ചാന്ദ്ര പുതുവര്‍ഷത്തിലെ ചൈനയുടെ ശുദ്ധീകലശം ആര്‍ക്കുവേണ്ടി

JANUARY 25, 2023, 5:33 AM

ഏതൊരു രാജ്യത്തിനും അതിന്റേതായ സംസ്‌കാരം ഉണ്ട്. മനുഷ്യന്‍ ജീവിച്ച് വന്ന രീതിശാസ്ത്രങ്ങളുടെ ആകെ തുകയെയാണ് നാം സംസ്‌കാരം എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നത്. ദേശ കാലങ്ങളെ അടിസ്ഥാനമാക്കി സംസ്‌കാരത്തിന്റെ രീതി ശാസ്ത്രങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു. ഈ വൈവിധ്യം ലോകമെങ്ങും കാണാം.

കാലത്തിനനുസരിച്ച് മനുഷ്യന്റെ ബോധ്യങ്ങള്‍ മാറ്റമുണ്ടാകുമ്പോള്‍ പഴയ പലതും പുതിയ കാലത്ത് അന്ധവിശ്വാസമെന്നോ അബദ്ധമെന്നോ ഉള്ള ധാരണയിലേക്ക് നമ്മള്‍ എത്തിച്ചേരുന്നു. ഇപ്പോള്‍ സംസ്‌കാരത്തിലെ ചില 'നന്മ'കളെ ശക്തമാക്കാനും മറ്റ് ചില തിന്മകളെ ഉന്‍മൂലനം ചെയ്യാനുമുള്ള പുറപ്പാടിലാണ് ചൈന. അതായത് ചൈന വീണ്ടും ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചിരിക്കുന്നു എന്ന് ചുരുക്കം.

ലോക ചരിത്രത്തിലിതുവരെയായി, ചൈന അടക്കമുള്ള  കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ചെയ്തിരുന്ന ശുദ്ധീകരണ പ്രക്രിയകള്‍ പലതും നമ്മുക്ക് മുന്നിലുണ്ട്. ഇതും അത്തരത്തിലൊരു ശുദ്ധീകരണ പ്രക്രിയയാണ്. പക്ഷേ, ഇത്തവണ ചൈന നിഷ്‌കാസനം ചെയ്യുന്നത് തങ്ങളുടെ ഇന്റനെറ്റ് ലോകത്തിലെ അശുദ്ധികളെയാണെന്ന് മാത്രം.

ചാന്ദ്രപുതു ദിനത്തില്‍ ഇന്റര്‍നെറ്റില്‍ നിന്ന് അശ്ലീലവും അനാരോഗ്യകരവുമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനാണ് ചൈനയുടെ നീക്കം. സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ചൈനയില്‍ ചാന്ദ്ര പുതുവര്‍ഷം ആരംഭിച്ച ജനുവരി 22 ന് ഒരു മാസം മുമ്പ് തന്നെ ഈ ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചിരുന്നെങ്കിലും ജനുവരി 18 നാണ് ചൈനയുടെ സൈബര്‍സ്പേസ് അഡ്മിനിസ്ട്രേഷന്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

പ്രധാനമായും അല്പ വസ്ത്രധാരികളായ സ്ത്രീകളുടെ ചിത്രങ്ങള്‍, മുന്‍ ക്രിമിനലുകളുടെ ജയില്‍ അനുഭവങ്ങള്‍ എന്നിവയാണ് നീക്കം ചെയ്യപ്പെടുക. അതോടൊപ്പം പുതുവത്സര അവധിക്കാലത്തെ വിവരങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി രാജ്യത്തെ ഇന്റര്‍നെറ്റ് സെന്‍സര്‍മാര്‍ പ്രധാന വെബ്സൈറ്റുകളുടെ ഹോം പേജുകള്‍, ട്രെന്‍ഡിങ് വിഷയങ്ങളുടെ പട്ടിക, ശുപാര്‍ശകള്‍, ഉപഭോക്തൃ അഭിപ്രായങ്ങള്‍ അടങ്ങിയ വിവരങ്ങള്‍ എന്നിവയും സൂക്ഷ്മമായി പരിശോധിക്കപ്പെടും.

മുന്‍ കുറ്റവാളികള്‍ തങ്ങളുടെ ജയില്‍ അനുഭവങ്ങള്‍ തുറന്നെഴുതി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ചൈനീസ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഹോട്ടലുകള്‍, പ്രകൃതിരമണീയമായ സ്ഥലങ്ങള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സെക്സിയായി പ്രത്യക്ഷപ്പെട്ട് അപകീര്‍ത്തികരമായ പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതാണ് അല്പ വസ്ത്ര ചിത്രങ്ങള്‍ക്കെതിരെയുള്ള ആരോപണം.

കൂടാതെ തങ്ങളുടെ സ്വത്തിനെക്കുറിച്ച് സാമൂഹ മാധ്യമങ്ങളില്‍ വീമ്പിളക്കുന്നവരും അമിതമായ ഭക്ഷണപ്രിയരും മദ്യപാന ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നവരും അധികാരികളുടെ നോട്ടപ്പുള്ളികളാണ്.

100 കോടി വരുന്ന ചൈനയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി ചൈന കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ 'ശുദ്ധീകരണ' പ്രക്രികള്‍ നടത്തിയിരുന്നു. ഇന്റര്‍നെറ്റിലെ വിനോദ, സാമൂഹിക ഇടപെടലുകളില്‍ സര്‍ക്കാര്‍ നടത്തിയ ശുദ്ധീകരണ പ്രക്രിയയോടെ കഴിഞ്ഞ വര്‍ഷം ചൈനീസ് സാമൂഹിക മാധ്യമങ്ങളിലെ നിരവധി സെലിബ്രിറ്റികള്‍ക്ക് വരുമാന നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തവണയും പുതിയ പല സെലിബ്രിറ്റികളും വീഴുമെന്ന് വേണം കരുതാന്‍.

എന്നാല്‍, ഈ സംസ്‌കാര ശുദ്ധീകരണ പ്രക്രിയയ്ക്ക് പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടി ഉണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതായത് ചൈനീസ് സാമൂഹിക മാധ്യമങ്ങളിലെ സര്‍ക്കാര്‍ വിരുദ്ധരെ കണ്ടെത്താനുള്ള തന്ത്രപരമായ നയമാണെന്നാണ് വിലയിരുത്തല്‍.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam