ഇനിയും തോറ്റു കൊടുക്കണോ? രോഗവ്യാപനം തടയാന്‍ വ്യാപാരസ്ഥാപനങ്ങള്‍ മാത്രം അടച്ചാല്‍ മതിയോ?

JULY 14, 2021, 7:49 PM

പ്രത്യേക റിപ്പോര്‍ട്ട് - ജോഷി ജോര്‍ജ്

കേരളത്തില്‍ വ്യാപാരികള്‍ ഇന്നനുഭവിക്കുന്ന ദുരിതങ്ങളും കഷ്ടതകളും കണ്ടില്ലെന്ന് നടിക്കാന്‍ ഹൃദയമുള്ളവര്‍ക്ക് കഴിയില്ല. അവരാകെ രോഷാകുലരാണ്. ഏതുവിധേനയും കടകള്‍ തുറന്നേ പറ്റുവെന്ന് അവര്‍ ഒരേശബ്ദത്തില്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി വ്യാപാരികളെ മാത്രമല്ല, കേരള സമൂഹത്തെ ആകമാനം ചൊടിപ്പിക്കുന്ന തരത്തിലായിപ്പോയി.
'വ്യാപാരികളുടെ പ്രയാസം മനസിലാകും. അതിനൊപ്പം നില്‍ക്കാനും പ്രയാസമില്ല. എന്നാല്‍ അത് മറ്റൊരു രീതിയില്‍ നീങ്ങിയാല്‍ അതിനെ ആ രീതിയില്‍ നേരിടുമെന്നും അത് 'മനസ്സിലാക്കി കളിച്ചാല്‍ മതി' എന്ന പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇത് ഏറ്റെടുത്ത് യുഡിഎഫും ബിജെപിയും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നു. ആത്മഹത്യ മുന്നില്‍ കണ്ട് നില്‍ക്കുന്ന ഒരു സമൂഹത്തോട് മുഖ്യമന്ത്രി നടത്തിയ വെല്ലുവിളി ധാര്‍ഷ്ട്യം നിറഞ്ഞതാണെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു.

ഇപ്പോഴിതാ  എല്ലാ വൈര്യങ്ങളും മറന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി ഇരു വിഭാഗങ്ങളും ലയിച്ച് ഒറ്റക്കെട്ടായി. വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒന്നിച്ചുനിന്ന് നേരിടേണ്ട സാഹചര്യമുള്ളതിനാലാണ് ലയിക്കുന്നതെന്ന് ഇരുവിഭാഗം നേതാക്കളും പറയുന്നു. കഴിഞ്ഞ 10 വര്‍ഷമായി വഴിപിരിഞ്ഞ് രണ്ടായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ടി. നസറുദ്ദീന്‍ വിഭാഗവും ഹസന്‍ കോയ വിഭാഗവും ഈ പ്രത്യേക പരിതസിഥിതി കണക്കിലെടുത്ത് പല എതിര്‍പ്പുകളും ഉപേക്ഷിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും ഐക്യത്തോടെ സമരത്തിനിറങ്ങാനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരിക്കുന്നു.

vachakam
vachakam
vachakam

ഇതിനുപുറമെ, സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണവുമായി ഇടതുപക്ഷ അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമതിയും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന് സിപിഎം മുന്‍ എംഎല്‍എയും വ്യാപാരി വ്യവസായി സമിതി പ്രസിഡന്റുമായ വി.കെ.സി.മമ്മത് കോയ പറയുകയുണ്ടായി. തങ്ങളും സമരത്തിനിറങ്ങുമെന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു.
ഇനിയും നാം തോറ്റു കൊടുക്കണോ? രോഗവ്യാപനം തടയാന്‍ വ്യാപാരസ്ഥാപനങ്ങള്‍ മാത്രം അടച്ചാല്‍ മതിയോ? മറ്റെല്ലാ കാര്യങ്ങളും പഴയതുപോലെ അല്ലേ? എന്ന ചോദ്യങ്ങളുമായാണ് സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീന്‍, ജനറല്‍ സെക്രട്ടറി രാജു അപ്‌സര, ട്രഷറര്‍ ദേവസ്യ മേച്ചേരി എന്നവര്‍ സംയുക്തമായി പുറപ്പെടുവിച്ച സമരാഹ്വാന പ്രസ്താവനയുടെ തലക്കെട്ടുതന്ന. പ്രസക്ത ഭാഗം ചുവടെ ചേര്‍ക്കുന്നു.

കേരളത്തിലെ മുഴുവന്‍ കടകളും വ്യാഴാഴ്ച തുറന്നു കൊണ്ട് (ഇപ്പോൾ കടകൾ തുറക്കുന്നതെ ഇല്ല എന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്) സമൂഹത്തോട് നാം ഈ ചോദ്യം ചോദിക്കുകയാണ് അവിടെ നാം ഒറ്റപ്പെട്ടു പോകരുത് നാം ഒറ്റക്ക് അല്ലെന്നും നമ്മോടൊപ്പം ജീവിക്കുന്ന നമ്മുടെ കുടുംബാംഗങ്ങളും തൊഴിലാളികളും അവരുടെ കുടുംബങ്ങളുമുണ്ടെന്നും. നമ്മുടെ സഹകാരികളെയും ആശ്രിതരേയും അടക്കം വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നില്‍ അണി നിരത്തി ഉപജീവനത്തിനായി നമുക്ക് പോരാടണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തിരിക്കുന്നത്.

കോവിഡ് കാലത്തെ വാടക ഒഴിവാക്കുന്നതിന് കെട്ടിട ഉടമകള്‍ തയാറാകണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. മാസങ്ങളോളം കടകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തിലാണ് ഈ ആവശ്യം വ്യാപാരികള്‍ മുന്നോട്ടു വക്കുന്നത്. വൈദ്യുതി ബില്ല്, ബാങ്ക് ലോണ്‍ ഇനത്തിലും പ്രതിമാസം നല്ലൊരു തുക കച്ചവട വരുമാനത്തില്‍ നിന്നാണ് കണ്ടെത്തിയിരുന്നത്. അതിനാല്‍ വൈദ്യുതി ചാര്‍ജ്, ലീഗല്‍മെട്രോളജി ലൈസന്‍സ്, പഞ്ചായത്ത് ലൈസന്‍സ് തുടങ്ങിയവക്ക് സര്‍ക്കാര്‍ ഇളവുകള്‍ അനുവദിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു. എന്തുതന്നെ ആയാലും വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 13 ചൊവ്വാഴ്ച സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. അതുകൊണ്ടൊന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാത്തതിനാലാണ് സമരത്തിനിറങ്ങുന്നതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിക്കുകയുണ്ടായി.

vachakam
vachakam
vachakam

കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. നിരവധി തവണ ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹാരമുണ്ടാവുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. ടി.പി.ആര്‍ നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന നിലപാട് വ്യാപാരികള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പ്രളയവും കോവിഡും വന്നത് മൂലം കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി സീസണ്‍ കച്ചവടങ്ങള്‍ നഷ്ടപ്പെട്ട വ്യാപാരികള്‍ വലിയ പ്രതിസന്ധിയിലാണ്. അതിനാല്‍ ഈ വര്‍ഷം ഇതുവരെ നിയന്ത്രണങ്ങള്‍ നേരിട്ട വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള വിഭാഗം ബലിപ്പെരുന്നാള്‍, ഓണം വിപണി എന്നിവ ഇക്കൊല്ലവും നഷ്ടപ്പെടുത്താനാവില്ലെന്ന നിലപാടിലാണ്.

രണ്ടുപ്രാവശ്യമായി അഞ്ചുമാസത്തിലേറെക്കാലം കട പൂര്‍ണ്ണമായി അടച്ചിടേണ്ടിവന്നതിനാല്‍ വലിയ നഷ്ടമാണ് സംഭവിച്ചത്. കടകളില്‍ കെട്ടിക്കിടന്ന് നശിച്ചവസ്തുക്കള്‍, കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ക്ക് റീപ്ലേസ്‌മെന്റില്ലാത്തതിനാല്‍ വ്യാപാരികള്‍ തന്നെ നഷ്ടം സഹിക്കേണ്ടിവരുന്നു. കടയിലെ ഈര്‍പ്പം മൂലം വിലകൂടിയ പാദരക്ഷകള്‍ ഉപയോഗശൂന്യമാകുന്നു. തുണിക്കടകളുടെ അവസ്ഥയും മറിച്ചല്ല.

വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകളും മാളുകളും യഥേഷ്ടം തുറക്കുകയും ചെയ്യുന്നു. ഇത് ഇരട്ടത്താപ്പായി വ്യാപാരികള്‍ കാണുന്നു. ഭക്ഷ്യസാധനങ്ങളും മരുന്നുകളും മാത്രം വില്‍ക്കാനുള്ള അനുമതിയുടെ മറവില്‍ ഇക്കൂട്ടര്‍ കച്ചവടം കൊഴുപ്പിക്കുന്നത് സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു. പോലീസ് ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്യുന്നുവെന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നു.
ആമസോണ്‍, ഫ്‌ളിപ്പകാര്‍ട്ട് തുടങ്ങിയ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ ഒത്താശ ചെയ്യുകയാണെന്നും ഇവര്‍കുറ്റപ്പെടുത്തുന്നു.

vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam