കലാതിലകമായി മാറിയ മഞ്ജുവാര്യരുടെ സിനിമാപ്രവേശം!

MAY 18, 2022, 6:44 PM

മഞ്ജുവാര്യരുടെ കുടുംബം കണ്ണൂരിലേക്ക് താമസം മാറ്റി. അതോടെ പുതിയ സ്‌ക്കൂളിലേക്ക് മാറേണ്ടതായി വന്നു മഞ്ജുവിന്. ആദ്യം ചേർന്നത് ചിന്മയാ മിഷൻ വിദ്യാലയത്തിലാണ്. എന്നാൽ സിബിഎസ്ഇ സ്‌കൂളുകാർക്ക് യുവജനോത്സവത്തിൽ പങ്കെടുക്കാൻ പറ്റില്ലെന്നായപ്പോൾ ചൊവ്വ ഗവൺമെന്റ് സ്‌കൂളിലേക്ക് മാറി. അക്കാലത്ത് മഞ്ജുവിനെ നൃത്തം പഠിപ്പിച്ചിരുന്നത് കൃഷ്ണൻ മാസ്റ്ററായിരുന്നു. അപ്പോഴാണ് സ്‌കൂൾ യുവജനോത്സവം വന്നത്. നൃത്തമത്സരത്തിന് വെറുതെ ഒരു രസത്തിന് മഞ്ജുവും പേരു കൊടുത്തു.

മത്സരത്തിൽ ഒന്നാം സമ്മാനം കിട്ടുകയും ചെയ്തു. ഭയങ്കര അതിശയമായിരുന്നു എല്ലാവർക്കും. മാസ്റ്ററുടെ തന്നെ വേറെ കുട്ടികൾ മത്സരത്തിനുണ്ടായിരുന്നിട്ടും മഞ്ജു സമ്മാനം അടിച്ചെയുത്തു. യാദൃശ്ചികമായാണ് മഞ്ജുവിന്റെ ജീവിതത്തിൽ പലപ്പോഴും സംഭവിക്കുന്നത്. കുട്ടിക്കാലത്തുതന്നെ നൃത്തം പഠിക്കാൻ ഇടയായതും ഇത്തരത്തിലൊരു യാദൃശ്ചികതയിൽ നിന്നുമായിരുന്നു. അന്ന് നാഗർകോവിലിൽ വച്ച് സത്യത്തിൽ മഞ്ജുവിന്റെ സഹോദരൻ മധുവാര്യരെ നൃത്തം പഠിപ്പിക്കാനായിട്ടാണ് സെലിൻ കുമാരി എന്ന ടീച്ചർ വന്നതുതന്നെ.

അത് കണ്ട് മഞ്ജുവും നൃത്തം ചെയ്യുകയായിരുന്നു. അതിന്റെ മനോഹാരിത കണ്ട് ടീച്ചർ തന്നെ നിർബന്ധിച്ച് മഞ്ജുവിനെ നൃത്തം പഠിപ്പിക്കുകയായിരുന്നു. ഏറെ താമയിയാതെ ഉപജില്ലാ കലോൽസവത്തിന് പോയി. അവിടെനിന്നും ജില്ലാതലത്തിലും. രണ്ടിടത്തും മഞ്ജു സമ്മാനം നേടിയപ്പോൾ സ്‌റ്റേറ്റ് ലെവൽ മത്സരത്തിനും പോയി.ഉപജില്ലജില്ല മത്സരങ്ങൾക്കു പോകുമ്പോഴും സമ്മാനം കിട്ടുമെന്ന പ്രതീക്ഷയൊന്നും മഞ്ജുവിനുണ്ടായിരുന്നില്ല.

vachakam
vachakam
vachakam


സ്റ്റേറ്റിൽ മത്സരിക്കാൻ പോയപ്പോഴും വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. ഒരു പരിചയമാകുമല്ലോ, അത്രയേ മഞ്ജു ചിന്തിച്ചുള്ളു. എന്നാൽ എല്ലാ പ്രതീക്ഷകളേയും തകിടംമറിച്ചുകൊണ്ട് രണ്ടാം സമ്മാനത്തിന് മഞ്ജു അർഹയായി. റിസൽട്ട് വന്നപ്പോൾ മഞ്ജുവിന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. സന്തോഷം കൊണ്ട് മഞ്ജു ഒരൊറ്റക്കരച്ചിൽ. അടുത്തുനിന്നവർക്ക് കരച്ചിലിന്റ കാരണം ആദ്യം പിടികിട്ടിയില്ല.

ഒന്നാം സമ്മാനം അല്ലാത്തതിനാണൊ, കരച്ചിലെന്ന് ചിലർ സംശയിച്ചു. എന്നാൽ രണ്ടാം സ്ഥാനമെങ്കിലും കിട്ടിയല്ലോ എന്നോർത്തപ്പോഴുണ്ടായ ആനന്ദക്കണ്ണീരാണെന്നവർ അറിയുന്നുണ്ടോ..! ആ വർഷം ഭരതനാട്യത്തിനാണ് മഞ്ജുവിന് സമ്മാനം ലഭ്യമായത്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാഴാണ് മുതിർന്ന കുട്ടികളെ തള്ളിമാറ്റി മഞ്ജു സമ്മാനിതയായത്. അതോടെ മഞ്ജുവിൽ മാസ്റ്ററിന് പൂർണ്ണവിശ്വാസമായി. അടുത്ത വർഷം മഞ്ജു കുറച്ചുകൂടി മനസ്സിരുത്തി തയ്യാറെടുത്തു.

vachakam
vachakam
vachakam


നാലിനങ്ങളിൽ മത്സരിച്ചു. ഭരതനാട്യം, കുച്ചുപ്പുടി, ഫോക് ഡാൻസ്, മോഹനിയാട്ടം എന്നിവയാണവ. കുച്ചിപ്പുടിയിൽ കൃഷ്ണതരംഗമാണ് ഏറെ പ്രസിദ്ധമായത്. കൃഷ്ണഭക്തിയിൽ നീരാടിയ പാട്ടുകൾ. എന്നാൽ മഞ്ജുവാര്യർ അന്നവതരിപ്പിച്ചത് ശിവതരംഗമാണ്: അങ്ങിനെ മത്സരം കഴിഞ്ഞു. എന്നാൽ ഫലപ്രഖ്യാപനം മാത്രം നടക്കുന്നില്ല. അതെന്താണെന്നന്വേഷിച്ചപ്പോൾ ജഡ്ജിമാർ കൂട്ടായി വലിയ ചർച്ചയിലാണെന്നറിയാൻ കഴിഞ്ഞു. അങ്ങിനെ ഏറെ ചർച്ചനടത്തിയ ശേഷമാണ് മഞ്ജുവാര്യർക്കാണ് ഫസ്റ്റ് പ്രൈസ് എന്ന് അനൗൺസ് ചെയ്തത്.

എന്നാൽ പിറ്റേ വർഷം കുച്ചിപ്പുടിക്ക് ഒന്നാം സ്ഥാനം മഞ്ജുവിന് കിട്ടിയില്ല. ഭരതനാട്യത്തിനു മാത്രമായിരുന്നു സമ്മാനം. കലാതിലകപട്ടവും അക്കൊല്ലം നഷ്ടപ്പെട്ടു.അതിനടുത്തവർഷം സിബിഎസ്ഇ സ്‌കൂളുകൾക്ക് യൂത്ത് ഫെസ്റ്റിവൽ മത്സരങ്ങൾക്ക് പോകാൻ പറ്റില്ലെന്ന് നിയമം വന്നു. അങ്ങിനെ മഞ്ജുവിന് ഒരു ചാൻസ് നഷ്ടപ്പെട്ടു. അതിനടുത്തവർഷമാണ് കണ്ണൂരിലെ  ചൊവ്വ വിമൻസ് സ്‌കൂളിലേക്ക് മാറ്റം വാങ്ങി പ്രശ്‌നം പരിഹരിച്ചു. അക്കൊല്ലം മഞ്ജു ഏഴ് ഇനങ്ങളിൽ മത്സരിച്ചു. ഏഴിലും വിജയം വരിക്കുകയും ചെയ്തു.

vachakam
vachakam

ആകെ 64 പോയിന്റ്. ഇന്നും അതൊരു റെക്കോർഡാണ്. അതുകഴിഞ്ഞ് സ്‌കൂൾ അധികൃതർ സംഘടിപ്പിച്ച സ്വീകരണപരിപാടിയും ഉണ്ടായിരുന്നു. മഞ്ജുവിന്റെ വീട്ടിൽ നിന്നും തുറന്ന ജീപ്പിൽ കലാതിലകത്തെ കൊണ്ടുപോകുകയായി. ചെണ്ടമേളം, പടക്കം എന്നിങ്ങനെ ഒട്ടേറെ സംഗതികളുമായാണ് യാത്ര. മഞ്ജുവാണെങ്കിൽ ചമ്മിയൊതുങ്ങി നിൽക്കുകയാണ്.

പിന്നെ പത്തുവരെ പഠിച്ചത് അവിടെയാണ്.  മഞ്ജു പറയുന്നത് ആകെ അടിപൊളിയായിരുന്നു ചൊവ്വ സ്‌കൂളിലെ ജീവിതം എന്നാണ്. ശരിക്കും ഉഴപ്പ്, ക്ലാസ് കട്ട് ചെയ്യാൻ പഠിച്ചത് അവിടെവച്ചായിരുന്നത്രെ. ഭയങ്കര ജോമി. ഒരുപാട് സുഹൃത്തുക്കൾ. സോണിയ, ആമീന, ദേവി... അങ്ങിനെ നീളുന്നു ചങ്ങാതിമാരുടെ പേരുകൾ. അധ്യാപകരെ വട്ടപ്പേരിട്ടുവിളിച്ചും കളിയാക്കിയുമൊക്കെ കാലം കഴിച്ചുകൂട്ടിയെന്നു പറഞ്ഞാൽ മതിയല്ലൊ.

ഒരിക്കൽ ചിന്മയാനന്ദ സ്വാമികളെക്കാണാൻ സ്‌കൂളിൽ നിന്ന് കൊണ്ടുപോയ സംഘത്തിൽ മഞ്ജുവും ഉണ്ടായിരുന്നു. സ്വാമി കോയമ്പത്തൂർ ചികിത്സകഴിഞ്ഞ് വരുന്നതാണ്. കുട്ടികളെയെല്ലാം വിളിച്ച് സ്വാമി പരിചയപ്പെട്ടു. മഞ്ജു വലിയ നൃത്തക്കാരിയാണെന്ന് ഒരു ടീച്ചർ സ്വാമിയോട് പറഞ്ഞു: എന്നാൽ ഇനി ഒരു നൃത്തമാകാമെന്നായി സ്വാമി. മഞ്ജു നൃത്തം ചെയ്തു കഴിഞ്ഞപ്പോൾ അവളുടെ തലയിൽ കൈവച്ച് സ്വാമി അനുഗ്രഹിച്ചു. നന്നായി വരും പത്മാ സുബ്രഹ്മണ്യത്തെപ്പോലെ പേരും പെരുമയും ആർജിക്കും..!

അത് പിന്നീട് സത്യമായി മാറി. അന്നൊക്കെ മഞ്ജുവിന്റെ ഇഷ്ട നർത്തകി പത്മാ സുബ്രഹ്മണ്യം ആയിരുന്നു. അതിനാൽ ആ അനുഗ്രഹവർഷം വല്ലാത്തൊരു അനുഭവമായിരുന്നു മഞ്ജുവിന്.
മഞ്ജുവിന്റെ സിനിമയിലേക്കുള്ള പ്രവേശവും തികച്ചും യാദൃച്ഛികമായിരുന്നു. സാക്ഷ്യം എന്ന സിനിമയിലൂടെയായിരുന്നു അങ്ങേറ്റം. അന്ന് മഞ്ജു കണ്ണൂർ ചിന്മയ മിഷനിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി. നാരായണൻ കുട്ടി എന്നൊരു അങ്കിളിന്റെ സുഹൃത്ത് വഴിയാണ് സാക്ഷ്യത്തിലെ മകൾ റോളിൽ അഭിനയിക്കാൻ ക്ഷണം ലഭിക്കുന്നത്. സംവിധായകൻ മോഹന്റെ സിനിമയാണ് സാക്ഷ്യം. നീ എന്തു പറയുന്നു..? മഞ്ജുവിന്റെ അച്ഛൻ ചോദിച്ചു.

'പോകാം...നല്ല രസമല്ലേ, അതുവരെ സിനിമ കണ്ടിട്ടേയുള്ളു.' മഞ്ജു ഏറ്റുപിടിച്ചു.  എന്നാൽ തിരുവനന്തപുരത്ത് ഷൂട്ടിങ്ങിനായി പുറപ്പെടാൻ നേരത്ത് മഞ്ജുവിന്റെ മനസിനെ അപ്പാടെ തളർത്തിക്കളഞ്ഞ ഒരു സംഭവം ഉണ്ടായി.

(തുടരും)

ജോഷി ജോർജ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam