോൺഗ്രസ് പിടിച്ചെടുത്തു. ചെറുതെങ്കിലും മൂന്നാമതൊരു സംസ്ഥാനം കൂടി പാർട്ടിയുടെ ഒറ്റയ്ക്കുള്ള ഭരണത്തിലായി. യാത്രയുടെ നൂറാം ദിവസത്തിൽ ഹിമാചൽപ്രദേശിൽ നിന്നും പുതിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഭരണപക്ഷ എംഎൽഎമാരും ജോഡോ യാത്രയിൽ പങ്കാളികളായി. യാത്രമധ്യേ നേടിയെടുത്ത കരുത്ത് നൂറാം ദിനത്തിൽ പ്രദർശിപ്പിക്കാനായത് പാർട്ടിക്ക് വലിയ ആശ്വാസമായി.

എന്നാൽ ഹിമാചൽ തെരഞ്ഞെടുപ്പും യാത്രയും തമ്മിൽ വല്ല ബന്ധവും ഉണ്ടോ എന്നു ചോദിച്ചാൽ നേരിട്ടില്ല. യാത്ര ഹിമാചലിൽ എത്തിയുമില്ല. യാത്ര നിർത്തി ഹിമാചൽ പ്രദേശിൽ പ്രചരണത്തിനു പോകാൻ രാഹുൽ ഗാന്ധി തയ്യാറായുമില്ല. പക്ഷെ, ദേശീയതലത്തിൽ യാത്ര സൃഷ്ടിച്ച പ്രസരിപ്പ് ഹിമാചലിൽ ഫലത്തേയും ബാധിച്ചു എന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. 

അതിനേക്കാൾ ശ്രദ്ധേയമായത് രാഹുലിന്റെ അഭാവത്തിൽ പ്രിയങ്കയുടെ സാന്നിധ്യമാണ്. അവിടെ കോൺഗ്രസി സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രിയങ്കയാണ് പ്രചാരണയോഗങ്ങളിൽ പങ്കുകൊണ്ടത്. പ്രിയങ്കയുടെ തിരഞ്ഞെടുപ്പു സ്ട്രാറ്റജിയാണ് വിജയം കണ്ടതെന്നാണ് നേതാക്കളുടെ വിശ്വാസം.

വിന്നിംഗ് ടീമിനെ കണ്ടെത്തിയതു മുതൽ പ്രിയങ്കയുടെ പങ്ക് അവർ ചൂണ്ടിക്കാട്ടുന്നു. മുൻ മുഖ്യമന്ത്രി വീര ഭദ്രസിങ്ങിന്റെ ഭാര്യയും പിസിസി അധ്യക്ഷയുമായ പ്രതിഭാസിങ്ങിന്റെ ശ്ക്തമായ സമ്മർദം അതിജീവിച്ച് മുഖ്യമന്ത്രിക്കസേരയിലെത്തിയ സുഖ് വിന്ദർ സിങ്ങ് സുഖു പ്രിയങ്കാ ടീമിലെ അങ്കമായിരുന്നു. വീര ഭദ്രസിങ്ങുമായ നല്ല ബന്ധത്തിലായിരുന്നില്ല സുഖു. എന്നാൽ രാഹുൽ ഗാന്ധിയുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു.

പാർട്ടിയുടെ പ്രചാരണ വിഭാഗം അധ്യക്ഷൻ കൂടിയായിരുന്ന സുഖുവിന് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചതും ഗാന്ധി കുടുംബത്തിന്റെ പിന്തുണയാണ്. ചുരുക്കിപ്പറഞ്ഞാൽ സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പിസം നിയന്ത്രിക്കാൻ പ്രിയങ്കയ്ക്ക് കഴിഞ്ഞുവെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു. രാഹുലിന്റെ ജോഡോ യാത്രമൂലം അങ്ങിനെ പ്രിയങ്കയും ശ്രദ്ധിക്കപ്പെട്ടു. ഇനി രാജ്യവ്യാപകമായ പ്രിയങ്കയുടെ പ്രചാരണം പാർട്ടി ലക്ഷ്യമിടുകയാണ്.

ജോഡോ യാത്രയുടെ തുടർച്ചയെന്ന നിലയ്ക്ക് രണ്ടുമാസത്തിലേറെ നീളുന്ന മഹിളാമാർച്ചും ഉടനെ പ്രിയങ്കയുടെ നേതൃത്വത്തിൽ ഉടനെ ഉണ്ടാകുമെന്നാണല്ലോ പറയുന്നത്. വനിതാ പ്രവർത്തകരെ ഉണർത്താനും സ്ത്രീ വോട്ടർമാരെ ആകർഷിക്കാനും പ്രിയങ്കയ്ക്ക് കഴിയുമെന്ന വിശ്വാസമാണ് കോൺഗ്രസിനുള്ളത്.

മല്ലികാർജുൻ ഖാർഗെ പാർട്ടി അധ്യക്ഷനാണെങ്കിലും 'ഗാന്ധി ഫാക്ടർ' തന്നെയാകും കോൺഗ്രസിന്റെ മുഖമുദ്ര എന്നു കാണാം. ഗുജറാത്തിലും ഡെൽഹിയിലെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും യാതൊരു നേട്ടവും കോൺഗ്രസിനുണ്ടായില്ല. എന്നാൽ സമീപകാലത്തെ തോൽവികൾ ശീലമാക്കിക്കഴിഞ്ഞ പാർട്ടിക്ക് വിജയം ലഭിക്കുന്നതാണല്ലൊ പ്രധാനം..!

അർപ്പണബോധവും കഠിനാധ്വാനവും പോര, ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുന്നു, കുട്ടിക്കളി ഇനിയും മാറിയിട്ടില്ല.. തുടങ്ങി രാഹുൽ ഗാന്ധിക്കെതിരെ കഴിഞ്ഞ കാലങ്ങളിൽ ഉയർന്നിരുന്ന ആരോപണങ്ങളൊക്കെ നിർവീര്യമാക്കുന്നതാണ് ജോഡോ യാത്രയിലെ അദ്ദേഹത്തിന്റെ സമർപ്പിത മനോഭാവം. ദിനംതോരും അനവധി ആളുകളാണ് യാത്രയുടെ ഭാഗമാകുന്നത്. റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനും സാമൂഹിക പ്രവർത്തക മേധപട്കറും കമൽഹാസനും സിപിഎം നേതാവ് തരിഗാമിയും ബോളിവുഡ് താരം ഊർമിള മതോംഡ്കർ അടക്കം വിവിധ മേഖലകളിലുള്ള വിശിഷ്ട വ്യക്തികൾ യാത്രയുടെ ഭാഗമായി. 

അതാതു പ്രദേശങ്ങളിലെ ആയിരക്കണക്കിന് സാധാരണ പാർട്ടി പ്രവർത്തകർ യാത്രയിൽ ആവേശകരമായ രീതിയിൽ അണിനിരന്നുകൊണ്ടിരിക്കുന്നു. അവരോടെല്ലാം ആർജവത്തോടും  ഊർജസ്വലതയോടും കൂടി രാഹുൽ സംവദിക്കുകയും ചെയ്യുന്നു.

ഇത് കോൺഗ്രസിന്റേത് മാത്രമല്ല. ഒട്ടേറെ ജനകീയ പ്രസ്ഥാനങ്ങളും സംഘടനകളും പൊതുബുദ്ധിജീവികളും മുൻ കാലങ്ങളിൽ കോൺഗ്രസുമായി ഒട്ടും അടുപ്പമില്ലാതിരുന്ന ഒട്ടേറെപ്പേരും പിന്തുണച്ചിട്ടുള്ള യാത്രയാണ് എന്ന് നിസംശയം പറയാം.  മുമ്പ് സാധാരണ നിലയിൽ രാഷ്ട്രീയ നിലപാടുകൾ എടുത്തിട്ടില്ലാത്തവരും കോൺഗ്രസിനെ പിന്തുണക്കാത്തവരുമായ ഒട്ടേറെപ്പേർ ഇത്തവണ പരസ്യപിന്തുണയുമായി രംഗത്തുണ്ട്. ഇത് കോൺഗ്രസിനുള്ള ഉറപ്പായോ അതിന്റെ നേതൃത്വത്തോടുള്ള വിധേയത്വമായോ തെറ്റിദ്ധരിക്കപ്പെടരുത് എന്നുകൂടി പറയട്ടെ.

ഇത് ഭാരത് ജോഡോ എന്ന ആശയത്തോടുള്ള പിന്തുണയും അതിന്റെ നൈതികതയ്ക്കുള്ള അംഗീകാരവുമായി കണ്ട് ഇന്ത്യയിലെ എല്ലാ പ്രതിപക്ഷ പാർട്ടികളേയും ഒരു നൂലിൽ കോർത്തിണക്കി കൂടെ നിർത്താൻ കോൺഗ്രസിനു കഴിഞ്ഞില്ലെങ്കിൽ ഇനി ഒരു തിരിച്ചുവരവ് ബാലികേറാ മലയായിതന്നെ നിന്നെന്നുവരും. അതുണ്ടാവാതിരിക്കേണ്ടത് നാടിന്റെ കൂടി ആവശ്യമാണെന്നറിയുക.

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam