കിരൺ റിജ്ജുവിന്റെ മനപ്രയാസം

MAY 19, 2023, 7:54 PM

കിരൺ റിജ്ജു. ഇന്നലെ വരെ കേന്ദ്രത്തിൽ നിയമമന്ത്രിയായിരുന്നു ഈ 52കാരൻ. അങ്ങ്  അരുണാചൽ പ്രദേശിൽ നിന്നുമുള്ള ചുണക്കുട്ടി. കോളേജിൽ പഠിക്കുമ്പോൾ എല്ലാ അർത്ഥത്തിലും മികച്ച കായികതാരം. ഫുഡ്‌ബോളും ബാഡ്മിന്റണുമാണ് കക്ഷിയുടെ ആയുധങ്ങൾ. ഇതിനിടയിലും ഹാൻസ് രാജ് കോളേജിൽ നിന്നും ബിഎയും പിന്ന എൽഎൽബിയും കരഗതമാക്കി.  ഇതിനിടെ ബിജെപിയോട് വല്ലാത്തൊരു ഭ്രമം.
 അങ്ങിനെ പാർട്ടിയിൽ ചേർന്ന് തനിക്കറിയാവുന്ന കയികവാചക കലാപരിപാടികളിലൂടെ വടക്കുകിഴക്കൻ ഇന്ത്യയിലെ ബിജെപി മുഖമായി രൂപാന്തരം പ്രാപിച്ചു കക്ഷി. ആദ്യം ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അംഗമായിക്കൂടി. അവിടെയിരുന്ന് സംഘികളുടെ പ്രിയ മിത്രമായി.

2004ൽ അരുണാചൽ വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച്  ലോക്‌സഭയിലെത്തി.  അവിടേയും സങ്കിത്തലപ്പാവണിഞ്ഞ് കസറിക്കയറിയതുകൊണ്ട് അടുത്ത ടേമിൽ യുവജനകാര്യ കായിക മന്ത്രിക്കസേരയിലിരിക്കാനായി. ഹിന്ദുവും പശുവും മുഖ്യവിഷയമായെടുത്തുകൊണ്ട് സാമൂഹികസാമ്പത്തിക വിഷയങ്ങളിൽ തലയിട്ട് എഴുതുകയും പറയുകയും ചെയ്തുകൊണ്ടേയിരുന്നു.

2017ൽ, 'റോഹിങ്ക്യകൾ അനധികൃത കുടിയേറ്റക്കാരാണെന്നും നാടുകടത്തപ്പെടേണ്ടവരാണ്' എന്നും മറ്റും റിജു തട്ടി മൂളിച്ചപ്പോൾ ബിജെപി ചായ്‌വുള്ള യുവാക്കളുടെ ഹരവും ജ്വരവുമായി മാറി. അങ്ങിനെ  2021ൽ രണ്ടാം മോദി മന്ത്രിസഭയിൽ നിയമനീതി കാബിനറ്റ് മന്ത്രിയുമായി. നീതി നിർവഹണം ഇത്രമാത്രം ഇഴഞ്ഞു നീങ്ങുന്നതിൽ ഇത്രയേറെ ദഃഖമനുഭവിച്ച മറ്റൊരു നീതിന്യായ മന്ത്രിയും നമുക്കുണ്ടായിട്ടില്ല.

vachakam
vachakam
vachakam

രാജ്യദ്രോഹക്കേസുകൾ മരവിപ്പിച്ച സുപ്രീംകോടതി വിധി കേട്ടയുടൻ ആലില പോലെ വിറച്ചുതുള്ളിപ്പറഞ്ഞു.   കോടതിയും സർക്കാരും പരസ്പരം ബഹുമാനിക്കണം. കോടതിയേയും അതിന്റെ സ്വാതന്ത്ര്യത്തേയും ആദരിക്കുന്നവനാണ് താൻ. അതേസമയം ഇരുസ്ഥാപനങ്ങളും ലക്ഷ്മണരേഖ മറികടക്കരുത് എന്ന താക്കീത് കേട്ട് കോടതി വളപ്പാകെ നടുങ്ങിത്തെറിച്ചുവെന്നാണ് കേട്ടുകേൾവി. അതുകൊണ്ടൊന്നും തീർന്നില്ല, സിബിഐ ഇപ്പോൽ കൂട്ടിലടച്ച തത്തയല്ല. വേണ്ടിവന്നാൽ... ങ..ചീഫ് ജസ്റ്റിസ് എൻ. രമണയെ ഓർപ്പിക്കാനും മന്ത്രിയായിരുന്നപ്പോൾ മറന്നില്ല.

രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രീംകോടതി നടപടിയെ ഇതുപോലെ വിമർശിക്കാൻ തന്റേടമുള്ള ഒരു കേന്ദ്രമന്ത്രി റിജ്ജുവിന് മുമ്പ് ഉണ്ടായിട്ടില്ല. ഇനിയൊട്ടു ഉണ്ടാകുമെന്നും തോന്നുന്നില്ല.  എന്തിനു പറയുന്നു സംഘർഷഭരിത പ്രദേശത്ത് നിമിഷനേരംകൊണ്ട് ഓടിയെത്തി സൈനികർക്ക് ആത്മവിശ്വാസം പകരാൻ ഇനി ആരുണ്ട്. നിയമം നന്നായി പഠിച്ച റിജ്ജു എന്നും ജഡ്ജിമാരെ കശക്കിയെറിയുന്നതിൽ കൗതുകം കണ്ടെത്തുന്നവനാണ്.

ചില ജഡ്ജിമാർ ആക്ടിവിസ്റ്റുകളാണെന്നും അവർ ഇന്ത്യ വിരുദ്ധ ഗ്യാങ്ങിന്റെ ഭാഗവുമാണെന്നും പ്രതിപക്ഷപാർട്ടികളെപ്പോലെ ജുഡീഷ്യറിയെ സർക്കാരിനെതിരെ തിരിക്കുകയാണെന്നും ഗവേഷണം നടത്തി കണ്ടുപിടിച്ചുകളഞ്ഞു.  ന്യായാധിപന്മാരാരും രാഷ്ട്രീയ കക്ഷികളുടെ ഭാഗമല്ല. പിന്നെയന്തിനവർ എക്‌സിക്യട്ടീവിനെതിരെ പറയുന്നു.  അവർ ഭരണത്തോടൊപ്പം നിൽക്കേണ്ടവരല്ലേ..?, ജഡ്ജിസ്ഥാനത്തു നിന്നും വിരമിച്ചാൽ അവരെ രാജ്യസഭയിലോ, ഗവർണർ പദവിയിലോ ഇരുത്തുമല്ലോ, പിന്നെന്തിന് ഭരിക്കുന്നവർക്കൊപ്പം നിന്നുകൂട..! 

vachakam
vachakam
vachakam

ആർഎസ്എസ്‌കാരുടെ സഹായത്തോടെ ഒരു കാര്യം കൂടി അദ്ദേഹം കണ്ടുപിടിച്ചു. രാജ്യത്തെ ജനങ്ങൾ കൊളീജിയം സംവിധാനത്തിൽ തൃപ്തരല്ല എന്ന മഹത്തായ സത്യം..! ഭരണഘടനയുടെ അന്തസത്ത അനുസരിച്ച് ജഡ്ജിമാരെ നിയമിക്കുക എന്നത് സർക്കാരിന്റെ കടമയാണെന്നുറക്കെപറയാനും അദ്ദേഹം മടിച്ചില്ല. പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി അദ്ദേഹം ഓർമ്മിപ്പിച്ചു.  ഇന്ത്യയിലൊഴികെ  മറ്റൊരിടത്തും ജഡ്ജിമാർ തങ്ങളുടെ സഹോദരന്മാരെ ജഡ്ജിമാരായി നിയമിക്കുന്ന രീതിയില്ല. ജുഡീഷ്യറിക്കുള്ളിൽ നടക്കുന്ന രാഷ്ട്രീയം തങ്ങൾക്ക് മനസിലാകില്ലെന്നു കരുതരുത്. അത് കോൺഗ്രസ് ശൈലിയാണെന്നു പറയാതെ പറയുകയായിരുന്നു.

ഞങ്ങൾ സർക്കാർ ജഡ്ജിമാരെ നിയമിക്കുന്ന സമ്പ്രദായം മാറ്റാൻ ശ്രമിച്ചിരുന്നു. 2014ൽ കൊണ്ടുവന്ന നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്‌മെന്റ് കമ്മീഷൻ നിയമം ഉന്നത ജുഡീഷ്യറികളിലേക്ക് ജഡ്ജിമാരെ നിയമിക്കുന്നതിന് പര്യാപ്തമായിരുന്നു. എന്നാൽ, 2015ൽ സുപ്രീം കോടതി ഇത് റദ്ദാക്കി  മിടുക്കുകാണിച്ചു.

  ഇങ്ങനെ നിതാന്ത ജാഗ്രതയോടെ  ജുഡീഷ്യറിക്കെതിരെ ഗർജിച്ചുകൊണ്ടിരുന്ന കരുത്തനെയാണ് മോദി പിടിച്ചു പിൻസീറ്റിൽ ഇരുത്തിക്കളഞ്ഞത്. ഇത്തരത്തിൽ ഗർജിക്കുന്നവർക്കെല്ലാമുളള ഒരു വിലപ്പെട്ട പാഠമാണ് റിജ്ജു സംഭവമെന്ന് ചില ദോഷെകദൃക്കുകൾ ഓലിയിടുന്നുണ്ട്.

vachakam
vachakam

ഗാന്ധിയെ ചെറുതായിട്ടൊന്നു വെടിവച്ചുകൊന്നു എന്നല്ലാതെന്തു ചെയ്തു ആർഎസ്എസ് എന്നു ചോദിച്ചൊരു ബിജെപി കേരള വക്താവുണ്ടായിരുന്നിവിടെ. ഇപ്പോൾ ഇഷ്ടന്റെ പൊടിപോലുമില്ല, കണ്ടുപിടിക്കാനെന്നും അക്കൂട്ടർ പറഞ്ഞുപരത്തുന്നുണ്ട്. എന്തു ന്യായം വേണമെങ്കിലും ആരുടെ മുന്നിലും പറഞ്ഞു നിൽക്കാൻ റിജ്ജുവിനാകും എന്നാൽ അരുണാചൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സ്വർണ്ണമെഡൽ നേടി, ചരിത്രം പഠിപ്പിക്കുന്ന അസോസിയേറ്റ് പ്രൊഫസറായ സ്വന്തം ഭാര്യ റിനയോട് മുന്നിൽ ഒരു ചരിത്രവും വിളമ്പിയിട്ടു കാര്യമില്ല. അതാണ്  കക്ഷിയുടെ ഇപ്പോഴത്തെ മനപ്രയാസം..!

ജോഷി ജോർജ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam