വീണ്ടും വീണ്ടും കലാപകലുഷിതമായിക്കൊണ്ടിരിക്കുന്ന മണിപ്പൂർ

MAY 24, 2023, 8:04 PM

തികച്ചും ആസൂത്രിതവും വംശീയ ഉന്മൂലനവുമാണ് നടന്നതെന്ന് കുക്കി ഗോത്രവർഗക്കാരനായ ബി.ജെ.പി എം.എൽ.എ പവോലിയൻലാൽ ഹവോകിപ് പറയുന്നു. ഇംഫാൽ ഉൾപ്പെടുന്ന സമതല പ്രദേശത്തേയും മലനിരകളിലേയും കുക്കി ജനവിഭാഗത്തിന്റെ വീടുകളും ആശുപത്രികളും ഇതര സ്ഥാപനങ്ങളും തെരഞ്ഞുപിടിച്ച് കൊള്ളനടത്തുന്നു. കൂട്ടക്കൊലയ്ക്കും കൊള്ളിവയ്പിനും സംസ്ഥാന പോലീസ് കമാൻഡോകളും അക്രമി സംഘങ്ങൾക്കൊപ്പം കൂടുന്നു എന്ന് ഭരണകക്ഷി എം.എൽ.എ തന്നെ സ്ഥിരീകരിക്കുന്നു. 

ഇന്ത്യയിലെ വടക്കുകിഴക്കൻ അതിർത്തിയിലെ മണിപ്പൂർ ഇപ്പോഴും അശാന്തമാണ്. അശാന്തമാക്കിക്കൊണ്ടിരിക്കുന്നു എന്ന് പറയുന്നതാണ് പരമാർത്ഥം. വീണ്ടും വീണ്ടും വീടുകളും പള്ളികളും കത്തിക്കുന്നു. കലാപം ഭയന്ന് ആളുകൾ കൂട്ടത്തോടെ വീടുകൾ ഒഴിഞ്ഞുപോകുന്നു. തികച്ചും ആസൂത്രിതമായി വംശീയ ഉന്മൂലനം എന്നാണ് മണിപ്പൂരിൽ അടുത്തിടെ ആളിപ്പടർന്ന വർഗീയ കലാപത്തെ ചുരാചന്ദ്പൂർ സായിക്കോട്ടയിലെ കുക്കി ഗോത്രവർഗക്കാരനായ ബി.ജെ.പിയുടെ തന്നെ എം.എൽ.എ ആയ പവോലിയൻലാൽ ഹവോകിപ് തന്നെ പറയുന്നത്. 

മണിപ്പൂരിന്റെ  തലസ്ഥാന നഗരമായ ഇംഫാൽ ഉൾപ്പെടുന്ന സമതല പ്രദേശത്തേയും മലനിരകളിലേയും കുക്കി ജനവിഭാഗത്തിന്റെ വീടുകളും ആശുപത്രികളും കോളേജുകളും സ്‌കൂളുകളും കോൺവെന്റുകളും ഇതര സ്ഥാപനങ്ങളും തെരഞ്ഞുപിടിച്ച് കൊള്ളനടത്താനും കൂട്ടക്കൊലയ്ക്കും കൊള്ളിവയ്പിനും ചില ഇടങ്ങളിൽ സംസ്ഥാന പോലീസ് കമാൻഡോകളും അക്രമി സംഘങ്ങൾക്കൊപ്പം കൂടി എന്ന് ഭരണകക്ഷി എം.എൽ.എ തന്നെ സ്ഥിരീകരിക്കുമ്പോൾ പിന്നെന്തുപറയാനാണ്.

vachakam
vachakam
vachakam

സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന പ്രബല വിഭാഗമായ മെയ്തികൾക്ക് പട്ടികവർഗ പദവി നൽകുന്നതുമായി ബന്ധപ്പെട്ട് നാലാഴ്ചയ്ക്കുള്ളിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് ശുപാർശ നൽകണമെന്ന കോടതിയുത്തരവുവന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ വടക്കുകിഴക്കൻ മേഖലയിലെ ചെറുസംസ്ഥാനം ആഭ്യന്തര സംഘർഷങ്ങളുടെ വേദിയായത്.

ഇൻഫാൽ താഴ്‌വരയിലാണ് ജനസംഖ്യയിൽ ഭൂരിപക്ഷമായ മെയ്തികൾ അധിവസിക്കുന്നത്. കുകി, നാഗ തുടങ്ങിയ പ്രമുഖ ഗോത്രങ്ങൾ ജനസംഖ്യയുടെ 35.4% വരും. മലനിരകളിലാണ് ഈ ഗോത്രവിഭാഗങ്ങളുടെ വാസം. ഗോത്രവിഭാഗങ്ങളുടെ പ്രത്യേകമായ പരിരക്ഷ പരിഗണിച്ച് 1972 മുതൽ ഭരണഘടനാനുസൃതമായി രൂപീകരിക്കപ്പെട്ട 'ഹിൽ ഏരിയാ കമ്മിറ്റി'യുടെ നേതൃത്വത്തിലാണ് ഭരണവും ഗോത്രസംരക്ഷണവും. ഗോത്രജനത അധിവസിക്കുന്ന ആവാസ മേഖലയെ മുന്നറിയിപ്പില്ലാതെ സംരക്ഷിത വനമായി സർക്കാർ പ്രഖ്യാപിച്ചതും പ്രതിഷേധത്തിനിടയാക്കി.

മണിപ്പൂർ സംസ്ഥാനം രൂപീകൃതമാകുംമുമ്പേ ഗിരിനിരകളെ താമസമേഖലയാക്കിയവരാണ് ഗോത്രവിഭാഗങ്ങളിലേറെയും. അങ്ങനെയുള്ള തങ്ങളെങ്ങനെ വനം കയ്യേറ്റക്കാരും കൊള്ളക്കാരും ആകും എന്നാണവരുടെ ചോദ്യം. സാമ്പത്തികമായും ഭരണപരമായും വിദ്യാഭ്യാസപരമായും മുൻപന്തിയിൽ തുടരുന്ന മെയ്തി വിഭാഗത്തിന് പട്ടിതവർഗ പദവി നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഹിൽ ഏരിയാ കമ്മിറ്റിയുമായി ഒരു ചർച്ചയും കൂടാതെയാണ് എടുത്തതെന്ന ആക്ഷേപവും നിലവിലുണ്ട്.

vachakam
vachakam
vachakam

ഭൂരിപക്ഷ വിഭാഗമായ മെയ്തിക്ക് പട്ടികവർഗ പരിരക്ഷ നൽകിയാൽ അത് ആർട്ടിക്കിൾ 371.ഇ യുടെ നഗ്‌നമായ ലംഘനമാണെന്ന് ഗോത്രവിഭാഗം കരുതുന്നു. കൂടാതെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്ന ഗോത്രവിഭാഗത്തെ അന്യായമായി കൽത്തുറുങ്കിലടയ്ക്കുന്ന സർക്കാരിന്റെ വിവേചനപരമായ നിലപാടിനെയും അവർ ചോദ്യം ചെയ്യുന്നു. സംസ്ഥാനത്തെ 60 നിയമസഭാ സീറ്റുകളിൽ 40ഉം ഹെയ്തി വിഭാഗത്തിന്റേതാണ്. ഭരണപരമായ സ്വാധീനം ഇപ്പോൾത്തന്നെയുള്ള ഹെയ്തികൾ തങ്ങളുടെ മേഖലയിലേക്ക് വന്നാൽ തങ്ങൾ പൂർണ്ണമായും അപ്രസക്തരായിത്തീരുമെന്ന് ഗോത്രവിഭാഗം ഭയപ്പെടുന്നു.

തർക്കത്തിന് ദശാബ്ദങ്ങളുടെ പഴക്കം 

മെയ്തിവിഭാഗവും ഗോത്രവിഭാഗവും തമ്മിൽ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്മേലുള്ള അവകാശത്തർക്കത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. സംസ്ഥാനത്തിന്റെ ആകെ ഭൂപ്രദേശത്തിന്റെ 10% മാത്രമുള്ള ഇംഫാൽ താഴ്‌വര മാത്രമാണ് സംസ്ഥാന ജനസംഖ്യയുടെ 53% വരുന്ന മെയ്തികൾ അധിവസിക്കുന്നത്. അവർക്കും പട്ടിക വർഗ സംരക്ഷണം ലഭിച്ചാൽ കൂടുതൽ ഭൂമി സ്വന്തമാക്കാം. ഇതാണ് ഇപ്പോഴത്തെ സംഘർഷ കാരണം.

vachakam
vachakam

ഗോത്രവിഭാഗങ്ങളിൽ ക്രൈസ്തവസമൂഹത്തിനാണ് ഭൂരിപക്ഷം; മെയ്തി വിഭാഗത്തിൽ ഹൈന്ദവസമൂഹത്തിനും. കുറച്ചുനാളായി ഇവർക്കിടയിൽ സംഘർഷങ്ങൾ ആളിക്കത്തിക്കുന്നതിൽ സംഘപരിവാരത്തിന് കാര്യമായ പങ്കുണ്ടെന്നാണ് ഗോത്രവിഭാഗത്തിന്റെ ആരോപണം. സംഘർഷം രൂക്ഷമായ മേഖലയിൽ ഡസൺകണക്കിന് ക്രൈസ്തവ ദേവാലയങ്ങളാണ് അഗ്‌നിക്കിരയായത്. ഏതാനും ക്ഷേത്രങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്. നിരവധി ആളുകൾ കൊല്ലപ്പെട്ടു. കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തകർക്കപ്പെട്ടു. ഭരണഘടനാവകാശത്തർക്കം വളരെവേഗം വർഗീയ സംഘർഷങ്ങളിലേക്കും, ആൾക്കൂട്ട അക്രമങ്ങളിലേക്കും വഴുതി വീഴുകയായിരുന്നു.

2017ൽ ബി.ജെ.പി അധികാരത്തിൽ വന്നതിനുശേഷം മെയ്തി സമൂഹത്തിന് ഹൈന്ദവ വ്യക്തിത്വം നൽകാനുള്ള സംഘടിത ശ്രമം നടക്കുന്നുകൊണ്ടിരിക്കുകയുമാണ്. ഹിന്ദുത്വ ദേശീയതയുടെ പ്രത്യയശാസ്ത്ര തീവ്രതയിലേക്ക് മണിപ്പൂരിലെ മൈതേയി വൈഷ്ണവ ഹിന്ദുക്കളെ പരുവപ്പെടുത്തിയെടുക്കാനുള്ള ബി.ജെ.പിയുടെ സോഷ്യൽ എൻജിനിയറിംഗ് അരംബായ് തെങ്ങോൽ, മൈതേയി ലിപൂൻ തുടങ്ങിയ ആർ.എസ്.എസ് പ്രാദേശീക ഘടകങ്ങളിലൂടെ മുന്നേറുമ്പോൾ മൈതേയികളുടെ പ്രാചീന പാരമ്പര്യമായ സൻമാഹിയിലൂടെ മൈത്രേയി ദേശീയതയും പുനരുദ്ധാന പാതയിലാണ്. ഇതും സംഘർഷ സാധ്യത വളർത്തുകയാണ്.

ആദിവാസി ഗോത്രവിഭാഗങ്ങൾ തങ്ങളുടെ സാംസ്‌കാരിക തനിമയെ അടയാളപ്പെടുത്തി, സ്വത്വബോധത്തോടെ സ്വതന്ത്രമായി കഴിയാനുള്ള ഭരണഘടനാപരമായ അവകാശം നിരുപാധികം നിലനിൽക്കുന്ന ഇടമായി മണിപ്പൂർ തുടരേണ്ടതുണ്ട്. ഈ അവകാശപ്പോരാട്ടത്തെ വർഗീയവൽക്കരിച്ച് നേട്ടം കൊയ്യാനുള്ള ഹിന്ദുത്വ അജണ്ടയെ പിന്തുണയ്ക്കുന്ന നടപടികളിൽ നിന്നും സർക്കാരും അതിന്റെ സംവിധാനവും അടിയന്തരമായി പിൻമാറണം. മേഖലയിൽ സമാധാനത്തിനും സമയവായത്തിനും അത് അനിവാര്യമാണ്. 'കേരളാ സ്റ്റോറി'യെക്കുറിച്ച് കർണ്ണാടക ഇലക്ഷൻ പര്യടനവേളയിൽ വാചാലനായ പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്നത് എന്തുകൊണ്ടാണ്?

ഒരു കൂട്ടർക്ക് നൽകപ്പെടുന്ന ആനുകൂല്യങ്ങൾ മറ്റൊരു കൂട്ടരുടെ അവകാശനിഷേധത്തിന് നിമിത്തമാകാൻ പാടില്ല. ന്യൂനപക്ഷ സംരക്ഷണം ഭരണഘടനാ ബാധ്യതയാകയാൽ പ്രശ്‌നപരിഹാര ശ്രമങ്ങൾ നീതിപൂർവകവും നൈയാമികവുമാകണം. സമവായചർച്ചകൾ ആ വഴിക്കാകണം. സുപ്രീംകോടതിയുടെ മേൽ നോട്ടത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു കമ്മീഷൻ യാഥാർത്ഥ്യബോധത്തോടെ പ്രശ്‌നം പഠിക്കട്ടെ. ഇതിനിടയിൽ മണിപ്പൂർ കലാപവിഷയത്തിൽ ആശങ്കപ്രകടിപ്പിച്ച സുപ്രീംകോടതി പലായനം ചെയ്തവരെ പുനരധിവസിപ്പിക്കാനും ആരാധനാലയം സംരക്ഷിക്കാനും അടിയന്തര നടപടി കൈക്കൊള്ളാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പട്ടിക വർഗ പ്രഖ്യാപനം ഹൈക്കോടതിയുടെയല്ല രാഷ്ട്രപതിയുടെ കീഴിലുള്ള വിഷയമാണെന്നും ചൂണ്ടിക്കാട്ടി.

സഭാനേതൃത്വത്തിന്റെ മണിപ്പൂർ വിഷയത്തിലുള്ള പ്രതികരണം വൈകിയെന്നു മാത്രമല്ല; വേണ്ടത്ര ശക്തവും സംഘാതവുമായില്ല എന്ന വിമർശനവുമുണ്ട്. ഒറ്റപ്പെട്ട ചില ഔദ്യോഗിക പ്രതികരണങ്ങളിൽപ്പോലും പ്രശ്‌നം ക്രമസാധാന തകർച്ചയുടെതാണെന്ന ലളിതവൽക്കരണവും കണ്ടു. സംഘപരിവാരത്തിന്റെ ആസൂത്രണമികവിൽ ബി.ജെ.പി സർക്കാർ നേതൃത്വവും പിന്തുണയും നൽകി വംശഹത്യയോളം വഷളാക്കിയതാണ് മണിപ്പൂർ സംഘർഷമെന്ന് തുറന്നുപറയാൻ നേതൃത്വത്തിന് ഇപ്പോഴും മടിയാണ്. രാജ്യത്തെങ്ങും ക്രൈസ്തവർ സുരക്ഷിതരാണ് എന്ന നിലപാട് സഭാനേതൃത്വത്തിന് ഇപ്പോഴുമുണ്ടോ എന്നറിയില്ല. പ്രധാനമന്ത്രിയുമായി സഭാമേലധ്യക്ഷന്മാർ കൊച്ചിയിൽ നടത്തിയ ചർച്ചകൾ വിജയകരമെന്ന് അവകാശപ്പെട്ടവർ ഇതിന് മറുപടി പറയാൻ ബാധ്യസ്ഥരാണ്.

കേവലം ഗോത്രവിഭാഗങ്ങൾക്കിടയിലെ അവകാശ തർക്കമായല്ലാതെ, മതനിരപേക്ഷതയുടെ പ്രത്യക്ഷ ലംഘനമായി മണിപ്പൂർ സംഭവം മാറിയിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ മാസത്തിൽ ഇംഫാൽ ഈസ്റ്റിൽ ഗോത്രവർഗക്കാരുടെ മൂന്ന് ക്രൈസ്തവ ദേവാലയങ്ങൾ ഇടിച്ചുനിരത്താൻ ബീരോൻലസിങ്ങ് നമ്മുടെ യോഗി ആദിത്യനാഥ് മോഡലിൽ ബുൾഡോസർ ഇറക്കുകയുണ്ടായി. സ്ഥലത്തിന്റെ പട്ടയം ക്രമവിരുദ്ധമാണെന്നായിരുന്നു കണ്ടെത്തൽ. കോടതിയിൽ നിന്നുള്ള ഇടപെടലിന് സമയം അനുവദിക്കാതെ സൂര്യസ്തമയത്തിനു മുമ്പ് ആ ദൗത്യം പൂർത്തിയാക്കി. ഇതിനിടെ, മുഖ്യമന്ത്രി ചുരാചന്ദ്പൂരിൽ ഉദ്ഘാടനം ചെയ്യാനിരുന്ന ഓപ്പൺ ജിംനേഷ്യത്തിന് ജനം തീവച്ചാണ്  പ്രതിഷേധിച്ചത്.

മണിപ്പൂരിൽ മെയ്തി കുകി സമുദായാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിനെത്തുടർന്ന് വീണ്ടും സംഘർഷാവസ്ഥ. ഇംഫാലിലെ ന്യൂ ചെക്കോൺ പ്രദേശത്താണ് ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. പ്രദേശത്തെ ചന്ത വിഭജിക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് സംഘർഷമായി മാറിയത്. ഇതേ തുടർന്ന് ഇംഫാലിൽ വീണ്ടും കർഫ്യു

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam