പ്രശാന്ത് കിഷോറിന്റെ പുതിയ പാർട്ടിയും മമതാബാനർജിയുടെ കോൺഗ്രസ് പ്രേമവും

SEPTEMBER 22, 2022, 10:28 AM

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി അതീവ രഹസ്യമായൊരു കൂടിക്കാഴ്ച പ്രശാന്ത് കിഷോർ നടത്തിയ ശേഷമാണ് താൻ പുതിയ പാർട്ടി ഉണ്ടാക്കാൻ പോകുന്നുവെന്ന പ്രഖ്യാപനം വന്നത്. അതേസമയം മമതാ ബാനർജി വീണ്ടും കോൺഗ്രസുമായി അടുക്കാൻ വട്ടംകൂട്ടുന്നു. അങ്ങിനെ ഒട്ടേറെ നാടകീയമായ സംഭവവികാസങ്ങൾക്കിടയിലാണ് രാഹുൽഗാന്ധിയുടെ പദയാത്ര.
അങ്ങിനെ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ എന്ന അത്ഭുതാവതാരത്തിന് പുതിയൊരു വെളിപാടുണ്ടായിരിക്കുന്നു.

ഇനി മറ്റുള്ളവർക്കു വേണ്ടി തിരഞ്ഞെടുപ്പു തന്ത്രം ആവിഷ്‌ക്കരിക്കേണ്ടെന്ന്..! തന്ത്രം പഴയപോലെ ഫലിക്കാതായതുകൊണ്ട് അടവ് മാറ്റിപ്പിടിക്കുന്നതാണെന്ന് ചില വിദ്വാന്മാർ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ അതൊന്നും പ്രശാന്ത് കാര്യമാക്കുന്നില്ല.

നാഷണൽ കോൺഗ്രസിന്റെ പളപളപ്പുള്ള പുറം കുപ്പായം കണ്ട് ഭ്രമിച്ച് അതിൽ കയറിക്കൂടാനായി കുറേ നടന്നു നോക്കി. ചെരിപ്പു തേഞ്ഞതല്ലാതെ മറ്റുഫലമൊന്നുമുണ്ടായില്ലെന്നു കണ്ടപ്പോൾ കിട്ടാത്ത മുന്തിരി പുളിയൻ മുന്തിരി എന്നങ്ങ് പ്രഖ്യാപിച്ച് തലയൂരി. ഇനിയിപ്പോൾ പ്രശാന്ത് കിഷോറിന് പിടിച്ചുനിൽക്കാൻ എന്തെങ്കിലുമൊക്കെ പറഞ്ഞേ പറ്റു. അതിനായാണിപ്പോൾ സ്വന്തം രാഷ്ട്രീയ പാർട്ടി വിളമ്പരം.

vachakam
vachakam
vachakam

അതിനു പറ്റിയ മണ്ണ് ബിഹാറിലാണെന്നും മുപ്പർ കണ്ടെത്തിയിരിക്കുന്നു. യഥാർത്ഥ പ്രശ്‌നങ്ങൾ മനസിലാക്കാൻ 'യഥാർത്ഥ യജമാനന്മാരിലേക്ക്, ജനങ്ങളിലേക്ക്' തിരിയുന്നതായാണ് പ്രശാന്ത് കിഷോർ സ്വന്തം ട്വീറ്റിൽ കുത്തിക്കുറിച്ചിരിക്കുന്നത്.  'ജനങ്ങളുടെ സദ്ഭരണം. അതിലേക്കുള്ള പാതയും പ്രശ്‌നങ്ങളും നന്നായി മനസ്സിലാക്കാൻ യഥാർത്ഥ മാസ്റ്റേഴ്‌സിലേക്ക് ജനങ്ങളിലേയ്ക്കു പോകാനുള്ള സമയമായി,' അദ്ദേഹം ട്വീറ്റ് ചെയ്തു.

പാർട്ടിയിൽ ചേരാനുള്ള കോൺഗ്രസിന്റെ വാഗ്ദാനം ഇടം വലം നോക്കാതെ താനങ്ങ് നിരസിച്ചുവെന്നാണ് പ്രശാന്ത് കിഷോർ കാണുന്നവരോടൊക്കെ പറഞ്ഞുകൊണ്ട് നടക്കുന്നത്. സത്യത്തിൽ അതല്ല കാരണം, പ്രശാന്ത് കിഷോർ മുന്നോട്ടു വച്ച ഉപാധികൾ അംഗീകരിക്കില്ലെന്ന് കോൺഗ്രസ് ശക്തമായ ഭാഷയിൽ വ്യക്തമാക്കിയതോടെയാണ് ഈ തീരുമാനം. ഇതിനു ശേഷം, കുറച്ചു ദിവസം കോൺഗ്രസിൽ നിന്ന് മറുപടികൾ വല്ലതും വരുന്നുണ്ടോ എന്ന് പ്രശാന്ത് കാത്തെങ്കിലും ഒന്നും സംഭവിച്ചില്ല. 

അതിനു ശേഷമാണ് ട്വീറ്റ്. കോൺഗ്രസിന് സ്വയം പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹത്തെ ആവശ്യമില്ലെന്നും പ്രശാന്ത് കിഷോർ തന്നെ പകുതി തമാശയായി പിന്നീട് പറയുകയും ചെയ്തു.
കോൺഗ്രസിൽ നിന്നും കണ്ണുവലിച്ച് ബീഹാർ കേന്ദ്രീകരിക്കുന്നു എന്ന് പറയും മുമ്പ് മൂപ്പർ ബീഹാർ മുഖ്യമന്ത്രി നിതിഷ് കുമാറുമായി അതീവ രഹസ്യമായൊരു കൂടിക്കാഴ്ച തരപ്പെടുത്തിയിരുന്നു. അതോടെ പാപ്പരാസികൾ പറഞ്ഞു പരത്തി ഇതാ പ്രശാന്ത് കിഷോർ ജനതാദൾ യൂവിൽ ചേരാനൊരുങ്ങുന്നു വെന്ന്.

vachakam
vachakam
vachakam

അങ്ങിനെ എല്ലാം കൊണ്ടും നിന്നുപിഴക്കണമെങ്കിൽ എന്തെങ്കിലുമൊന്ന് തട്ടിവിട്ടേ പറ്റൂ എന്ന അവസ്ഥയിലായി പ്രശാന്ത് കിഷോർ. ജിൻ സൂരജ് എന്നൊരു തട്ടിക്കൂട്ട് പ്രസ്ഥാനം സ്വന്തം പാർട്ടി രൂപീകരണത്തിന് മുന്നോടിയായി സൃഷ്ടിച്ചിരുന്നല്ലോ..? അതിന്റെ പേരിൽ ബീഹാറികളെ ഇളക്കിമറിക്കാനായി ഒരു പദയാത്രയിലാണ് കക്ഷി ഇപ്പോൾ. ബീഹാറിന്റെ വികസന ആവശ്യങ്ങൾ ജനങ്ങളുടെ വായിൽ നിന്നും നേരിട്ട് കേൾക്കാൻ വേണ്ടിയാണത്രെ കാതും കൂർപ്പിച്ചുള്ള പ്രശാന്ത് കിഷോറിന്റെ യാത്രയത്രെ..! പൗരമുഖ്യന്മാരും വിദ്യാർത്ഥികളുമായി ചർച്ച നടത്തുന്നുമുണ്ട്. സംഗതി എന്താകുമോ ആവോ..?


മമതാ ബാനർജിയും ശരത്പവാറും പിന്നെ കോൺഗ്രസും

vachakam
vachakam

ഉള്ളത് പറയണമല്ലോ, പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന് ശേഷം ടിഎംസിയുടെ അണികൾക്ക് കോൺഗ്രസ് എന്ന് കേൾക്കുമ്പോൾ തന്നെ കടുത്ത നിരാശ ആണ് അനുഭവപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ പാർട്ടി മേധാവി അവരുടെ നിലപാട് തിരുത്തിയെന്നു കേൾക്കതുന്നു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറയുന്നു.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, മറ്റ് സംസ്ഥാനങ്ങളിലെ ചില നേതാക്കൾക്കും ബിജെപിക്കെതിരെ മുന്നണിയുണ്ടാക്കാൻ കോൺഗ്രസുമായി കൈകോർക്കുന്നതിൽ വിമുഖതയില്ലെന്നും പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു പറഞ്ഞതായാണ് അറിയാൻ കഴിഞ്ഞത്.

'ദേശീയ താൽപ്പര്യങ്ങൾക്കായി ഒരുമിച്ചുനിൽക്കാനും ഭരണകക്ഷിയായ ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയർത്താനും കോൺഗ്രസുമായി സഹകരിക്കാൻ പാർട്ടി തയ്യാറാണെന്ന് മമത ബാനർജി വ്യക്തമാക്കിയത്രെ. പശ്ചിമ ബംഗാൾ സംസ്ഥാന തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള അനുഭവം മറക്കാൻ താൻ തയ്യാറാണ്.

തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-സിപിഐഎം സഖ്യം സംസ്ഥാനത്ത് കൂടുതൽ സീറ്റുകൾ നേടാൻ ബിജെപിയെ സഹായിച്ചെന്നും മമത വ്യക്തമാക്കിയെന്നും അതിന്റെ അടിസ്ഥാനത്തിലാണി മനം മാറ്റമെന്നും കേൾക്കുന്നു.

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam