പീഡനമില്ല; 2000 രൂപാ നോട്ടിനു വിട

MAY 24, 2023, 8:40 PM

ഭീകര പ്രളയത്തിനും കോവിഡ് വ്യാപനത്തിനും മുന്നേ അരങ്ങേറിയ മനുഷ്യനിർമ്മിത ദുരന്തമായിരുന്നു 2016 നവംബർ എട്ടിലെ നോട്ട് നിരോധനമെന്ന് അയവിറക്കാൻ അവസരമൊരുക്കി 2000 രൂപാ നോട്ട് ചരിത്രത്തിലേക്ക് മറയുന്നു. ആറ് വർഷം മാത്രം മുമ്പ് ഇറക്കിയ 2,000 നോട്ട് ആണ് പിൻവലിച്ചതായി റിസർവ് ബാങ്ക് അറിയിച്ചത്. രണ്ടായിരത്തിന്റെ നോട്ടുകൾ അച്ചടിച്ചപ്പോഴത്തെ ലക്ഷ്യം പൂർത്തീകരിച്ച സാഹചര്യത്തിലും ഇടപാടുകൾക്ക് സാധാരണ ഗതിയിൽ ഈ നോട്ടുകൾ ഉപയോഗിക്കുന്നത് കുറവാണെന്ന് ബോധ്യമായതിനാലുമാണ് പിൻവലിക്കുന്നതെന്ന് ആർ.ബി.ഐയുടെ അറിയിപ്പിൽ പറയുന്നു.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചതിന് പിന്നാലെയുണ്ടായ നോട്ട് ക്ഷാമം പരിഹരിക്കുന്നതിനാണ് രണ്ടായിരം രൂപയുടെ നോട്ടുകൾ അച്ചടിച്ചത്. കള്ളനോട്ടും കള്ളപ്പണവും നികുതി വെട്ടിപ്പും തടയുക, ഇതുവഴി തീവ്രവാദ പ്രവർത്തകരുടെ സാമ്പത്തിക സ്രോതസ്സ് അടയ്ക്കുക തുടങ്ങിയവയായിരുന്നു നോട്ട് നിരോധത്തിന് പ്രധാന കാരണമായി പറഞ്ഞിരുന്നത്.

നാനോ ചിപ്പ്, ജി.പി.എസ്...

vachakam
vachakam
vachakam

2016ൽ 500, 1000 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിറകെ മോദി സർക്കാരിന്റെ നീക്കത്തെ ധീരമായ നടപടിയെന്ന് പ്രശംസിച്ചും വിഡ്ഢിത്തമെന്ന് വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. രസകരമായ വ്യാജ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പുതുതായി പുറത്തിറക്കിയ 2000 രൂപാ കറൻസികളിൽ 'നാനോ ജിപിഎസ് ചിപ്പുകൾ' ഘടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഒരു കഥ.

ബി.ജെ.പി അനുകൂല മാധ്യമ പ്രവർത്തകരും ചാനലുകളും പുതിയ നോട്ടിലെ ജിപിഎസ് ചിപ്പ് വാദം ഏറ്റുപിടിച്ചു. ആജ് തക്, എബിപി, ഡിഎൻഎ, സീ ന്യൂസ് അടക്കമുള്ള ചാനലുകളിൽ 2000 നോട്ടിന്റെ ജിപിഎസ് സവിശേഷതകൾ വിശദീകരിച്ചുകൊണ്ടുള്ള പ്രത്യേക പരിപാടികൾ വരെ അവതരിപ്പിച്ചു.

പുതിയ രണ്ടായിരത്തിന്റെ കറൻസിയിൽ ഉപയോഗിച്ച ജിപിഎസ് സംവിധാനം വഴി ആദായ നികുതി വകുപ്പിന് വിവരങ്ങൾ കൃത്യമായി അറിയാനാകുമെന്ന് 'വിദഗ്ധ ' നിരീക്ഷണവുമുണ്ടായി.' പുതിയ സാങ്കേതികവിദ്യ വരുന്നതോടെ കള്ളപ്പണം തടയാനാകും. നാനോ ടെക്‌നോളജിയിലൂടെ സൂക്ഷ്മ സംവിധാനങ്ങൾ ഉപയോഗിച്ച് ഈ നോട്ട് എവിടെയുണ്ട് എന്ന് ട്രാക്ക് ചെയ്യാൻ സാധിക്കും. അലമാര ഇടിച്ചുപൊളിക്കാതെ, വീട് കുഴിക്കാതെ തന്നെ ഇൻകം ടാക്‌സിന് നോട്ട് സൂക്ഷിച്ച സ്ഥലത്തെ വിവരം കിട്ടും. 100 മീറ്റർ ആഴത്തിൽ കുഴിച്ചിട്ടാൽ പോലും സിഗ്‌നൽ ലഭിക്കും.' തുടങ്ങി യുക്തിരഹിതമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലും ഇക്കൂട്ടർ വ്യാപകമായി പ്രചരിപ്പിച്ചു.

vachakam
vachakam
vachakam

എന്നാൽ അധികം വൈകാതെ തന്നെ ഇതെല്ലാം വ്യാജ പ്രചാരണമായിരുന്നെന്ന് രാജ്യം തിരിച്ചറിഞ്ഞു. ഒപ്പം നോട്ട് നിരോധനത്തിന്റെ തീരാദുരിതവും രൂക്ഷമായി. 500, 1000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് മുന്നിൽ മണിക്കൂറുകൾ നീണ്ട ക്യൂ രൂപപ്പെട്ടു. നിരവധിപേർ വരിനിന്ന് കുഴഞ്ഞുവീണ് മരിച്ചതിനും ഇന്ത്യ സാക്ഷ്യം വഹിച്ചു. രാജ്യത്തിന്റെ സാമ്പത്തിക മേഖല തകർന്നടിയാൻ ഏറെ നേരം വേണ്ടി വന്നില്ല.

ചെറുകിട സംരംഭക മേഖല സ്തംഭിച്ചു. കാർഷിക മേഖലയിൽ ഉൾപ്പെടെ അസഹനീയ തരത്തിൽ വിലയിടിവുമുണ്ടായി. വലിയ വിഭാഗം കുറഞ്ഞ വരുമാനക്കാരുടെ ജോലി നഷ്ടപ്പെട്ടു. കയറ്റിറക്കുമതി മേഖലകളിലും പ്രതിസന്ധിയുടെ കാർമേഘങ്ങളായിരുന്നു. നിക്ഷേപകർ വിഷമസ്ഥിതിയിലായി. നോട്ട് നിരോധനം പൂർണ പരാജയമാണെന്ന് വ്യക്തമാകാൻ അധികനാൾ വേണ്ടിവന്നില്ല. ഇപ്പോഴിതാ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ 2000 നോട്ടിനും അകാല ചരമഗീതം.

നിറഞ്ഞാടി വ്യാജൻ

vachakam
vachakam

രണ്ടായിരത്തിന്റെ നോട്ട് ഇറങ്ങി മാസങ്ങൾക്കകം തന്നെ ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാരുംഇറങ്ങിത്തുടങ്ങിയിരുന്നു. എൻ.സി.ആർ.ബിയുടെ കണക്കനുസരിച്ച് 2016ൽ 2,272 വ്യാജനോട്ടുകൾ പിടികൂടിയപ്പോൾ 2017ൽ ഇത് 74,898 ആയി ഉയർന്നു. 2019ൽ 90,566 ഉം 2020ൽ 2,44,834 ഉം ആയി വർധിച്ചു. നികുതി വെട്ടിപ്പിനും അറുതിയായില്ല. അതിപ്പോഴും തുടരുന്നു.

രാജ്യത്ത് അടുത്ത കാലത്തായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും നടത്തിയ റെയ്ഡുകളിലെല്ലാം കണ്ടെടുത്തത് 2,000 രൂപയുടെ നോട്ടുകളായിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പണത്തിന്റെ വരവ് ഇപ്പോഴും സജീവമാണ്. കള്ളപ്പണത്തിനും കുറവില്ല. കറൻസി രൂപത്തിലുള്ള കള്ളപ്പണം അഞ്ച് ശതമാനം മാത്രമാണെന്നും ബാക്കിയുള്ളവ റിയൽ എസ്റ്റേറ്റ് നിക്ഷേപം, സ്വർണം തുടങ്ങി മറ്റ് ആസ്തികളിലാണെന്നും നോട്ട് നിരോധ സമയത്ത് വിദഗ്ധർ ചൂണ്ടിക്കാട്ടിയതാണ്.

നോട്ടിടപാട് താഴുന്നില്ലഡിജിറ്റൽ ഇടപാടിലേക്ക് ജനത്തെ ആകൃഷ്ടരാക്കി കറൻസി ഉപയോഗം കുറയ്ക്കുകയാണ് മറ്റൊരു ലക്ഷ്യമായി പറഞ്ഞിരുന്നത്. എന്നാൽ, കറൻസി ഉപയോഗത്തിൽ കുറവ് വന്നിട്ടില്ല രാജ്യത്ത്.കറൻസി തന്നെയാണ് ഇപ്പോഴും വിനിമയത്തിലെ പ്രധാന മാർഗമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റിസർവ് ബാങ്കിന്റെ പുതിയ കണക്കനുസരിച്ച് ആറ് വർഷത്തിനിടയിൽ കറൻസി ഉപയോഗത്തിൽ 83 ശതമാനം വർധനയാണ് കാണിക്കുന്നത്. നിലവിൽ 32.42 ലക്ഷം കോടി രൂപയുടെ നോട്ടുകൾ വിനിമയത്തിലുണ്ട്. 2016 നവംബർ നാലിന് ഇത് 17.74 ലക്ഷം കോടിയുടേതായിരുന്നു. 

പണലഭ്യതയുടെയും പണമൊഴുക്കിന്റെയും കുറവ്, അസംഘടിത മേഖലയുടെ സ്തംഭനം, വ്യവസായ മേഖലയിലെ പ്രതിസന്ധി, സാമ്പത്തിക വളർച്ചാ നിരക്കിലെ ഇടിവ് തുടങ്ങി സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്തു നോട്ട് നിരോധം. 2016-17 സാമ്പത്തികവർഷം 8.3 ശതമാനമായിരുന്നു വളർച്ചയെങ്കിൽ 2019-20 സാമ്പത്തിക വർഷമിത് 3.7 ശതമാനത്തിലേക്ക് താഴ്ന്നു. നോട്ട് മാറാനുള്ള തിക്കിലും തിരക്കിലും പെട്ട് പലർക്കും ജീവൻ നഷ്ടപ്പെടുകയും പരുക്കേൽക്കുകയും ചെയ്തു. നോട്ട്‌നിരോധവും രണ്ടായിരത്തിന്റെ നോട്ട് ഇറക്കിയതും മണ്ടത്തരമായിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾക്ക് നേരത്തേ തന്നെ ബോധ്യപ്പെട്ടിരുന്നു.

നോട്ട് നിരോധം നടപ്പാക്കിയതിനു പിന്നാലെ 2,000ത്തിന്റെ 33,630 ലക്ഷം നോട്ടുകൾ പുറത്തിറക്കിയെങ്കിലും തൊട്ടടുത്ത വർഷത്തിൽ അച്ചടിക്കുന്ന നോട്ടുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയും 2018-19 സാമ്പത്തികവർഷത്തിൽ രണ്ടായിരം രൂപാ നോട്ടുകളുടെ അച്ചടി നിർത്തിവെക്കുകയും ചെയ്തിരുന്നു. മൊത്തം നോട്ടുകളിൽ 2,000 രൂപ മൂല്യമുള്ള നോട്ടുകളുടെ വിഹിതം 2020ലെ 22.65 ശതമാനത്തിൽ നിന്ന് 2022 മാർച്ചോടെ 13.8 ശതമാനമായി കുറഞ്ഞു. നിലവിൽ വിപണിയിലുളളത് 3.62 ലക്ഷം കോടി രൂപയുടെ 2,000 രൂപ നോട്ടുകൾ മാത്രമാണ്.

വളരെ ആലോചനാ പൂർവം വിശദമായ ചർച്ചകൾക്ക് ശേഷം നടപ്പാക്കേണ്ടതാണ് നോട്ട് നിരോധവും 2,000 പോലുള്ള മൂല്യമേറിയ നോട്ടിറക്കലുമെന്ന് വിദഗ്ധർ പറയുന്നു. ഇത്തരം വിഷയങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കുന്നത് ഉചിതമല്ല. ആദ്യം നടപ്പാക്കുക, പിന്നീട് ചിന്തിക്കുക എന്ന തരത്തിലാകരുത് കാര്യങ്ങൾ. ആളുകൾക്ക് എപ്പോഴും ആവശ്യം മൂല്യം കുറഞ്ഞ നോട്ടുകളാണ്. വികസിത രാജ്യങ്ങളിൽ 100ന് മുകളിൽ മൂല്യമുള്ള കറൻസി നോട്ടുകൾ ഇറക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ബി.ജെ.പി നേതാവും രാജ്യസഭാ എംപിയുമായ സുശീൽ കുമാർ മോദി 2,000 രൂപ നോട്ടുകൾ ഘട്ടം ഘട്ടമായി അസാധുവാക്കണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രീയക്കാർക്കു ദു:ഖം

ഇപ്പോഴത്തെ നോട്ട് നിരോധനം പല രാഷ്ട്രീയ പാർട്ടികൾക്കും കനത്ത ആഘാതമാണെന്ന വിലയിരുത്തലുണ്ട്. ഏതാനും നിയമസഭകളിലേക്കും ലോക്‌സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പിനു തയ്യാറെടുക്കുമ്പോൾ പ്രത്യേകിച്ചും. വോട്ടർമാർക്ക് നൽകാൻ ഉൾപ്പെടെയുള്ള കള്ളക്കളികൾക്ക് കണക്കിൽപ്പെടുത്താതെ 2000 രൂപാ നോട്ടുകൾ വൻതോതിൽ ശേഖരിച്ചു വച്ചിട്ടുള്ള രാഷ്ട്രീയ നേതാക്കൾ പല സംസ്ഥാനങ്ങളിലുമുണ്ടെന്ന കാര്യം രഹസ്യമല്ല. സ്വാഭാവികമായും ഏറെ പരിഭ്രാന്തിയും പരാതിയും പ്രതിപക്ഷ പാർട്ടികൾക്കു തന്നെ.

ആധാർ ഇല്ലാതെ മാറാം

എന്തായാലും, 2016ലെ നിരോധനത്തെ തുടർന്ന് നോട്ടുകൾ മാറി ലഭിക്കാനുണ്ടായിരുന്നതു പോലെ നൂലാമാലകൾ 2000 രൂപ നോട്ടിന്റെ കാര്യത്തിലില്ല. സെപ്തംബർ 30 വരെ നോട്ടുകൾ മാറാൻ സമയമുണ്ട്. ഈ കാലയളവിൽ ബാങ്കുകളിൽ 2000 രൂപ നിക്ഷേപിക്കുന്നതിന് അനുമതിയുമുണ്ട്.

ബാങ്കുകളിൽ 2000 രൂപ നോട്ടുകൾ മാറിയെടുക്കാൻ ആധാർ പോലുള്ള തിരിച്ചറിയൽ രേഖ ആവശ്യമില്ല. പ്രത്യേക ഫോമും പൂരിപ്പിച്ചു നൽകേണ്ടതില്ല. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികൾക്ക് നോട്ടുകൾ മാറ്റിയെടുക്കാം. ഇതിനു പ്രത്യേക ചാർജും നൽകേണ്ട. അതേ സമയം കൂടുതൽ തുക ബാങ്കുകളിൽ നിക്ഷേപിക്കുമ്പോൾ നിയമപ്രകാരമുള്ള നടപടി ബാധകമാകും. പാൻ കാർഡ് ഹാജരാക്കണം. സഹകരണ ബാങ്കുകളിലും 2000 രൂപ നോട്ട് മാറ്റിയെടുക്കാം. 

രൂപ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും ബാങ്കുകളിൽ മുൻഗണന നൽകുന്നുണ്ട്. കുടിവെള്ള സൗകര്യവും ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. പൊതുവേ തിരക്കുള്ള ബാങ്കുകളിൽ നോട്ടുകൾ കൈകാര്യം ചെയ്യാനായി പ്രത്യേകം കൗണ്ടറുകളും ഒരുക്കിക്കഴിഞ്ഞു. ഗൂഗിൾ പേ, ഫോൺ പേ, എടിഎം കാർഡ് എന്നിങ്ങനെ ഇടപാടുകൾ ധാരാളം നടക്കുന്നതിനാൽ 2000 രൂപ നോട്ട് പൊതുവിൽ പരിമിതമാണ്. എടിഎം കൗണ്ടറുകളിലും ബാങ്കുകളിലും 2000 രൂപ നോട്ടുകൾ നൽകുന്നത് നേരത്തെ തന്നെ നിർത്തിയിരുന്നു.                              

ട്രഷറികളിലും സൗകര്യം

സർക്കാർ നിർദേശത്തെ തുടർന്ന് 2000 രൂപയുടെ നോട്ടുകൾ ട്രഷറികളിലും സ്വീകരിക്കാൻ തുടങ്ങി. ചലാൻ ഉൾപ്പെടെയുള്ള ട്രഷറി വിനിമയത്തിൽ 2000 നോട്ടുകൾ സേവനങ്ങൾക്കും നിക്ഷേപത്തിനുമായാണ് സ്വീകരിക്കുന്നത്. കൗണ്ടറുകളിൽ തന്നെ നോട്ടുകൾ സ്വീകരിക്കുമെങ്കിലും ബാങ്കുകളിലേതു പോലെ ട്രഷറിയിൽ നോട്ടുകൾ മാറി നൽകുന്നില്ല.

ദിവസക്കൂലിക്ക് നോട്ട് മാറ്റം

രണ്ടായിരത്തിന്റെ നോട്ട് പിൻവലിച്ച ആർ.ബി.ഐയുടെ തീരുമാനം ഉത്തരേന്ത്യൻ നഗരങ്ങളിലെ അനധികൃത സ്വർണ വ്യാപാരം അപ്രതീക്ഷിത നിലയിലേക്ക് ഉയരാൻ കാരണമായി. പെട്രോൾ പമ്പുകളിൽ 2000 രൂപാ നോട്ടുകളുടെ വരവും കുത്തനെ ഉയർന്നതായാണ് മാധ്യമങ്ങൾ പറയുന്നത്. ഭൂരിപക്ഷം ഉപഭോക്താക്കൾ 2,000 രൂപ നോട്ടുകൾ തന്നെ ഉപയോഗിക്കുന്നുവത്രേ.

അതേസമയം, കള്ളപ്പണത്തിന്റെ വൻ സൂക്ഷിപ്പുകാരിൽ പലരും ദൈവത്തെ കൂടുതൽ ഓർമ്മിക്കുന്നതായും മാധ്യമങ്ങൾ കണ്ടെത്തി. ക്ഷേത്ര ഭണ്ഡാരങ്ങളിൽ 2000 രൂപ നോട്ടുകൾ വൻതോതിൽ എത്തിത്തുടങ്ങിയത്രേ. ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മാതാ ജ്വാലാ ദേവി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചി തുറന്ന ജീവനക്കാർ ഒരു നിമിഷം ഞെട്ടി. ഒന്നും രണ്ടുമല്ല നൂറുകണക്കിന് 2000 രൂപ നോട്ടുകൾ മാത്രം. എണ്ണി നോക്കിയപ്പോഴാകട്ടെ 8 ലക്ഷം രൂപ. 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് അസാധാരണ സംഭവമുണ്ടായത്.

ഫർണിച്ചറുകളും ഇതര ഗാർഹിക വസ്തുക്കളും വാങ്ങിക്കൂട്ടുന്നവരുടെ എണ്ണവും പെട്ടെന്ന് ഉയർന്നതായി വ്യാപാരികൾ പറയുന്നു. 2000 രൂപ നോട്ടുകൾ നൽകിയാണ് കച്ചവടം. അതേ സമയം ഡിജിറ്റൽ പണമിടപാടിലേക്ക് നേരത്തെ തന്നെ കടന്നു വന്ന കേരളത്തിൽ പൊതുവേയും പുറത്തെ വൻ നഗരങ്ങളിലും ഈ പ്രവണത അത്രയേറെ ശക്തമല്ല.

ഡൽഹി ജിടിബി നഗറിലെ ഒരു ഇറച്ചിക്കട ആകർഷകമായ ഓഫറുമായി വലിയ പോസ്റ്റർ പതിച്ചു: 2,000 രൂപ നോട്ട് നൽകി 2,100 രൂപ വിലയുള്ള സാധനങ്ങൾ വാങ്ങുക. ഒരു ട്വിറ്റർ ഉപയോക്താവ് എടുത്തുകാണിച്ചതാണ് ഈ സ്മാർട്ട് വിൽപ്പന തന്ത്രം.നികുതി വകുപ്പിനെ ഭയന്ന് നോട്ടുകൾ വൻതോതിൽ ബാങ്കുകളിൽ നിക്ഷേപിക്കാൻ കഴിയാത്തവർ അധികാരികളുടെ ശ്രദ്ധയിൽപ്പെടാതെ 2000 രൂപാ നോട്ട് മാറ്റിയെടുക്കാൻ പട്ടിണിപ്പാവങ്ങളെ ദിവസക്കൂലിക്കു നിയോഗിക്കുന്ന സ്ഥിതിയും പലയിടത്തും നിലവിൽ വന്നതായാണു റിപ്പോർട്ട്.

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam