കാന്തവും ഇരുമ്പും പോലെ ആദ്യ കാഴ്ചയിൽ തന്നെ ഉറ്റ ചങ്ങാതിമാരായി എംജിആറും കരുണാനിധിയും

SEPTEMBER 28, 2022, 3:36 AM

തമിഴ് സിനിമാലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വാണിജ്യ റൊമാന്റിക്, ആക്ഷൻ ഹീറോകളിൽ ഒരാളായി എംജിആറിനെ പ്രതിഷ്ഠിച്ചത് എം. കരുണാനിധിയുടെ 'രാജകുമാരി' എന്ന സിനിമയിലൂടെയായിരുന്നു. ആ സിനിമാ സെറ്റിൽ വച്ച് രണ്ടുപേരുടെ കൂടിക്കാഴ്ച തമിഴ് രാഷ്ട്രീയത്തിന്റെ ചരിത്രം തന്നെ മാറ്റി മറിച്ചുകളഞ്ഞു. സത്യത്തിൽ കാന്തവും ഇരുമ്പും പോലെ ആദ്യ കാഴ്ചയിൽ തന്നെ കൂട്ടായ എംജിആറും കരുണാനിധിയും. 

സതി ലീലാവതി എന്ന സിനിമയ്ക്ക് ശേഷം എംജിആറിന് കുറേക്കാലത്തേക്ക് സിനിമയൊന്നും കിട്ടിയില്ല. അഭിനയിക്കാൻ ചാൻസ് തേടി നടന്നു നടന്നു വലഞ്ഞു. മടുപ്പേറിയേറിവന്നപ്പോൾ എംജിആർ ഒരു തീരുമാനമെടുത്തു. പട്ടാളത്തിൽ ചേരുക. അതിനായുള്ള അന്വേഷണങ്ങൾ പുരോഗമിച്ചു. പട്ടാളത്തിൽ ചേരാനുള്ള ആരോഗ്യവും അതിനൊത്ത ശരീരവും എംജിആറിനുണ്ടായിരുന്നു. എന്നിട്ടും ഒരു മികച്ച പട്ടാളക്കാരനാകുക എന്ന ഉദ്ദേശത്തോടെ അദ്ദേഹം തടി കൂടുതൽ നന്നാക്കാനുള്ള ശ്രമവും തുടങ്ങി.

ബലിഷ്ടമായ ശരീരം കായികവിനോദങ്ങളിൽ നല്ല മിടുക്ക്. എന്നാൽ ഒരേയൊരു കുറവ്. അത് വല്ലാതെ അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. അത് മറ്റൊന്നുമല്ല, വിദ്യാഭ്യാസ യോഗ്യത വെറും മൂന്നാം ക്ലാസ് മാത്രം..! ഇംഗ്ലീഷ് ഭാഷയിൽ അശേഷം പിടിയില്ല. എന്നാൽ അങ്ങനെയങ്ങ് തോറ്റുകൊടുക്കാൻ എംജിആർ തയ്യാറല്ലായിരുന്നു. സ്വയം ഇംഗ്ലീഷ് പഠിക്കാനും പറയാനും തുടങ്ങി. വളരെക്കുറച്ചു നാളുകൾക്കുള്ളിൽ മറ്റുള്ളവരോട് ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവ് നേടിയെടുത്തു. അതോടെ പട്ടാളത്തിൽ ചേരാമെന്നുള്ള ആത്മവിശ്വാസം വന്നുചേർന്നു. 

vachakam
vachakam
vachakam

എന്നാൽ അപ്പോഴേക്കും വിധി വേറൊരു കണക്കുകൂട്ടൽ നടത്തിക്കഴിഞ്ഞിരുന്നു. നാരായണൻ ആന്റ് കമ്പനി എന്ന സിനിമാ നിർമ്മാണ സ്ഥാപനം പുതിയൊരു സിനിമ നിർമ്മിക്കാൻ പദ്ധതി ഇടുന്നു. അതിനുപറ്റിയൊരു കഥയും അവർ കണ്ടെത്തി സിനിമയ്ക്ക് പേരും നിശ്ചയിച്ചു. 'ഛായ' ആ ചിത്രത്തിലെ പ്രധാന വേഷം ചെയ്യാൻ എംജിആറിനെ ക്ഷണിക്കുകയും ചെയ്തു. 

പുതിയ സിനിമയ്ക്കുവേണ്ടി എംജിആർ കുതിര സവാരി, ആന സവാരി, വാൾപയറ്റ്, മല്ലയുദ്ധം തുടങ്ങിയവ പഠിക്കാനുള്ള പരിശീലനം തുടങ്ങി. പരിശീലനം എന്നാൽ തീവ്രമായ പരിശീലനം തന്നെ നടത്തിയിരുന്നു. എന്നാൽ ഇത്രയേറെ മുന്നൊരുക്കങ്ങൾ ആ സിനിമയ്ക്കു വേണ്ടി നടത്തിയിരുന്നെങ്കിലും നിരാശയാണ് എംജിആറിന് തിരിച്ചുകിട്ടിയത്. 

നാരായണൻ ആന്റ് കമ്പനിക്ക് എന്തുകൊണ്ടോ ഛായ എന്ന ചിത്രം നിർമ്മിക്കാനായില്ല. പട്ടാളത്തിൽ തന്നെ ചേർന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ടിവരമോ എന്ന ചിന്തയിലായി ആ യുവ നടൻ. എന്നാൽ അതു വേണ്ടിവന്നില്ല. 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോഴാണ് എംജിആറിന് ആദ്യ നായകവേഷം ലഭിക്കുന്നത്. 

vachakam
vachakam
vachakam

'രാജകുമാരി' എന്ന സിനിമയിൽ. അതിൽ കഥാനായകനായി തന്നെ അഭിനയിക്കാനുള്ള അവസരം ഒരുങ്ങി. എന്തായാലും പുതിയ ചിത്രത്തോടുകൂടി താൻ ആരാണെന്നും തന്റെ അഭിനയ സിദ്ധി എന്തെന്നും മാലോകരെ അറിയിക്കണം.  ആ ഒരു ചിന്ത അതിശക്തമായി എംജിആറിന്റെ ഉപബോധമനസ്സിൽ കയറിപ്പറ്റി. 


'രാജകുമാരി' എന്ന ചിത്രം പുറത്തിറങ്ങുന്നതു വരെ എം.ജി.ആറിനു വലിയ ജനപ്രീതി ലഭിച്ചിരുന്നില്ല. 'രാജകുമാരി' എന്ന ചിത്രം ഇന്ത്യൻ സിനിമാചരിത്രത്തിലെ തന്നെ വലിയ വിജയങ്ങളിൽ ഒന്നായി. കരുണാനിധി ആയിരുന്നു ഈ ചിത്രത്തിനു തിരക്കഥ എഴുതിയത്. രാജകുമാരിയിലെ നായകവേഷം എം.ജി.ആറിനെ കോളിവുഡിലെ ഏറ്റവും പ്രധാന നായകരിൽ ഒരാളാക്കി. എം.ജി.ആർ താരപദവിയിലേക്ക് ഉയർന്നു. ആ സിനിമാ സെറ്റിൽ വച്ച് രണ്ടുപേരുടെ കൂടിക്കാഴ്ച തമിഴ് രാഷ്ട്രീയത്തിന്റെ ചരിത്രം തന്നെ മാറ്റി മറിച്ചുകളഞ്ഞു. സത്യത്തിൽ കാന്തവും ഇരുമ്പും പോലെ ആദ്യ കാഴ്ചയിൽ തന്നെ കൂട്ടായ എംജിആറും കരുണാനിധിയും. 

vachakam
vachakam

മുത്തുവേൽ കരുണാനിധി

1924 ജൂൺ മൂന്നിന് നാദസ്വരവിദ്വാനും ഗ്രാമീണ വൈദ്യനുമായ മുത്തുവേലിന്റെയും അന്ജുകത്തിന്റെയും മകനായി ജനിച്ച  ദക്ഷിണാമൂർത്തിയാണ് പിന്നീട് മുത്തുവേൽ കരുണാനിധിയായി മാറിയത്. 

നാഗപട്ടണം ജില്ലയിൽ തിരക്കോളിലി എന്ന് മുമ്പ് വിളിച്ചിരുന്ന തിരുക്കുവളൈ ഗ്രാമത്തിൽ അതിപിന്നോക്ക ഇസൈ വേലാളർ സമുദായത്തിൽ പിറന്ന ദക്ഷിണാമൂർത്തി പൊരുതിക്കയറിയാണ് തമിഴ്‌നാടിന്റെ മുതൽവരും തലൈവരുമായി മാറിയത്. ചെറുപ്പത്തിൽത്തന്നെ രാഷ്ട്രീയവുമായി അടുത്ത് ഇടപഴകാൻ കഴിഞ്ഞത് 1930കളിലെ തിളച്ചുമറിയുന്ന സാർവദേശീയരാഷ്ട്രീയവും പ്രാദേശികരാഷ്ട്രീയവും കാരണം. 

 നാട്ടുവൈദ്യനായിരുന്ന മുത്തവേലുവിന്റെയും അഞ്ചുകത്തിന്റെയും മകൻ സ്‌കൂൾ പഠന കാലത്ത് പാഠപുസ്തകങ്ങളെക്കാൾ കൂടുതൽ വായിച്ചത് പെരിയാർ ഇ.വി. രാമസ്വാമിയുടെ പത്രമായ 'കുടിയരശും' അനുബന്ധ പ്രസിദ്ധീകരണങ്ങളും. അങ്ങനെ ആ വിദ്യാർഥിയിൽ ഒരു രാഷ്ട്രീയനേതാവ് പാകപ്പെടുകയായിരുന്നു. പതിനാലാംവയസ്സിൽ അണ്ണാദുരൈയെുടെ പത്രത്തിൽ ലേഖനമെഴുതി. അതുവഴി അണ്ണാദുരൈയുടെ ഹൃദയത്തിൽ സ്ഥാനം നേടി. ''രാഷ്ട്രീയം ഞാൻ സ്വയം തെരഞ്ഞെടുത്ത പാതയാണ്.'' കരുണാനിധി ഒരിക്കൽ പറഞ്ഞു. 

തമിഴ് വാഴ്ക

ഊർജസ്വലനായ ഈ ചെറുപ്പക്കാരനെ ഒരു രാഷ്ട്രീയനേതാവായി വളർത്താൻ ഉതകുന്ന രാഷ്ട്രീയസാഹചര്യമായിരുന്നു തമിഴ്‌നാട്ടിൽ. 1937ൽ രാജാജി  സർക്കാർ സ്‌കൂളുകളിൽ ഹിന്ദി നിർബന്ധമാക്കിയതിനെതിരെ പ്രതിപക്ഷ പാർട്ടിയായ നീതി കക്ഷി നടത്തിയ പ്രക്ഷോഭത്തിൽ കരുണാനിധിയും ആകൃഷ്ടനായി. 1916ൽ ഡോ. ടി.എം. നായർ, ത്യാഗരായൻ എന്നിവരാണ് നീതി കക്ഷിക്ക് അടിക്കല്ല് പാകിയത്. ബ്രാഹ്മണരെ എതിർക്കുക എന്നതായിരുന്നു നീതി കക്ഷിയുടെ പ്രധാന അജൻഡ.

ഹിന്ദിവിരുദ്ധ പ്രക്ഷോഭം ശക്തമാകമ്പോൾ കരുണാനിധിക്ക് വയസ്സ് 12. തിരുവാരൂർ ബോർഡ് ഉയർനിലൈപ്പള്ളി എന്ന വിദ്യാലയത്തിലെ വിദ്യാർഥി. തഞ്ചാവൂരിലെ നീതി കക്ഷി നേതാവ് പട്ടകോട്ടൈ അഴഗിരിയുടെ പ്രസംഗം കരുണാനിധിയെ വല്ലാതെ സ്വാധീനിച്ചു. സഹപാഠികളെ കൂട്ടിച്ചേർത്ത് ഇളഞ്ജർ മറുമലർച്ചി സംഘം രൂപീകരിച്ചു. തമിഴ് വാഴ്ക എന്ന മുദ്രാവാക്യത്തിന്റെയും ത്രസിപ്പിക്കുന്ന പ്രസംഗത്തിന്റെയും ശക്തിയിൽ വിദ്യാർഥികൾ കരുണാനിധിക്കുപിന്നിൽ അണിനിരന്നു. ഹിന്ദി വിരുദ്ധ ജാഥകൾ നടത്തി. വിദ്യാർഥികളെ സംഘടിപ്പിക്കാൻ മാനവ നേശൻ എന്ന കൈയെഴുത്ത് പത്രം ആരംഭിച്ചു. പതിനേഴാം വയസ്സിൽ തമിഴ്‌നാട് വിദ്യാർഥി മൻട്രത്തിന്റെ നേതാവായി. 

തീപാറുന്ന അക്ഷരങ്ങൾ

ലഘലേഖകളും ചെറുപ്രസിദ്ധീകരണങ്ങളും ആശയപ്രചാരണത്തിന് പോരെന്ന് തോന്നിയതോടെയാണ് പത്രം തുടങ്ങാൻ തീരുമാനിച്ചത്. 1942ൽ തിരുവാരൂരിൽ മുരശൊലി തുടങ്ങി. ചെന്നൈയിലേക്ക് താമസം മാറിയതോടെ മുരശൊലി അവിടെനിന്ന് പ്രസിദ്ധീകരിക്കാൻ തുടങ്ങി. 1949ൽ പെരിയാറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ദ്രാവിഡ കഴകത്തിൽനിന്ന് അണ്ണദുരൈക്കൊപ്പം വേർപെട്ടുപോന്ന കരുണാനിധി പിന്നീട് ഡിഎംകെയുടെ സമുന്നതസ്ഥാനങ്ങളിലെത്തി.

(തുടരും)

ജോഷി ജോർജ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam