ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീധനം വാങ്ങുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളം

JULY 15, 2021, 7:49 AM

സ്ത്രീധന മരണങ്ങളും ഗാര്‍ഹികപീഡനങ്ങളും വാര്‍ത്തകളില്‍ വീണ്ടും ഇടംപിടിക്കുമ്പോള്‍ ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ടാണ് ലോക ബാങ്ക് പുറത്തു വിടുന്നത്. കഴിഞ്ഞ ഏതാനം പതിറ്റാണ്ടുകളായി സ്ത്രീധനം നല്‍കുക എന്നത് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന കണ്ടെത്തലാണ് വേള്‍ഡ് ബാങ്ക് നടത്തിയ പഠനത്തിലേത്. 95 ശതമാനം വിവാഹങ്ങളും സ്ത്രീധനം നല്‍കി തന്നെയാണ് നടക്കുന്നത്. അതും 1961 മുതല്‍ സ്ത്രീധന നിരോധന നിയമം നിലനില്‍ക്കുന്ന രാജ്യത്ത് എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

ഒരു സാമൂഹിക തിന്മയായ ഈ ആചാരം ഇന്നും സമൂഹം അംഗീകരിക്കുകയും അതിലൂടെ സ്ത്രീകള്‍ ധാരാളം അതിക്രമങ്ങള്‍ക്ക് ഇരയായകുകയും കൊല്ലപ്പെടുകയും ചെയ്യുന്നു എന്നത് ഞെട്ടിക്കുന്നതാണെന്ന് പഠനം പറയുന്നു. സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ തെക്കേഷ്യയിലും മറ്റും നിലനില്‍ക്കുന്ന ആചാരമാണ്. വധുവിന്റെ മാതാപിതാക്കള്‍ വിവാഹസമ്മാനമായി പണവും വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം വരന്റെ കുടുംബത്തിന് നല്‍കുന്നതായിരുന്നു ചടങ്ങ്.

ഇന്ത്യയിലെ ജനസംഖ്യയുടെ 96 ശതമാനവും അടങ്ങുന്ന പതിനേഴ് സംസ്ഥാനങ്ങളിലെ സ്ത്രീധനത്തിന്റെ കണക്കാണ് പഠനവിധേയമാക്കിയത്. ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന ഗ്രാമീണ മേഖലകളെയാണ് പ്രധാനമായും പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ലോക ബാങ്കിലെ സാമ്പത്തിക വിദഗ്ധരായ എസ് അനുകൃതി, നിധീഷ് പ്രകാശ്, സുന്‍ഗോഹ് ക്വോണ്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഓരോ വിവാഹത്തിനും നല്‍കുന്ന പാരിതോഷികങ്ങളുടെ കണക്ക് വിശദമായി പരിശോധിച്ചാണ് ഇവര്‍ നിഗമനങ്ങളില്‍ എത്തിയത്.

vachakam
vachakam
vachakam

വരന്റെ കുടുംബം വധുവിന്റെ കുടുംബത്തിന് നല്‍കുന്ന പാരിതോഷികത്തിന്റെ അളവും, തിരിച്ച് വധുവിന്റെ കുടുംബം വരനും കൂട്ടര്‍ക്കും നല്‍കുന്ന സമ്മാനങ്ങളുടെ നിരക്കും തമ്മില്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ഉത്തരം രസകരമാണ്. ഏപ്പോഴും കൂടുതല്‍ ചെലവാക്കേണ്ടി വരുന്നത് വധുവിന്റെ കുടുംബം തന്നെയാണ്. വളരെ കുറച്ച് വിവാഹങ്ങളില്‍ മാത്രമാണ് വരന്റെ കുടുംബം വധുവിന്റേതിനേക്കാള്‍ പാരിതോഷികങ്ങള്‍ നല്‍കിയിരിക്കുന്നത്. 1975 മുതല്‍ 2000 വരെ ഈ കൊടുക്കല്‍ വാങ്ങല്‍ കണക്കുകള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് കണ്ടെത്തല്‍

ഇന്ത്യയിലെ വിവാഹങ്ങളെല്ലാം ഒരു പങ്കാളി എന്ന നിലയിലുള്ളവയാണ്. എത്രയേറെ പ്രശ്നങ്ങളുണ്ടായാലും ഒരു ശതമാനം മാത്രമാണ് വിവാഹമോചനത്തിലേക്ക് എത്തുന്നത്. 1960 മുതല്‍ 2005 വരെയുള്ള 90 ശതമാനം വിവാഹങ്ങളിലും മക്കളുടെ പങ്കാളികളെ മാതാപിതാക്കള്‍ തന്നെയാണ് കണ്ടെത്തുന്നത്. 90 ശതമാനം ദമ്പതികളും വരന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് ജീവിക്കേണ്ടി വരുന്നതും. 85 ശതമാനം പെണ്‍കുട്ടികളും സ്വന്തം ജന്മസ്ഥലത്തിന് പുറത്ത് തങ്ങള്‍ക്കറിയാത്ത നാട്ടിലേക്ക് വിവാഹിതരാകേണ്ടി വരുന്നവരാണ്. സാമ്പത്തിക വിദഗ്ധരായ ഗൗരവ് ചിപ്ലുങ്കറും ജെഫ്രി വീവറും നടത്തിയ മറ്റൊരു പഠനത്തില്‍ കണ്ടെത്തിയതാണ് ഇത്. 1950 മുതല്‍ 99 വരെയുള്ള രാജ്യത്തെ മൊത്തം സ്ത്രീധനത്തിന്റെ കണക്കെടുത്താല്‍ ഒരു ട്രില്ല്യണ്‍ ഡോളറിന്റെ കാല്‍ഭാഗം വരുമെന്നാണ് കണക്ക്.

2008 ന് ശേഷം ധാരാളം മാറ്റങ്ങള്‍ വന്നതായും പഠനം പറയുന്നു. എന്നാല്‍ അത് സ്ത്രീധനം ഇല്ലാതായി എന്ന മാറ്റമല്ല, അത് നല്‍കുന്ന രീതിയിലും വിവാഹ വിപണിയിലും വന്ന വലിയ മാറ്റങ്ങളാണ്. രാജ്യത്തെ എല്ലാ മതവിഭാഗങ്ങളും സ്ത്രീധനത്തെ അംഗീകരിക്കുന്നുണ്ട്. ഹിന്ദു, മുസ്ലീം മതവിഭാഗങ്ങളേക്കാള്‍ സ്ത്രീധനം നല്‍കുന്നത് സിഖ്, ക്രിസ്ത്യന്‍ മതവിഭാഗങ്ങളാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

ഏറ്റവും രസകരമായ കാര്യം ഇതൊന്നുമല്ല. കേരളത്തിന്റെ കണക്കുകളാണ്. 1970 മുതല്‍ കേരളത്തില്‍ സ്ത്രീധനം നല്‍കുന്നതില്‍ വലിയ ഉയര്‍ച്ചയുണ്ടായിട്ടിണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്ത് ഏറ്റവും അധികം സ്ത്രീധനം നല്‍കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. 'സ്ത്രീധന പണപ്പെരുപ്പം' എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഹരിയാന, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും കേരളത്തിനൊപ്പം ഉണ്ട്. ഒഡീഷ, വെസ്റ്റ്ബംഗാള്‍, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ സ്ത്രീധനം കുറഞ്ഞു വരുന്നവയുമാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഈ വ്യത്യാസങ്ങള്‍ വരുന്നത് എന്നതിനെ പറ്റി കൂടുതല്‍ പഠനം നടത്തണമെന്നും ലോകബാങ്ക് സംഘം പറയുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam