'ട്രക്കുകള്‍ക്കു പിന്നാലെ ഓടുന്ന ജനങ്ങള്‍'; എന്താണ് പാക് ഭക്ഷ്യ പ്രതിസന്ധി?

JANUARY 18, 2023, 7:14 AM

ഗോതമ്പുമായെത്തിയ ഒരു ട്രക്കിനു പിന്നാലെ പായുന്ന പാക് പൗരന്‍മാരുടെ ഒരു വീഡിയോ പുറത്ത് വന്നിരുന്നു. പാകിസ്ഥാനിലെ ജനങ്ങള്‍ നിലവില്‍ കടന്നുപോകുന്ന ദയനീയ സാഹചര്യം ഈയൊരു വീഡിയോയില്‍ നിന്നുതന്നെ വായിച്ചെടുക്കാനാകും. പാകിസ്ഥാന്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര വായ്പാദാതാക്കള്‍ രാജ്യത്തിന് ഫണ്ട് നല്‍കാന്‍ വിസമ്മതിക്കുകയാണ്. പാകിസ്ഥാന്റെ വിദേശനാണ്യ കരുതല്‍ശേഖരം 8 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ബില്യണ്‍ ഡോളറിലേക്ക് ഇടിഞ്ഞിരിക്കുന്നു.

ശ്രീലങ്ക നേരിട്ട വിദേശനാണ്യ പ്രതിസന്ധി നമ്മള്‍ കണ്ടതാണ്. വരും നാളുകളില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാന്‍ കടന്നുപോകുന്നത്. ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ സാധാരണക്കാരായ ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഒരു ചാക്ക് ഗോതമ്പ് മാവിന് നിലവിലെ വില 3000 രൂപയാണ്. താഴ്ന്ന വരുമാനക്കാരായ ആളുകള്‍ക്ക് താങ്ങാവുന്നതിലും അധികമാണ് ഈ വില.

വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നു പറഞ്ഞ് ജനം പ്രക്ഷോഭങ്ങളഴിച്ചു വിടുകയാണ്. രാജ്യത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് ജനം തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ തുടങ്ങിയത്. സര്‍ക്കാരിടപെട്ട് വില നിയന്ത്രിച്ചില്ലെങ്കില്‍ പാകിസ്ഥാനിലെ നിലവിലെ സ്ഥിതി ദാരുണമാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.

വായ്പ തിരിച്ചടയ്ക്കലടക്കം നിരവധി പ്രതിസന്ധികളാണ് പാകിസ്ഥാന് മുന്നിലുള്ളത്. ഇതെല്ലാം തരണം ചെയ്യാനായില്ലെങ്കില്‍ പാകിസ്താന്‍ പൂര്‍ണമായും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അതേസമയം 2022-2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നിര്‍ദ്ദേശിക്കുന്ന സാമ്പത്തിക നടപടികള്‍ പാകിസ്ഥാന്‍ നടപ്പാക്കുമെന്ന് ധനമന്ത്രി ഇഷാഖ് ദാര്‍ പ്രസ്താവിച്ചിട്ടുണ്ട്. അന്തര്‍ദ്ദേശീയ വായ്പകള്‍ മുടങ്ങുന്ന ഗുരുതരമായ സ്ഥിതി വന്നുപെട്ടിട്ടുണ്ടെന്ന് ഈ പ്രസ്താവന തന്നെ വെളിപ്പെടുത്തുന്നു.

വിദേശകടങ്ങള്‍ തിരിച്ചടക്കുന്നതിനായി 26 ബില്യണ്‍ ഡോളറെങ്കിലും പാകിസ്ഥാന് സമാഹരിക്കേണ്ടി വരും. പാകിസ്താന്റെ വിദേശകടത്തിന്റെ 30 ശതമാനം ചൈനയുടേതാണ്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ രാജ്യം 8.3 ബില്യണ്‍ ഡോളര്‍ വിദേശ കടക്കാര്‍ക്ക് നല്‍കണം. ഈ പ്രതിസന്ധി ഘട്ടത്തില്‍ പാകിസ്ഥാന് അതിന് സാധിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. നവംബറില്‍ 1.1 ബില്യണ്‍ ഡോളര്‍ കങഎ പാകിസ്ഥാന് വിതരണം ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടായിരുന്നെങ്കിലും അതിതുവരെയും വിതരണം ചെയ്തിട്ടില്ല. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ പാകിസ്ഥാന് മതിയായ വിദേശനാണയ ശേഖരം ഇല്ല.

പാകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം

പാകിസ്ഥാന്റെ സാമ്പത്തികാവസ്ഥയെ പിടിച്ചുകുലുക്കിയത് രാജ്യത്തിന്റെ മൂന്നിലൊന്ന് വെള്ളത്തിനടിയിലായതോടെയാണ്. ഇത് പാകിസ്ഥാന്റെ സമസ്ത മേഖലകളുടെയും വളര്‍ച്ച മുരടിപ്പിക്കുന്നതിനുള്ള കാരണമായി മാറി. പണപ്പെരുപ്പം ഏതാണ്ട് 25 ശതമാനമായതിനാല്‍ രാജ്യം അതിന്റെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. രൂപയുടെ മൂല്യം ഗണ്യമായി കുറയുകയും പണപ്പെരുപ്പം ദശാബ്ദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍, ധനമന്ത്രാലയം, മറ്റു സംഘടനകളെല്ലാം പാകിസ്ഥാന്റെ തകര്‍ച്ച തടയാനുള്ള നിര്‍ണായകമായ നടപടികള്‍ കൈകൊള്ളുന്നുണ്ട്. എന്നാല്‍ ആവശ്യസാധ്യനങ്ങളുടെ വിലക്കയറ്റം മൂലം പാകിസ്ഥാന്‍ കടുത്ത ദാരിദ്ര്യത്തിലേക്കും, മാനുഷികവും ആരോഗ്യപരവുമായ ദുരന്തത്തിലേക്കും നീങ്ങുമെന്നാണ് വിലയിരുത്തല്‍.

പ്രതിസന്ധിയെ തടയാനാവുമോ?

രണ്ടു ബില്യണ്‍ ഡോളര്‍ വായ്പ നല്‍കാമെന്ന് യുഎഇ സമ്മതിച്ചതായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറയുന്നു. പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി യുഎഇ ഒരു ബില്യണ്‍ ഡോളര്‍ സഹായം നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പാക് പ്രധാനമന്ത്രി പറയുന്നുണ്ട്. ചൈന, സൗദി അറേബ്യ, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പാകിസ്താന്‍ സാധാരണമായി സാമ്പത്തിക സഹായം തേടാറുള്ളത്. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്, ലോകബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള സംഭാവനകളും പാകിസ്താന്‍ സ്വീകരിക്കാറുണ്ട്.

സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍

ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി മാളുകളും മാര്‍ക്കറ്റുകളും രാത്രി 8.30 മുതല്‍ അടച്ചിടാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ കണക്കുകൂട്ടല്‍ പ്രകാരം റെസ്റ്റോറന്റുകള്‍ ഉള്‍പ്പടെയുള്ള വിപണികള്‍ അടച്ചുപൂട്ടി 273 ദലക്ഷം ഡോളര്‍ ലാഭിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാമ്പത്തിക മേഖലയില്‍ എന്തൊക്കെ മാറ്റങ്ങളാണ് സൃഷ്ടിക്കുകയെന്ന് കണ്ടറിയണം. ഭക്ഷ്യവസ്തുക്കള്‍ക്ക് ഈടാക്കുന്ന അമിതവില രാജ്യത്ത് വലിയ പ്രക്ഷേഭങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകും എന്നതില്‍ സംശയമില്ല.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam