വാർത്തകളിൽ നിറയുന്നത് 'വെള്ളം' നാടാകെ നിറഞ്ഞൊഴുകുന്നതോ കണ്ണീരിന്റെ കൈവഴികളും!

OCTOBER 21, 2021, 12:33 PM

വെള്ളമാണ് ഇപ്പോൾ സൂപ്പർതാരം. ജയസൂര്യയ്ക്ക് മികച്ച നടനുള്ള അവാർഡ് വാങ്ങിക്കൊടുത്ത ചിത്രത്തിന്റെ പേര് വെള്ളം. വെള്ളം കയറി നാടെല്ലാം നശിക്കുന്നുവെന്നത് ഇപ്പോഴത്തെ വാർത്തകളിലെ  ബ്രേക്ക് ന്യൂസ്. ''ഇൻസൾട്ടല്ലേ, മുരളീ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്'' എന്ന വെള്ളത്തിലെ ഡയലോഗാണെങ്കിൽ ഷംസീർ എം.എൽ.എ. ഫേസ്ബുക്കിലിട്ടത്, സി.പി.എം.നു നേരെയല്ല, മുഖ്യമന്ത്രിയുടെ മരുമകനു നേരെയുള്ള മിന്നലാക്രമണമാണെന്ന് ഒരു കൂട്ടർ.

വെള്ളം അഥവാ മദ്യം കേരളീയർ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കുടി കുപ്പിക്കണക്ക് ലോകറെക്കാഡാണെന്ന് ഒരു ചാനൽ   ലേഖകന്റെ നിരീക്ഷണം. രണ്ടാഴ്ചത്തെ നീരൊഴുക്കിൽ ഒഴുകിയെത്തിയത് 421.5 കോടി രൂപയുടെ വൈദ്യൂതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളമെന്ന് കെ. സി. ബി ഇ. ഒക്.20 ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ മരണസംഖ്യ 39 ആണ്.

ഓഖി, മഹാപ്രളയം, പെട്ടിമുടി, കവളപ്പാറ ദുരന്തങ്ങളിൽപ്പെട്ടവർ ഇന്നും ദുരുതിത്തിലെന്ന് പത്രങ്ങൾ. റീ ബിൽഡ് കേരളയ്ക്കുവണ്ടി ലോകബാങ്ക് നൽകിയ വായ്പ പോലും ശമ്പളമായി നൽകി സർക്കാർ പുട്ട് അടിച്ചുവെന്ന് മറ്റൊരു പരാതി. പ്രളയത്തിൽ കൃഷി നാശമുണ്ടായ കർഷകരുടെ നഷ്ടം പോലും ഇനിയും കൊടുത്തുതീർത്തിട്ടില്ല. അതേ, ഈ വെള്ളപ്പൊക്കത്തിലും നാടുമുഴുവനും കണ്ണീരിന്റെ കൈവഴികൾ നിറഞ്ഞൊഴുകുകയാണ്. 

vachakam
vachakam
vachakam

നിയമം നിയമത്തിന്റെ വഴിയിലാണോ ?

എപ്പോഴും നാം നിരന്തരം കേൾക്കുന്ന ഒരു വാചകമുണ്ട്: നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന്. എത്ര നിരുപദ്രവകരമായ ഒരു പ്രസ്താവനയെന്ന് നമുക്ക് തോന്നാം. എന്നാൽ, നിയമം നിയമത്തിന്റെ വഴിക്ക് പോകാൻ സാധിക്കാത്ത വിധം ചില 'ഭൂഗർഭ തുരങ്കങ്ങൾ' രൂപപ്പെട്ടുവരികായാണിപ്പോൾ. ആ വാർത്തകളുടെ വിശകലനത്തിനൊന്നും മുഖ്യധാരാമാധ്യമങ്ങൾ മുതിരാറുമില്ല.

മാതൃഭൂമി ദിനപത്രത്തിൽ ഒക്‌ടോബർ 11 ന് ഒരു വാർത്ത കണ്ടു. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ സൂക്ഷിച്ചിരുന്ന ചില സാമ്പിളുകൾ ഉപയോഗശൂന്യമായത്രെ. വിവിധ കേസുകളുടെ ഇഴ   കീറിയുള്ള വിചാരണയ്ക്കായി സൂക്ഷിച്ചിരിക്കുന്ന സാമ്പിളുകളാണത്രെ ഉപയോഗശൂന്യമായത്.  കേസുകളിൽ തെളിവുകളായി മാറേണ്ട ചില സാമ്പിളുകൾ കൃത്യമായ ഊഷ്മാവിൽ സൂക്ഷിക്കണമെന്ന നിബന്ധനപോലും ഈ ലാബിൽ പാലിക്കപ്പെട്ടിരുന്നില്ല.

vachakam
vachakam
vachakam

പ്രായപൂർത്തിയാകാത്തവർക്ക് എതിരെയുള്ള കുറ്റങ്ങൾ പ്രതിരോധിക്കാനുള്ള പോക്‌സോ കേസുകളിലെ നിർണ്ണായക തെളിവുകളും ലാബിൽവച്ച് ഉപയോഗശൂന്യമായിരിക്കുകയാണ്. ഇത്തരം കേസുകളിലെ സാമ്പിളുകൾ സൂക്ഷിക്കാൻ കേന്ദ്രസർക്കാർ പ്രത്യേകഫണ്ട് അനുവദിച്ചിട്ടുണ്ട്. കേന്ദ്രം ഈ വകുപ്പിൽപെടുത്തി അനുവദിച്ച ആറു കോടി രൂപയിൽ ഒരു കോടി രൂപമാത്രമാണ്  കേരളാ സർക്കാർ പോക്‌സോ കേസുകളുടെ തെളിവുകൾ സംരക്ഷിക്കാൻ ചെലവഴിച്ചത്.

ശേഷിച്ച 5 കോടി രൂപ വകമാറ്റി ചെലവഴിച്ചിരിക്കുകയാണ്. കേസുകളിലെ നിർണ്ണായക തെളിവുകളായ സാമ്പിളുകൾ ഹാജരാക്കാൻ കഴിയാതെ വന്നാൽ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ വഴിയൊരുങ്ങും.

'മ്മടെ' തൃശൂരാണുട്ടോ മുന്നിൽ...

vachakam
vachakam

കുറ്റാരോപിതർക്ക് ജാമ്യം പോലും ലഭിക്കാൻ വകുപ്പില്ലാത്ത 9677 പോക്‌സോ കേസുകളാണ് കേരളത്തിൽ കെട്ടിക്കിടക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകാൻ വേണ്ടി പോക്‌സോ  കേസുകൾ മാത്രം വിചാരണ ചെയ്യാൻ 28 താത്ക്കാലിക കോടതികൾ തുടങ്ങിയിരുന്നു. എന്നിട്ടും  കേസുകൾ പലതും പൊലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയിലെത്തിയിട്ടില്ലെന്നതാണ്   വിചിത്രമായ കാര്യം. 2018 ലാണ് പോക്‌സോ കേസുകൾക്കായി അതിവേഗ കോടതികൾ ആരംഭിച്ചത്.

പൊലീസ് അന്വേഷണം 2 മാസംകൊണ്ട് തീർക്കുക, 6 മാസം കൊണ്ട് വിചാരണ തീർക്കുക തുടങ്ങിയ മാർഗരേഖയെല്ലാം ഈ കോടതികൾക്കായുണ്ട്. പക്ഷെ ഇപ്പോഴും കെട്ടിക്കിടക്കുന്ന കേസുകൾ  അനങ്ങുന്നതേയില്ല. ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ കെട്ടിക്കിടക്കുന്നത് തൃശൂർ ജില്ലയിലാണ്1325 എണ്ണം. രണ്ടാം സ്ഥാനത്ത് കോഴിക്കോടാണ് 1213.

തിരുവനന്തപുരം 1000, കണ്ണൂർ869, കൊല്ലം682, എറണാകുളം651, പാലക്കാട്619, മലപ്പുറം613, ഇടുക്കി588, ആലപ്പുഴ 516, കോട്ടയം514, കാസർകോട് 472, പത്തനംതിട്ട335, വയനാട് 262 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇനി നെഞ്ചത്ത് കൈവച്ച് നിങ്ങൾ പറയൂ, നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നുണ്ടോ ?

ശിക്ഷിക്കപ്പെട്ടത് 4.49% കേസുകളിൽ മാത്രം

പോക്‌സോ കേസുകൾ സംബന്ധിച്ച് മറ്റൊരു കണക്ക് കൂടി പറയാം: ഏറ്റവും കൂടുതൽ    കരുതലോടെ നാം ചേർത്തുപിടിക്കേണ്ട കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ ഇതുവരെ ശിക്ഷ വിധിച്ചത് 4.49% ശതമാനം കേസുകളിൽ മാത്രമാണ്! 5 വർഷത്തിനുള്ളിൽ 6939 കേസുകളിൽ 312 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്! 2019ൽ രജിസ്റ്റർ ചെയ്ത കേസുകൾ 1283 കേസുകൾ. ശിക്ഷിക്കപ്പെട്ടത്   42 പേർ.

ഈ വർഷം പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത് 1143 പേരാണ്. ആശ്വാസമെന്നു    തോന്നാവുന്ന ഒരു കണക്കും ഇവിടെയുണ്ട്. കാരണം, 1009 പേർക്ക് എതിരെ കുറ്റപത്രം നൽകിക്കഴിഞ്ഞിട്ടുണ്ട്. 2016ൽ രജിസ്റ്റർ ചെയ്തത് 1848 കേസുകളാണെങ്കിലും ശിക്ഷിക്കപ്പെട്ടത് 53 പേരാണ്. 2015ലാകട്ടെ അറസ്റ്റിലായവർ 1486 ഉം ശിക്ഷിക്കപ്പെട്ടവർ 100 പേരുമാണ്. മേൽപ്പറഞ്ഞ കണക്കുകളിൽ, വിചാരണ വേളയിൽ പൊലീസിന്റെയോ മറ്റോ അനാസ്ഥ മൂലം ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്നവർ വളരെ കൂടുതലാണോ ?

നിയമത്തിന് കണ്ണില്ലെന്നു പറയാറുണ്ട്. പക്ഷെ, നിയമത്തിന്റെ കണ്ണിൽ നിന്ന് ആരെങ്കിലും എന്തെങ്കിലും മറച്ചുപിടിക്കുന്നുണ്ടോയെന്നതാണ് പ്രധാന ചോദ്യം. ഈ ചോദ്യത്തിനു മറുപടി പറയേണ്ടവർ തൽക്കാലം മൗനം അവലംബിക്കാം. കുറ്റപത്രം കോടതിയിൽ ഹാജരാക്കിയാലും ഫോറൻസിക് ലാബിലെ തെളിവ് 'പുകയായി പോയാൽ' എന്തുചെയ്യാനാ സാറേ, എന്നായിരിക്കും  മറുചോദ്യം.


തീവണ്ടികൾ തീ തീറ്റിക്കുകയാണോ ?

പുര കത്തുമ്പോൾ വാഴയല്ല, തെങ്ങ് തന്നെ വെട്ടുന്നവരാണോ ഇന്ത്യൻ റെയിൽവേ ? കോവിഡാനന്തരകാലത്ത് ജനങ്ങൾ അതിജീവനത്തിനായി നെട്ടോട്ടമോടുമ്പോൾ, റെയിൽവേ വീണ്ടും ഓടിച്ചു   തുടങ്ങിയ ട്രെയിനുകളെല്ലാം സ്‌പെഷ്യലാക്കി മാറ്റുകയായിരുന്നു. ഊണുപോലും വിവിധ നഗരങ്ങളിൽ 10 രൂപയ്ക്ക് കിട്ടുമ്പോൾ, സ്‌പെഷ്യൽ ട്രെയിനിലെ മിനിമം യാത്രക്കൂലി 30 രൂപയാണ്!

ലോക്ഡൗൺ പിൻവലിച്ചതോടെ തീവണ്ടി യാത്രക്കാർ പാസഞ്ചർ ട്രെയിനുകൾക്കു വേണ്ടി മുറവിളി കൂട്ടിയിരുന്നു. സംസ്ഥാനസർക്കാർ അനുമതി നൽകാത്തതുകൊണ്ടാണ് പാസഞ്ചർ ട്രെയിനുകൾ ഓടിക്കാത്തതെന്നാണ് റെയിൽവേയുടെ ന്യായം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ  ഔദ്യോഗികമായി റെയിൽവേയോട് വിശദീകരണം ചോദിച്ചിട്ടുമില്ല.

യാത്രക്കാരുടെ യാത്രാ സൗകര്യം റെയിൽവേ ഒരിക്കലും പരിഗണിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം. രാവിലെ എറണാകുളത്തു നിന്നുണ്ടായിരുന്ന ഗുരുവായൂർ, കോട്ടയം പാസഞ്ചറുകളും ഉച്ചയ്ക്കുണ്ടായിരുന്ന കോട്ടയം വഴിയുള്ള കൊല്ലം സർവീസും വൈകുന്നേരമുള്ള എറണാകുളം  കായംകുളം പാസഞ്ചർ, എറണാകുളം കൊല്ലം മെമു സർവീസ് എന്നിവയൊന്നും റെയിൽവേ ഇനിയും ഓടിച്ചു തുടങ്ങിയിട്ടില്ല. ഗുരുവായൂർ പാസഞ്ചർ രാവിലെ ചാലക്കുടി, ഇരിഞ്ഞാലക്കുട ഭാഗങ്ങളിലേക്കു ജോലിക്കു പോകേണ്ടവർ ആശ്രയിച്ചിരുന്ന ട്രെയിനാണ്.

തീവണ്ടികളുടെ സമയക്രമീകരണവും സ്ഥിരം ട്രെയിൻ യാത്രക്കാരെ ദ്രോഹിക്കുന്നതാണ്.   കോട്ടയത്തു നിന്ന് കൊല്ലത്തേയ്ക്ക് വൈകുന്നേരം 5നും 6നും മധ്യേ ഒരു ട്രെയിൻ വേണമെന്ന ആവശ്യം റെയിൽവേ ഒരിക്കലും കണക്കിലെടുത്തിട്ടില്ല. ശബരി, പരശുറാം എക്‌സ്പ്രസ് എന്നിവ പുറപ്പെടുന്നത് യഥാക്രമം 1 മണിക്കൂറും അരമണിക്കൂറും നേരത്തെയാക്കിയതും യാത്രക്കാർക്ക് ദ്രോഹമായി.

ഇതുമൂലം കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ ഭാഗത്തേയ്ക്കുള്ള യാത്രക്കാരാണ് ദുരിതത്തിലായത്. ഇനി കേരളാ എക്‌സ്പ്രസിന്റെ കാര്യം. കേരളാ എറണാകുളത്തുനിന്ന് പുറപ്പെടുന്നത് വൈകുന്നേരം    5 മണിക്കാണിപ്പോൾ. കേരളാ കടന്നുപോകാനായി തിരുവനന്തപുരത്തേയ്ക്കുള്ള വേണാട് എക്‌സ്പ്രസ് പിടിച്ചിടുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. രാവിലെ തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേയ്ക്ക് കൊല്ലം വഴി പാസഞ്ചറില്ലാത്തതും ഉദ്യോഗസ്ഥരായ യാത്രക്കാരെ വലയ്ക്കുന്നു.

ഇതിനിടെ സാധാരണ തീവണ്ടികൾ റെയിൽവേ സ്‌പെഷ്യൽ എന്ന പേരു പറഞ്ഞ് ഓടിക്കുന്നതും പതിവായിരിക്കുകയാണ്. ഉദാഹരണം: മധുരപുനലൂർ പാസഞ്ചർ ഇപ്പോൾ സ്‌പെഷ്യൽ ട്രെയിനാണ്. ഇതുമൂലം തിരുവനന്തപുരം കൊല്ലം റൂട്ടിൽ യാത്ര ചെയ്യേണ്ട ജോലിക്കാരും വിദ്യാർത്ഥികളുമാണ് കഷ്ടപ്പെടുന്നത്.

യാത്രാനിരക്കിന്റെ കാര്യത്തിലും കൊള്ളയാണിപ്പോൾ. ഉച്ചകഴിഞ്ഞ് 3.50 ന് പുറപ്പെടുന്ന സ്‌പെഷ്യൽ ട്രെയിനിൽ കൊല്ലത്തുനിന്ന് ഇരവിപുരം വരെയെത്താൻ 30 രൂപയാണ് ചാർജ്. ഇതേ ദൂരം ബസ്സിൽ സഞ്ചരിക്കാൻ 10 രൂപ മതി. കോവിഡാനന്തരകാലമല്ലേ, റെയിൽവേയ്ക്ക് സ്ഥിരം യാത്രക്കാരോട് അല്പ്പം കരുണയൊക്കെ കാണിക്കാം.

അന്യം നിന്നിട്ടില്ല, നന്മയുടെ നാമ്പുകൾ

വൈദികരെക്കുറിച്ച് ആരെങ്കിലും നല്ലതു പറഞ്ഞാൽ അതിന് ഇക്കാലത്ത് മാധ്യമങ്ങൾ വലിയ വിലകൽപ്പിക്കാറില്ല. എത്ര പ്രശസ്തരായാലും അവർ വൈദികരുടെ സദ്ഗുണങ്ങൾ പറഞ്ഞാൽ അതൊന്നും കത്തോലിക്കാ മാധ്യമങ്ങൾ പോലും വലിയ പ്രാധാന്യം നൽകി പ്രസിദ്ധീകരിക്കാറില്ല. മലയാളത്തിലെ ഏറ്റവും പ്രമുഖനായ ചെറുകഥാകൃത്താണ് ടി. പത്മനാഭൻ.

അദ്ദേഹം ഒക്‌ടോബർ 14 ന് അന്തരിച്ച ഫാ.ജോർജ് ഉപ്പുപുറത്തെക്കുറിച്ച് ഒരു ചെറിയ അനുസ്മരണം ദീപികയിൽ എഴുതിയിരുന്നു. ആ അനുസ്മരണത്തിൽ ജോർജ് കുട്ടിയച്ചൻ എന്നു വിളിക്കുന്ന ഒ.എഫ്.എം. കപ്പുച്ചിൻ വൈദികന്റെ പേര് പ്രത്യേകം ടി. പത്മനാഭൻ എടുത്തുപറഞ്ഞിരുന്നില്ല. 2025 വർഷങ്ങൾക്കു മുമ്പ് പരിചയപ്പെട്ട     തവിട്ടു കുപ്പായക്കാരനായ വൈദികനോട് കോട്ടയം എൻ. ബി. എസ്. ബൂക്ക് സ്റ്റാളിന്റെ വരാന്തയിലിരുന്ന് പത്മനാഭൻ പറഞ്ഞത് ഇങ്ങനെ: ''ഫാദർ, ഞാനൊരു സംഘടിത മതത്തിലും വിശ്വസിക്കുന്നില്ല. പ്രാർത്ഥനകൾ ചൊല്ലാറില്ല. എങ്കിലും എനിക്ക് ക്രിസ്തുവിൽ വിശ്വാസമുണ്ട്''.

ഉടൻ വന്നു,  ജോർജ് കുട്ടിയച്ചന്റെ മറുപടി: ''സാരമില്ല, ആത്മാവിന്റെ വിശുദ്ധമായ പ്രാർത്ഥനകളാണല്ലോ നിങ്ങളുടെ കഥകൾ''  പത്മനാഭൻ പറയുന്നു ''ഇതുവരെ എന്റെ കഥകൾക്കു ലഭിച്ച അഭിനന്ദനങ്ങളിൽ ഏറ്റവും മൂല്യമുള്ളതാണ് ആ വാക്കുകൾ'' ഒരു മണിക്കൂർ നീണ്ടുനിന്ന ആ കൂടിക്കാഴ്ച ''അത് ക്രിസ്തുവായിരുന്നു'' എന്ന തലക്കെട്ടിൽ പത്മനാഭൻ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഈ അനുസ്മരണ കുറിപ്പ്  ഫാ. ജോർജ് ഉപ്പുപുറത്തെക്കുറിച്ചാണെന്ന് എന്തുകൊണ്ടോ ആ കുറിപ്പിലില്ല. ചരമവാർത്തയിൽ ജോർജ് കുട്ടിയച്ചന്റെ വാർത്തയോടൊപ്പം, ടി.പത്മനാഭന്റെ അനുസ്മരണക്കുറിപ്പിന്റെ പേജ് നമ്പർ പോലും നൽകിയിരുന്നുമില്ല. ന്യൂജെൻ, ജേർണലിസത്തിന്റെ കൈയടക്കമാകാം കാരണമെന്ന് സമാധാനിക്കാനേ പറ്റൂ.

പള്ളിയിൽ പറഞ്ഞാലും കാര്യമുണ്ട്...

എന്നാൽ പ്രളയക്കെടുതിയിൽ രക്ഷകനായി മാറിയ ഒരു വൈദികനെക്കുറിച്ച് ദീപിക  ഒക്‌ടോബർ 17ന് ഒരു ബോക്‌സ് ഐറ്റം നൽകിയിരുന്നു. ഇടുക്കി ജില്ലയിലെ അറക്കുളം പഞ്ചായത്തിൽ പെട്ട മൂലമറ്റം സെന്റ് ജോർജ് ഫൊറോനാ പള്ളിയിലെ സഹവികാരിയായ ഫാ. സെബാസ്റ്റ്യൻ പേണ്ടാനത്തും, മുൻ ട്രസ്റ്റി ബേബിച്ചൻ തട്ടാംപറമ്പിലും ചേർന്ന് രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തിയ വാർത്തയാണത്. നാച്ചാർ പുഴയോരത്താണ് അറയ്ക്കൽ, പാറയ്ക്കൽ വീടുകൾ.

പുഴയിൽ വെള്ളം പൊങ്ങിയപ്പോൾ രണ്ട് വീട്ടിലുമുള്ളത് ഓരോ സ്ത്രീകൾ മാത്രം. വീട്ടമ്മയായ ബീനയും കിടപ്പുരോഗിയായ അന്നമ്മയും. ബീന പലരെയും സഹായത്തിനായി മൊബൈലിൽ വിളിച്ചു. വീടുകൾ ഒഴുക്കിൽ തകരുമെന്ന കാര്യം ഉറപ്പായിരുന്നു. ഇടവകപ്പള്ളിയിലേക്കും ബീന വിളിച്ചു. ആദ്യം ഓടിയെത്തിയത് ഫാ. സെബാസ്റ്റ്യനും പള്ളി ട്രസ്റ്റിയായിരുന്ന ബേബിച്ചനുമായിരുന്നു. അവർ വടം വലിച്ചു കെട്ടി ഇരുവരെയും ഇപ്പുറമെത്തിച്ചു.

മിനിട്ടുകൾ കഴിഞ്ഞപ്പോൾ പ്രളയജലം രണ്ട് വീടുകളും തകർത്തൊഴുകുകയായിരുന്നു. ആര് നന്മ ചെയ്താലും അത് പ്രഘോഷിക്കപ്പെടണം. അത് നന്മ ചെയ്തവരെ സോപ്പിട്ട് പതപ്പിക്കാനല്ല, നന്മ ചെയ്യുന്നവർ അന്യം നിന്നു പോയിട്ടില്ലെന്നു കാണിക്കാനാണ്. അതല്ലെങ്കിൽ  ''പള്ളിയിൽ പോയി പറഞ്ഞാൽ മതി'' എന്ന പതിവ് പഴഞ്ചൊല്ലുകളിൽ ചിലപ്പോഴെങ്കിലും പതിരിനു പകരം കതിരുണ്ടെന്നു കാണിക്കാനുമാണ് !

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam