കൂടുവിട്ട് കൂടുമാറി പറന്ന് ന്യൂസ് ചാനല്‍ താരങ്ങള്‍

JULY 14, 2021, 7:54 PM

മലയാളത്തിലെ ടി.വി വാര്‍ത്താ ചാനലുകളില്‍ താരത്തിളക്കമാര്‍ജിച്ച പല മാധ്യമ പ്രവര്‍ത്തകരും കൂടുമാറി പറക്കുന്നു. ഭരണകൂടങ്ങള്‍  വാര്‍ത്താ ചാനലുകളെ കളിപ്പാട്ടമാക്കാന്‍ കരുക്കള്‍ നീക്കുന്നതായുള്ള ആരോപണം കൊഴുക്കുന്നതിനിടെയാണ് ഈ നിര്‍ണ്ണായക കളംമാറ്റങ്ങളുടെ അരങ്ങേറ്റം. മാതൃഭൂമി ന്യൂസിന്റെ തുടക്കം മുതല്‍ അമരക്കാരനായിരുന്ന ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍ കഴിഞ്ഞ മാസം ചാനല്‍ വിട്ടു. ഉണ്ണി ബാലകൃഷ്ണന്റെ സഹോദരന്‍ കൂടിയായ ഇതേ ചാനലിലെ പ്രൈം ടൈം അവതാരകന്‍ വേണു ബാലകൃഷ്ണന്‍ അവധിയിലാണിപ്പോള്‍. വേണു മറ്റേതോ ചാനലിലേക്കു മാറുമെന്ന സൂചനയാണുള്ളത്.

മീഡിയ വണ്‍ ചാനലിന്റെ എഡിറ്റര്‍ പദവിയൊഴിഞ്ഞെത്തിയ രാജീവ് ദേവരാജ് ആണ് ഉണ്ണിക്കു പകരം എക്‌സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റിട്ടുള്ളത്. തൊട്ടു പിന്നാലെ മനോരമ ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്ഥാനം വിട്ട്  പ്രമോദ് രാമന്‍ മീഡിയ വണ്‍ എഡിറ്ററായെത്തി. മാതൃഭൂമി ന്യൂസിന്റെ തലപ്പത്തെ വന്‍  മാറ്റത്തിനു പിന്നിലെ പ്രധാന കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഇംഗിതം നിറവേറ്റാന്‍ മനേജിംഗ് ഡയറക്ടര്‍ എം വി ശ്രേയാംസ്‌കുമാറിനു മേലുണ്ടായ സമ്മര്‍ദ്ദമാണെന്ന തരത്തിലുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയ കൊണ്ടാടുന്നുണ്ട്. ചാനലുകളുടെ പ്രേക്ഷക നിരക്ക് എത്രത്തോളമാണെന്ന് അളക്കുന്ന ടിആര്‍പി റേറ്റിങ്ങില്‍ രണ്ടാം സ്ഥാനം തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി  മാതൃഭൂമി ന്യൂസില്‍ അഴിച്ചുപണി നേരത്തെ ആലോചിച്ചിരുന്നുവെന്നും സൂചനയുണ്ട്.  ടി.ആര്‍.പി റേറ്റിങ്ങില്‍ മറ്റ് മുന്‍നിര ചാനലുകള്‍ക്കൊപ്പമെത്താന്‍ മാതൃഭൂമി ന്യൂസിന് സാധിച്ചിരുന്നില്ല. താല്‍ക്കാലികമായി മരവിപ്പിച്ച ടി.ആര്‍.പി റേറ്റിങ്ങ് പ്രസിദ്ധീകരണ പ്രക്രിയ വൈകാതെ പുനരാരംഭിച്ചേക്കും.

ഒരു ഘട്ടത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞാല്‍ ഭേദപ്പെട്ട ടി.ആര്‍.പിയുമായി മനോരമയും മാതൃഭൂമിയും രണ്ടാം സ്ഥാനത്ത് മാറി മാറി വന്നിരുന്നു. എന്നാല്‍ പിന്നീട് രണ്ടാം സ്ഥാനത്ത് മനോരമ ന്യൂസിന് സ്ഥിരത കൈവരിക്കാന്‍ കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തു പോലും മാതൃഭൂമിയുടെ നില ഭദ്രമല്ല. ശ്രീകണ്ഠന്‍ നായരും അരുണും നിറഞ്ഞാടുന്ന  24 ന്യൂസ് എത്തിയതോടെ മാതൃഭൂമിയുടെ സ്ഥാനം വീണ്ടും താഴെയായി. ശബരിമല പ്രക്ഷോഭ സമയത്ത് മാതൃഭൂമിയെ അടക്കം പിന്തള്ളി ജനം ടി.വിയും താല്‍ക്കാലികമായി മുന്നില്‍ കയറിയിരുന്നു.ഇതിനിടെ കടുത്ത സിപിഎം വിരുദ്ധ വാര്‍ത്തകള്‍ വരുന്നതിനെതിരെ പിണറായി വിജയന്‍ അസ്വസ്ഥനായിരുന്നുവെന്നും അദ്ദേഹത്തെ തണുപ്പിക്കാന്‍ പ്രത്യേക അജന്‍ഡകളോടെ മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാര്‍ എം പി ചില നീക്കങ്ങള്‍ നടത്തിയെന്നും ആരോപണം ഉയര്‍ന്നു.

വായനക്കാരുടെ എണ്ണത്തില്‍ മലയാളത്തിലെ രണ്ടാമത്തെ ദിനപത്രമായ മാതൃഭൂമിയുടെ കുടുംബത്തില്‍ നിന്നുള്ള വാര്‍ത്താ ചാനലിനെ സ്വീകാര്യതയിലും പ്രകടനത്തിലും മുന്നിലെത്തിക്കുക എന്ന ദൗത്യമാണ് രാജീവ് ദേവരാജിന് മുന്നിലുള്ളത്. എം.പി വീരേന്ദ്രകുമാറിന്റെ മരണശേഷം  ശ്രേയാംസ് കുമാറിന്റെ സാരഥ്യത്തില്‍ മാതൃഭൂമി ഗ്രൂപ്പിനുണ്ടായിട്ടുള്ള അപചയത്തിന്റെ ആഴം കൂട്ടുന്ന സംഭവ വികാസങ്ങള്‍ പലതും അരങ്ങേറുണ്ടെന്ന് ബന്ധപെട്ടവര്‍ പറയുന്നു.  മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്ന് മനോജ് കെ ദാസ് രാജി വച്ച വിവരവും ഇതിനിടെ പുറത്തുവന്നു. 2019 നവംബര്‍ മുതല്‍ മാതൃഭൂമി പത്രാധിപരായി പ്രവര്‍ത്തിച്ച മനോജ് കെ ദാസ്  ബ്യൂറോ ചീഫുമാരുടെ യോഗത്തിലാണ് താന്‍ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് രാജി വയ്ക്കുന്ന കാര്യം അറിയിച്ചത്. കേന്ദ്ര മന്ത്രിസഭയില്‍ കഴിഞ്ഞ ദിവസം സ്ഥാനം നേടിയ രാജീവ് ചന്ദ്രശേഖരന്‍ നേതൃത്വം നല്‍കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ പുതിയ ഓണ്‍ലൈന്‍ വാര്‍ത്താ സംരംഭത്തിലേക്കാണ് അദ്ദഹം പോകുന്നതെന്നു സൂചനയുണ്ട്.

ഉണ്ണി ബാലകൃഷ്ണന്‍ നടത്തിയ വി.എസ് അച്യൂതാനന്ദന്റെ എക്‌സ്‌ക്ലൂസിവ് അഭിമുഖത്തോടെയായിരുന്നു 2013 ജനുവരിയില്‍ മാതൃഭൂമി ചാനലിന്റെ പ്രഥമ ദിന മിന്നലാട്ടം. എന്റര്‍ടെയിന്‍മെന്റ് ന്യൂസ് അവതാരകനായി അന്നു തന്നെ മമ്മൂട്ടിയെ ഫ്‌ളോറിലെത്തിച്ചതും ഉണ്ണിയായിരുന്നു. കലാകൗമുദിയില്‍ സബ് എഡിറ്ററായി 1994 ല്‍ ഔദ്യോഗിക പത്രപ്രവര്‍ത്തനത്തിലേക്ക് കടന്ന ശേഷം 1996 ല്‍ ഏഷ്യാനെറ്റ് ടെലിവിഷനില്‍ സബ് എഡിറ്ററായാണ് അദ്ദേഹം ദൃശ്യമാധ്യമ രംഗത്തേക്കു വന്നത്. ഏഷ്യാനെറ്റ് ന്യൂസ് നിലവില്‍ വന്നപ്പോള്‍ അതിലേക്ക് മാറി. 1998 ല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ദില്ലി ബ്യൂറോയില്‍ അംഗമായി. ബ്യൂറോ ചീഫ്, റീജിയണല്‍ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കാണ്ഡഹാര്‍ പ്ലെയിന്‍ ഹൈജാക്ക്, കാര്‍ഗില്‍ യുദ്ധം, ദില്ലി ബോംബ് സ്ഫോടനങ്ങള്‍, മുംബൈ ഭീകരാക്രമണം, പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയ നിരവധി സുപ്രധാന സംഭവവികാസങ്ങള്‍ 1998 മുതല്‍ 2010 വരെ രാജ്യ തലസ്ഥാനത്തു നിന്ന് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. 2002 ല്‍ അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയോടൊപ്പം ഇസ്ലാമാബാദ് സന്ദര്‍ശിച്ച സംഘത്തില്‍ അംഗമായിരുന്നു.

മാതൃഭൂമി ചാനലിനെ ശ്രദ്ധേയമാക്കുന്നതില്‍ ഉണ്ണിയും സഹോദരന്‍ വേണുവും വിജയിച്ചെങ്കിലും അതിനനുസൃതമായി പരസ്യ വരുമാനം ഉയരാത്തതിലും മാനേജ്‌മെന്റിന് അസ്വസ്ഥതയുണ്ടായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു വേണു ബാലകൃഷ്ണന്റെ തുടക്കം. പിന്നീട് ഏഷ്യാനെറ്റില്‍ പ്രവര്‍ത്തിച്ചശേഷം മനോരമ ന്യൂസിലേക്ക് പോയി. ഇന്ത്യാവിഷന്‍ വിട്ട് എം വി നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി തുടങ്ങിയപ്പോള്‍ മാനേജിങ് എഡിറ്റര്‍ തസ്തികയില്‍ അവിടത്തെ മുന്‍നിര മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായി മാറി വേണു ബാലകൃഷ്ണന്‍.

സൂര്യ,കൈരളി, ഇന്ത്യാവിഷന്‍ എന്നീ ചാനലുകളില്‍ ബ്യൂറോയിലും ന്യൂസ് ഡെസ്‌കിലുമായി പ്രവര്‍ത്തിച്ച രാജീവ് ദേവരാജ് മനോരമ ന്യൂസ് വിട്ടാണ് ന്യൂസ് 18 കേരളയുടെ വാര്‍ത്താ വിഭാഗം മേധാവിയായി 2016ല്‍ ചുമതലയേറ്റത്. ചാനലിന്റെ തുടക്കം മുതല്‍ 2020 വരെ ന്യൂസ് 18 കേരള  എഡിറ്ററായിരുന്നു.  ന്യൂസ് 18 കേരള വിട്ട് സി.എല്‍ തോമസിന്റെ പിന്‍ഗാമിയായി 2020ല്‍ മീഡിയ വണ്‍ എഡിറ്ററായി ചുമതലയേറ്റ രാജീവ് ദേവരാജ് ചാനലിനെ സോഷ്യല്‍ മീഡിയ പെര്‍ഫോര്‍മന്‍സില്‍ ഉള്‍പ്പെടെ മുന്‍നിരയിലെത്തിക്കുന്നതില്‍ മികവു കാട്ടി. ക്രൗഡ് ടാംഗിള്‍ പ്രകാരമുള്ള കണക്കില്‍ ഫേസ്ബുക്ക് റീച്ചിലും കാഴ്ചക്കാരുടെ കണക്കിലും മുന്നിലാണ് മീഡിയ വണ്‍്.

മനോരമ ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്ഥാനം രാജിവച്ചാണ് കാസര്‍ഗോഡ് രാവണീശ്വരം സ്വദേശിയായ പ്രമോദ് രാമന്‍ മീഡിയ വണ്‍ എഡിറ്ററായി ചുമതലയേറ്റിരിക്കുന്നത്.കേരള പ്രസ് അക്കാദമിയില്‍ നിന്ന് 1989-1990 ബാച്ചില്‍ ജേണലിസം പൂര്‍ത്തിയാക്കിയ പ്രമോദ് രാമന്‍ ദേശാഭിമാനിയിലാണ് മാധ്യമപ്രവര്‍ത്തനം തുടങ്ങിയത്. എഴുത്തുകാരനുമാണ് പ്രമോദ്്. പിന്നീട് സദ് വാര്‍ത്ത ദിനപത്രത്തിലും പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് ആരംഭിച്ചപ്പോള്‍ മുതല്‍ ചാനലിലെത്തി. മലയാളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എഡിറ്റോറിയല്‍ ടീമില്‍ തിളങ്ങിയ പ്രമോദ് രാമന്‍  പിന്നീട്് മനോരമ ന്യൂസിന്റെ ഭാഗമായി. മനോരമ ന്യൂസ് മേക്കര്‍ പുരസ്‌കാര അവതരണ ചുമതല പ്രമോദ് രാമനായിരുന്നു. പുലര്‍വേള എന്ന പ്രഭാത പരിപാടിയുടെയും അവതാരകനായിരുന്നു. ഇന്ത്യയില്‍ ഒരു സാറ്റലൈറ്റ് ചാനലില്‍ ആദ്യമായി തല്‍സമയ വാര്‍ത്ത വായിച്ച മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് പ്രമോദ് രാമന്‍. ഏഷ്യാനെറ്റിന് വേണ്ടി 1995 സെപ്തംബര്‍ 30ന് ഫിലിപ്പൈന്‍സില്‍ നിന്നായിരുന്നു ചരിത്രത്തില്‍ സ്ഥാനം പിടിച്ച ആ വാര്‍ത്താവതരണം.

ഇതിനിടെ കേരളത്തിലെ ഏഴ് ടെലിവിഷന്‍ ചാനലുകള്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലായെന്നാണ് ബിജെപിയുടെ മുഖപത്രം കണ്ടെത്തിയിരിക്കുന്നത്. കൈരളി, പീപ്പിള്‍, വി ചാനലുകളേയും കൂടി കൂട്ടിയാണ് ഈ കണക്ക്. അതിന് ശേഷം വരുന്നത് ഏഷ്യാനെറ്റ് ന്യൂസും ട്വന്റിഫോറും. ഏറ്റവും ഒടുവില്‍ മാതൃഭൂമിയും ആ പട്ടികയില്‍ വന്നു എന്ന് പറയുന്നു. മാതൃഭൂമി ന്യൂസിന്റെ പുതിയ അമരക്കാരന്‍ രാജീവ് ദേവരാജ് കടുത്ത സിപിഎം പക്ഷക്കാരന്‍ ആണെന്നാണ് ബിജെപിയുടെ നിരീക്ഷണം. രാജീവ് ദേവരാജിനെ മാതൃഭൂമിയില്‍ നിയമിച്ചത് പിണറായി വിജയന്റേയും സിപിഎമ്മിന്റേയും നിര്‍ദ്ദേശത്തെ തുടര്‍ന്നാണത്രേ. ഇപ്പോള്‍ തന്നെ കേരളത്തിലെ അമ്പതോളം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സിപിഎമ്മിന്റേയും പിണറായിയുടേയും നിയന്ത്രണത്തിലാണ് എന്നും വാര്‍ത്തയില്‍ പറയുന്നു.

മലയാള ദിനപത്രങ്ങളില്‍ പലതും ഇപ്പോഴേ സിപിഎം നിയന്ത്രണത്തില്‍ ആയിക്കഴിഞ്ഞതായും ബിജെപി മുഖപത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. കേരളത്തില്‍ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന പരാതി ആദ്യമായി ഉന്നയിച്ചത് പിണറായി വിജയന്‍ ആയിരുന്നു. അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത്, ലാവലിന്‍ വിവാദ സമയത്തായിരുന്നു അത്തരം ഒരു പരാമര്‍ശം. ഇപ്പോള്‍ അതേ പിണറായി വിജയന്‍ മാധ്യമ സിന്‍ഡിക്കേറ്റിന്റെ തലവന്‍ ആയി എന്നാണ് ആക്ഷേപമുയരുന്നത്.

മുന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ എംവി നികേഷ് കുമാര്‍ നേതൃത്വം നല്‍കുന്ന റിപ്പോര്‍ട്ടര്‍ ചാനലിന്റെ സഹായത്തോടെ വയനാട് മുട്ടില്‍ മരം കൊള്ള അട്ടിമറിക്കാന്‍  ശ്രമം നടന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റവന്യൂ ഭൂമിയില്‍ നിന്നും റോജി അഗസ്റ്റിന്‍, ആന്റോ എന്നിവര്‍ 15 കോടിയിലധികം രൂപ വിലവരുന്ന വീട്ടിമരം കടത്തിയ കേസ് അട്ടിമറിക്കാന്‍ കൂട്ടുചേര്‍ന്നതു വഴി കൈവന്ന സാമ്പത്തിക സഹകരണത്തോടെ റിപ്പോര്‍ട്ടര്‍ ചാനല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തതായും മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു.

ഇതിനിടെ, വാര്‍ത്താ ചാനലുകളുടെ പ്രതിവാര റേറ്റിങ് വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങാന്‍ ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് സെന്റര്‍) തയ്യാറെടുപ്പാരംഭിച്ചതായി സൂചനയുണ്ട്്. ഒരു പക്ഷേ, ഈ മാസം തന്നെ റേറ്റിങ് വിവരങ്ങള്‍ പരസ്യമാക്കിത്തുടങ്ങും. ടി.ആര്‍.പി നിര്‍ണ്ണയ  സംവിധാനത്തില്‍ റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ഇടപെട്ട് അട്ടിമറി നടന്നതിനെ തുടര്‍ന്നാണ് വാര്‍ത്താ ചാനലുകളുടെ പ്രതിവാര റേറ്റിങ് കണക്കുകള്‍ നല്‍കുന്നത് ബാര്‍ക് ഒമ്പതു മാസം മുമ്പ് നിര്‍ത്തിവെച്ചത്. പോരായ്മകള്‍ പരിഹരിച്ച് വീണ്ടും പ്രവര്‍ത്തനസജ്ജമാക്കുമെന്ന് അന്ന് അവകാശപ്പെട്ടിരുന്നു. ചാനല്‍ സ്ഥിരമായി കാണുന്നതിന് മാസം 400 രൂപയെന നിരക്കില്‍ പണം നല്‍കിയതായി റിപ്പബ്ലിക്ക് ടി.വി അടക്കം മൂന്ന് ചാനലുകള്‍ക്കു നേരേ ഉയര്‍ന്ന ആരോപണമാണ് ടി.ആര്‍.പിയെ  വിവാദത്തിലെത്തിച്ചത്. ഫാസ്റ്റ് മറാഠി, ബോക്‌സ് സിനിമ എന്നീ ചാനലുകളാണ് ടി.ആര്‍.പി ക്രമക്കേടില്‍ പ്രതിസ്ഥാനത്തു വന്ന മറ്റു ചാനലുകള്‍.

അഴിമതിയും ക്രമക്കേടുമൊക്കെ സുഗമമായി നടത്താന്‍ പാകത്തിലാണ്  ടെലിവിഷന്‍ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള  ടി.ആര്‍.പിയുടെ പ്രവര്‍ത്തന രീതിയെന്നത് നേരത്തേയുള്ള വിമര്‍ശനമാണ്. ബാര്‍ക് എന്ന സ്ഥാപനമാണ് ടി.ആര്‍.പിക്ക് ഉപഭോക്താക്കളെക്കുറിച്ചുള്ള ആവശ്യമായ ഡാറ്റകളും കണക്കുകളും നല്‍കുന്നത്. ബാര്‍ക് നിശ്ചയിക്കുന്ന പ്രത്യേക ഏജന്‍സികള്‍് കണക്കെടുപ്പുകളും മറ്റു സര്‍വേകളും നടത്തിപ്പോരുന്നു. ബാര്‍ക് ആരോപിച്ചത് വീട്ടുടമകളുടെ വിവരങ്ങള്‍ ചാനലുകള്‍ക്ക് ഏജന്‍സികള്‍ ചോര്‍ത്തിക്കൊടുത്തുവെന്നാണ്. വ്യവസായികളുടെ കൂട്ടായ്മയായ ഫിക്കിയുടെ കണക്കനുസരിച്ച് 78,000 കോടി രൂപ വരുന്ന ഇന്ത്യന്‍ ടി.വി വ്യവസായത്തിന്റെ വെറും 3 ശതമാനം ഓഹരി മാത്രമാണ് വാര്‍ത്താ ചാനലുകള്‍ കൈയാളുന്നത്. ഇന്ത്യന്‍ ചാനല്‍ രംഗത്ത് വിനോദത്തിനും സ്പോര്‍ട്സിനുമൊക്കെ വളരെ പിറകില്‍ മാത്രമാണ് വാര്‍ത്താ ചാനലുകള്‍ക്ക് ജനസ്വീകാര്യതയുള്ളതെന്നാണു നിരീക്ഷണം.

ടി.ആര്‍.പി തട്ടിപ്പ് കേസില്‍ പങ്ക് ആരോപിക്കപ്പെട്ട അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിക്കെതിരായ അന്വേഷണം 12 ആഴ്ചക്കകം പൂര്‍ത്തിയാക്കുമെന്ന് മാര്‍ച്ച് മാസാവസാനം മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ബാര്‍ക്കിനുവേണ്ടി ടി.ആര്‍.പി. കണക്കെടുപ്പുനടത്തിയിരുന്ന ഹന്‍സ റിസര്‍ച്ച് എന്ന സ്ഥാപനം ചില മുന്‍ ജീവനക്കാരുടെ പേരില്‍ നല്‍കിയ പരാതിയെക്കുറിച്ചുള്ള അന്വേഷണമാണ് ഈ രംഗത്തെ ക്രമക്കേട് വെളിപ്പെടുന്നതിന് വഴിവെച്ചത്.ടി.ആര്‍.പി. കണക്കെടുപ്പില്‍ കൃത്രിമം കാണിച്ച് ജനപ്രീതി ഉയര്‍ത്തിക്കാണിക്കുകവഴി ചില ചാനലുകള്‍ പരസ്യവരുമാനത്തില്‍ അവിഹിതനേട്ടമുണ്ടാക്കിയെന്നാണ് മുംബൈ പോലീസിന്റെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് സെന്റര്‍ മേധാവിക്ക് കൈക്കൂലി നല്‍കി അര്‍ണബ് ഗോസ്വാമി നടത്തിയ കൃത്രിമത്തിലൂടെ തങ്ങള്‍ക്ക് 431 കോടി രൂപയുടെ നഷ്ടമുണ്ടായതായി ടൈംസ്നൗ ചാനല്‍ ആരോപിച്ചിരുന്നു.

കേസില്‍ അറസ്റ്റിലായ ബാര്‍ക് മുന്‍ സി.ഇ.ഒ. പാര്‍ഥോ ദാസ്ഗുപ്ത, റിപ്പബ്ലിക് ടി.വി. സി.ഇ.ഒ. വികാസ് ഖാന്‍ചന്ദാനി എന്നിവരുടെ പേരില്‍ നേരത്തേത്തന്നെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. മുംബൈ പോലീസ് കമ്മിഷണറായിരുന്ന പരംബീര്‍ സിങ് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പത്രസമ്മേളനത്തിലാണ് കേസിന്റെ വിവരങ്ങള്‍ ആദ്യം പങ്കുവെച്ചത്. കേസില്‍ മുംബൈ പോലീസ് ഈയിടെ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയും ചാനലിന്റെ ഉടമകളായ എ.ആര്‍.ജി. ഔട്ട്‌ലെയര്‍ മീഡിയയുടെ തലപ്പത്തുള്ള നാലുപേരും പ്രതികളാണ്. അര്‍ണബിനു പുറമേ ചാനലിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പ്രിയ മുഖര്‍ജി, എ.ആര്‍.ജി.യിലെ ശിവേന്ദു മുലേക്കര്‍, ശിവസുന്ദരം എന്നിവരുടെ പേരും എസ്പ്ളനേഡ് മെട്രൊപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച 1800 പേജുള്ള കുറ്റപത്രത്തിലുണ്ട്. ഈ കേസില്‍ അറസ്റ്റിലായ മറ്റ് 15 പേര്‍ക്കെതിരെ നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

- ബാബു കദളിക്കാട്

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam