ബജറ്റിലെ നികുതി ഭാരം കൂടി താങ്ങാൻ മലയാളിയുടെ ജീവിതം  വീണ്ടും ബാക്കി

JANUARY 25, 2023, 11:51 PM

അടുത്ത ബുധനാഴ്ച ഈ പംക്തി എഴുതുമ്പോഴായിരിക്കും കേരളത്തിൽ രണ്ടാമത്തെ കടലാസ് രഹിത ബജറ്റ് കേരള നിയമസഭയിൽ അവതരിപ്പിക്കുക. 1.54 ലക്ഷം കോടി രൂപ ചെലവും 1.37 ലക്ഷം കോടി രൂപ വരവും പ്രതീക്ഷിച്ച ബജറ്റായിരുന്നു കഴിഞ്ഞ വർഷം ധനമന്ത്രി അവതരിപ്പിച്ചത്. 

ഈ വർഷം ബജറ്റ് അവതരണത്തിനു മുമ്പേ, രാഷ്ട്രീയ പാർട്ടികളെ 'പരോക്ഷമായി' വരുതിയിലാക്കാൻ എം.എൽ.എ.മാരുടെ ശമ്പളം 35 ശതമാനം വർധിപ്പിക്കുമെന്ന സൂചന സർക്കാർ നൽകിക്കഴിഞ്ഞു. വർഷങ്ങളായി വർധിപ്പിക്കാത്ത പ്രൊഫഷണൽ ടാക്‌സ് അടക്കമുള്ളവ വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനവും പിന്നാലെ വന്നു. നികുതിപിരിവിലെ അപാകതകൾ പരിഹരിക്കാൻ സംസ്ഥാനത്തെ ജി.എസ്.ടി. വിഭാഗം ഇക്കഴിഞ്ഞ ജനുവരി 19 ന് പുനഃസംഘടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. നികുതിപിരിവ് ഊർജ്ജിതമായി നടപ്പാക്കാനാവുന്ന ഈ ക്രമീകരണം സ്റ്റാഫ് യൂണിയനുകൾ മുന്നോട്ടുവച്ച ചില പ്രൊമോഷൻ ആവശ്യങ്ങളെ ചൊല്ലി നീണ്ടുപോവുകയായിരുന്നുവെന്ന് വാർത്തകളുണ്ട്. എന്തായാലും ഈ ആവശ്യം പിന്നീട് പരിഗണിക്കാമെന്ന ഉറപ്പിൻമേൽ  യൂണിയനുകൾക്ക് തൃപ്തിപ്പെടേണ്ടിവന്നു.

കേരളത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരാണെന്ന് ധനമന്ത്രി ആരോപണമുന്നയിക്കുന്നുണ്ട്. കേരളത്തിന്റെ കടത്തെക്കാൾ കൂടുതൽ കടബാധ്യത കേന്ദ്രസർക്കാരിനുണ്ടെന്ന മുഖ്യമന്ത്രിയുടെ 'കുരവയിടൽ' പിന്നാലെയുണ്ടായി.

vachakam
vachakam
vachakam

ധനമന്ത്രിയുടെ കണക്ക് പ്രകാരം 9000 കോടി രൂപ ജി.എസ്.ടി. നഷ്ടപരിഹാരമായി കേന്ദ്രം നൽകാനുണ്ടെത്രെ. മാത്രമല്ല, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 24638.66 കോടിയായി കേന്ദ്രസർക്കാർ പരിമിതപ്പെടുത്തിയതിലും സംസ്ഥാനത്തിന് പ്രതിഷേധമുണ്ട്.

നികുതിപിരിവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പുലർത്തുന്ന അനാസ്ഥയും അലംഭാവവും ഇതേവരെ ചർച്ചയായിട്ടില്ല. കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ  അലംഭാവം കാണിക്കുന്നതിനെക്കുറിച്ചും സാമ്പത്തിക വിദ്ഗദ്ധർ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

ദൈവമേ, ഇതോ, നവകേരളം ?

vachakam
vachakam
vachakam

കഴിഞ്ഞ സംസ്ഥാനബജറ്റിന്റെ മുഖ്യ മുദ്രാവാക്യം തന്നെ 'നവകേരള നിർമ്മിതി' എന്ന സുന്ദരൻ പദപ്രയോഗമായിരുന്നു. ഒപ്പം സംസ്ഥാനത്തിന്റെ സമഗ്രവികസനം ഇടതുസർക്കാർ ലക്ഷ്യം വയ്ക്കുന്നുവെന്ന് അനുബന്ധവിശേഷണം കൂടി കഴിഞ്ഞ ബജറ്റിലുണ്ടായിരുന്നു. എന്നാൽ 'നവകേരള നിർമ്മാണം' ഇപ്പോൾ ഒന്നും നടക്കുന്നില്ല. മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താൻ ചില  ഇവന്റുകൾ സംഘടിപ്പിക്കുന്നതിൽ ഇപ്പോൾ വകുപ്പുകൾ മൽസരിക്കുകയാണ്. ഇവന്റുകളാകുമ്പോൾ മിക്ക വകുപ്പുകളിലെയും ഉദ്യോഗസ്ഥന്മാർ തുള്ളിച്ചാടും. കാരണം, ഓരോന്നിനും കമ്മീഷനുണ്ട്, വെട്ടുമേനിയെന്ന ഓമനപ്പേരിലുള്ള ലാഭവിഹിതം വേറെയുമുണ്ട്. അതെല്ലാം ഓർമ്മിക്കുമ്പോൾ, പല വകുപ്പു മേധാവികളും 'സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്ത' അവസ്ഥയിലാകും.

ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന്റെ മന്ത്രാലയത്തിൽ ഭക്ഷ്യസുരക്ഷ  ഉൾപ്പെടുമ്പോൾ, മന്ത്രി ചിഞ്ചുറാണിയുടെ ലിസ്റ്റിലാണ് ക്ഷീരവകുപ്പ്. പാലക്കാട്ട് മാസങ്ങളായി പൂട്ടിക്കിടക്കുന്ന ഭക്ഷ്യ സുരക്ഷാ ഓഫീസിന്റെ ചിത്രം ചാനലിൽ കണ്ടു. ഹൈഡ്രജൻ പൊറോക്‌സൈഡ് എന്ന വിഷം കലർന്ന 15,000 ലിറ്റർ പാൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തുവെങ്കിലും, വെളുപ്പിന് 5 മണിക്ക് പിടിച്ചിട്ട ലോറി പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയത് രണ്ടര മണിക്കൂർ കഴിഞ്ഞായിരുന്നു. പിന്നീട് വിഷം കലർന്ന പാലിന്റെ സാമ്പിൾ തിരുവനന്തപുരത്തെ ലാബിൽ എത്തിക്കാനും മണിക്കൂറുകളെടുത്തതോടെ പരിശോധനയിൽ ഹൈഡ്രജൻ പൊറോക്‌സൈഡ് അപ്രത്യക്ഷമാവുകയും ചെയ്തു. ഇതിനിടെ ഭക്ഷ്യസുരക്ഷാ വകുപ്പും ക്ഷീരവകുപ്പും തമ്മിലുള്ള ശീതസമരവും  പൊടിപൊടിക്കുകയാണ്.

കറന്നെടുക്കുന്നത് ക്ഷീരകർഷകന്റെ രക്തമോ ?

vachakam
vachakam

വകുപ്പുകൾ തമ്മിലുള്ള തർക്കം രൂക്ഷമാകുമ്പോഴും ഒരു ലിറ്റർ പാലിന് വർദ്ധിപ്പിച്ച ആറു രൂപ കർഷകർക്കു കിട്ടുമോയെന്ന ആശങ്കയിലാണ് ക്ഷീരകർഷകർ. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മായം കലർന്ന പാൽ കേരളത്തിലെ മിക്ക ഹോട്ടലുകളിലും ടീഷാപ്പുകളിലും എത്തുന്നുണ്ട്. നിസ്സാര വിലയേയുള്ളൂ. ഇതുവഴി കേരളത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പാലിന് ഡിമാൻഡ് കുറയുന്നു.

കേരളത്തിൽ 10 ലക്ഷം കുടുംബങ്ങളും 25 ലക്ഷമാളുകളും ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്നുണ്ട്. ഇതിൽ ക്ഷീരസംഘങ്ങളിലേക്ക് പാൽ നൽകുന്നവരുടെ എണ്ണം 2 ലക്ഷമാണ്. ക്ഷീര സംഘങ്ങളിൽ നിന്ന് കർഷകർക്ക് ഓരോ ലിറ്റർ പാലിനും ലഭിക്കുന്നത് 35 മുതൽ 40 വരെ രൂപയാണ്. 201617ൽ മിൽമ പാലിന്റെ ഉൽപ്പാദനച്ചെലവ് കണക്കാക്കിയപ്പോൾ തന്നെ ലിറ്ററിന് 42.67 രൂപ മുടക്ക് വരുമെന്ന് കണ്ടെത്തിയിരുന്നു. 6 മുതൽ 10 വരെ രൂപ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും വർധന 6 രൂപയായി ചുരുങ്ങി. 2019ൽ മിൽമ പാൽവില ലിറ്ററിന് 4 രൂപ കൂട്ടിയിരുന്നു. ഇതിനുശേഷം കന്നുകാലി തീറ്റയുടെ വിലയിൽ തന്നെ 50 ശതമാനം വർദ്ധനയുണ്ടായി. 2019മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ തന്നെ കാലിത്തീറ്റ വില നാലു തവണ കൂട്ടിയതും കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. കാലിത്തീറ്റ വില നിയന്ത്രിക്കാനോ വില കുറച്ച് തീറ്റ ലഭ്യമാക്കാനോ മിൽമ ചെറുവിരലനക്കുന്നില്ല. കർഷകരുടെ ചോരവരെ പിഴിഞ്ഞെടുക്കുന്ന ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. കാരണം തീരെ ദാരിദ്രരും ദുർബലരുമായവരാണ് ക്ഷീര മേഖലയിലുള്ളത് ഭൂരിഭാഗം പേരുമെന്ന കാര്യം ഭരിക്കുന്നവർ മറക്കരുത്.

കേന്ദ്രത്തെ കേരളം കുറ്റം പറയുമ്പോൾ ചില കാര്യങ്ങളിൽ മോദി സർക്കാർ അത്ര നല്ല പിള്ളയല്ലെന്നും പറയേണ്ടിവരും. ഉദാഹരണം: തൊഴിലുറപ്പ് പദ്ധതി. കേന്ദ്രം നൽകാനുള്ളത് 492 കോടി രൂപയാണ്. മാത്രമല്ല, കേരളീയരെ എല്ലാ കാര്യങ്ങളിലും 'പിഴിയാൻ' റെയിൽവേയെ പോലും കേന്ദ്രം ഉപകരണമാക്കുന്നുണ്ട്. ഉദാഹരണം ഇവിടെയുമുണ്ട്. വേളാങ്കണ്ണിയിലേക്ക് കേരളത്തിൽ നിന്ന് ട്രെയിൻ ഓടിക്കണമെന്ന അഭ്യർത്ഥന വർഷങ്ങളായി റെയിൽവേ മന്ത്രാലയത്തിനു മുമ്പിലുണ്ട്. എറണാകുളത്തു നിന്ന് വേളാങ്കണ്ണിയിലേക്ക് ഇപ്പോഴുള്ളത് സ്‌പെഷ്യൽ സർവീസാണ്. ഇതുമൂലം ഇരട്ടിച്ചാർജാണ് റെയിൽവേ വേളാങ്കണ്ണി ഭക്തരിൽ നിന്ന് പിഴിഞ്ഞെടുക്കുന്നത്.

ബി.ബി.സി. ഡോക്യുമെന്ററിയും അനിലും

ഏറ്റവും ലേറ്റസ്റ്റ് വാർത്ത ഏ.കെ. ആന്റണിയുടെ മകൻ അനിൽ കെ ആന്റണി കോൺഗ്രസിന്റെ എല്ലാ പദവികളിൽ നിന്നും രാജിവച്ചിരിക്കുന്നുവെന്നതാണ്. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററിയാണ് വിഷയം. കേരളത്തിലെ കോൺഗ്രസിൽ നിലവിലുള്ള നേതാക്കൾക്ക് ചുറ്റും  ശിങ്കിടികളും സ്തുതിപാഠകരും ആണെന്ന്  ഈ യുവ നേതാവ് ആരോപിച്ചിട്ടുണ്ട്. അനിലിന്റെ രാജി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സ്വാഗംതം ചെയ്തു കഴിഞ്ഞു. ബി ബി സി ഡോക്യൂമെന്ററിയെക്കുറിച്ചുള്ള രാഹുൽഗാന്ധിയുടെ നിലപാടിനെ പോലും തള്ളിപ്പറഞ്ഞ അനിലിന്റെ ഗതിയെന്താകുമോ എന്തോ ? 

തരുരൂം ബിബിസി വിവാദത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞത് ചാനലിൽ കേട്ടു. തരൂരിന്റെ               ചോദ്യങ്ങൾ എന്തിന് ഇതൊരു വിവാദമാക്കി ? ഇന്ത്യയിൽ ബിബിസി കാണുന്നവർ എത്ര പേരുണ്ടാകും? കേന്ദ്രസർക്കാർ ഡോക്യുമെന്ററി നിരോധിച്ചതിനെ എതിർത്താൽ പോരേ ? രാജ്യത്തെ അഖണ്ഡതയ്ക്ക് ഈ ഡോക്യൂമെന്ററി എന്തു പോറലേൽപ്പിക്കാനാണ് ? ജനാധിപത്യം പുലരുന്ന ഇന്ത്യയിൽ അഭിപ്രായ പ്രകടനങ്ങൾക്ക് ഏവർക്കും അവകാശമില്ലേ ?

കക്ഷത്തിലേതു വേണ്ട, ഉത്തരത്തിലുള്ളത്  മതിയേ

കേരളത്തിലെ കോൺഗ്രസ് എന്തായാലും ഇപ്പോൾ മനപ്പായസമുണ്ണുകയാണ്. 2024ലെ ലോകസഭാ തെരഞ്ഞെടുപ്പല്ല, മൂന്നു വർഷം കഴിഞ്ഞുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനർത്ഥിത്വമാണ്  എല്ലാവരും നോട്ടമിടുന്നത്. 'ഇപ്പോൾ വെന്ത് പരുവമായി കിട്ടും' എന്ന ചിന്തയിൽ കേരളത്തിലെ ചില കോൺഗ്രസുകാർ തയ്പിച്ചുവെച്ച കോട്ട് ചുണ്ടെലി കടിച്ചുനുറുക്കും പോലെ ചന്നം പിന്നം കീറിക്കളഞ്ഞുവോ തരൂരിന്റെ രംഗ പ്രവേശം? തരൂർ 'അതിവേഗം ബഹുദൂരം' കരുക്കൾ നീക്കുന്നു. ജയിലടയ്ക്കപ്പെട്ട യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെ ആദ്യമായി ജയിലിൽ പോയി സന്ദർശിച്ച കോൺഗ്രസ് നേതാവ് തരൂരാണ്. കോൺഗ്രസിലെ പല നേതാക്കളും പഴയ ട്യൂബ് ലൈറ്റ് രീതിയിൽ വൈകിയേ കത്തൂ. പക്ഷെ തരൂർ അങ്ങനെയല്ല. ലീഗിന്റെ മാത്രമല്ല, പല മതങ്ങളുടെയും വോട്ട് ബാങ്ക് ലക്ഷ്യമാക്കി തരൂർ രംഗം പിടിച്ചടക്കുന്നുണ്ട്. തരൂരിനെ എതിർക്കാൻ എല്ലാ ഊർജ്ജവും എന്ന മട്ടിൽ ചില സംസ്ഥാന കോൺഗ്രസുകാർക്ക് വഴി തെറ്റുന്നുണ്ടോ?

പിണറായി ക്ഷണിക്കുന്നു: ഊണുണ്ട്, വന്നോളൂ

അങ്ങനെ മാഷ് പണി പറ്റിച്ചു. സി.പി.എം.ന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത രീതിയിൽ ഡെൽഹിയിൽ പ്രത്യേക ക്യാബിനറ്റ് പദവിയോടെ എന്തോ ഒരു തസ്തിക പഴയ കോൺഗ്രസുകാരനായ തോമസ്  മാഷിന് നൽകിയതുവഴി പിണറായി ഖദറുകാർക്ക് ഒരു സൂചന നൽകുന്നുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ 'മാമാപ്പണി'യാണ് ചെയ്യുന്നതെന്ന പരാതിയുണ്ടെങ്കിലും  മാഷിന് ശമ്പളം വേണ്ട ഓണറേറിയം മതിയെന്നു പറഞ്ഞു  കഴിഞ്ഞു. ശോഭനാ ജോർജ് ഔഷധ ചെയർമാനായുള്ള തുടക്കം. കോൺഗ്രസ് വിട്ടുവന്ന എല്ലാ നേതാക്കളെയും മാന്യമായ വിധം സി.പി.എം. പുനരധിവസിപ്പിച്ചു കഴിഞ്ഞു. ഒപ്പം ''ഊണുണ്ട്, ഇലയിടട്ടെ'' എന്നൊരു ബോർഡ് ഏ.കെ.ജി.സെന്ററിൽ കോൺഗ്രസുകാർക്കായി തൂക്കിയിട്ടുണ്ടത്രെ. കോൺഗ്രസുകാരല്ലേ ഏത് ചാക്കിലും കയറിയല്ലേ അവർക്ക് പരിചയമെന്ന് പറഞ്ഞ് പിണറായി കുമ്പ കുലുക്കി   ചിരിക്കുന്നു.

മമ്മൂട്ടി എന്ന മഹാത്ഭുതം

'നൻപകൽ നേരത്ത് മയക്കം' എന്ന മമ്മൂട്ടിച്ചിത്രം കലാപരമായും സാമ്പത്തികമായും ഹിറ്റാണ്. ലിജോ ജോസ് പെല്ലിശ്ശേരി എന്ന എൽ.ജെ.പി. ഈ ചിത്രത്തിന്റെ ടേക്കിംഗ്‌സിലും ശബ്ദരൂപ മിശ്രണത്തിലുമെല്ലാം ഏറെ മികവ് പുലർത്തുന്നുണ്ട്. ചിത്രത്തിനുവേണ്ടിയുള്ള സോഷ്യൽ മീഡിയാ പബ്ലിസിറ്റിക്കുവേണ്ടി മമ്മൂട്ടിക്കമ്പനി കൊച്ചിയിൽ സിനിമയുടെ സെറ്റ് വരെയിട്ടുവെന്ന് വാർത്തകളുണ്ട്. മമ്മൂട്ടി തകർത്തഭിനയിച്ചിട്ടുണ്ട് ഈ ചിത്രത്തിൽ. ഇതിനിടെ ബി എം ഡബ്ലിയു ബൈക്ക് വാങ്ങാൻ പോകുന്ന  മഞ്ജു വാര്യർ കാക്കനാട്ടെത്തി നിഷ്പ്രയാസം എട്ടെടുത്ത് ഡ്രൈവിങ്ങ് ലൈസൻസ് സ്വന്തമാക്കിക്കഴിഞ്ഞു. ടൂവീലറിൽ പറ പറക്കുന്ന മഞ്ജുവിനെ കാണാൻ കണ്ണുതുറന്നു പിടിച്ചിരിക്കുകയാണ് നടിയുടെ ആരാധകർ.

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam