ജി7 ഉച്ചകോടിയിലെ താരം 'ഒക്കോണോമിയാക്കി'യെ പരിചയപ്പെടാം!

MAY 24, 2023, 12:16 AM

ഹിരോഷിമയില്‍ വച്ചാണ് ഇത്തവണ ജി7 ഉച്ചകോടി നടന്നത്. ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ഇന്ത്യ, ബ്രസീല്‍, വിയറ്റ്നാം, ഇന്തോനേഷ്യ, കൊമോറോസ്, കുക്ക് ദ്വീപുകള്‍ എന്നീ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. ഏതാണ്ട് എട്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിന് മുന്നില്‍ ആണവായുധങ്ങളുടെ ഭീഷണി വീണ്ടും ഉയര്‍ന്നു വരികയാണ്. ആറ്റോമിക് സ്‌ഫോടനത്തെ അതിജീവിച്ച ഹിരോഷിമയുടെ മണ്ണില്‍ ലോകനേതാക്കള്‍ കണ്ടുമുട്ടിയപ്പോള്‍ ആണവായുധങ്ങളുടെ ഉപയോഗത്തെ അപലപിച്ച് ശക്തമായ പ്രസ്താവനകള്‍ പുറത്തിറക്കാന്‍ ജി7 രാജ്യങ്ങള്‍ക്ക് കഴിഞ്ഞു.

ഹിരോഷിമ സ്ഫോടനവുമായി ബന്ധമുള്ള 'ഒക്കോണോമിയാക്കി'യായിരുന്നു(Okonomiyaki) ഉച്ചകോടിയിലെ ഭക്ഷണ മെനുവിലെ പ്രധാന വിഭവം.

എന്താണ് ഒക്കോണോമിയാക്കി?

കാബേജ്, പന്നിയിറച്ചി, നൂഡില്‍സ് എന്നിവ നിറച്ച ഒരു പാന്‍കേക്കാണ് ഒക്കോണോമിയാക്കി. ഈ പേരിന്റെ അര്‍ത്ഥം 'നിങ്ങള്‍ക്കിഷ്ടമുള്ളതുപോലെ ബേക്ക് ചെയ്തത്' എന്നാണ്. പരമ്പരാഗത ഹിരോഷിമ ശൈലിയിലുള്ള ഒക്കോണോമിയാക്കിയ്ക്ക് പ്രത്യേക സുഗന്ധമാണുള്ളത്. സോയ സോസ്, ഷിറ്റേക്ക് കൂണ്‍, വിനാഗിരി, മറ്റ് ചേരുവകള്‍ എന്നിവ ചേര്‍ത്താണ് ഇതിനായുള്ള സോസ് തയ്യാറാക്കുന്നത്. ഒക്കോണോമിയാക്കിയില്‍ സ്‌പെഷ്യലൈസ് ചെയ്ത 800-ലധികം റെസ്റ്റോറന്റുകള്‍ ഹിരോഷിമയിലുണ്ട്. ഒരു വ്യാപാര സംഘടനയായ ഒക്കോണോമിയാക്കി അക്കാദമി ജി7 പ്രതിനിധികള്‍ക്കായി ഈ പാന്‍കേക്കിന്റെ വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു മെനു തന്നെ തയ്യാറാക്കിയിട്ടുണ്ട്.

ഹിരോഷിമ പുനര്‍നിര്‍മിക്കാന്‍ ഒകോനോമിയാക്കി സഹായിച്ചതായും പറയപ്പെടുന്നു. 1945 ആഗസ്റ്റ് ആറിന് ഹിരോഷിമയിലെ അണുബോംബ് സ്ഫോടനത്തിന് ശേഷം പട്ടിണി കിടന്നവര്‍ അമേരിക്ക വിതരണം ചെയ്ത ഗോതമ്പ് ഉപയോഗിച്ച് തങ്ങളുടെ ഈ പരമ്പരാഗത ലഘുഭക്ഷണം ഉണ്ടാക്കിയിരുന്നതായാണ് പറയപ്പെടുന്നത്. പിന്നീട് പന്നിയിറച്ചി, കാബേജ്, മുട്ട, യാക്കിസോബ നൂഡില്‍സ് എന്നിവ ചേര്‍ത്ത് പാന്‍കേക്ക് കൂടുതല്‍ മികച്ചതാക്കി മാറ്റുകയായിരുന്നു. അങ്ങനെയാണ് ഹിരോഷിമ ഒക്കോണോമിയാക്കിയുടെ ജനനം.

ജപ്പാനിലുടനീളം പ്രത്യേകിച്ച് ഒസാക്ക, ക്യോട്ടോ, കോബെ എന്നിവ ഉള്‍പ്പെടുന്ന കന്‍സായി മേഖലയിലും ഒസാക്കയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ഹിരോഷിമയിലും ഒക്കോണോമിയാക്കി ജനപ്രിയമാണ്. എങ്കിലും രാജ്യത്തെ മറ്റേതൊരു സ്ഥലത്തേക്കാളും കൂടുതല്‍ ഒക്കോണോമിയാക്കി റെസ്റ്റോറന്റുകള്‍ ഹിരോഷിമയിലുണ്ട്. ഈ നഗരത്തില്‍ മാത്രം 2,000-ത്തിലധികം റെസ്റ്റോറന്റുകള്‍ ഉണ്ടെന്നാണ് കണക്ക്. ഹിരോഷിമ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒക്കോനോമിമുര അക്ഷരാര്‍ത്ഥത്തില്‍ ഒരു ഒക്കോണോമിയാക്കി ഗ്രാമമാണ്. 25 ലധികം ഒക്കോണോമിയാക്കി റെസ്റ്റോറന്റുകളുള്ള ഒരു നാല് നില കെട്ടിടമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഓരോന്നിനും അതിന്റേതായ വൈവിധ്യവും ഉണ്ട്.

ഒക്കോണോമിയാക്കിയുടെ ആദ്യ രൂപം

രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് ഹിരോഷിമയില്‍ ഒക്കോണോമിയാക്കി തയ്യാറാക്കിയിരുന്നത് പച്ച ഉള്ളി, ഉണക്കമീന്‍, ചെമ്മീന്‍ എന്നിവ ചേര്‍ത്തായിരുന്നു. നേര്‍ത്ത ഒരുതരം പാന്‍കേക്കായിരുന്നു. അന്ന് ഇത് ''ഇസ്സെന്‍ യ്‌ഷോകു'' എന്നാണ് അറിയപ്പെട്ടിരുന്നത്. ഹിരോഷിമ അണുബോംബാക്രമണത്തിന് ശേഷം അതിനെ അതിജീവിച്ചവര്‍ കഠിനമായ ഭക്ഷ്യക്ഷാമം കാരണം വലഞ്ഞിരുന്നു. അവര്‍ തങ്ങള്‍ക്ക് കിട്ടുന്ന എന്തു ഭക്ഷണവും കഴിക്കാന്‍ നിര്‍ബന്ധിതരായി. ചിലര്‍ മാവും കൈയില്‍ കിട്ടുന്ന മറ്റെന്തും ചേര്‍ത്ത് തങ്ങളുടെ പ്രിയപ്പെട്ട ഇസ്സെന്‍ യ്ഷോകു പാചകം ചെയ്യാന്‍ തുടങ്ങി. ഇതാണ് ഒക്കോണോമിയാക്കിയുടെ ആദ്യരൂപം.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam