'പപ്പുഫിക്കേഷൻ' പഴങ്കഥ; പക്വതയുടെ രൂപമാറ്റവുമായി രാഹുൽ ഗാന്ധി

FEBRUARY 1, 2023, 8:30 PM

ആദർശപരമായ രാഷ്ട്രീയ പോരാട്ടത്തിന് ഊന്നൽ നൽകി സ്‌നേഹത്തിനും മാനവിക ഐക്യത്തിനുമായി 4080 കിലോ മീറ്റർ ദൂരം നടന്നു തീർത്ത രാഹുൽ ഗാന്ധി കോൺഗ്രസിനു പകർന്നു നൽകിയത് അപരിമിത ഊർജ്ജമെന്ന് ദേശീയ മാധ്യമങ്ങളുടെ നിരീക്ഷണം; ഇനിയൊരു നിമിഷവും 'പപ്പു' വെന്ന മിഥ്യാരൂപിയുടെ തടവറയിൽ രാഹുൽ ഗാന്ധിയെ തളച്ചിടാനാകില്ലെന്ന് ബി.ജെ.പി തിരിച്ചറിയുകയും ചെയ്തിരിക്കുന്നു ഭാരത് ജേഡോ യാത്രയുടെ വിജയകരമായ പൂർത്തീകരണത്തോടെ. വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കടമുറികൾ പണിയാമെന്ന രാഹുലിന്റെ വാക്കുകളുടെ പ്രതിധ്വനി വെറുപ്പിന്റെ ഉൽപ്പാദനശാലകളെ വല്ലാതെ പ്രകമ്പനം കൊള്ളിക്കുന്നുണ്ട്.

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പദയാത്ര വിജയകരമായി പൂർത്തീകരിച്ചതിന്റെ ആത്മസംതൃപ്തിയെ ഒട്ടും ചെറുതായി കാണാനാകില്ല. പരിഹാസ ശരങ്ങളെയും കൂവലുകളെയും സ്‌നേഹമുദ്രകൾ കാട്ടിയാണ് രാഹുൽ ഗാന്ധി നേരിട്ടത്. ലോകത്തെവിടെയും സമകാലീന ജനാധിപത്യ പരിസരങ്ങളിൽ അസാധാരണമാണ് ഭാരത് ജേഡോ പോലൊരു ആശയത്തിന്റെ രചനാത്മക നിർവഹണം. ബോധപൂർവ മാധ്യമ അവഗണനകളെ അതിശയിപ്പിച്ച് കടന്നുപോയ വഴികളിൽ ഭാരത് ജേഡോ യാത്രയെ സാധാരണക്കാർ നെഞ്ചിലേറ്റി. ബി.ബി.സി ഡോക്യുമെന്ററി തീർത്ത രാഷ്ട്രീയ നാണക്കേടും ഹിൻഡൻ ബർഗ് റിപ്പോർട്ടിലൂടെ തുറന്നുകാട്ടപ്പെടുന്ന അദാനി കഥകളിലെ നിരന്തര മോദി സാന്നിധ്യവും ബി.ജെ.പിയെ വലിയ കുരുക്കിൽ വീഴ്ത്തിയതിനിടെ ഫാസിസ്റ്റു നയങ്ങളെ നിരന്തരം ചെറുക്കുന്ന ഇന്ത്യൻ നേതാവ് എന്ന പരിവേഷമാണ് രാഹുൽ ഗാന്ധിക്ക് അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്നത്.

2019ൽ നരേന്ദ്ര മോദിയോട് തുടർച്ചയായി രണ്ടാം തവണയും പരാജയപ്പെട്ട്, കോൺഗ്രസിന്റെ ദേശീയ അധ്യക്ഷസ്ഥാനവും രാജിവെച്ച് ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റെ റോളെന്തെന്ന അസ്തിത്വ ദുഃഖം പേറിയവനായി രാഹുലിനെ കണ്ടിരുന്നവർ സ്വരം മാറ്റിത്തുടങ്ങിയിരിക്കുന്നു. 'രാഹുൽ ഇപ്പോൾ ഇന്ദിരയുടെ കൊച്ചുമകനോ രാജീവ് ഗാന്ധിയുടെ മകനോ അല്ല. സ്വന്തമായി വ്യക്തിത്വമുള്ള രാഹുൽ ഗാന്ധിയാണ്' മുതിർന്ന പരസ്യവ്യവസായി പ്രഹ്ലാദ് കാക്കർ പറഞ്ഞു. ഗൗരവമില്ലാത്ത ചെറുപ്പക്കാരൻ എന്ന പഴയ വിശേഷണത്തിൽ നിന്നുള്ള രൂപമാറ്റമാണിതെന്നും യാത്ര ഈ രൂപമാറ്റ പ്രഖ്യാപനമായിരുന്നുവെന്നും എഫ്.സി.ബി മീഡിയ സി.ഇ.ഒ രോഹിത് ഒഹ്രി അഭിപ്രായപ്പെട്ടു. പരസ്യ, ഇവന്റ് മനേജ്‌മെന്റ്, മോഡലിങ് രംഗത്തുള്ള പലരും സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്.

vachakam
vachakam
vachakam

ദേശവ്യാപകമായി ജനങ്ങളെ ആകർഷിക്കാൻ കഴിവുള്ള നേതാക്കളും രാജ്യം മുഴുവൻ നടന്നുതീർക്കാൻ കഴിവുള്ളവരുമുണ്ട് വിവിധ പാർട്ടികളിലെങ്കിലും ഇവ രണ്ടും സമ്മേളിക്കുന്ന ഇന്ത്യയിലെ ശുഷ്‌കം പേരുകളിലൊന്നായിട്ടുണ്ട് രാഹുൽ ഗാന്ധി. അതിലുപരി സംഘ്പരിവാറിനെതിരായ പോരാട്ടത്തിലെ രാഷ്ട്രീയ സത്യസന്ധതയും വിശ്വസ്തതയുമാണ് രാഹുലിന്റെ ഏറ്റവും വലിയ മൂലധനം. കേന്ദ്രഭരണവുമായും ആർ.എസ്.എസുമായും രാഹുൽ എവിടെയെങ്കിലും സന്ധി ചെയ്തതായി അദ്ദേഹത്തിന്റെ തീവ്രവിമർശകർ പോലും ഇന്നേവരെ ആരോപിച്ചിട്ടില്ല.

75 പിന്നിട്ട മാതാവിനെയും തന്നെയും ഇ.ഡി ചോദ്യം ചെയ്തതുൾപ്പെടെയുള്ള വേളകളിലും ക്രൂര പരിഹാസങ്ങൾക്ക് മുന്നിൽ വരെ കടുത്തഭാഷയിലുള്ള വിമർശനങ്ങൾക്കു രാഹുൽ ഗാന്ധി കുറവുവരുത്തിയിട്ടില്ല, ഭാരത് ജേഡോയിലും ദൃശ്യമായി ഈ നിലപാട്. 1977ൽ ഇന്ദിര ഗാന്ധിയെ പരാജയപ്പെടുത്തിയ ജയപ്രകാശ് നാരായണനെപ്പോലെ, രാജീവ് ഗാന്ധിയെ പരാജയപ്പെടുത്താൻ 1989ൽ പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് നിർത്തിയ ദേവി ലാലിനെപ്പോലെ നരേന്ദ്ര മോദിയെ വീഴ്ത്താൻ രാഹുൽ ഗാന്ധിക്ക് സാധിക്കുമോയെന്ന് കാത്തിരുന്ന് കണേണ്ടിവരും. വാജ്‌പേയി സർക്കാരിനെ താഴെയിറക്കാൻ സി.പി.എം നേതാവ് ഹർകിഷൻ സിംഗ് സുർജിത്തിനോടൊപ്പം കരുക്കൾ നീക്കിയ സോണിയ ഗാന്ധിയെപ്പോലെ രാഹുൽ ഗാന്ധിക്കും വഴികളൊരുങ്ങുമോ?

ബി.ജെ.പിയെ താഴെയിറക്കി സർക്കാർ രൂപീകരിച്ചതിന് ശേഷം ഹർകിഷൻ സിംഗോ, സോണിയ ഗാന്ധിയോ പ്രധാനമന്ത്രിയായിട്ടില്ല. പകരം അവർ ചെയ്തത് പ്രതിപക്ഷ കക്ഷികളിൽ എല്ലാവർക്കും പൊതുസമ്മതനായ ഒരാളെ പ്രധാനമന്ത്രിയാക്കുകയാണ്. 2024ലെ തിരഞ്ഞെടുപ്പിന് ഏറെനാൾ ബാക്കിയില്ല. ഭാരത് ജോഡോ യാത്ര രാഹുലിനും കോൺഗ്രസ് പാർട്ടിക്കും എന്താണ് സമ്മാനിച്ചതെന്ന് അടുത്ത വർഷത്തെ തിരഞ്ഞെടുപ്പോടെയാകും വ്യക്തമാകുക. കാൽനട യാത്രകളിലൂടെ രാഷ്ട്രീയ ഇതിഹാസങ്ങൾ ചമച്ചതിന്റെ ഉദാഹരണങ്ങൾ ചിലതുണ്ടെങ്കിലും പുതിയ കാലത്ത് ഇതിനു നേതൃത്വം നൽകിയതിലൂടെ സഹനമാർഗം രാഷ്ട്രീയ ആയുധമാക്കുന്ന ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ആദ്യ പൊതു നേതാവായി രാഹുൽ ഗാന്ധി അടയാളപ്പെട്ടു കഴിഞ്ഞു.

vachakam
vachakam
vachakam

വെയിലത്തും മഴയത്തും കൊടും തണുപ്പത്തും യാതൊരുവിധ ക്‌ളേശവും പ്രകടിപ്പിക്കാതെ രാഹുൽ ഗാന്ധി തന്റെ രാഷ്ട്രീയജീവിതത്തിലെ മികച്ചൊരു നീക്കമാണു നടത്തിയത്. ഭാരത് ജേഡോ യാത്ര രാഹുലിന്റെ വ്യക്തിത്വത്തിലുണ്ടാക്കിയ മാറ്റവും സജീവചർച്ചയാകുന്നുണ്ട്. മാസങ്ങൾക്കിടെ നീണ്ട താടിയോടൊപ്പം ജനനായകന് ഗൗരവവും കൈവന്നു. യാത്രയിലൂടനീളം ഒരോ പ്രദേശത്തെ വെവ്വേറെ സംസ്‌കാരം പിന്തുടരുന്ന മനുഷ്യരുടെ കൂടെ ഒരു സങ്കോചവുമില്ലാതെ സംവദിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അതേസമയം, ഭാരത് ജോഡോ യാത്ര വിലയിരുത്തുമ്പോൾ ബി.ജെ.പിയുടെ ആദ്യഘട്ടത്തിലെ നിശിത പരിഹാസങ്ങൾ പിന്നീട് നീണ്ട മൗനത്തിലേക്കും അതിനുശേഷം പ്രതികാര നടപടികളിലേക്കും കടന്നത് രാജ്യം കണ്ടു. ഭാരത് ജോഡോ യാത്രയുടെ അവസാന മണിക്കൂറുകളിൽ സുരക്ഷാനിരയെ പിൻവലിച്ചും തടസങ്ങൾ തീർത്തും ബി.ജെ.പി ജനാധിപത്യവിരുദ്ധത മറയില്ലാതെ പ്രകടമാക്കി.

ക്ലീൻഷേവ് മുഖവുമായി പതിവ് വെളുപ്പ് നിറത്തിലുള്ള കൂർത്തയും ജുബ്ബയും ധരിച്ചാണ് സെപ്തംബർ ഏഴിന് തമിഴ്‌നാട്ടിൽ ഭാരത് ജോഡോ യാത്ര തുടങ്ങുമ്പോൾ രാഹുൽ പ്രത്യക്ഷപ്പെട്ടത്. മൂന്നു ദിവസം കഴിഞ്ഞ്. കേരളത്തിലെത്തിയപ്പേഴേക്കും കൂർത്തയും ജുബ്ബയും പോയി; പകരം പാന്റും വെള്ള ടീ ഷർട്ടുമായി വേഷം. ഡിസംബർ മധ്യത്തിൽ രാഹുൽ ഡൽഹിയിലെത്തുമ്പോൾ പത്തിൽ താഴെയായിരുന്നു താപനില. അപ്പോഴും വെള്ള ടീഷർട്ടുമായി അതിരാവിലെയും പൊതുമധ്യത്തിലിറങ്ങിയ രാഹുലിന്റെ ചർമ്മശേഷി മാധ്യമങ്ങളിൽ ചർച്ചയായി. മൈനസ് താപനിലയും ഏഴ് ഇഞ്ച് അടി വരെ ഉയരത്തിൽ മഞ്ഞുവീഴ്ചയുമുള്ള കശ്മീരിലെത്തിയപ്പോൾ മാത്രമാണ് പിന്നീട് രാഹുൽ വെള്ള ടീഷർട്ടിന് മുകളിൽ കോട്ട് ഇട്ടത്.

സെപ്തംബർ ഏഴിന് യാത്ര തുടങ്ങിയ ശേഷം രാഹുൽ ഗാന്ധി താടിയോ മുടിയോ മീശയോ വടിച്ചില്ല. ഒരോ ദിവസം പിന്നിടുമ്പോഴും രാഹുലിന്റെ വളർന്ന താടിയും പലപ്പോഴും യാത്രയോടൊപ്പം ചർച്ചയായി. ബി.ജെ.പി നേതാക്കളുടെ പരിഹാസത്തിനും ഇരയായി. ജനുവരി 30ന് യാത്ര ശ്രീനഗറിൽ സമാപിക്കുമ്പോൾ കാറൽ മാർക്‌സിന്റെയും സദ്ദാം ഹുസൈന്റെയും പോലുള്ള രൂപമായി രാഹുലിന്റെ മുഖംമാറി. എന്നാൽ ഈ രൂപമാറ്റം രാഹുലിന്റെ സ്വഭാവത്തിലും ഉണ്ടായെന്നും രാഹുൽ ആ പഴയ രാഹുലല്ലെന്നുമാണ് യാത്രയെ അവലോകനം ചെയ്ത് ഉയരുന്ന നിരീക്ഷണം.
ദീർഘദൂര പദയാത്രകൾ എല്ലാകാലത്തും കാല, ദേശാന്തര വ്യത്യാസമില്ലാതെ വലിയ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.

vachakam
vachakam

യാത്രാനായകർ രാഷ്ട്രീയപ്രതാപം തിരിച്ചുപിടിക്കുകയും പരിവേഷമുയർത്തുകയും ചെയ്ത നിരവധി അനുഭവങ്ങൾ ചരിത്രത്തിൽ കാണാം. ചിയാങ്ങ്‌കൈഷക്കിന്റെ നേതൃത്വത്തിൽ ദേശീയവാദി ഭരണകൂടം ചൈന ഭരിക്കുന്ന കാലത്തായിരുന്നു 1931ൽ മവോ സേ തൂങ്ങ് സോവിയറ്റ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. ഭരണകൂടവും കമ്യൂണിസ്റ്റുകളും തമ്മിൽ രൂക്ഷമായ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട അക്കാലത്ത് ചിയാങ്ങ്‌കൈഷക്കിന്റെ ഉരുക്ക് മുഷ്ടിക്കു മുന്നിൽ പതിനായിരക്കണക്കിനു കർഷകർക്കു ജിവൻ വെടിയേണ്ടിവന്നു. അണികളുടെ രോഷം മുൻനിർത്തി കമ്യൂണിസ്റ്റ് സെൻട്രൽ കമ്മിറ്റി ചേർന്ന് മാവോയെ സ്ഥാനത്തുനിന്നു നീക്കുകയുണ്ടായി. 4000 മൈൽ ദൂരം താണ്ടിയ ലോങ് മാർച്ച് 1934 ഒക്ടോബർ 16ന് ആരംഭിക്കുമ്പോൾ മവോ സേതൂങ്ങ് അതിൽ പങ്കെടുക്കുന്ന പല നേതാക്കളിൽ ഒരാൾ മാത്രമായിരുന്നു.

ലോങ് മാർച്ചിനിടയിൽ സിയാങ് നദിക്കു സമീപം ഉൾപ്പെടെ പതിനായിരങ്ങളുടെ ജീവൻ ഹോമിച്ച പോരാട്ടങ്ങളിൽ മവോ വഹിച്ച നേതൃപങ്ക് അദ്ദേഹത്തെ എതിരാളികളില്ലാത്തവിധം വീണ്ടും അനിഷേധ്യനാക്കി. 1949ൽ ചിയാങ്ങ്‌കൈഷക്ക് സ്ഥാനഭ്രഷ്ടനായതു മുതൽ 1976ൽ മരിക്കുന്നതുവരെ മവോ ചൈനയെ നയിച്ചതു പിൽക്കാല ചരിത്രമാണ്. 1930 മാർച്ച് 12ന് സബർമതിയിൽനിന്ന് ദണ്ഡിയിലേക്ക് ഗാന്ധിജി നടത്തിയ 385 കി.മീ മാർച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമര രംഗത്തു വരുത്തിയ ആവേശം വിവരണാതീതമാണ്. ലക്ഷക്കണക്കിന് മനുഷ്യർ രാജ്യം മുഴുവൻ ഇതിനു പ്രതിധ്വനി തീർത്തു. 4260 കിലോമീറ്റർ താണ്ടിയ ഭാരത യാത്രയ്ക്ക് എസ്. ചന്ദ്രശേഖർ തുടക്കമിട്ടത് 1983 ജനുവരി 6ന് ആയിരുന്നു.

ഗ്രാമങ്ങളിൽ രാപാർത്തും സംഭാവനകൾ സ്വീകരിച്ചും മുന്നേറിയ യാത്ര കുടിവെള്ളം, പ്രാഥമിക വിദ്യാഭ്യാസം, പോഷകാഹാരം, മതമൈത്രി, പട്ടികജാതിവർഗ അഭിവൃദ്ധി എന്നിവ പ്രധാന മുദ്രാവാക്യമായി ഉയർത്തി. കോൺഗ്രസിനു ബദലാവാൻ തുനിഞ്ഞിറങ്ങിയ ചന്ദ്രശേഖർ അൽപ്പം വൈകിയാണെങ്കിലും ലക്ഷ്യത്തി. 1990 നവംബർ 10ന് എസ്. ചന്ദ്രശേഖർ ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തിനകത്തും പുറത്തും ദീർഘദൂര പദയാത്രകൾ തീർത്ത ഇത്തരം രാഷ്ട്രീയ ചരിത്രങ്ങളാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജേഡോ യാത്രക്കെതിരേ തിരിയാൻ പലരെയും പ്രേരിപ്പിച്ചതെന്ന് നിസ്സംശയം പറയാം.

വർഷങ്ങളോളം ബി.ജെ.പി അനുവർത്തിച്ചുപോന്നിരുന്ന തന്ത്രം രാഹുൽ ഗാന്ധി തങ്ങൾക്കു ചേർന്ന രാഷ്ട്രീയ എതിരാളിയേ അല്ല എന്നായിരുന്നു. തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തുടർച്ചയായി തിരിച്ചടികൾ നേരിട്ടതോടെ അതു വലിയ പരിഹാസത്തിനു വഴിമാറി. പ്രതിപക്ഷ പാർട്ടി നിരകളിലും അതേറ്റുപിടിക്കാൻ നേതാക്കൾ മുന്നോട്ടുവന്നു. ഇതു വിശ്വസിച്ചും ആവർത്തിച്ചും കോൺഗ്രസിന്റെ പടി വിട്ടിറങ്ങാനും ആളുണ്ടായി. 2024 ൽ ബി.ജെ.പിക്കെതിരേ ഐക്യനിര രൂപപ്പെടുത്തുന്ന ചർച്ചകൾ പ്രതിപക്ഷനിരയിൽ വ്യാപകമായി കേൾക്കാറുണ്ട്. പക്ഷേ, യാത്രയിലൊരിടത്തും പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ സ്വയം ഉയർത്തിക്കാട്ടിയില്ല. പ്രതിപക്ഷ ഐക്യത്തിനും ഏകോപനത്തിനും ഒരു തടസവുമുണ്ടാവരുത് എന്ന നിർബന്ധ ബുദ്ധിയാണ് അതുവഴി അദ്ദേഹം പ്രകടിപ്പിച്ചത്.

അതേസമയം, കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണച്ച പാർട്ടികളുടെ നിര ഐക്യത്തിനു വലിയ നിരാശ നൽകുന്നു. ജെ.എം.എം, ടി.ഡി.പി, ജെ.ഡി.എസ്, ബി.എസ്.പി, വൈ.എസ്.ആർ കോൺഗ്രസ്, ശിവസേന, അകാലിദൾ, ബി.ജെ.ഡി, ജനതദൾ(യു) എന്നിങ്ങനെ പട്ടിക നീണ്ടതാണ്. ബി.ജെ.പിക്കെതിരായ നിലപാട് ഊന്നിപ്പറയാൻ ചന്ദ്രശേഖർ റാവു കൂട്ടാളിയാക്കാൻ തെരഞ്ഞെടുക്കുന്നത് കേജ്രിവാളിനെപ്പോലുള്ളവരെയാണ്. അഖിലേഷും മായാവതിയും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ തയാറായില്ല. പ്രതീക്ഷയർപ്പിക്കുന്നവരിൽ ചിലരെങ്കിലും ഇടയ്ക്കു വെടിനിർത്തുന്ന പ്രവണത പുലർത്തുന്നവരാണ്. രാഹുൽ ഗാന്ധി സംഘ് വിരുദ്ധ ജനമനസ്സുകളുടെ പ്രതീക്ഷയാകുന്ന സാഹചര്യമിവിടെയാണ്.

12 സംസ്ഥാനങ്ങൾ, 2 കേന്ദ്രഭരണ പ്രദേശങ്ങൾ, 75 ജില്ലകൾ എന്നിവ 136 ദിവസങ്ങൾ കൊണ്ടാണ് രാഹുൽ നടന്നുതീർത്തത്. 4000 കിലോമീറ്ററുകൾ നടന്നിട്ടും ആരോഗ്യപ്രശ്‌നം കാരണം ഒരിക്കൽ പോലും യാത്ര നിർത്തേണ്ടിവന്നില്ല രാഹുൽ ഗാന്ധിക്ക്. ഇത് അദ്ദേഹത്തിന്റെ ശാരീരികക്ഷമതയെ വ്യക്തമാക്കുന്നു. 2004ൽ തുടങ്ങിയ തന്റെ രാഷ്ട്രീയജീവിതത്തിന് ഭാരത് ജോഡോ യാത്ര ഒരു പുതിയ മാനം നല്കിയെന്ന് രാഹുൽ ഗാന്ധിക്ക് ഉറപ്പുണ്ടാകും. രാജ്യത്തിന്റെ സൗന്ദര്യമായ വൈവിധ്യമാർന്ന സംസ്‌കാരങ്ങൾ കണ്ടറിഞ്ഞും കേട്ടറിഞ്ഞും നടന്നുനീങ്ങിയ രാഹുൽ ഗാന്ധിയിൽ മറ്റൊരു രാഷ്ട്രീയനേതാവിലും കാണാത്ത പ്രത്യേകതയുണ്ടെന്നാണ് കോൺഗ്രസ് പ്രവർത്തകരും പാർട്ടി സഹയാത്രികരും പറയുന്നത്.

ഇന്ത്യയെ കണ്ടുവെന്നതും, തന്റെ ശാരീരികക്ഷമത ലോകത്തെ കാണിച്ചുവെന്നതും മാറ്റി നിർത്തിയാൽ ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും എന്ത് മാറ്റമാണുണ്ടാക്കുക എന്നത് ഈ സന്ദർഭത്തിൽ ചർച്ചചെയ്യേണ്ട വിഷയമാണ്. വെറും 16 മാസം മാത്രമാണ് ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ളത്. മൂന്നാംവട്ടവും അധികാരക്കസേരയിലിരിക്കാൻ നരേന്ദ്ര മോദി കച്ച മുറുക്കുമ്പോൾ രാഹുൽ ഗാന്ധിയിലൂടെ ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പദയാത്ര സംഘടിപ്പിച്ചതിലൂടെ രാഹുലിന്റെ പ്രതിച്ഛായ വർധിപ്പിക്കാൻ സാധിച്ചുവെന്ന ശുഭാപ്തിവിശ്വാസം കൂടി പാർട്ടിക്കുണ്ട്. ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധിയെന്ന രാഷ്ട്രീയനേതാവിൽ വലിയ രീതിയിലുള്ള മാറ്റങ്ങളും സ്വാധീനവും ഉണ്ടാക്കിയിട്ടുണ്ടെന്ന കാര്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയം പിന്തുടരുന്ന ആർക്കും സംശയമുണ്ടാകില്ല.

ഏത് സാധാരണക്കാരനും ഏത് പണക്കാരനും ഏത് രാഷ്ട്രീയനേതാവിനും ഏത് പാവപ്പെട്ടവനും ഏത് മാധ്യമപ്രവർത്തകനും ഒരു തടസ്സവുമില്ലാതെ രാഹുൽ ഗാന്ധിയെ കാണാമെന്ന ഒരു സന്ദേശവും രാഹുൽ ഈ യാത്രയിലൂടെ നൽകി. മോദിയിൽ നിന്ന് താൻ എത്ര വ്യത്യസ്തനായിരിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരുന്നു. യാത്രയിലെ ഏറ്റവുമൊടുവിലത്തെ മണിക്കൂറുകൾ വരെയും അദ്ദേഹം നടത്തിയ ശ്രമം ആവ്യതിരിക്തത ചൂണ്ടിക്കാട്ടുക എന്നതു തന്നെയായിരുന്നു. യാത്ര നടക്കുന്ന സമയത്ത് ഹിമാചൽ പ്രദേശിലും ഗുജറാത്തിലും തിരഞ്ഞെടുപ്പ് കാലമായിരുന്നു. പക്ഷെ അതിൽ ഒരു താൽപ്പര്യവും കാണിക്കാതിരുന്ന രാഹുൽ സമ്മർദ്ദങ്ങൾക്ക് മുമ്പിൽ കീഴടങ്ങി ഗുജറാത്തിൽ പാർട്ടി റാലിയെ നയിച്ചിരുന്നു. ആ സമയത്ത് തന്നെയായിരുന്നു രാജസ്ഥാൻ കോൺഗ്രസ്സിലെ ഗെഹലോട്ട്  സച്ചിൻ പൈലറ്റ് പോര്.

അതേസമയം, രാഹുൽ ഗാന്ധി രണ്ടുപേരെയും ചേർത്തുനിർത്തി യാത്ര രാജസ്ഥാനിൽ വിജയകരമായി സംഘടിപ്പിച്ചു. ശശി തരൂരും കേരളത്തിലെ മറ്റു കോൺഗ്രസ് നേതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങളിലും രാഹുൽ ഗാന്ധി ഇടപെട്ടില്ല. രാഹുലിന്റെ പ്രതിച്ഛായ വർധിപ്പിക്കാനും തകർന്നുപോയ പാർട്ടിയെ ശക്തിപ്പെടുത്താനുമാണ് കോൺഗ്രസ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചതെങ്കിലും രാഷ്ട്രീയ എതിരാളികൾ പോലും രാഹുലിനെ പ്രശംസിക്കുന്നയിടത്തേക്ക് കാര്യങ്ങൾ കടന്നു. വിശ്വഹിന്ദു പരിഷത്തും റാം മന്ദിർ അധികൃതരും രാഹുലിനെയും ഭാരത് ജോഡോ യാത്രയെയും പ്രശംസിച്ച് രംഗത്തുവന്നിരുന്നു. ഇതിനെ ഒരു നയതന്ത്രവിജയമായി കാണാവുന്നതാണ്.

മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ, നടനും മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷൻ കമൽ ഹാസൻ, ബോക്‌സർ വിജേന്ദർ സിംഗ് തുടങ്ങിയവരും കേരളത്തിലെയും തെലങ്കാനയിലെയും പഞ്ചാബിലെയും സാധാരണക്കാരും രാഹുൽ ഗാന്ധിയുടെ സംസാരത്തിലും പെരുമാറ്റത്തിലും ആകൃഷ്ടരായവരായിരുന്നു. വെറുപ്പിന്റെ കമ്പോളത്തിൽ താൻ സ്‌നേഹത്തിന്റെ പീടിക തുറക്കുന്നുവെന്ന് ശ്രീനഗറിൽ അദ്ദേഹം പ്രസ്താവിച്ചു. രാഹുലിനെ കാണാൻ പറ്റിയതിൽ സന്തോഷത്താൽ കരഞ്ഞു

കണ്ണുകലങ്ങിയവരെയും ഭാരത് ജോഡോ യാത്രയിൽ കണ്ടു. ഇതിനെക്കാളുമുപരി രാഷ്ട്രീയത്തിൽ ഒന്നും അറിയാത്തവനെന്ന് പരിഹസിച്ച് ബി.ജെ.പി രാഹുലിനെ വിളിച്ചിരുന്ന 'പപ്പു' എന്ന നാമം താൻ അർഹിക്കുന്നില്ല എന്നതും ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തെ ഓർമ്മിപ്പിക്കാൻ രാഹുലിന് കഴിഞ്ഞിട്ടുണ്ട്.

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam